ഈ എഴുത്തുപുരയില്‍..

17 June 2018

ഉറൂസ്: ദുറൂസുകൾക്ക് മുമ്പ്..

ഉറൂസ് കഴിഞ്ഞ് മൂന്നാഴ്ചയോളമാകുന്നു.

ആലോചനകൾക്കും പ്രവർത്തനങ്ങൾക്കുമായി നമ്മൾ ഫോൺഗ്രൂപ്പുണ്ടാക്കി.
എല്ലാവരും ആത്മാർഥതയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഉറൂസ് വമ്പൻ സംഭവമായി മാറി.

വരും വർഷങ്ങളിലും ഇത് തുടരണമെന്ന ആഗ്രഹം ആദ്യ നടത്തിപ്പിൽ തന്നെ ഉണ്ടായതാണ് ഉറുസ് വിജയത്തിന്റെ കാമ്പ്.

പ്രധാനികളെ വിളിച്ചു കൂട്ടി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ സംക്ഷിപ്തം എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്. സാമ്പത്തിക കാര്യത്തിൽ ചെറിയൊരു ബാധ്യത വന്നത് എല്ലാവരേയും ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.

ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചതും അങ്ങനെ വരുന്ന പക്ഷം അതിനെ ഒരുമിച്ച് നേരിടാൻ തീരുമാനിച്ചതുമാണ്.

ഇക്കാര്യത്തിലേയ്ക്ക് ചില വലുതും ചെറുതുമായ സംഭാവനകൾ വന്നിട്ടുണ്ടെങ്കിലും സംഭവം കടത്തിൽ തന്നെ കുടുങ്ങിക്കിടക്കുമ്പോൾ സംഘാടകർ സങ്കടത്തിലാണ്.. 

എന്ന് തീരുമോ, എപ്പോൾ പിരിഞ്ഞ് കിട്ടുമോ എന്നൊന്നും ഒരു നിശ്ചയവുമില്ല ഒന്നിനും...

ഉറൂസ് കഴിഞ്ഞ് പിരിച്ചുവിടും എന്ന നിലയിൽ താൽക്കാലികമായി ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പ്  പല കാരണങ്ങൾ കൊണ്ട് ഇപ്പോഴും ഹയാത്തിലുണ്ട്! ചിലർ ഗ്രൂപ്പിൽ നിന്നും കൂടൊഴിഞ്ഞ് പോയി. മറ്റു ചിലർ "സഹിച്ചു " നിൽക്കുന്നു.. വേറെ ചിലർ അടുത്ത ദിവസം തീരുമാനമാകും എന്നാശ്വസിക്കുന്നു..
മറ്റേത് വാട്സാപ്പ് ഗ്രൂപ്പുകളും പോലെ ഇതിനും ചില ദുരുപയോഗ സാധ്യതകൾ കാണുന്നവരും ഇല്ലാതില്ല. എല്ലാവർക്കുമുണ്ട് സാധുതാപരമായ ന്യായങ്ങൾ!

പിരിച്ചുവിടടോ എന്ന് ആക്രോശിക്കുന്നവരും എന്തിനാ പിരിയുന്നത് എന്ന് കരയുന്നവരും ഇത് നിലനിർത്തിക്കുടേ എന്ന് ഉപദേശിക്കുന്നവരും ഉപ്പാപ്പാനെ ഓർത്ത് മാത്രം പുറത്തേക്ക് 'പ്രാകാത്ത 'വരും,  ഞങ്ങൾ; ഈ ഗ്രൂപ്പുണ്ടാക്കാൻ മുൻപന്തിയിൽ നിന്നവരെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ മക്കാറാക്കുകയാണ്!

ഈ ഗ്രൂപ്പിൽ പെട്ട  ആളുകളുടെ പേരും രക്ത ബന്ധവും എല്ലാവർക്കും  ഏറെക്കുറെ തിരിഞ്ഞ സ്ഥിതിക്ക്, അവരുടെ നമ്പർ സ്വന്തം മൊബൈലിൽ സംരക്ഷിച്ചു വച്ച നിലക്ക് "അഹമ്മദുപ്പാപ്പ ഉറൂസ് " എന്ന പേരിൽ നമ്മൾ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി മാത്രമുണ്ടാക്കിയ ഗ്രൂപ്പ്
അനിശ്ചിതകാലത്തേക്ക് ഇങ്ങനെ നിലനിർത്തണോ എന്നാണ് എന്റെ ഒരിത്..

ഇതിലെ അംഗങ്ങളെ ഉൾപ്പെടുത്തി സ്വന്തം റിസ്ക്കിൽ ആർക്കും മറ്റൊരു ഗ്രൂപ്പ് ആരംഭിക്കാവുന്നതാണല്ലോ..?

അടുത്ത ഉറൂസിന് നമുക്ക് പഴയ പേരിൽ ഇപ്പൊഴത്തെ ഗ്രൂപ്പിനെ തന്നെ പുന:രുജജീവിപ്പിക്കാമല്ലോ.?

ഉറൂസ് കമ്മിറ്റി അംഗീകരിച്ച സമയ പരിധിയും ഭൂരിപക്ഷം പേരും അനുഭവിക്കുന്ന സഹന പരിധിയും കവിഞ്ഞ് ഈ വാട്സാപ് ഗ്രൂപ്പ് സകറാത്തിന്റെ ഹാലിലാണ്.. ട്ടോ..

അതുകൊണ്ട്, ആർക്കും മുഷിപ്പുണ്ടാവാതിരിക്കാൻ, അടുത്ത വർഷം പുതിയ ഊർജeത്താടും നവോന്മേഷത്തോടും കൂടി വീണ്ടും ഇങ്ങനെ ഒത്തുചേരാൻ ആഗ്രഹിച്ച് ഈ ഉറൂസ്ഗ്രൂപ്പ് എന്ന "കോള് കാഹളത്തിൽ " ഞാനൊന്ന് ഊതിക്കോട്ടേ സഹോദരങ്ങളേ..?
- സി വി റഫീഖ്

No comments: