ഈ എഴുത്തുപുരയില്‍..

09 March 2021

വീട്ടിൽ വിദ്യാഭ്യാസ 'കാര്യാലയം' ഒരുക്കി മോഡേൺ സ്കൂൾ മാതൃക !

സമൂഹത്തിന്റെ ബൗദ്ധിക വികാസത്തിനു സഹായിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ ജീവനക്കാർക്ക് ഒരുക്കിക്കൊടുക്കുന്ന തൊഴിൽ സൗകര്യങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് ഏറെ പ്രാധാന്യമുണ്ട്.

ഏതു പ്രതിസന്ധി ഘട്ടത്തിലും ഗുണപ്രദമായ വിദ്യാഭ്യാസം നാടിനു നൽകാനും, അതിന്റെ സുഗമമായ ഗമനത്തിൽ പിന്നണി പ്രവർത്തകരായ അധ്യാപകർ അടക്കമുള്ള വൈദഗ്ധ്യ വ്യക്തിത്വങ്ങളെ നിലനിർത്തുന്നതിനും, അവർക്ക് സ്ഥിരതയും ആരോഗ്യ പരിരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും സ്വാസ്ഥ്യ മനസ്സും പ്രദാനം ചെയ്യുന്നതിനും മുന്നോട്ട് വരിക എന്നത് മാതൃകാപരമാണ്.

ദീർഘകാലമായി *പോട്ടൂർ മോഡേൺ സ്‌കൂളിൽ* അക്കാദമിക രംഗത്തും അഡ്മിനിസ്ട്രേഷൻ രംഗത്തും നേതൃ നിരയിൽ പ്രവർത്തിക്കുന്നവരിൽ ഒരാളായ ഞാൻ ഏതാനും ദിവസങ്ങളായി വീട്ടിൽ കഴിയുകയാണ്.
കോവിഡ് അനുബന്ധമായ ചില സമ്പർക്കങ്ങളായിരുന്നു ഹേതുകം. പരിശോധനകൾ നടത്തി 'ബാധ'യില്ലെന്നു ബോധ്യം വരുത്തിയെങ്കിലും ''കുറച്ചു കൂടി വീട്ടിലിരിക്കൂ'' എന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിധി.

SSLC/+2 പൊതു പരീക്ഷാ സംബന്ധവും അനുബന്ധവുമായ ഒട്ടേറെ തിരക്കുകളുള്ള ഈ മാർച്ച് മാസത്തിൽ സ്‌കൂളിലെത്തി അതിൽ മുഴുകാൻ കഴിയാത്തതിലുള്ള വിഷമം കുറച്ചൊന്നുമല്ല എന്നെ  അലട്ടിക്കൊണ്ടിരുന്നത്.
ദൈനംദിന അക്കാദമിക് ഇടപെടലുകളിൽ ടെലിഫോണിക് മാർഗനിർദേശങ്ങൾക്കു പരിമിതികളുണ്ടല്ലോ...

മാനസിക സമ്മർദ്ധങ്ങളുമായി സമരസപ്പെടുമ്പോഴാണ് *സ്‌കൂൾ മാനേജ്‌മെന്റ്* പരിഹാരവുമായി എത്തുന്നത്. വീട്ടിലിരുന്നു കൊണ്ടു തന്നെ സ്ഥാപന പ്രവർത്തനങ്ങളിൽ വ്യാപൃതനാവാനുള്ള സംവിധാനങ്ങൾ ഒരുക്കിത്തരാമെന്നായിരുന്നു അവരുടെ വാക്ക്!
മഹാമാരിയുടെ ഭീതിയിലും ഉത്തരവാദിത്ത നിർവഹണങ്ങൾ തടസ്സപ്പെട്ടുകിടക്കുന്ന ടെൻഷനിലും ആണ്ടുപോയ എന്റെ മനസ്സിന് വലിയ ആശ്വാസമായിരുന്നു സ്‌കൂൾ ഭരണ നേതൃത്വത്തിൻറെ ആ ആശയം!

ഞാൻ ഹൃദയമേറ്റിയ ആ സ്ഥാപനത്തോട് വീണ്ടും ക്രിയാത്മകമായിച്ചേരാൻ തിടുക്കപ്പെട്ടിരുന്ന എന്റെ മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടി..
അതോടൊപ്പം, അതിവേഗ ഇന്റർനെറ്റും കംപൂട്ടറും സംവിധാനങ്ങളും മണിക്കൂറുകൾ കൊണ്ട് വീട്ടിലെത്തുകയും ചെയ്തു.!

ഇപ്പോൾ ഞാൻ തീർത്തും ആഹ്ളാദഭരിതനാണ്.
ഒരു നാടിന്റെ ധൈഷണിക മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ബഹള മയങ്ങളില്ലാത്ത എന്റെ വീടിന്റെ അകത്തളങ്ങളിലിരുന്നു ഇപ്പോൾ എനിയ്ക്കു കഴിയുന്നുണ്ട്..

സമൂഹ സുരക്ഷയും വ്യക്തിസ്വാതന്ത്ര്യവും ആരോഗ്യബോധവും പൊതുനന്മയും ഉൾക്കൊണ്ടുകൊണ്ട് ഒരു ജീവനക്കാരന്റെ അതിജീവനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉത്തമപൂർണമായ ഉത്പാദനക്ഷമതയും  എങ്ങനെ സാധ്യമാക്കാമെന്നു ഇവിടെ ഒരു മാനേജ്‌മെന്റ് കാണിച്ചു തരുന്നു !

ഭൗതിക സൗകര്യങ്ങളിലും തൊഴിൽ നിയമങ്ങളിലും മാത്രമല്ല; നേതൃമനസ്സുകളിലെ നവീനാശയങ്ങളിലും  ചിന്താഗതികളിലെ വിശാലതയിലുമാണ് ഏതൊരു സ്ഥാപനത്തിന്റെയും വിജയ വളർച്ചകൾ!
പോട്ടൂർ മോഡേൺ സ്‌കൂൾ മാനേജ്‌മെന്റിന്  അകൈതവമായ നന്ദിയും കടപ്പാടും അറിയിക്കാൻ ഞാനിവിടെ വാക്കുകളുടെ  പര്യായങ്ങൾ പരതുന്നില്ല ..

തുടർന്നും നമുക്കു നയിക്കാം;  
'മോഡേൺ' എന്ന ഈ വിദ്യാഭ്യാസ കേന്ദ്രത്തെ ലക്ഷ്യപ്രാപ്തിയുടെ സമ്പൂർണ വിജയത്തിൽ !

 സി വി അബ്ദുൽ അസീസ് മാസ്റ്റർ, നടുവട്ടം

No comments: