ഈ എഴുത്തുപുരയില്‍..

03 June 2018

പൂത്തുലയുന്ന ബന്ധങ്ങൾ

ആശുപത്രി ഭിത്തിയുടെ തണുത്ത മാർബിൾ പ്രതലത്തിൽ കൈത്തലങ്ങൾ വച്ച് രക്തപരിശോധനാ ഫലത്തിനായി കാത്തു നിൽക്കുമ്പോൾ മൂടുപടം ചൂടിയ ഒരു മുഖത്തു നിന്നും രണ്ടു കണ്ണുകൾ എന്നെ നോക്കിക്കൊണ്ടേയിരുന്നു..

ഇടങ്കണ്ണിൽ ഉടക്കിക്കൊണ്ടുള്ള അവളുടെ അന്വേഷണാത്മക ഒളിനോട്ടം, അമിതമായി ഞാൻ കാര്യമാക്കിയതേയില്ല.

കറുത്ത പർദക്കുള്ളിൽ കൺമഷിയണിഞ്ഞ ആ നയനങ്ങൾ ഒരു പരിചിതനെ തേടും പോലെ എനിയ്ക്ക് തോന്നി.

പീഢന പർവങ്ങളുടെ ആപത്തു കാലത്ത് അവൾ ആരെന്നാരായാൻ എനിയ്ക്കു ആത്മധൈര്യം കൈവന്നില്ല!

ഏറെ വൈകിയും ലഭ്യമാകാതിരുന്ന രക്തപരിശോധനാ ഫലത്തെച്ചൊല്ലി ആശുപത്രി ജീവനക്കാരന്റെ നിരുത്തരവാദത്തിൽ ഞാനപ്പോൾ സ്വയം പിറുപിറുത്തു..

എന്നെ പോലെ, ഒരു കടലാസ് ചുരുൾ കൈയ്യിൽ പിടിച്ച് അക്ഷമയുടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു അവളും.

വാച്ചിലേക്കു തന്നെ നോക്കി നിന്ന എന്നോട് പൊടുന്നനെയാണ് അവൾ ചോദിച്ചത്:
നിങ്ങളുടെ വീട് എവിടെയാണ്?
"നടുവട്ടം"
ഞാൻ മറുപടി നൽകി.

അത് പൂർണമായുടൻ രണ്ടാമത്തെ ചോദ്യവും വന്നു :
"............സാറിന്റെ അനുജനല്ലേ..? "

"അതെ ".

"നിങ്ങൾ?"
തോക്കിൽ കയറി ഉന്നം പിടിക്കാനായി എന്റെ ശ്രമം!

അപ്പോൾ അവൾ സ്വയം പരിചയപ്പെടുത്തി :

ഞാൻ ........... ലെ ടീച്ചറാണ്;
പേര്: ..................
നിങ്ങളുടെ സഹോദരി ..........ടെ കൂടെ വർക്ക് ചെയ്യുന്ന ....................!

അനർഗളം ഒഴുകിത്തുടങ്ങിയ വിശദീകരണത്തിനു ഒരു മന്ദഹാസം കൊണ്ട് തടയിട്ട് ഞാൻ പറഞ്ഞു : 

"ഓ... അറിയാം!
ഇന്നലെ രാത്രിയിൽ നിങ്ങളെ പറ്റി ഞങ്ങൾ പറഞ്ഞതേ ഉള്ളൂ..
അവൾ വീട്ടിലുണ്ടായിരുന്നു...

* * *       * * *    * * *

ചില ബന്ധങ്ങൾ അങ്ങനെയാണ്;
രക്തബന്ധങ്ങളേക്കാൾ അവ, ഹൃദയ ഭൂമികയിൽ വേരുകളാഴ്ത്തി എക്കാലവുംപുത്തുലയും!

No comments: