ഈ എഴുത്തുപുരയില്‍..

17 May 2010

സങ്കല്‍പ്പങ്ങളുടെ സങ്കടങ്ങള്‍

ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്‌...4

(പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍)
--------------------------------
ന്ത്രത്തോക്കേന്തി നില്‍ക്കുന്ന സൈനികരും അരപ്പട്ടയില്‍ പിസ്റ്റള്‍ വഹിച്ചു നീങ്ങുന്ന പൊലീസുകാരും രാജ്യത്തിന്‍റെ തന്ത്രപ്രധാന കേന്ദ്രത്തെ ജാഗ്രതയോടെ കാക്കുന്ന തിരക്കിലായിരുന്നു.ബാലപ്രസിദ്ധീകരണ ങ്ങളില്‍ കാണുന്ന 'കാര്‍ട്ടൂണ്‍ പൊലീസിനെ' അനുസ്മരിപ്പിച്ചു, ആദ്യമായ് കണ്ട ആഫ്രിക്കന്‍ പൊലീസിന്‍റെ വേഷഭൂഷാദികള്‍!
വലിയ തലപ്പാവും ആകര്‍ഷകമായ കര്‍ണാഭരണങ്ങളും ധരിച്ച്, ചിത്രങ്ങളും മറ്റും ഉല്ലേഖനം ചെയ്ത കള്ളിമുണ്ട്കളെടുത്ത് മധ്യവയസ്ക്കകളായ കുറേ സ്ത്രീകളെ ലോന്ചുകളില്‍ കണ്ടപ്പോള്‍ നാട്ടിലെ ബസ്സ്റ്റാ ന്റ്റുകളിലും റയിവേ സ്റ്റേഷനുകളിലും
ഒത്തുകൂടുന്ന നാടോടി സ്ത്രീകളെയാണ് ഓര്‍മ വന്നത്.അവരൊക്കെ ആഭ്യന്തര യാത്രക്കായി 
കാത്തിരിക്കുന്നവരാകാമെന്നു ഞാനൂഹിച്ചു.

റൌഡികളെന്നു തോന്നിപ്പിക്കുന്ന കുറേ 'മല്ലന്‍ യുവാക്കള്‍' അവിടെയൊക്കെ കാണപ്പെട്ടത് എന്നില്‍ ഭീതിയുണ്ടാക്കി. എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കി എന്തൊക്കെയോ പിറുപിറുത്തു.. നടത്തത്തിനു വേഗത കൂട്ടി ഞാന്‍ കാത്തുകിടന്ന വാഹനതിനടുത്തെത്തി. അവിടെ കാത്തിരിപ്പുണ്ടായിരുന്നു, ഒരു കാപ്പിരിപ്പയ്യന്‍.

''കമ്പനിയിലെ ജോലിക്കാരനാണ്''. ഡയരക്ടര്‍ പറഞ്ഞു.
ലഗേജുകളൊക്കെ അവനാണ് വണ്ടിയില്‍ കയറ്റിയത്. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. ജീവിത ധന്യതയുടെ ധാന്യമണികള്‍ പൂഴ്ന്നുകിടക്കുന്ന മൊസാംബിക്കന്‍ മണ്ണിലൂടെ..

കുറ്റിച്ചെടികള്‍ വച്ചുപിടിപ്പിച്ചും വൃത്തിയായും സൂക്ഷിച്ച എയര്‍പോര്‍ട്ട് കോമ്പൌണ്ടില്‍ നിന്ന് പുറത്തുകടന്ന് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ദൃഷ്ടികോണില്‍ ഉടനീളം ഉടക്കിനിന്നു, ഒരു യു.എന്‍ ചിഹ്നം.

ലോകത്തെ പിടിച്ചുലക്കുന്ന എയിഡ്സ് മഹാമാരിക്കെതിരെയുള്ള മുന്നറിയിപ്പിന്‍റെയും പ്രതിരോധത്തിന്‍റെയും സന്ദേശം വഹിച്ചുനിന്ന അത്, അവിടെ പരിസരമാകെയും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.
കൂറ്റന്‍ പരസ്യപ്പലകകളിലും ബില്‍ഡിംഗ് ഭിത്തികളിലും റോഡുകള്‍ കവച്ചുനില്‍ക്കുന്ന ഭീമന്‍ കമാനങ്ങളിലും പോര്‍ച്ചുഗീസ് അക്ഷരങ്ങളുടെ അകമ്പടിയോടെ നേത്രങ്ങളെ വരവേറ്റ ആ 'ആഗോള അടയാളം' ഒരപശകുനം പോലെ എന്‍റെ ആത്മാവിലേക്ക് അസ്ത്രങ്ങളെയ്ത് പിന്‍വാങ്ങിപ്പോയി..


ദുരനുഭവങ്ങളുടെ തീപ്പൊരിയേറ്റ മനസ്സില്‍നിന്നപ്പോള്‍ തിക്തമായ ഒരോര്‍മയുടെ കനല്‍പ്പാലം അറേബ്യന്‍ മണ്ണിലേക്കും നീണ്ടുപോയി..

ആ മൂന്ന് യുവതികള്‍!

സ്ത്രൈണ വിപണിയുടെ വന്‍ സാധ്യതകള്‍ ദുബൈ ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് എനിക്ക് ബോധ്യപ്പെടുത്തിത്തന്ന ആ മൂവരും സൌഹൃദത്തിന്‍റെ അലങ്കാരയങ്കിയണിഞ്ഞ് പിന്നെയും എനിക്ക് ചുറ്റും രതിയുടെ രൌദ്ര നടനമാടുന്നതു പോലെ..

സംശുദ്ധമായ ജീവിത ഭൂമികയിലേക്കുള്ള പാതിവഴിയില്‍ വച്ച് കണ്ടുമുട്ടേണ്ടി വന്ന അനാശാസ്യത്തിന്‍റെ ആ ആള്‍രൂപങ്ങളും അത്തരമൊരു സമൂഹത്തിന്‍റെ ജീവിതാദര്‍ശങ്ങള്‍ വിളകൊയ്ത മഹാരോഗത്തിന്‍റെ അസുര വിത്തുകളും ഞാനെത്തിപ്പെട്ടിരിക്കുന്ന കൊച്ചുദേശത്തിന്‍റെ രാഷ്ട്രഗാത്രത്തില്‍ എത്രത്തോളം ആഘാതങ്ങളേല്‍പ്പിച്ചിരിക്കുന്നുവെന്നത്, കണ്ണുകളില്‍ കുത്തിയൊലിച്ച ആ രാഷ്ട്രാന്തരീയ ചിഹ്നത്തിന്‍റെ പ്രചണ്ടമായ  പ്രചാരണത്തെ സാധൂകരിക്കുന്നതായിരുന്നു.



നീണ്ടുമെലിഞ്ഞ് പിറകിലേക്ക് പാഞ്ഞ റോഡില്‍ നിന്ന് നഗരനിരത്തിലേക്ക് കയറി മുന്നോട്ട്‌ ചലിക്കുമ്പോള്‍ മൂടല്‍മഞ്ഞു പോലെ നൈരാശ്യത്തിന്‍റെ മ്ലാനതകള്‍ മനസ്സിലേക്ക് പടര്‍ന്നു.
തറവാട്ടു വീടിന്‍റെ ദ്രവിച്ച കോലായത്തലപ്പില്‍ കൂടപ്പിറപ്പുകളോടൊപ്പം ചേര്‍ന്നിരുന്നും, ഏകാന്തതയുടെ സ്വസ്ഥതയില്‍ ആത്മഹര്‍ഷങ്ങളില്‍ സ്വയംമറന്നും, സുഹൃദ് വൃന്ദങ്ങളുടെ സാന്നിധ്യങ്ങളില്‍ കമന്ററികളെ പൊട്ടിച്ചിരികളാക്കിയും മാസങ്ങളോളം വര്‍ണം ചാലിച്ച എന്‍റെ സ്വപ്നങ്ങളുടെ നിറക്കൂട്ടുകള്‍...

അവയൊന്നും അന്ന്, യാഥാര്‍ത്യങ്ങളുടെ മൊസാംബിക്ക്‌ പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സാഫല്യത്തിന്‍റെ ചിത്രങ്ങള്‍ തീര്‍ക്കാന്‍ മനസ്സിന്‍റെ ക്യാന്‍വാസിലേക്ക് കൂട്ടിനു വന്നില്ല.
ഇരുവശവും രണ്ടുവരിപ്പാതയുടെ റോഡായിരുന്നു നഗരത്തില്‍. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ചും പരിചരണങ്ങളുടെ അഭാവത്തില്‍ അഭംഗിയായും നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍. തലസ്ഥാന നഗരിയായിട്ടും ഒരു പ്രൌഡിയും കണ്ടില്ല; പേരിനുപോലും!

തൃശൂര്‍ സ്വരാജ് റൌണ്ടില്‍ നിന്ന് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയുടെ പാതി മാത്രം കാഴ്ചകള്‍ തന്ന 'മപ്പുട്ടോ' നഗരത്തിന്‍റെ പ്രഥമാനുഭവങ്ങള്‍ അതുവരെയുള്ള എന്‍റെ 'വിദേശ സങ്കല്‍പ്പ'ങ്ങളെ മുഴുവന്‍ സത്യമായിട്ടും സങ്കടത്തിന്‍റെ പെരുങ്കടലിലാഴ്ത്തി.

ഒരു സ്വതന്ത്ര റിപ്പബ്ലിക്കിന്റേതായ കെട്ടും മട്ടുകളുമായി, ആധുനികോത്തരമായ റോഡ്‌ ഗതാഗത സംവിധാനങ്ങളും വികസന മുന്നേറ്റങ്ങളും കൂടിച്ചേര്‍ന്ന ഒരു 'സൂപ്പര്‍ സിറ്റി' യായാണ്‌, ഞാനീ 'മപ്പുട്ടോ' യെ മനക്കോട്ട കെട്ടിയത്! ആ നവ്യാനുഭവങ്ങള്‍ നുകരാന്‍ ഭൂഖണ്ഡം ഭേതിച്ച് പറന്നെത്തിയ എന്‍റെ ഗ്രാമത്തുടിപ്പാര്‍ന്ന ജീവേച്ഛകള്‍ മുഴുവന്‍ ഏതോ നഗരഭ്രമത്തിന്‍റെ മോഹിത വലയത്തില്‍ കുരുങ്ങി അന്ന്, ജീവച്ഛവങ്ങളായി പരിണമിക്കുകയായിരുന്നു...

(അവസാനിക്കുന്നില്ല)

13 comments:

അഭി said...

തുടരട്ടെ ..........

ആശംസകള്‍

ഹംസ said...

യാത്രാ വിവരണം അസ്സലായിട്ടുണ്ട്. തുടരുക.!

സ്ത്രൈണ വിപണിയുടെ വന്‍ സാധ്യതകള്‍ ദുബൈ ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് എനിക്ക് ബോധ്യപ്പെടുത്തിത്തന്ന ആ മൂവരും സൌഹൃദത്തിന്‍റെ അലങ്കാരയങ്കിയണിഞ്ഞ് പിന്നെയും എനിക്ക് ചുറ്റും രതിയുടെ രൌദ്ര നടനമാടുന്നതു പോലെ..

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.! ആ യൂ.എന്‍ ചിഹ്നത്തെ പേടിക്കുകയും വേണ്ട

Anonymous said...

നന്നായി അവതരിപ്പിച്ചു .. കൂടെ ഞങ്ങളും ഉണ്ട് തുടരട്ടെ ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വായിച്ചു- ആശയം ഗ്രഹിച്ചു.
ഒരാവര്‍ത്തി കൂടി വായിച്ചു- അവതരണ ശൈലിയും ഭാഷാ നൈപുണ്യവും അറിഞ്ഞു.
കൂടുതല്‍ വൈകാതെ അടുത്തത് പോന്നോട്ടെ...

അലി said...

അറിയാത്ത നാടുകളിലേക്കുള്ള യാത്രയിൽ ഞാനും കൂടെയുണ്ട്.
നല്ല വിവരണം.. തുടരുക.
ആശംസകള്‍!

അലി said...

ബ്ലോഗ് ടെമ്പ്ലേറ്റിൽ സൈഡ്ബാർ ഒരെണ്ണമാക്കുകയായിരിക്കും ഭംഗി.

mini//മിനി said...

യാത്രകൾ തുടരുക, ആശംസകൾ. മലയാളത്തിലെ
യാത്രാവിവരണങ്ങൾ എല്ലാം ഉൾക്കൊള്ളിച്ച് പുതിയ ഗ്രൂപ്പ് ബ്ലോഗ് തുടങ്ങിയിട്ടുണ്ടല്ലൊ. അതിൽ ഇത് കൂടി ചേർത്ത് അംഗമായിട്ടുണ്ടോ?

MT Manaf said...

യാത്രയുടെ കയറ്റിറക്കങ്ങളെ
ശക്തമായ തൂലിക കൊണ്ട് കോറിയിട്ടിരിക്കുന്നു
നല്ല വായനാനുഭവം

ഒഴാക്കന്‍. said...

kollaam

Areekkodan | അരീക്കോടന്‍ said...

വിവരണം അസ്സലായിട്ടുണ്ട്..ആശംസകള്‍

Anonymous said...

പോസ്റ്റുകള്‍ നോക്കാനോ എഴുതാനോ സമയം കിട്ടുന്നില്ല. രണ്ടുമാസമെങ്കിലും ഈ തിരക്കുണ്ടാവും. പല നല്ല പോസ്റ്റുകളുടെയും ലിങ്കുകള്‍ സുഹൃത്തുക്കള്‍ അയച്ചു തരും, അതൊക്കെയാണ് ഇപ്പോഴത്തെ വായന. താങ്കളുടെ പോസ്റ്റു വായിച്ചു. യാത്രാ വിവരണങ്ങള്‍ എനിയ്ക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് താങ്കളുടെ ഫോളോവറായത്. താങ്കളുടെ യാത്രാവിവരണം ഞാന്‍ വായിച്ചിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കുമെന്നു കരുതുന്നു.

ആശംസകളോടെ
സാബു കൊട്ടോട്ടി

Anonymous said...

I am not an authority in Malayalam to be a critic on your writing.

That is why I don’t send any comments.

I always enjoy reading you.

Sunny.Maputo
MOZAMBIQUE

Anonymous said...

It's wonderful! Pls Continue don't stop it. Feel as once again I traveled like this.

Best wishes