ഈ എഴുത്തുപുരയില്‍..

18 February 2018

കട്ടപ്പുറം തറവാട്ടിലെ കണ്ടക്ടർ സർ

സ്വകാര്യക്കാരുടെ സമരം തീർന്നാൽ സർക്കാർ ബസ് ജീവനക്കാരെ ഒരാഴ്ചത്തേയ്ക്ക് 'സുഖചികിത്സ'യ്ക്ക് വിടണം.
കാരണം, കഴിഞ്ഞ മൂന്നു ദിവസമായി അവർ ശീലമില്ലാത്ത അധ്വാനത്താൽ വശംകെട്ടിരിക്കുകയാണ് ! 
തിരക്കിൽ ഞെരിഞ്ഞമർന്ന യാത്രികരെ വകഞ്ഞുമാറ്റിക്കൊണ്ടും
നിർദേശങ്ങളാൽ തൊണ്ട കീറിക്കൊണ്ടും അവർ ചെയ്ത "സേവനം" കാണേണ്ടതു തന്നെ !

കണ്ടക്ടർ എന്നെഴുതിയ സാങ്കൽപ്പിക 'സിംഹാസന'ത്തിൽ ഇരുന്ന് കൊണ്ട് മാത്രം വണ്ടി നിർത്തിക്കുകയും കയറു പിടിച്ച് വാതിലടക്കുകയും ശങ്ക നിവാരണത്തിനെന്ന പോലെ വല്ലപ്പോഴും എഴുന്നേറ് പോയി കാശ് വാങ്ങിക്കുകയും ചെയ്തിരുന്നവർ ശാരീരികാധ്വാനത്തിന്റെ 'സുഖം' ശരിക്കും അനുഭവിച്ചു, കഴിഞ്ഞ ദിനങ്ങളിൽ. 

ബാഗും ടിക്കറ്റ് യന്ത്രവും കൈയ്യിൽ പിടിക്കാനാവാതെ, പണം വാങ്ങാനാവാതെ, ബാക്കി കൊടുക്കാനാവാതെ, സന്തുലിതം പാലിച്ച് ഒരിടത്ത് നിൽക്കാനാവാതെ, ശരിക്കും വിയർത്തൊലിച്ച് വണ്ടിയുടെ ഗതിവേഗം കൂടുമ്പോൾ ആടിയുലഞ്ഞു ഒരു കണ്ടക്ടർ സർ!

" ഇതൊന്നും ശീലമില്ലല്ലോ; അനുഭവിക്കണം.. മുകളിലുള്ളൊൻ കണ്ടറിഞ്ഞു കൊടുക്കുന്നതാണ്.. "
യാത്രികരുടെ കമന്റുകൾ ഇങ്ങനെയൊക്കെ വന്നു.

ഏതായാലും, പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട ഒരു കട്ടപ്പുറം തറവാട്ടു വണ്ടി കണ്ടക്ടർ സാറിന്റെ ക്ഷീണം മാറ്റാൻ  അരമണിക്കൂറിലേറെയാണ് പട്ടാമ്പിയിൽ വെറുതെ നിറുത്തിയിട്ടത്.

No comments: