ഈ എഴുത്തുപുരയില്‍..

23 May 2016

ഹിംസാത്മകമാകുന്ന ഹരിത ഫാസിസം

അധികാര നഷ്ടത്തിന്റെ തിരിച്ചടിയിൽ ജനങ്ങളെ തരം തിരിച്ച് അടിച്ചു കൊല്ലുകയാണ് മുസ് ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനം.
ചുവപ്പു ഫാസിസത്തിനും കാവി ഫാസിസത്തിനും പുറമെ, പുതിയൊരു 'ഹരിത ഫാസിസ'വും കേരള ജനതയുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഒരു കാലത്ത് ഉത്തമ ഉമ്മത്തിന്റെ ഊർജമാവാഹിച്ചും ബൗദ്ധിക വിഭവങ്ങളുടെയും ഉത്ഥാന മോഹങ്ങളുടെയും നീരൂറ്റിയും വളർന്ന മുസ്‌ലിം ലീഗ്, ഈ സമുദായത്തിനു തന്നെ നീരാളിയായി മാറിയിരിക്കുകയാണ്.  ഈ ദുരവസ്ഥയുടെ ഭീതിദമായ (ഒടുവിലെ) കാഴ്ചയാണ് ഇന്നലെ മലപ്പുറം കൽപകഞ്ചേരിയിലെ ചെറുവണ്ണൂർ പി കെ പാറയിൽ കണ്ടത്.
ഇവിടെ ഹംസക്കുട്ടി എന്നൊരു എസ് വൈ എസുകാരൻ (മുഖ്യധാരാ മാധ്യമങ്ങളിൽ എൽ ഡി എഫ് പ്രവർത്തകൻ) മുസ് ലിം ലീഗ് പ്രാദേശിക വിജയത്തിന്റെ ആഹ്ലാദ പ്രകടനങ്ങൾക്കിടെ ആസൂത്രിതമായി അക്രമിക്കപ്പെട്ട് അതിദാരുണമായി മരണപ്പെടുകയായിരുന്നല്ലോ.
കുണ്ടൂരിലെ കുഞ്ഞു മുതൽ അമ്പലക്കണ്ടിയിലെ അബ്ദുൽ ഖാദർ, മണ്ണാർക്കാട്ടെ ഇരട്ട സഹോദരങ്ങൾ, മറ്റനേകം പ്രവർത്തകർ തുടങ്ങിയവരുടെ നീചമായ കൊലപാതകങ്ങളിലൂടെ ( ആയുസ്സിന്റെ ബലത്തിൽ ജീവൻ പൊലിയാത്തവരും ജീവച്ഛവമായി കഴിയുന്നവരും വേറെ)  രാഷ്ട്രീയ കക്ഷി എന്നതിൽ നിന്ന് 'രക്ത യക്ഷി ' എന്നതിലേയ്ക്കുള്ള പരിണാമഘട്ടത്തിലാണോ മുസ് ലിം ലീഗ് എന്ന് ന്യായമായും സംശയിക്കണം.
വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമുദായത്തിന്റെ ഉന്നമനം സാധ്യമാക്കുന്ന വിശ്രുതനായ ഒരു പണ്ഡിത നേതാവിനോടുള്ള അടങ്ങാത്ത അരിശം കാരണം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിലെ പ്രവർത്തകരെ / സാധാരണക്കാരെ / സമാധാന പ്രിയരെ / കുടുംബനാഥന്മാരെ ക്രൂരമായി കൊല ചെയ്യുന്നത് ആരും മാപ്പു നൽകാത്ത പാതകമാണ്.
അതിനാൽ, എക്കാലത്തും സമാധാനത്തിന്റെ ശാന്തിതീരമായി നിലകൊണ്ട ബഹുമാനപ്പെട്ട കൊടപ്പനക്കൽ തറവാട്ടു നേതൃത്വം അവിവേകികളേയും അക്രമകാരികളെയും നിയന്ത്രിക്കാനും കാപാലികതയെ ആത്മാർഥതയോടെ അപലപിക്കാനും മുന്നോട്ടു വരണം.
ഒപ്പം, അപരാധികളെ അടിയന്തരമായി പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച് ഇനിയൊരു ' കൊലപൂതി ' തോന്നാത്ത വിധം കനത്ത  ശിക്ഷ വാങ്ങിക്കൊടുക്കാൻ പുതിയ ഭരണകൂടവും ആർജ്ജവം കാണിക്കണം.

No comments: