ഈ എഴുത്തുപുരയില്‍..

28 January 2011

'ഞാന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകും'

(ഒരു ഹതഭാഗ്യന്‍റെ വേദനകള്‍...)

നാട്ടില്‍ നിന്നും പ്രിയതമ കൊടുത്തയച്ച ഇഷ്ടഭോജ്യങ്ങള്‍ക്കൊപ്പം  
പതിവു പോലെ അവളുടെ കത്തുകളുമുണ്ടായിരുന്നു.

ഒരു കല്യാണക്കുറിയുടെ പഴയൊരു കവറിന്മേല്‍ രണ്ടാം ക്ലാസുകാരന്‍റെ കൈപ്പട പോലെ എന്‍റെ പേരെഴുതിയ മറ്റൊരു കത്തുകൂടി അന്ന് എനിയ്ക്കു കിട്ടി.
കുട്ടികളില്‍ വല്ലവരുടെയും സ്നേഹക്കുറിപ്പാകുമെന്നു കരുതി ആദ്യം തന്നെ അത് പൊട്ടിച്ചപ്പോള്‍ സ്വന്തം ജേഷ്ടന്‍!

അതിരറ്റ വാല്‍സല്യം ചെറുപ്പത്തില്‍ ചൊരിഞ്ഞതിന്  ഇമ്പത്തോടെ ഞങ്ങളെല്ലാം 'വാപ്പാമ്പ' എന്ന് വിളിച്ചു ശീലിച്ച എന്‍റെ എളാപ്പയുടെ (പിതാവിന്‍റെ സഹോദരന്‍) മൂത്ത പുത്രനായ 
അശ്റഫിന്‍റെതായിരുന്നു  ആ കത്ത്.
കാലം കമ്മ്യൂണിക്കേഷനില്‍ വരുത്തിയ നൂതന മാറ്റങ്ങള്‍ കത്തെഴുത്തുകളെ ഓര്‍മയില്‍ നിറച്ചെങ്കിലും കുടുംബ-മിത്രാദികളിലേക്ക് വല്ലപ്പോഴും ഒരെഴുത്ത് ഇന്നും എന്‍റെ പ്രവാസശീലമാണ്!
ജോലി നേടി സഊദിയിലെത്തിയപ്പോഴും ആ എഴുത്തു ബന്ധങ്ങള്‍ ഞാന്‍ തുടര്‍ന്നു. എന്നോ കുറിച്ച അത്തരമൊന്നിന്‍റെ  മറുപടിയായിരുന്നു അശ്റഫിന്‍റെ അക്ഷരങ്ങള്‍..

ഒരു ജേഷ്ടന്‍ അനുജനെഴുതിയ കത്തുകള്‍ക്കെന്തു പ്രസക്തിയെന്ന സംശയം ഇവിടെ സ്വാഭാവികം. പക്ഷെ, കഥയിലെ നായകന്‍റെ കദനകഥകള്‍ അറിയുമ്പോഴേ  ആ വരികളില്‍ നുരയുന്ന ആത്മനൊമ്പരം വായിച്ചെടുക്കാനാവൂ..

''...........ഞാന്‍ ഇനി പോകാത്ത സ്ഥലമൊന്നും ബാക്കിയില്ല. വൈദ്യശാലയിലും മെഡിക്കല്‍ സ്റ്റോറിലും ഹോം ഫാര്‍മസിയിലും യൂനാനികളിലും ഉള്ള മരുന്നൊക്കെ ഞാന്‍ കഴിച്ചു കഴിഞ്ഞു. 
പ്രാര്‍ഥിക്കാത്ത ഒരു വഖ്തും ബാക്കിയില്ല. എന്നിട്ടും എന്‍റെ തലവിധി തുടരുകയാണ്.. എന്തായാലും മരിച്ചാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോവും. കാരണം, ഞാനിപ്പോള്‍ ജീവിക്കുന്നത് നരകത്തിലാണ്. നരകത്തില്‍ ജീവിച്ച ആളെ വീണ്ടും നരകത്തില്‍ ഇടുന്ന  നീതി ശരിയല്ല എന്ന് നീതിമാനായ റബ്ബിന് അറിയാം..''

ഇനി അശ്റഫിന്‍റെ  കഥ പറയാം.

ഞങ്ങളുടെ നാടിന്‍റെ വിശേഷങ്ങള്‍  പകര്‍ത്തി 2009 ല്‍ പുറത്തിറക്കിയ 'തീര്‍ഥം' മാഗസിനില്‍ ഞാനെഴുതിയതാണ്, ഒരു സങ്കടജീവിതത്തിന്‍റെ വീട്ടുതടങ്കലില്‍ കഴിയുന്ന ഇദ്ദേഹത്തിന്‍റെ ഈ കഥ.
***               ***            ***
ഒരു ബസ് അപകടം തന്‍റെ ജീവിതഗതിയെ ഇങ്ങനെ മാറ്റി മറിക്കുമെന്നൊരിക്കലും ഈ യുവാവ് നിനച്ചിരുന്നതല്ല.
പതിവു പോലെ പഠനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ്, ഒരു വാഹനത്തിനു വശം കൊടുക്കുന്നതിനിടയില്‍ കയറിയ ബസ് പെട്ടെന്ന് മറിയാനായി ആഞ്ഞത്..

കൂട്ടുകാര്‍ക്കൊപ്പം പുറത്തേക്ക് ചാടിയ ഉടനെ കമിഴ്ന്നടിച്ചു വീണു. ഒരുവിധം വീട്ടിലെത്തി, പിറ്റേ ദിവസം കോളേജില്‍ പോകുമ്പോള്‍ അസ്വസ്ഥതകളൊന്നും അലട്ടിയുമില്ല..
അടുത്ത ദിവസം; പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ ഉമ്മ വിളിച്ചു; പക്ഷെ, അജ്ഞാതമായ ഒരു അബോധാവസ്ഥയിലേക്ക് അപ്പോഴേക്കും അദ്ദേഹം ആണ്ടുപോയിക്കഴിഞ്ഞിരുന്നു..
***           ***             ***
നമ്മുടെ നാടിനു മുതല്‍ക്കൂട്ടാകേണ്ടിയിരുന്ന സി.വി. അശ്റഫ് എന്ന ഒരു പ്രതിഭയുടെ ജീവിത ദുര്യോഗത്തിന്‍റെ നിഴല്‍ ചിത്രമാണ് മുകളില്‍ കോറിയിട്ടത്‌.
1964 ല്‍ ചെമ്പേലവളപ്പില്‍ മുഹമ്മദിന്‍റെയും നഫീസയുടെയും മകനായി ജനിച്ച അശ്റഫ്, പഠനത്തിലും പാ‍ഠേൃതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്നു.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട്‌ ഇര്‍ഷാദിയ്യ: അറബിക് കോളേജില്‍ താമസിച്ചു പഠിച്ച്, എസ് എസ് എല്‍ സി യില്‍ ഒന്നാം ക്ലാസോടെ വിജയം നേടിയതിനെ തുടര്‍ന്ന് പൊന്നാനി എം ഇ എസ് കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി, തിരൂര്‍ എസ് എസ് എം പോളി ടെക്നിക്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നു.
ഇഷ്ട വിഷയത്തില്‍ മികവോടെ മുന്നേറി അവസാന വര്‍ഷ പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ്‌  തന്‍റെ പദ്ധതികള്‍ക്കും സ്വപ്നങ്ങള്‍ക്കും മേല്‍ ആ ബസ് ആഞ്ഞു മറിഞ്ഞത്.....           

അപകടത്തിന്‍റെ നാലാം ദിനം ഭാഗികമായി ബോധം തിരിച്ചു കിട്ടിയ അശ്റഫ്, തുടര്‍ന്ന് മൂന്ന് മാസക്കാലമാണ് ശരീരം പാതി തളര്‍ന്ന് അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നത്.
തലച്ചോറിലേക്കുള്ള രക്തക്കുഴലിന് ക്ഷതം സംഭവിച്ചതായിരുന്നു ആ അവസ്ഥകള്‍ക്ക് കാരണം.


1984 ല്‍ 20 -ആം വയസ്സിന്‍റെ യുവപ്രസരിപ്പിലേക്ക് മിന്നല്‍പിണര്‍ പോലെ കടന്നു വന്ന ഈ അപകടത്തിനു അകമ്പടിയായി വൈദ്യശാസ്ത്രങ്ങളുടെ വിവിധ പരിശോധനകള്‍ക്ക് വിധേയമായി ഈ ഹതഭാഗ്യന്‍.

ഒരു നേരം പോലും മുടങ്ങാത്ത മരുന്നും നിഷ്ഠയായ വ്യായാമവും കൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അത്യാവശ്യം വേണ്ട ചലനശേഷി വീണ്ടെടുത്തെങ്കിലും, പഠനം തുടരാനാകാതെ വന്നപ്പോള്‍ തന്‍റെ ഇഷ്ട വിനോദമായ വായനയുടെ ലോകത്ത് വ്യാപരിക്കാനാണ് അശ്റഫ് താല്‍പര്യപ്പെട്ടത്‌.
ദേശീയവും അന്തര്‍ദേശീയവുമായ സംഭവങ്ങള്‍ അറിയാനും പഠിക്കാനും അഭിവാഞ്ജ കാണിച്ചിരുന്ന ഇദ്ദേഹം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ സ്ഥിരം വരിക്കാരനായി തന്‍റെ വൈജ്ഞാനിക മണ്ഡലം വിപുലപ്പെടുത്തി.

കേരളത്തിലെ ഒരു പ്രമുഖ പുസ്തക പ്രസിദ്ധീകരണ വിഭാഗം അശ്റഫിന്‍റെ  ഭാഷാവ്യുല്‍പ്പത്തി മനസ്സിലാക്കി 'ഇസ്‌ലാമിക വിജ്ഞാന കോശം' എന്ന ഗ്രന്ഥത്തിന്‍റെ പരിഭാഷ നിര്‍വഹണത്തിന് ഇദ്ദേഹത്തിന്‍റെ സഹായം തേടിയിരുന്നു.
അക്കാദമിക് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ അശ്റഫിനെ തേടി സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എത്തിയിരുന്നെങ്കിലും പരാശ്രയം കൂടാത്ത ജീവിതാവസ്ഥയില്‍ അവയെല്ലാം കയ്യൊഴിയേണ്ടി വന്നു.

തന്‍റെ വീട്ടില്‍ വച്ച് ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് അധ്യാപനം നല്‍കി വരവേ, ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി മറ്റൊരു ദുരന്തം കൂടി ഇടിത്തീയായി പതിച്ചു.
തളര്‍ന്നു കിടന്നിരുന്ന പാതി ശരീരം കട്ടിലില്‍ നിന്നു വീണ് അസ്ഥികള്‍ അപകടത്തിലായതോടെ പുതിയ വെല്ലുവിളികളിലേക്ക് 'വിധി' വീണ്ടും അശ്റഫിനെ കൂട്ടിക്കൊണ്ടു പോയി.
സംസ്ഥാനത്തെ വലുതും വിഖ്യാതവുമായ ആധുനിക ചികിത്സാ കേന്ദ്രങ്ങളിലെല്ലാം അശ്റഫിനു വേണ്ടി കുടുംബം പ്രതീക്ഷയോടെ ആളും അര്‍ഥവും ചെലവഴിച്ചെങ്കിലും, ഇന്നും തുടരുന്ന ദുരിതവും ദൈന്യതയുമാണ് ശേഷിച്ചു പോകുന്നത്.
***          ***           ***    
യൗവ്വനത്തിന്‍റെ അസ്തമനം തിരിച്ചറിയുമ്പോഴും ബാല്യത്തിന്‍റെ
ശാഠൃങ്ങള്‍ക്കു പിറകെ ഇറങ്ങിയോടുന്ന അശ്റഫിന്‍റെ ആഗ്രഹങ്ങള്‍ സര്‍വതും സഫലമാക്കാന്‍ ഉമ്മയും ബാപ്പയും വാര്‍ദ്ധക്യത്തിന്‍റെ   അവശതകള്‍ വക വെക്കാതെ സന്നദ്ധമായിരിക്കുന്ന കാഴചകള്‍ ആരെയും കരളലിയിക്കും..

കാല്‍നൂറ്റാണ്ടിനു മുമ്പുള്ള കോളേജ് പഠന കാലത്തെ, സൗഹൃദ ത്തിന്‍റെയും സഹജീവി സ്നേഹത്തിന്‍റെയും മയില്‍പ്പീലികള്‍ മനസുകളില്‍ സൂക്ഷിക്കുന്ന ക്ലാസ്മേറ്സുകളുടെ വിലയേറിയ സ്നേഹോപഹാരങ്ങള്‍ ഇടതടവില്ലാതെ അശ്റഫിനെ തേടിയെത്തുന്നത്, ഒരു പ്രതിഭ സുഹൃദ് വൃന്ദങ്ങള്‍ക്കിടയില്‍ പാകിയ ഊഷ്മള ബന്ധങ്ങളുടെ ദര്‍പ്പണമായി ഇന്ന് കാലം കാണുന്നു!അശ്റഫിന്‍റെ ഇളയപുത്രി ഇഹ്സാന
അതെ, ഭാര്യ സീനത്തിനോപ്പം ഒരു കുടുംബ ജീവിതത്തിന്‍റെ മൂല്യവത്തായ പാതയില്‍ 'അഹ്സന-ഇഹ്സാന' എന്നീ രണ്ടോമനകളുടെ കണ്ണുകളിലേക്ക് നോക്കി അശ്റഫ് പറയുന്നത്, ഒരു പിതാവിന്‍റെ പരിദേവനങ്ങളല്ല; ആസ്വാദനം ഇടര്‍ച്ച വീഴ്ത്തുന്ന ഒരാലിംഗനത്തിന്‍റെയും സ്നേഹ വാല്‍സല്യങ്ങളുടെയും  ആത്മഗീതികള്‍ മാത്രം!

43 comments:

പട്ടേപ്പാടം റാംജി said...

എന്താ പറയാ.
ചിലപ്പോഴൊക്കെ മനുഷ്യന് എന്തെങ്കിലും പറയാന്‍ വാക്കുകള്‍ കിട്ടാതാവുന്ന അവസ്ഥ പോലെ..
വേദനിപ്പിച്ചു വളരെ.

rafeeQ നടുവട്ടം said...

റാംജി,
ശരിയാണ്..
എന്‍റെയും ഒരു വേദന പങ്കു വെച്ചെന്നെയുള്ളൂ..
പ്രതികരണത്തിന് നന്ദി.

ലീല എം ചന്ദ്രന്‍.. said...

എന്താ പറയേണ്ടത് ...വല്ലാതെ വേദനിപ്പിച്ചു

rafeeQ നടുവട്ടം said...

ലീല എം ചന്ദ്രന്‍:
പങ്കു വെക്കുമ്പോള്‍ അല്‍പം ആശ്വാസം ലഭിക്കുമല്ലോ..

ഫസല്‍ said...

റഫീക്ക് ,
എനിക്ക് വാക്കുകളില്ല, എങ്കിലും ഒന്ന് പറയാതെ വയ്യ...തന്റെ ബ്ലോഗിലൂടെ തനിക്ക് ഇങ്ങിനെയൊക്കെ എഴുതി സമാശ്വസിക്കാന്‍ കഴിയുന്നല്ലോ....മറ്റു പലര്‍ക്കും അത് പോലും കഴിയുന്നില്ല..

സാബിബാവ said...

വല്ലാതെ വേദനിപ്പിച്ചു പ്രാര്‍ഥിക്കാം

vicharam said...

mrrafeeq. eekurippu vaichu. valiya saghadam thonni.entha cheyyuka.vidhiye pazhikkanavillallo.

കൂതറHashimܓ said...

ദൈവം നല്ലത് വരുത്തട്ടെ എല്ലാവര്‍ക്കും...!!

അപകടം ജീവിതത്തെ എവ്വിതം ബാധിക്കുന്നു എന്ന് ഞാന്‍ അറിഞ്ഞ് തുടങ്ങുന്നു.
കണ്ണുകളടച്ചാല്‍ എനിക്കിപ്പോ കാണാന്‍ കഴിയുന്നത് ഓടി നടന്നിരുന്ന ഇന്നലകളിലെ എന്നെ.
കണ്ണു തുറന്നാല്‍ എനിക്കനുഭവപ്പെടുന്നത് ചലിക്കാന്‍ കഴിയാത്ത കാല്പാദങ്ങളെ...!!!

ഞാന്‍ സന്തോഷമായിരിക്കുന്നു ഇന്നും,
ചിരിക്കാനും ചിന്തിക്കാനുമുള്ള എന്നിലെ സ്വാതന്ത്ര്യത്തെ ദൈവം എന്നില്‍ നിന്ന് തിരിച്ചെടുക്കാതിരുന്നതില്‍

Basheer said...

നേരിലറിയാവുന്നതാണ്‌,
പിന്നെ താങ്കളിലൂടെ വായിച്ചതുമാണ്‌. ഇപ്പോള്‍ വീണ്ടും...
എല്ലാം ഓരോ ഓര്‍മ്മപ്പെടുത്തലുകള്‍...

Kutty said...

ഓരോ തവണയും നാട്ടില്‍ പോകുമ്പോള്‍ ആദ്യം ഞാന്‍ ഓടിയെത്തുന്നവരില്‍ ഒരാള്‍ അഷ്‌റഫ്‌ തന്നെ. ഓരോ തവണ കാണുമ്പോഴും ഇത്തരം ചില വാക്കുകളും പ്രയോഗങ്ങളുമുണ്ട്, അശ്രഫിന്..

ജീവിക്കാനുള്ള ഉത്ക്കടമായ ആഗ്രഹത്തിന്റെയും വ്യക്തമായ തീരുമാനങ്ങളോടെ കലെടുത്തുവയ്ക്കാനുറച്ചു കാത്തിരുന്ന ഭാവിയുടെയും കടയ്ക്കല്‍ വിധിയ്ക്കു കീഴടങ്ങി നിസ്സഹായനായ നിശ്ശബ്ദനായി മാറെണ്ടിവന്നതുകൊണ്ടാകാം അയാള്‍ ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത്! അല്ലെങ്കില്‍ , ഒരു കുടുംബത്തിന്റെ അത്താണിയാകേണ്ടിയിരുന്ന, ഞങ്ങളുടെ പ്രദേശത്തെ തന്നെ ഏറ്റവും നല്ലൊരു ചെറുപ്പക്കാരന് ഇങ്ങനെയൊക്കെ സംഭവിക്കെണ്ടിയിരുന്നോ?

ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ഞങ്ങളുടെ തറവാട്ടിള്‍നിന്ന്‌ ഉദിച്ചുയരേണ്ടിയിരുന്ന ആദ്യ താരം ഇങ്ങനെ ഞെട്ടറ്റുവീണതില്‍ വിലപിക്കുന്നത് ഏറെ ദരിദ്രമായ (ഉള്ള സമ്പത്തിന്റെ സിംഹഭാഗവും അശ്രഫിന്റെ ചികിത്സക്കായി ചെലവഴിച്ച് ദാരിദ്ര്യത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുകയായിരുന്നു, ആ കുടുംബം!) അവന്റെ കുടുംബം മാത്രമല്ല, ഞങ്ങള്‍ ഓരോരുത്തരുമാണ്! എത്രയോ നിശ്ശബ്ദമായ നിശകളില്‍ അശ്രഫിനെയോര്ത്ത് ഈ വിനീതന്‍ കരഞ്ഞിട്ടുണ്ട്, പടച്ചവനോട്‌ പ്രാര്‍ഥിച്ചിട്ടുണ്ട്.. ഞാന്‍ മാത്രമല്ല, അശ്രഫിനെയും ആ കുടുംബത്തെയും അടുത്തറിയുന്ന പലരും.. ഒരുപക്ഷേ, ആ പ്രാര്‍ഥനകള്‍ക്ക് പെട്ടെന്ന് ഉത്തരം ലഭിക്കാതെ പോയതിന്റെ പിന്നില്‍ ത്രികാല ജ്ഞാനിയായ നാഥന്‍ നമുക്കപ്രാപ്യമായ എന്തോ രഹസ്യം ഒളിപ്പിച്ചുവച്ചിട്ടുണ്ടായിരിക്കാം!!

അതെന്തായാലും ജീവിതത്തില്‍ ആര്‍ക്കും ഇത്തരമൊന്ന് നല്‍കി പരീക്ഷിക്കല്ലേ, പടച്ചവനേ, എന്നു നമുക്ക്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം..

കുട്ടി, കുവയ്ത്

mini//മിനി said...

വേദനകൾ അറിയുന്നു. എനിക്ക് വന്ന ഒരു മെയിൽ ഫോർവേഡ് ചെയ്യുന്നു. ഹാറൂൺക്കയെ അറിയുമോ?

പള്ളിക്കരയില്‍ said...

കണ്ണീരോടെയാണിത് വായിച്ചുതീർത്തത്. ഉള്ളിൽ പ്രാർത്ഥനകളോടെ ഈ വാക്കുകൾ കുറിക്കുന്നു.

sm sadique said...

വാക്കുകൾക്കപ്പുറത്ത് ;………….
എന്റെ പ്രാർഥനയിൽ എന്നോടൊത്ത് എന്നും അശ്റഫ് സാഹിബും ഉണ്ടാവും .
പടച്ചതമ്പുരാൻ ഞങ്ങൾക്കും നന്മകൾ കരുതി വെച്ചിട്ടുണ്ടാവും
അല്ലേ , റഫീക്ക് ?

kARNOr(കാര്‍ന്നോര്) said...

വല്ലാതെ വേദനിപ്പിച്ചു

MT Manaf said...

മറ്റുളവരുടെ വേദനകളില്‍ നിന്നാണ് നമ്മുക്കുള്ള
അനുഗ്രഹങ്ങളുടെ വ്യാപ്തിയറിയുക
ഒരിറ്റു കണ്ണീരും...മനസ്സില്‍ പ്രാര്‍ഥനയും!

അലി said...

വായിച്ചുതീർന്നപ്പോൾ മനസ്സിലൊരു വിങ്ങൽ...
പ്രാർത്ഥിക്കാം. അല്ലാതെന്തുപറയാൻ.

Eanchakkal Jamal Mobile: 9446179220 said...

ജീവിതത്തില്‍ ആര്‍ക്കും ഇത്തരമൊന്ന് നല്‍കി പരീക്ഷിക്കല്ലേ, പടച്ചവനേ, എന്നു നമുക്ക്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം..

K@nn(())raan കണ്ണൂരാന്‍...! said...

@@
എല്ലാം ക്ഷണാപ്രഭാ ചഞ്ചലം!

നേരിട്ടും അല്ലാതെയും ഒരുപാടുപേരെ പരിചയമുണ്ട്. ജീവിതത്തിന്റെ ജ്വലനം ഇടയ്ക്കുവെച്ച് നഷ്ട്ടപ്പെട്ടുപോയ അത്തരക്കാരുടെ കഥകള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും കാണുമ്പോഴും അറിയാതെ ഒരിറ്റു കണ്ണുനീര്‍ ഇറ്റിറ്റു വീണിട്ടുണ്ട്. ഇപ്പോള്‍ ഇവിടെയും അത് സംഭവിച്ചിരിക്കുന്നു!

ബ്ലോഗില്‍ വന്നപ്പോള്‍ ഹാരൂനിക്കയെ കണ്ടു. റിയാസിനെ കണ്ടു. ഹാഷിമിനെ കണ്ടു. സാദിഖ് ഭായിയെ കണ്ടു. ഈ കാഴ്ച തന്നെയാണ് മനുഷ്യനെ കൂടുതല്‍ വിനയാന്വിതനാക്കുന്നത്.

റഫീക്ക് ഭായീ, നന്ദി.
അശ്രഫുമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.

***

Anonymous said...

Rafeeque, oru pakshe Itharam dukka poorvvamaya anubavangalkum ninne orezhuthukaranakkiyath?

Regards
Zubair

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വേദനിക്കുന്നവരുടെ കണ്ണീരോപ്പുന്നത്‌ ഉപാസനയാണ്, ആരാധനയാണ്.
ശരീരം ആധുനികവൈദ്യത്തിന് പിടിതരാത്തപ്പോള്‍ പക്ഷെ അവരുടെ മനസ്സിനെ നമുക്ക് ബലപ്പെടുത്താന്‍, ആശസിപ്പിക്കാന്‍ കഴിയും .
പ്രാര്‍ഥനയോടെ,

ayyopavam said...

randu thulli kannu neer maathram commant ayi tharan olloo

ശ്രീ said...

ഒന്നും പറയുന്നില്ല, വായിച്ചു പോകുന്നു

Sameer Thikkodi said...

അനുഭവിക്കുന്ന വേദനയുടെ സങ്കടങ്ങളുടെ ഒരു ഭാഗം തന്നാല്‍ കൂടെ സഹിക്കാന്‍ ഒരുക്കമാണെന്ന് ആശ്വസിപ്പിക്കുന്നു ... മനക്കരുത്ത് നിലനിര്തട്ടെ .... പുതിയ ഒരു പ്രഭാതം ഉന്മേഷം നല്കിയുനര്തട്ടെ മനസ്സിനെയും ശരീരത്തെയും ...

സിദ്ധീക്ക.. said...

വാക്കുകള്‍ക്കതീതമായൊരു വേദന കൊണ്ട് മനസ്സാകെ ചുട്ടുപൊള്ളുന്നു റഫീഖ്..നിയതിയുടെ നിയോഗങ്ങളെ തടയനാവില്ലാല്ലോ നിസ്സഹായരായ നമ്മള്‍ മനുഷ്യര്‍ക്ക്‌ !

Jishad Cronic said...

ദൈവം എല്ലാവരെയും കാക്കാട്ടെ...

rafeeQ നടുവട്ടം said...

@ഫസല്‍
അതെ, ഫസല്‍. വാക്കുകള്‍ മുറിയുന്നിടത്ത് മനസ്സു കൊണ്ടുള്ള പ്രാര്‍ഥനയും ആഭിമുഖ്യവും ആശ്വാസമേകും നമ്മുടെ അശ്റഫിന്..

@ സാബി ബാവ
പ്രാര്‍ഥിക്കാം എന്ന വചനത്തില്‍ തന്നെ യുണ്ട് സബീ, ഒരു സാന്ത്വനം..

@ വിചാരം
വിധിയെ പഴിച്ചിട്ട് കാര്യമില്ല. പരീക്ഷണങ്ങളില്‍ തകരാതിരിക്കട്ടെ നമ്മുടെ മനസ്സുകള്‍..

rafeeQ നടുവട്ടം said...

@ കൂതറ ഹാശിം
ഒരു വ്യസനം പറഞ്ഞപ്പോള്‍ പുറത്തു വന്നത്, അതിനേക്കാള്‍ വലിയ താങ്കളുടെ നൊമ്പരങ്ങളാണ്.
ഇല്ല; ചിരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം കാരുണ്യവാന്‍ കവര്‍ന്നെടുക്കില്ല..

@ ബഷീര്‍
ഓര്‍മപ്പെടുത്തലുകള്‍ ഒടുങ്ങാതിരിക്കും തോറും നമ്മള്‍ ദൈവീകമായ അനുഗ്രഹങ്ങളെ കുറിച്ചാലോചിക്കും..

@ പള്ളിക്കരയില്‍
അങ്ങയുടെ കണ്ണീരിലുണ്ട് ഒരു കാരുണ്യത്തിന്‍റെ നനവ്‌..

rafeeQ നടുവട്ടം said...

@ എസ്.എം.സാദിഖ്
തീര്‍ച്ചയായും..
നാളത്തെ സൗഭാഗ്യവാന്മാര്‍ നിങ്ങള്‍ തന്നെയാണ്!

@ കുട്ടി
കൂടപ്പിറപ്പിന്‍റെ വേദന...
അത് നമ്മുടെ മറ്റെല്ലാ ആഹ്ലാദങ്ങളെയും കെടുത്തിക്കളയുന്നുണ്ടല്ലോ, കുട്ടിക്കാ..

@ മിനി
അശ്റഫിന്‍റെ അവസ്ഥകളെക്കാള്‍ ദുരിതം പേറുന്ന അനേകം പേര്‍ നമുക്ക് ചുറ്റും..
അവയിലൊരാളായി ബ്ലോഗര്‍ ഹാറൂനിക്കയെ ചൂണ്ടിക്കാട്ടിയത് നന്നായി.
ഹതഭാഗ്യരുടെ വേദനകള്‍ പങ്കുവയ്ക്കാന്‍ നമുക്കൊന്നിയ്ക്കാം..

rafeeQ നടുവട്ടം said...

@ കാര്‍ന്നോര്
മുറിവുകള്‍ മാറി വേദനകള്‍ ശമിയ്ക്കട്ടെ;എല്ലാവരുടെയും

@ എം.ടി.മനാഫ്
എത്രയോ ശരിയാണ്.
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെ നാമെത്ര അവഗണിക്കുന്നു!

@അലി
വായനക്കാരന്‍റെ വിങ്ങലിനേക്കാള്‍ ശക്തമാണ് അലി, അനുഭവിക്കുന്നവന്‍റെ തേങ്ങലുകള്‍..

rafeeQ നടുവട്ടം said...

@ ജമാല്‍
പ്രാര്‍ഥനകള്‍ സഫലമാകട്ടെ..

@ കണ്ണൂരാന്‍
താങ്കള്‍ പറഞ്ഞത് ശരിയാണ്.
മനുഷ്യനെ വിനയാന്വിതനാക്കുന്ന മഹാ കാഴ്ചകളൊന്നും ഒരു വശത്ത് അവന്‍റെ അഹങ്കാരങ്ങളെ കുറയ്ക്കുന്നില്ലല്ലോ!

@ ഇസ്മയില്‍ കുറുമ്പടി
ഒരു കാതോര്‍ക്കല്‍ പോലും കദനങ്ങളെ കുറയ്ക്കും, ഇസ്മയില്‍!
അര്‍ത്ഥപൂര്‍ണമായ ആശ്വാസ വാക്കുകള്‍ അശ്റഫിലെത്തട്ടെ..

rafeeQ നടുവട്ടം said...

@ സുബൈര്‍
അനുഭവങ്ങള്‍ തന്നെയാണ് എന്നിലെ എഴുത്തിനെ രൂപപ്പെടുത്തുന്നത്.

@ ശ്രീ
താങ്കളുടെ നെടുവീര്‍പ്പുകളില്‍ തന്നെ ഒരാശ്വാസം അശ്രഫിനുണ്ട്.

@ ജിഷാദ്
എപ്പോഴും തേട്ടങ്ങള്‍ അങ്ങനെയാകട്ടെ..

പാലക്കുഴി said...

മനസ്സില്‍ വല്ലാത്തവേദനയുണ്ട്... അദ്ദേഹത്തിനു വേണ്ടിപടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു...

യൂസുഫ്പ said...

സർവ്വ ശക്തനായ റബ്ബ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ശാന്തിയും സമാധാനവും ഏകി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ഇതു കുറെ ദിവസം മുൻപു ഞാൻ വയിച്ചിരുന്നു വയിച്ചപ്പോൾ എന്തെഴുതണം എന്ന് അറിയാത്ത പോലെ .. ദൈവത്തിന്റെ പരീക്ഷണത്തിൽ ക്ഷമയവലംബിക്കുന്നവനാണു യഥാർത്ത വിജയി.. മറ്റുള്ളവരുടെ വിഷമതകൾ ഇങ്ങനെയൊക്കെ നമ്മൾ അറിയുമ്പോൾ ആണു നമ്മെ ദൈവം എത്ര സുഖത്തിലാണു ജീവിപ്പിക്കുന്നത് എന്നചിന്ത നമ്മിൽ ഉണ്ടാകുക. എന്താ പറയേണ്ടത് നല്ല പോസ്റ്റെന്നോ... ആ വേദന മനസിന്റെ ഉള്ളിൽ തന്നെ .. ദൈവം അദ്ദേഹത്തേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ..പ്രാർഥനയോടെ..

rafeeQ നടുവട്ടം said...

@ സമീര്‍ തിക്കൊടി
താങ്കളുടെ പ്രാര്‍ഥനകള്‍ സഫലമാകട്ടെ..
ഹൃദയ പൂര്‍വമുള്ള ആശ്വാസവാക്കിനു നന്ദി..

@ അയ്യോപാവം
ആ കണ്ണീരിനും ഒന്ന് തണുപ്പേകാന്‍ കഴിവുണ്ട്.

അനീസ said...

നാളെ എന്തു വന്നു ചെരുമെന്നത് നമുക്ക് നമുക്ക് അറിയില്ല , എല്ലാം പടച്ചോന്റെ കൈ കളില് , അശ്രഫ്ക്കക്കും കുടുമ്പത്തിനും നല്ല നാളെകള്‍ വന്നു ചേരട്ടെ

ശങ്കരനാരായണന്‍ മലപ്പുറം said...

വായിച്ചു!

mrk said...

heart touching.
http://apnaapnamrk.blogspot.com/

ചന്തു നായർ,ആരഭി said...

“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” വയലാറിന്റെ ഈ വരികൾ മാത്രം ഞാൻ കടമെടുക്കുന്നൂ..... അല്ലാതെന്തു പറയാൻ.http://chandunair.blogspot.com

Anees Hassan said...

um

ബെഞ്ചാലി said...

ജീ‍വിതം പരീക്ഷണം. മരണ ശേഷം ചോദ്യം ചെയ്യപെടുന്ന അനുഗ്രഹങ്ങളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും... യാ റബ്ബ്!

Sulfi Manalvayal said...

പറയുവാന്‍ വാക്കുകളില്ല.
മിണ്ടാതെ പോവുന്നു.