ഇന്ന്, ഇരുപത്തിയേഴാം രാവ്.
പുണ്യങ്ങൾ മണ്ണിലേക്കിന്ന് പെയ്തിറങ്ങുമ്പോൾ
കണ്ണീരോർമകളും കവിളിലൂടെ ചാലിട്ടൊഴുകും..
രണ്ടു രക്ത ബന്ധങ്ങൾ വേർപ്പെട്ടു പോയ ദുഃഖരാവാണ് ഇന്ന്.
സൈനബ എന്ന മൂത്തമ്മയും (ഉമ്മയുടെ സ്വന്തം സഹോദരി ) നഫീസ എന്ന അമ്മായിയും.. (വല്യുമ്മയുടെ സഹോദരീ മരുമകൾ )
ഇവരുടെ വിയോഗ സ്മൃതികൾ ഓരോ ഇരുപത്തിയേഴാം രാവിനെയും ഞങ്ങളെ നൊമ്പരത്തിലാഴ്ത്തുന്നു..
ശരീരം കാർന്നു തിന്നുകൊണ്ടിരുന്ന ഒരു മഹാമാരിയുടെ തീരാവേദനകൾ മറച്ചുവെച്ച് വദനത്തിലെപ്പോഴും ഒരു മന്ദഹാസം സൂക്ഷിച്ച മൂത്തമ്മ..
അസഹ്യതയിൽ പുളയുമ്പോഴും അവർ 'അല്ലാഹ്' വിളികളിൽ അഭയമർപ്പിച്ചു..
സ്നേഹത്തിന്റെ മധുരസ്വരൂപമായി മനസ്സുകളിൽ നിറഞ്ഞു നിന്നു , കുഴഞ്ഞു പോയ ശരീരവുമായി വർഷങ്ങളോളം ദുരിതം പേറിയ അമ്മായിയും..
ഓർമകൾ ഉണർന്നിരുന്നപ്പോൾ കസേരയിൽ നിന്നു തല ചായ്ച്ച് അവർ; കാണാനെത്തുന്നവരുടെ മുഖത്തേയ്ക്ക് പുഞ്ചിരിയോടെ പേരു ചൊല്ലി വിളിച്ചത് മറക്കാനാവില്ലല്ലോ..
ആയുസ്സിന്റെ അവസാന നാളുകളിൽ പരീക്ഷണങ്ങളുടെ പര്യായമായി മാറിയ ആ രണ്ടു പേരും അനശ്വര ജീവിതത്തിന്റെ അജ്ഞാതാവസ്ഥയിൽ പ്രാർഥനകൾ പ്രതീക്ഷിച്ചു കിടക്കുന്നുണ്ടാകണം..
അതെ,
ഈ ദിനത്തിൽ അർപ്പിക്കാം, അവർക്കായി അർഥവത്തായ തേട്ടങ്ങൾ..
സ്വന്തത്തിൽ നിന്നും ബന്ധത്തിൽ നിന്നും വിട പറഞ്ഞുപോയ സർവർക്കും നേരാം ദുആയിരവുകൾ..
താങ്കളുടെ പ്രാർഥനകളിൽ എന്റെ ബന്ധപ്പെട്ടരേയും ഈ വ്യക്തിത്വങ്ങളെയും ഉൾപ്പെടുത്തണമെന്നപേക്ഷിക്കുന്നു.
ഉണർത്തു മനസ്സോടെ,
✍ റഫീഖ് നടുവട്ടം
[11 ജൂൺ 2018]
No comments:
Post a Comment