ഈ എഴുത്തുപുരയില്‍..

03 October 2020

നിസ്തുലനായിരുന്നു , നസ്റുദ്ദീൻ ദാരിമി..

തൃശ്ശൂർ പെരിഞ്ഞനത്ത് ദിവംഗതനായ പണ്ഡിതൻ കെ ആർ നസ്റുദ്ദീൻ ദാരിമിയെ കുറിച്ചോർക്കുമ്പോൾ അവിസ്മരണീയമായ ആ ജീവിതം അനല്പം അനുഭവപ്പെടുന്നു. 

വലിയ വിജ്ഞാന മനസ്സായിട്ടും അതിനേക്കാൾ വലിയ വിനയ മനം സർവ്വരോടും കാത്തുസൂക്ഷിച്ച മാതൃകയുടെ മഹാഗോപുരം... 

പൊന്മാനിക്കുടത്തിന് അറിവിൻറെ പൊന്നാടകൾ ചാർത്തിയ ജാമിഅ: മഹ്മൂദിയ്യ: സ്ഥാപനങ്ങളുടെ രാജശില്പിയായി, ഒരു ദേശത്തിൻറെ വിദ്യാഭ്യാസ, മത മേഖലകളിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ചു മർഹും. നസ്റുദ്ദീൻ ദാരിമി.

2002ൽ, സ്ഥാപനത്തിൻറെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'സോവനീറു'മായി ബന്ധപ്പെട്ടാണ് നസ്റുദ്ദീൻ ദാരിമിയെ ഞാൻ അടുത്തറിഞ്ഞത്.

ഫീച്ചർ തയ്യാറാക്കാനായി അടുത്തിടപെഴകിയപ്പോൾ ആ ത്യാഗിവര്യന്റെ പ്രവർത്തന വൈപുല്യങ്ങളുടെ ആഴവും പരപ്പും അന്നേ ബോധ്യമായി.
നിരന്തരമല്ലെങ്കിലും പിന്നീട്, ആ അടുപ്പം ഇക്കാലം വരെ അടരാതെ നിലനിർത്തി ഞാൻ.

മാസങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ ആവശ്യത്തിനായി ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ അനുഭാവപൂർവം അത് പരിഗണിക്കുകയും പിറ്റേന്ന് തിരിച്ചു വിളിക്കാം എന്ന് വാക്കു തരികയും ചെയ്തു. 
വ്യക്തിപരവും സ്ഥാപനപരവുമായ ഒട്ടേറെ തിരക്കുകളിൽ നിന്നാണ്, പിറ്റേന്ന് പറഞ്ഞ സമയത്തു തന്നെ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചത്. നിർദേശാനുസരണം ജാമിഅ:യിൽ എത്തിയ എന്നെ നസ്റുദ്ദീൻ ദാരിമി വളരെ മാന്യമായി സ്വീകരിക്കുകയും ആവശ്യങ്ങൾ ചോദിച്ചറിയുകയും സന്തോഷപൂർവം സൽക്കരിക്കുകയും ചെയ്തു. 
കാലങ്ങൾക്കുശേഷം അന്നത്തെ സന്ദർശനവേളയിൽ സ്ഥാപന സമുച്ചയങ്ങൾ കണ്ടപ്പോൾ മാറ്റങ്ങളുടെ വലിയ മാറ്റ് എന്നിൽ സന്തോഷമുണ്ടാക്കി. 
മത ഭൗതിക വിദ്യാഭ്യാസാർജ്ജനത്തിനായി നസ്റുദ്ദീൻ ദാരിമി മുന്നിൽനിന്നു പൂർത്തിയാക്കിയ ആ നിർമിതികൾ പെരിഞ്ഞനം എന്ന ദേശത്തിനു മാത്രമല്ല പെരുമയുണ്ടാക്കിയത്. അനേകം വിദ്യാർഥികളിലൂടെ അത് വിവിധ നാടതിർത്തികൾ കടന്നു.. 

അഹ് ലുസ്സുന്ന:യുടെ പ്രാസ്ഥാനികമായ വളർച്ചാ പാതകളിലും, ജില്ലയുടെ സർവ്വതോന്മുഖമായ മത /വിദ്യാഭ്യാസ പുരോഗതികളിലും നസ്റുദ്ദീൻ ദാരിമി എന്ന ഹൃദയ വെളിച്ചം വല്ലാത്ത പ്രകാശമാണ് ചൊരിച്ചത്!
മഹ്മൂദിയ്യ:യുടെ മഹത്തായ ലക്ഷ്യങ്ങളിലേയ്ക്ക് കാര്യദർശിത്വത്തിൻറെ ദീർഘദൃഷ്ടി പായിച്ച മഹാനവർകൾ ഇനി കൂടെയില്ലെങ്കിലും, ആ ആധ്യാത്മിക പ്രഭ ജാമിഅ:യുടെ ജീവൽ പാതകളിൽ ഇനിയും ജ്വലിച്ചു നിൽക്കുമെന്നതു തീർച്ച.

അല്ലാഹു അദ്ദേഹത്തിൻറെ ആത്മീയ സ്ഥാനമുയർത്തട്ടെ; ആമീൻ.

റഫീഖ് നടുവട്ടം
9495808876

No comments: