ഈ എഴുത്തുപുരയില്‍..

29 May 2019

വൈവിധ്യ ചരിത്രങ്ങളുടെ വിളനിലമായി നടുവട്ടം - പിലാക്കൽ ജുമുഅത്ത് പള്ളി

അറിവും ആധ്യാത്മികതയും അധിനിവേശ വിരുദ്ധതയും അധികാര വാഴ്ചയോടുള്ള വിയോജിപ്പും ഉൾച്ചേർന്ന ചരിത്ര വൈവിധ്യങ്ങളുടെ ദേശമാണ് പൊന്നാനി താലൂക്കിലെ എടപ്പാളിനു സമീപമുള്ള നടുവട്ടം.

'പിലാക്കൽ' എന്ന പേരിൽ പ്രശസ്തമായ ഇവിടുത്തെ മഹല്ല് പള്ളി വൈവിധ്യങ്ങളോട് വേരുബന്ധങ്ങൾ പുലർത്തി അതിന്റെ പൊലിമകളെ വർത്തമാനത്തിന്റെ അഭിമാനതലങ്ങളിലേയ്ക്ക് കൊണ്ടുവന്ന അനുഗൃഹീത മണ്ണാണ്.

ഒന്നേകാൽ നൂറ്റാണ്ടോളം പഴക്കമുള്ള മഹല്ലും പള്ളിയും ഔപചാരികമായ ചരിത്രരേഖകളിൽ ഇടം പിടിച്ചിട്ടില്ലങ്കിലും അവ, പൂർവിക മാനസങ്ങളിൽ നിന്ന് പുതുതലമുറയുടെ ചിന്താധാരകളിൽ അന്തസ്റ്റാർന്ന ഗാഥകളായി ഊർജ്ജം പകരുന്നു..

അനേകം ഇസ്‌ലാമിക പണ്ഡിതർക്കും അവരുടെ സദ്ഗുരുവായി ഒരു സൂഫീവര്യനും ജന്മവും ജീവിതവും നൽകിയ നടുവട്ടം എന്ന ഈ നാട്, സ്വാതന്ത്ര്യ സമരങ്ങളുടെ സമരാഗ്നിയിൽ ജ്വലിച്ചു നിന്ന ഒരു സേനാനിയേയും രാജ്യത്തിനു സംഭാവന നൽകി.

ജന്മിത്വം വാണരുളിയ പൂർവകാലത്ത് കുടിയാനേയും കീഴ്ജാതിക്കാരനേയും പീഡിപ്പിച്ച ഒരു അധികാരിയുടെ ചെങ്കോൽ വലിച്ചെറിയാൻ നിർബന്ധിതനാക്കി ഉച്ചനീചത്വങ്ങളെ ഉഛാടനം ചെയ്ത പാരമ്പര്യം കൂടിയുണ്ട്, പൊന്നാനിയുടെ കൊളോണിയൽ വിരുദ്ധ പോരാട്ടം നെഞ്ചോടു ചേർത്ത ഈ അയൽദേശത്തിന്!

പ്രശസ്തമായ ഒരു തറവാട്ടു നാമത്തിലാണ് നടുവട്ടം -പിലാക്കൽ ജുമുഅത്ത് പള്ളി ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്നത്.
തിരു കൊച്ചി സംസ്ഥാനത്ത് പാലക്കാട് തെക്കേമലയാളം ജില്ലയിൽ പൊന്നാനി താലൂക്കിലെ വട്ടംകുളം അംശം കാലടിത്തറ ദേശത്ത നായാടിക്കുന്ന് / പറൂക്കാട് പേരുകൾ പറയപ്പെട്ട കോച്ചേരിപ്പറമ്പായിരുന്നു ഇന്നത്തെ നടുവട്ടം.

ലഭ്യമായ രേഖകൾ പ്രകാരം AD 1902ലായിരുന്നു പിലാക്കൽ പളളിയുടെ സ്ഥാപിതം.
1971ലാണ് (1391 സഫർ ) തറവാട്ടു കാരണവന്മാരുടെ കൈകളിൽ നിന്ന് ജനകീയ ഭരണത്തിലേയ്ക്ക് പള്ളി പരിപാലനങ്ങൾ എത്തിയത്. പിലാക്കൽ തറവാട്ടുകാർ വഖഫ് ചെയ്ത് സംരക്ഷിച്ചു വന്ന ഭൂമിയാണ് ഇവരുടെ വസ്വിയ്യത്ത് പ്രകാരം 'നജാത്തുൽ ഇസ് ലാം സഭ ' എന്ന പേരിൽ രൂപീകൃതമായ ഭരണ സമിതിയും നിയമാവലിയുമനുസരിച്ച് തീർച്ചപ്പെടുത്തി മഹല്ലും പളളിയുമായി സ്ഥിരപ്പെടുത്തിയത്.

പണ്ഡിത വര്യരുടെ പുണ്യ മണ്ണ്
പ്രഭാഷണ കലയിലെ മിന്നും താരകം മുതൽ മതാധ്യാപന മേഖലയിലെ മാതൃകായോഗ്യരായ വ്യക്തിത്വങ്ങളുടെ പാദം പതിഞ്ഞ ഈ മണ്ണ്, ആ വ്യക്തിപ്രഭാവങ്ങളിൽ ഇന്നും നാടിന് വെളിച്ചം ചുരത്തുന്നു!

ഗതകാല മതപ്രഭാഷണ വേദികളിൽ നിറഞ്ഞു നിന്ന ബാപ്പുട്ടി മുസലിയാർ (1916 - 1986), മദ്രസാ പ്രസ്ഥാനത്തിന്റെ ജീവവായുവായിരുന്ന ആലിക്കുട്ടി മുസ് ലിയാർ (1922 - 1998), ആയുഷ്ക്കാലം മുഴുവൻ ജ്ഞാന പ്രകാശനത്തിന് ജീവിതം ഉഴിഞ്ഞുവച്ച മൊയ്തുണ്ണി മുസ് ലിയാർ (1930-2006), പള്ളിയുടെ ഭരണനിർവഹണത്തിൽ പ്രമുഖ സാരഥ്യം വഹിച്ച പിലാക്കൽ മുഹമ്മദ് മുസ് ലിയാർ (1921-2006) തുടങ്ങിയ മഹത്തുക്കൾ പിലാക്കൽ മഹല്ലിന് ദീനീ ചൈതന്യത്തിന്റെ ശോഭ പകർന്നവരാണ്.

മതപരമായ ഏത് കാര്യത്തെ കുറിച്ചും സംസാരിക്കാനും വിശകലനം ചെയ്യാനും പ്രാപ്തിയുണ്ടായിരുന്ന പണ്ഡിതനായിരുന്നു ബാപ്പുട്ടി മുസലിയാർ. മലപ്പുറം മുതൽ കാസർഗോഡു വരെയുള്ള വടക്കൻ ജില്ലകളിലെ 'പരമ്പര പ്രസംഗ' വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന ഇദ്ദേഹത്തെ, വാർത്താവിനിമയ സൗകര്യങ്ങൾ വികസിതമല്ലാതിരുന്ന അക്കാലത്തു പോലും വഅളുകൾക്ക് വേണ്ടി ഏർപ്പാട് ചെയ്യാൻ വിദൂരങ്ങളിൽ നിന്ന് ആ ളുകളെത്തിയിരുന്നു.

വേതനം സ്വീകരിക്കാതെ ദീർഘകാലം അധ്യാപനത്തിലേർപ്പെട്ടും പഠന പുരോഗതികൾക്കായി വിഭവങ്ങൾ സ്വരൂപിച്ചും മദ്രസാ പ്രസ്ഥാനത്തെ വളർത്തിയ ആലിക്കുട്ടി മുസ് ലിയാർ, ഒരു ആത്മാർഥ ഹൃദയം മഹല്ലിനു സംഭാവന ചെയ്ത നിസ്വാർഥനായ പണ്ഡിതനായിരുന്നു.
ആധ്യാത്മിക ഗുരു ശൈഖ് അഹ്മദ് അൽ ഖാദിരി (ന.മ:) യുടെ ശിഷ്യനായും സേവകനായും ജീവിതമാരംഭിച്ച ചെമ്പേല വളപ്പിൽ മൊയ്തുണ്ണി മുസ് ലിയാർ, മത വിഷയങ്ങളിൽ നല്ല അവഗാഹമുള്ള വ്യക്തിത്വമായിരുന്നു. വൈയക്തികമായ വിഷമഘട്ടങ്ങളിൽ പോലും അവധിയെടുക്കാതെ മദ്രസയിലെത്തിയ അദ്ദേഹം, ലാളിത്യപൂർണതയോടും സൂക്ഷമതയോടും കൂടി ജീവിതം നയിച്ചു.

മഹല്ലു ജനതയുടെ മനസുകളിൽ ആദരവിന്റെ രൂപങ്ങളായ ഈ പണ്ഡിതവ്യക്തിത്വങ്ങൾ പ്രദേശത്തെ പുതുതലമുറകളിലേയ്ക്കും അഭിമാനകരമായ തുടർച്ചയുണ്ടാക്കുന്നുണ്ട്.




ഓത്തുപള്ളികളുടെ ദേശം
.........................................
പൂർവ തലമുറകളിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ചിരുന്ന ഓത്തുപളളികൾ സജീവമായിരുന്ന നാടായിരുന്നു നടുവട്ടം -പിലാക്കൽ പ്രദേശം.
തെങ്ങോലകൾ കൊണ്ട് ചുറ്റും മറച്ച്, കരിമ്പനയോലകൾ കൊണ്ട് തടുക്കുകൾ നെയ്തിട്ട പ്രദേശത്തെ ഓത്തുപള്ളികളിൽ ഒട്ടനവധി മൊല്ലമാർ അനേകം പേർക്ക് അറിവു പകർന്നു.

മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചിൽ പരം ആത്മീയ പാഠശാലകൾ തുറന്ന പ്രമുഖനായിരുന്നു ഹൈദർ എന്ന അപ്പങ്ങാട്ടുവളപ്പിൽ കുഞ്ഞുട്ടി മൊല്ല. (1915-1980) സ്വന്തം വീട്ടുമുറ്റത്ത് ഓലപ്പുരകൾ കെട്ടിയുണ്ടാക്കി ഒട്ടനവധി കാലം ഓത്തുപഠിപ്പിച്ച മറ്റൊരു മഹദ് വ്യക്തിയായിരുന്നു ആലി മുഹമ്മദ് മൊല്ല.(1924-1994) മരപ്പലകയിലും തറയിൽ വിരിച്ച മണൽ പരപ്പുകളിലുമായിരുന്നു ഇവരുടെ അക്ഷര പരിശീലനങ്ങൾ. 
നല്ല പരപ്പും മിനുസവുമുള്ള മരപ്പലകയിൽ ചകിടി മണ്ണു തേച്ച് വടിച്ചെടുത്ത് ഉണക്കാൻ വെക്കും. ഉണങ്ങിക്കഴിഞ്ഞാൽ മുളക്കൊമ്പ് കൊണ്ടുള്ള 'ഖലമും' മഷിയുമുപയോഗിച്ച് ഖുർആൻ മൂന്നാം ജുസ്അ വരെ എഴുതിക്കൊടുക്കുമായിരുന്നു. പഠനശേഷം പലക വെള്ളത്തിൽ കഴുകി വീണ്ടും പഴയപടിയാക്കും.

വിശപ്പകറ്റാനുള്ള വിശേഷ വിഭവങ്ങളായ മധുരക്കിഴങ്ങോ അരി വറുത്തതോ കഴിച്ചാണ് കുട്ടികൾ ഓത്തുപളളിയിലെത്തുക.  യാസീൻ ചൊല്ലിത്തന്നാൽ കാൽ ഉറുപ്പിക - അതായത്; രണ്ട് അണ മൊല്ലക്ക് ദക്ഷിണ നൽകും.
ഓത്ത് നിർത്തുന്ന ദിവസം പാവപ്പെട്ടവൻ രണ്ടണയും മറ്റുള്ളവർ ഇന്നത്തെ 25 പൈസക്ക് തുല്യമായ പണവും കൊണ്ട് പോകും.
തേങ്ങാചോർ വെച്ച്, ചുട്ട പപ്പടവും കൂട്ടി വയർ നിറയെ ഭക്ഷണം കഴിക്കാൻ ഓത്ത് നിർത്തുന്ന കാലത്തെ കാത്തിരുന്നുവത്രേ കുട്ടികളും  മുതിർന്നവരും!
പൂളയിൽ മൊയ്തുണ്ണി മുസ് ലിയാർ, വെട്ടിക്കാട്ട് വളപ്പിൽ ആലിക്കുട്ടി മുസ് ലിയാർ, ഏന്തു മൊല്ല, കുട്ടി അഹ്മദ് മൊല്ല, അബ്ദുല്ല മൊല്ല, കുണ്ടു പറമ്പിൽ ബാപ്പു മൊല്ല, പൂക്കറത്തറ മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരും നടുവട്ടം പ്രദേശത്തിന്റെ അറിവിന്റെ ജീനുകളെ വിജ്ഞാനം കൊണ്ട് സമ്പന്നമാക്കി ചരിത്രത്തിലിടം പിടിച്ച ആദരപുരുഷന്മാരാണ്.

മഹാഗുരുവിന്റെ ആധ്യാത്മ സന്നിധി

അനേകം പണ്ഡിതരുടേയും ആത്മീയ ജ്യോതിസ്സുകളുടേയും ഗരുവര്യനായ ഒരു സൂഫീ പ്രമുഖന്റെ അന്ത്യവിശ്രമസ്ഥാനം കൊണ്ട് അനുഗൃഹീതമാണ് നടുവട്ടം -പിലാക്കൽ ജുമുഅത്ത് പള്ളി.
കൊടക്കാട്ടുവളപ്പിൽ അഹ്മദ് മുസ് ലിയാർ എന്ന ശൈഖ് അഹ്മദ് അൽ ഖാദിരി (ന.മ:)യുടെ ആധ്യാത്മിക സാന്നിധ്യം ഈ മഹല്ലിനെ വെളിച്ചത്തിലേയ്ക്കും വിശ്രുതിയിലേയ്ക്കും നയിക്കുന്നു.

പ്രമുഖരായ സൂഫീവര്യന്മാരുടെ ഗുരുവാണ് , ശൈഖ് അഹ്മദ് മുസ് ലിയാർ.
കക്കിടിപ്പുറം വല്യ മൂപ്പർ എന്നറിയപ്പെട്ടിരുന്ന അബൂബക്കർ മുസ് ലി യാർ, കക്കിടിപ്പുറം അബ്ദു റഹ്മാൻ കുട്ടി മുസ് ലിയാർ എന്നിവരുടേയും  ആനക്കര കുഞ്ഞി മുസ് ലിയാർ, അറക്കൽ മുഹമ്മദ് മുസ് ലിയാർ, നടുവട്ടം ബാപ്പുട്ടി മുസ് ലിയാർ, കപ്പൂർ മൊയ്തുണ്ണി മുസ് ലിയാർ,  ആലൂർ മുഹമ്മദ് മുസ് ലിയാർ, കക്കിടിപ്പുറം മുഹമ്മദ് കുട്ടി മുസ് ലിയാർ, നയ്യൂർ കുഞ്ഞിമുഹമ്മദ് മുസ് ലിയാർ എന്നീ പ്രമുഖരുടേയും ഉസ്താദ് ആയിരുന്നു  മഹാൻ.

വിവിധ നാടുകളിൽ ദർസ് നടത്തുകയും മത ഗ്രന്ഥങ്ങളോടും അദ്ധ്യാത്മ ചിന്തകളോടും ജീവിതം ചെലവിടുകയും ചെയ്ത ശൈഖ് അഹ്മദ് മുസ് ലിയാർ, നാനാവിധ ജനങ്ങളുടെയും ഒട്ടേറെ പ്രശ്നങ്ങൾക്ക് സമാശ്വാസവും പരിഹാരവും ജീവിതകാലത്തു തന്നെ നൽകി അഭയ കേന്ദ്രമായി മാറി.
ശൈഖ് അവർകളുടെ കിതാബുകൾ അനർഘമായ അറിവുകളുടെ കലവറയാണ്.

ഈ ഗ്രന്ഥങ്ങളിൽ അദ്ദേഹം നടത്തിയിട്ടുള്ള അനുബന്ധ രചനകൾ അപൂർവ ജ്ഞാനങ്ങളുടെ അഗാധതലങ്ങളിലേയ്ക്ക് കെണ്ടു പോകുന്നവയാണന്ന് ആധുനിക പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. കിതാബുകൾ ഇന്നും സൂക്ഷിക്കപ്പെടുന്നു.  മഴക്കു വേണ്ടി പ്രാർഥിക്കാൻ ജനങ്ങൾ അഹ്മദ് മുസ്‌ലിയാരെ വിവിധ ദിക്കുകളിലേയ്ക്ക് കൊണ്ടു പോയിരുന്നു.
കാര്യസാധ്യങ്ങളുടെ അനവധി അനുഭവങ്ങൾ ജീവിതകാലത്തു തന്നെ ഉണ്ടായിരുന്ന ആത്മീയത്തണലായിരുന്നു മഹാൻ.

അയിലക്കാട് ജുമുഅത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സിറാജുദ്ദീൻ (നമ:)യുടെ ത്വരീഖത്ത് വഴിയിൽ ആത്മജ്ഞാനത്തിന്റെ അന്തർധാരകളിൽ എത്തിപ്പെട്ടിരുന്നു അഹ്മദ് മുസ് ലിയാർ. ഈ ബന്ധം വഴി 'അൽഖാദിരി' എന്ന വിശേഷണത്തിൽ വിശ്രുതനാകുന്ന മഹാൻ അക്കാലത്ത് 'കേരള ഇബ്നു ഹജർ' എന്ന പേരിലും അറിയപ്പെട്ടിരുന്നതായി ചില ചരിത്ര രേഖകളിലുണ്ട്. കർമശാസ്ത്ര വിഷയങ്ങളിലെ അഗ്രഗണ്യനായി അക്കാലത്ത്  അഹ്മദ് മുസ്‌ലിയാർ തിളങ്ങിയിരുന്നത്രേ.

ഗുരുവര്യന്മാരുടെ ഗുരുവായി ജീവിത വഴികളിൽ പ്രകാശം പരത്തുകയും പിലാക്കൽ ദേശത്തിന്റെ ആത്മീയ സൗഭാഗ്യമാവുകയും ചെയ്ത ശൈഖ് അഹ്മദ് അൽ ഖാദിരി (നമ:) 1945ൽ റ. അവ്വൽ 8 നായിരുന്നു വഫാത്തായത്.
ശിഷ്യരിൽ പ്രമുഖനായിരുന്ന കക്കിടിപ്പുറം അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാരുടെ നിരന്തര നിർദേശത്തെ തുടർന്നാണ് മഹാന്റ ഖബർ പ്രത്യേകം സംരക്ഷിക്കപ്പെട്ടത്. ശൈഖ് അവർകളുടെ മഹാത്മ്യങ്ങൾ കേട്ടറിഞ്ഞ് ധാരാളം പേർ പിലാക്കൽ പള്ളിയിലെ മഖ്ബറയിൽ സിയാറത്തിനെത്തുന്നുണ്ട്. 

മത സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ  പ്രാധാന്യപൂർവമായ പ്രാതിനിധ്യമാണ് ശൈഖ് അവർകളുടെ കുടുംബത്തിന് പ്രദേശത്തുള്ളത്. ഇവർ സംയുക്തമായി നടത്തി വരുന്ന ശൈഖ് അവർകളുടെ ഉറൂസ്, ഈ സൂഫീ പണ്ഡിതനെ അടുത്തറിയാനും അനുഭവിക്കാനും അവസരമൊരുക്കുന്നു.

വാഗൺ ട്രാജഡിയുടെ നടുക്കുന്ന ഓർമകൾ

സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് നടുവട്ടം ദേശത്ത് നിന്നൊരു സമര പോരാളി രാജ്യത്തിനു വേണ്ടി എടുത്തു ചാടിയിട്ടുണ്ട്.
ചേനാംപറമ്പിൽ യുസുഫ് (1894-1975) എന്ന ഇരുപതുകാരനാണ് പാരതന്ത്ര്യങ്ങൾക്കെതിരെ പോരാട്ടത്തിനിറങ്ങിയത്.
ഒരു മദ്യഷാപ്പിനെതിരെ സമരം സംഘടിപ്പിച്ചതിന്റെ പേരിൽ ഐപിസി 143,144 വകുപ്പുകൾ പ്രകാരം ബ്രിട്ടീഷ് പോലീസാണ് 1922 മാർച്ച് 28ന് ഇദ്ദേഹത്തെ ബെല്ലാരി ജയിലിലടച്ചത്. അഞ്ചു വർഷത്തിനു ശേഷം മോചനം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ പ്രതി ചേർക്കപ്പെട്ട് കോടതി 60 കൊല്ലത്തേക്ക് യൂസുഫ് സാഹിബിനെ തടവിലിടാൻ ഉത്തരവിട്ടു.

അധിനിവേശ പോലീസിന്റെ വലയിലകപ്പെട്ട അദ്ദേഹം, നടുക്കുന്ന നിഷ്ഠൂരതകളുടെ നേർ ചിത്രങ്ങൾ നേരിട്ടു കണ്ടു. രാജ്യത്തെ പിടിച്ചുലച്ച 'വാഗൺ ട്രാജഡി'യിൽ എഴുപത് പേർ പിടഞ്ഞുമരിച്ചെങ്കിലും യൂസുഫ് സാഹിബും മറ്റു 29 പേരും ആയുർദൈർഘ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു!

മരണത്തിന്റെ ബീഭൽസത മുഖാമുഖം കണ്ട ഇദ്ദേഹത്തിന് ജീവിക്കുന്ന രക്തസാക്ഷിയാകാനാണ് വിധിയുണ്ടായത്. വർഷങ്ങൾ കഴിഞ്ഞ്, സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലി ആഘോഷവേളയിൽ രാഷ്ട്രത്തിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമ്മാനിച്ച ആദര ഫലകം യൂസുഫ് സാഹിബിന്റെ അനന്തരവർ ഇന്നും അമൂല്യ വസ്തുവായി കാത്തു സൂക്ഷിക്കുന്നു.
പിറന്ന മണ്ണിനു വേണ്ടി പീഢനങ്ങൾ ഏറ്റുവാങ്ങിയ ഇദ്ദേഹത്തെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉചിതമായി ആദരിക്കുക കൂടി ചെയ്തപ്പോൾ നാടിന്റെ കീർത്തിയുയർത്തി യൂസുഫ് സാഹിബ് വിശ്രുതനായി.

അധികാര വാഴ്ചക്കെതിരെ കാരണവക്കരുത്ത്

പ്രതാപത്തിന്റെ ഉത്തുംഗതയിൽ വിരാജിച്ചു വന്ന 'പിലാക്കൽ' തറവാട്ടുകാരിൽ നീതിബോധവും തീരുമാനങ്ങളെടുക്കുന്നതിലെ വൈദഗ്ധ്യവും മേളിച്ച മൊയ്തുപ്പാവ എന്നൊരാൾ ജീവിച്ചിരുന്നു.
സ്വത്തുവഹകളുടെ നികുതി കുടിശ്ശികകൾ വീടുകൾ കേന്ദ്രീകരിച്ച് തഹസിൽദാരാണ് പിരിച്ചെടുത്തിരുന്നത്.

ഒരിക്കൽ, കുടിശ്ശികയടക്കാൻ തഹസിൽദാരുടെ അടുക്കലെത്തിയ മൊയ്തുപ്പാവ നികുതിയടവിൽ വീഴ്ച വരുത്തിയ കുടിയാന്മാരെ ക്രൂരമായി ശിക്ഷിക്കുന്ന കാഴ്ച കണ്ടു. ഇതിൽ കലി കയറിയ ഇദ്ദേഹം അധികാരിയോട് കയർക്കുകയും ഇരകളെ രക്ഷപ്പെടുത്തുകയും ചെയ്തു.
മൊയ്തുപ്പാവയുടെ ശൗര്യത്തിലും ആജ്ഞയിലും ചകിതനായിപ്പോയ തഹസിൽദാർ ഉത്തരവാദിത്വങ്ങൾ ഇട്ടെറിഞ്ഞ് സ്ഥലം വിട്ടെന്നും ദിവസങ്ങൾക്ക് ശേഷം ഒരു ഗുമസ്ഥൻ വഴി നികുതി പിരിവ് ഏറ്റെടുക്കാനും മറ്റു കാര്യങ്ങൾ ചെയ്തു കൊള്ളാനും നിർദേശിച്ചുവെന്നാണ് പഴമക്കാരുടെ മൊഴി. ഇതോടെ, പിലാക്കൽ മൊയ്തുപ്പാവ "അധികാരി മൊയ്തുപ്പാവ " എന്ന പേരിൽ അറിയപ്പെട്ടു എന്നാണ് ചരിത്രം.

നടുവട്ടത്തിന്റെ ഇടം
.
സംസ്ഥാന പാത 69ൽ സുപ്രധാനമായൊരു നാൽവഴിക്കവലയാണ് നടുവട്ടം.
വടക്ക് കോഴിക്കോട്ടേക്കും തെക്ക് തൃശൂരിലേക്കും പടിഞ്ഞാറ് പൊന്നാനി / പുത്തൻപള്ളിയിലേക്കുമുള്ള പ്രധാന റോഡുകൾ.
കിഴക്ക് ടിപ്പു സുൽത്താൻ റോഡ് പാലക്കാട്ടേക്കുള്ള എളുപ്പവഴിയാണ്. പടയോട്ടത്തിൽ ടിപ്പുവിന്റെ ഇടത്താവളമായിരുന്നത്രേ എടപ്പാൾ.
ഇടപ്പാളയം ലോപിച്ചാണ് എടപ്പാൾ രൂപപ്പെട്ടത് എന്ന് ചരിത്രം പറയുന്നു. ടിപ്പു കോട്ട കെട്ടിയത് നടുവട്ടത്തിന്റെയും എടപ്പാളിന്റെയും മധ്യത്തിലുള്ള ഇന്നത്തെ വള്ളത്തോൾ കോളേജ് നിൽക്കുന്ന പറമ്പിലായിരുന്നുവെന്ന് പൂർവിക സാക്ഷ്യവുമുണ്ട്.
......................................
റഫീഖ് നടുവട്ടം

No comments: