ഈ എഴുത്തുപുരയില്‍..

15 May 2015

തണൽ മായ്ക്കപ്പെട്ട ഒരമ്മയുടെ കണ്ണീർ കണങ്ങൾ..

അവധിക്ക് നാട്ടിലെത്തിയപ്പോൾ അവിചാരിതമായാണ് അവരെ ഞാൻ കണ്ടുമുട്ടിയത്.

ബഹളപൂർണമായിരുന്ന എടപ്പാളിന്റെ പട്ടണത്തിരക്കിൽ ഒരു സായാഹ്നത്തിൽ..

നീണ്ട ഒരു ഇടവേളയ്ക്കൊടുവിൽ, ഇടവഴിയിലെന്ന പോലെ അവർ  മുഖാമുഖം വന്നപ്പോൾ ഞങ്ങൾ  ആശ്ചര്യത്തിന്റെ കണ്ണുകൾ വിടർത്തി ആദരവിന്റെ വചസ്സുകൾ മൊഴിഞ്ഞു !

പ്രഭായനി :
നഷ്ടബോധങ്ങൾ മാത്രം ജീവിതക്കൂട്ടായിരുന്ന ആ ഗ്രാമീണ സഹോദരി സ്വന്തം നാട്ടുകാരി എന്നതിലപ്പുറം ഞാനൊരിക്കൽ ജോലി ചെയ്തിരുന്ന തൃത്താല ഐഇഎസ് ഇംഗ്ളീഷ്  ഹയർസെക്കൻഡറി സ്കുളിലെ ജീവനക്കാരി കൂടിയായിരുന്നു .

വിവാഹം ചെയ്തയച്ച വീടിനു സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരെളിയ തൊഴിലെടുത്ത് കഴിഞ്ഞുപോന്ന കുടുംബിനി.

ഗതകാലം പരിഗണിച്ചാൽ അന്നത്തെ 'സാമാന്യ വിദ്യാഭ്യാസം' ആർജ്ജിച്ചവൾ.
വിവാഹ ശേഷം വന്നുപെട്ട ചില പരീക്ഷണ ഘട്ടങ്ങൾ ജോലിക്കു പോകാൻ അവരെ നിർബന്ധിതയാക്കി.

രണ്ട് മക്കളെ മികച്ച സൗകര്യങ്ങൾ നൽകി പഠിപ്പിച്ചെടുത്തു.

ആഹ്ളാദവും അഭിമാനവും വാനോളമുയർത്തി തന്റെ ഏക ആൺതരിക്ക് അങ്ങനെയാണ് ഇന്ത്യൻ നേവിയിൽ ജോലി തരപ്പെട്ടതും..

അവനെക്കുറിച്ചുള്ള തേനൂറൂം സ്വപ്നങ്ങൾ ഞങ്ങളോടൊക്കെ കവിൾ നിറച്ച് പന്കു വയ്ക്കുമായിരുന്നു പ്രഭായനി. വൈഷമ്യപൂർണമായ കുടുംബാവസ്ഥകളെ കുറിച്ച് അപൂർവമായും..

പട്ടണ നടുവിൽ ആമുഖ വിശേഷങ്ങൾ അലിഞ്ഞുതീരവേ, ആ മുഖത്ത് ദുഃഖത്തിന്റെ  ഒരു കാർമുഖിൽ ഇരന്പി വരുന്നത് ഞാൻ കണ്ടു.
പൊടുന്നനെ കുറെ കണ്ണീർ കണങ്ങളായി അത് പരിണമിച്ചപ്പോൾ ഞാൻ പറഞ്ഞു:
'' ഒക്കെ ഞാനറിഞ്ഞിരുന്നു, പ്രഭായനിച്ചേച്ചീ.. പക്ഷേ, പത്രത്തിൽ കണ്ടപ്പോൾ ഒരിക്കലും അത് നിങ്ങളുടെ വേദനയായിരിക്കുമെന്ന് വിചാരിച്ചതല്ല.. വളരെ വൈകിപ്പോയിരുന്നു നമ്മുടെ സ്കൂൾ ബന്ധങ്ങളിൽ നിന്ന് അതൊക്കെ ഞാനറിഞ്ഞപ്പോൾ...''
★★★

കഴിഞ്ഞ ഒക്ടോബർ 3നാണ് പ്രഭായനിക്ക് തന്റെ ഏക മകൻ വിഷ്ണു.പി ഉണ്ണിയെ നഷ്ടമായത്.
കൊച്ചി കായലിലേക്ക് കൈക്കുഞ്ഞുമായി എടുത്ത് ചാടിയ ഒരു യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ധൈര്യശാലിയായ  ആ യുവാവ് കായൽപരപ്പിൽ കൺമറഞ്ഞുപോവുകയായിരുന്നു..

വാർദ്ധക്യത്തിന്റെ  നിഴൽ ചായ്ച്ചു തുടങ്ങിയ  തന്റെ ജീവിതത്തിലേയ്ക്ക്  ഒരു തണൽ പോലെ വളർന്നുവരികയായിരുന്ന ആ മകന്റെ, ഓർമകൾ മൂടിയ ദുഃഖസത്യത്തിലാണ് നഗരനിരത്തിൽ വെച്ച് പ്രഭായനി നൊന്പരപ്പെട്ടത്..

അപ്പോൾ, ഓർമയുടെ ഓളങ്ങൾ തിരപോലെ വന്നലച്ച് ഹൃദയം നുറുങ്ങി നിൽക്കുന്ന അവരെ  ആശ്വസിപ്പിക്കാൻ ബലഹീനമായ എന്റെ വാക്കുകൾക്കൊന്നും ശക്തിയുണ്ടായിരുന്നില്ലന്നു തോന്നി.

ഒരു കടയുടെ ഭിത്തിയോട് മായ്ച്ചു നിർത്തി 'കരയാതിരിക്കൂ' എന്ന് ഞാൻ ആവർത്തിച്ചപ്പോൾ അവർ കവിൾ തുടച്ചു.

സമനില വീണ്ടെടുത്ത് പ്രഭായനി പറഞ്ഞു : '' ഞാൻ സാറിനെ ഒന്ന് കാണണം എന്നാഗ്രഹിച്ചിരുന്നു. ഗൾഫിൽ പോയപ്പോൾ ഇനി അത് സാധിക്കില്ലെന്ന് ഉറപ്പിച്ചതാണ്. മോന് സംഭവിച്ചതെല്ലാം സാർ അറിഞ്ഞിരിക്കുമോ എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്..

സാർ.., എന്റെ മോൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഈശ്വരകൃപ കൊണ്ട് അവൻ തിരിച്ചുവരാൻ സാർ പ്രാർഥിക്കണം....''

മുറിയുന്ന വാക്കുകൾ ഞാൻ ചേർത്തുവച്ചു; അവർ അണമുറിയാത്ത കുറെ കണ്ണീർ കണങ്ങളും ...
★★★

തണൽ വിരിക്കും വൻമരങ്ങൾ കടപുഴകും പോലെ ജീവിതസായന്തനത്തിൽ സാന്ത്വനമാകേണ്ട  സന്താനങ്ങളിലൊന്ന്  അകാലത്തിൽ തിരോഭവിക്കുന്പോൾ ഏതു മാതൃഹൃദയത്തിലാണ് വേദനകൾ ഉറവയെടുക്കാതിരിക്കുക ?

വിധിയുടെ കാറിലും കോളിലും പ്രതീക്ഷകളുടെ തിരിനാളങ്ങൾ കെട്ടുപോയ പ്രഭായനിയെന്ന മുൻ സഹപ്രവർത്തകയ്ക്ക് പിന്നെയും പിന്നെയും ഞാൻ സാന്ത്വനങ്ങൾ അർപ്പിക്കുന്നു..

2 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പെയ്തുതീരാത്ത ദുഃഖമുകിലുകള്‍..

ajith said...

വല്ലാത്ത സങ്കടാവസ്ഥ