ഈ എഴുത്തുപുരയില്‍..

09 October 2020

പ്രായമായവരെ പ്രിയംവച്ച്..

ഖുർആൻ തണലിൽ അറിവു നുകരുന്ന വിദ്യാർഥിക്കുരുന്നുകൾ പ്രമുഖ തറവാട്ടിലെ വയോധികരെ കാണാനെത്തിയത് പുതുമയുള്ള സംഭവമായി.

പന്താവൂർ ഇർശാദ് കാമ്പസിലെ 'സഹ്റത്തുൽ ഖുർആൻ' പഠിതാക്കളായ എൺപത്തിയൊമ്പത് കുട്ടികളാണ് ചങ്ങരംകുളം കാഞ്ഞിയൂരിലെ പൗരമുഖ്യനായ ഇസ്മാഈൽ ഹാജിയുടെ തറവാട്ടുവീട്ടിൽ പുതുമ തേടിയെത്തിയത്.എല്ലാമാസവും ഇർശാദ് 'സഹ്റ ടീം' നടത്തി വരുന്ന ഉന്മേഷയാത്രയുടെ ഭാഗമായിട്ടായിരുന്നു ഗൃഹസന്ദർശനം.

പേരറിയാത്ത കുറേ 'പേരക്കുട്ടി'കളുടെ ഒന്നിച്ചുള്ള വരവ് ഹാജിയിലും പത്നിയിലും കടുംബാംഗങ്ങളിലും ആശ്ചര്യം ജനിപ്പിച്ചു!കുട്ടികളുടെ ഇഷ്ട വസ്തുവായ മിഠായികൾ നൽകി സ്വീകരിച്ചിരുത്തിയ ആതിഥേയർ, കുട്ടികളോടും അവരോടൊപ്പം എത്തിയ അധ്യാപകരോടും കുശലാന്വേഷണം നടത്തി. ഓമനത്വം തുളുമ്പുന്ന വിദ്യാർഥി പൈതങ്ങളെ വാരിയെടുത്തും മടിയിൽ വെച്ചും കൊച്ചു കൊച്ചു വർത്തമാനങ്ങൾ ചോദിച്ചും വാത്സല്യ ഹൃദയം കാട്ടിയ വീട്ടുകാർ പല കുട്ടികളുടെയും 'വല്യുപ്പ'യും 'വല്യുമ്മ'യുമായി മാറാൻ ഏറെ സമയം വേണ്ടി വന്നില്ല!

വിശുദ്ധ സൂക്തങ്ങളുടെ വശ്യശകലങ്ങളാൽ നിറഞ്ഞ കുഞ്ഞിളങ്ങളുടെ കളകളാരവങ്ങൾ പ്രൗഢിയും മോടിയും നിറഞ്ഞ ആ തറവാട്ടു വീടിന്റെ അകത്തളങ്ങളിൽ നിറഞ്ഞത് ആനന്ദമുളവാക്കി.. ഒപ്പം, വർധിത സന്തോഷങ്ങളുടെ ഓളങ്ങൾ ആ വയോധിക ഹൃദയങ്ങളിലും അലയടിച്ചു..!

പ്രായമായവരെ പ്രിയം വെക്കേണ്ടതിന്റെയും കാരുണ്യപൂർവം പരിപാലിക്കേണ്ടതിന്റെയും ബാലപാഠങ്ങൾ കുരുന്നുകൾക്ക് നൽകുകയായിരുന്നു ഈ വേറിട്ട യാത്രയുടെ ലക്ഷ്യം. കുട്ടികളൊടൊപ്പം അനുഗമിച്ച പന്ത്രണ്ട് അധ്യാപകരും ഈ മഹദ് സന്ദേശം ശൈശവക്കാരായ ശിഷ്യഗണങ്ങളിൽ  പകർന്നത് 'സഹ്റ' പഠനത്തിന്റെ സവിശേഷതയായി.

No comments: