ഈ എഴുത്തുപുരയില്‍..

24 March 2021

നായ്ക്കളുടെ വിളയാട്ടത്തിൽ 25 കോഴികൾക്ക് ദാരുണാന്ത്യം


എടപ്പാൾ: നടുവട്ടത്ത് തെരുവുനായ്ക്കൾ നടത്തിയ കൂട്ട ആക്രമണത്തിൽ നാലു വീട്ടുകാർക്ക് നഷ്ടമായത് ഇരുപത്തിയഞ്ചു കോഴികൾ. 

പത്താം വാർഡിലെ തയ്യുള്ളയിൽ കുഞ്ഞാപ്പ , കളത്തുംപടിക്കൽ അബ്ബാസ്, ചെമ്പേല വളപ്പിൽ അഷ്‌റഫിന്റെ ഭാര്യ സീനത്ത്, മുണ്ടേങ്കാട്ടിൽ അലിയുടെ ഭാര്യ ആയിശ എന്നിവർക്കാണ് പണച്ചെലവോടെ ഓമനിച്ചു വളർത്തുന്ന കോഴികളെ നഷ്ടമായത്. ഇന്ന് പുലർച്ചെ നാലു മണിക്കും ആറിനും ഇടയിലാണ് നായ്ക്കൂട്ടം കൂടുകൾ തകർത്ത് കോഴികളെ കൊന്നൊടുക്കിയത്. 

മരം കൊണ്ടുണ്ടാക്കിയ കൂടിന്റെ ഇരുമ്പ് വലയിട്ട ഭാഗം സമർഥമായി തകർത്തും മരപ്പാളികൾ കടിച്ചു പൊളിച്ചുമാണ് നായ്ക്കൾ കൂട്ടക്കുരുതി നടത്തിയത്. ഇറച്ചിക്കു പാകമായ പൂവൻ കോഴികളും ദിനേന മുട്ടയിടുന്നവയുമാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം പതിനയ്യായിരംരൂപയുടെ നഷ്‍ടം കണക്കാക്കുന്നു.


പുലർച്ചെ  ബഹളം  കേട്ടുണർന്ന വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും ഭൂരിഭാഗവും പിടഞ്ഞു തീർന്നിരുന്നു. ഇവരുടെ വീടിനു പുറമെ കളത്തും പടിക്കൽ ഹസൻ, കുരുവളപ്പിൽ ബാവ,  വാരിയത്ത് മുഹമ്മദലി, ചെമ്പേല വളപ്പിൽ മുഹമ്മദ് കുട്ടി എന്നിവരുടെ വീട്ടിലും കോഴികളെ ലക്ഷ്യമിട്ട് നായ്ക്കൂട്ടം എത്തി കൂട് തകർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.



വരുമാനത്തിനായി കോഴിവളർത്തലിൽ ഏർപ്പെട്ട ഒട്ടേറെ കുടുംബങ്ങൾ പ്രദേശത്തുണ്ട്. കാട്ടുപൂച്ചയുടെയും വളർത്തു പൂച്ചകളുടെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും തെരുവുനായ്ക്കൾ ഒറ്റയടിക്ക് ഇരുപത്തിയഞ്ചെണ്ണത്തെ  വകവരുത്തിയത് പ്രദേശത്തെ വീടുകളിൽ  ഭീതി പരത്തിയിരിക്കുകയാണ്.



No comments: