ഈ എഴുത്തുപുരയില്‍..

Showing posts with label വാട്സാപ് പോസ്റ്റ്. Show all posts
Showing posts with label വാട്സാപ് പോസ്റ്റ്. Show all posts

17 June 2018

ഉറൂസ്: പുതിയ ചിത്രങ്ങൾ, വർത്തമാനങ്ങൾ

വളരെ ഭംഗിയോടെ നാം നടത്തിയ നമ്മുടെ ഉപ്പാപ്പയുടെ ഉറൂസ്‌ സംബന്ധമായ ചില കാര്യങ്ങളുടെ ആലോചനകൾക്കായി കുടുംബ പ്രതിനിധികൾ ഇന്നലെ (ഞായർ) ഒത്തുചേർന്നു.

നടത്തിപ്പിൽ ബാധ്യത'യായി അവശേഷിച്ച തുകയുടെ വകയിരുത്തലിനും വരും വർഷങ്ങളിലെ നേർച്ചാ കാര്യങ്ങളുടെ തീർച്ചപ്പെടുത്തലിനുമായിരുന്നു ഒത്തുകൂടൽ.

പ്രസ്തുത സംഗമത്തിന്റെ സംഗ്രഹം താഴെ:

* മീറ്റിംഗിലേക്ക് ക്ഷണിക്കപ്പെട്ടവർ: 18

പങ്കെടുത്തവർ: 9

സ്ഥലം: കുട്ടി ഭവനം

പകുതി പേരുടെ അസാന്നിധ്യം മൂലം (അസൗകര്യങ്ങൾ അറിയിച്ചതു കൊണ്ട് ) വിപുലമായ ചർച്ചകളുണ്ടായില്ല.

* ഉറൂസിന്റെ സാമ്പത്തിക ബാധ്യതയായി കണക്കാക്കിയ 40,000/-രൂപയിലേക്ക് ഇന്നലെ മീറ്റിംഗ് നടക്കുന്ന സമയം വരെ ലഭിച്ച 26,100/- രൂപ (ദാനം + വാഗ്ദാനം) കിഴിച്ച് 13,900/- രൂപയാണ് ഇനി കണ്ടെത്തേണ്ടത്.

ഈ സംഖ്യ എത്രയും വേഗത്തിൽ സ്വരൂപിക്കാനും കടബാധ്യതയുള്ള വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉടനെ കൈമാറാനും നടപടിയുണ്ടാകും.

* ഉറൂസിലേക്ക് സംഭാവന നൽകാൻ വിവിധ കാരണങ്ങളാൽ സാധിക്കാതെ വന്ന കുടുംബാംഗങ്ങളെ കടബാധ്യതയെക്കുറിച്ച് ഉണർത്താൻ ഒരു വ്യക്തിയെ യോഗം ചുമതലപ്പെടുത്തി.

* ഉറൂസ് സമാപിച്ചയുടൻ ചേർന്ന ആദ്യ യോഗത്തിൽ എടുത്ത ഒരു സുപ്രധാന കാര്യം നടപ്പാക്കാതെ പോയതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി.

*വരും വർഷത്തെ ഉറൂസ് നടത്തിപ്പിനു വേണ്ട ആസൂത്രണങ്ങൾ നേരത്തെ തന്നെ ചെയ്തു വെക്കാൻ യോഗം തത്വത്തിൽ തീരുമാനിച്ചു.

ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കുടുംബ പ്രതിനിധികളുടെ വിപുലമായ യോഗം റമളാന് മുമ്പ് തന്നെ വിളിക്കും. പദ്ധതികൾക്ക് കരട് രൂപം നൽകാൻ ചില പ്രധാനികളോട് നിർദേശിക്കപ്പെട്ടു.

യോഗത്തിൽ പങ്കെടുത്തവർ:

1) സി വി ബാപ്പു
2) വാരിയത്ത് മുഹമ്മദലി
3) മുഹമ്മദ് കുട്ടി
4) സി വി അബ്ദുൽ ഖാദിർ
5) ടി വി സിദ്ദീഖ് കാഞ്ഞിരമുക്ക്
6) സി വി മൊയ്ദു
7 ) സി വി റഫീഖ്
8) അബ്ദുറശീദ് ബുഖാരി
9 ) സി വി സുലൈമാൻ
...........................................................
ബാധ്യത 40,000/ത്തിലേയ്ക്ക് സംഭാവന തന്നവർ:
1) വാരിയത്ത് മുഹമ്മദലി - 10,000/
2) കുടുംബത്തിലെ ഒരു സഹോദരൻ - 5000/
3) സി വി മൂസ - 4,500/
4) സി വി ബാപ്പുക്ക - 2000/
5 ) സി വി റഫീഖ് 1000/-
6) പുന്നയൂർ സ്വദേശി - 1000/- 
7) അരീക്കോട്ടെ ഒരു ഉമ്മ - 1000/
8) സി വി എ കെ - 500/
9 ) എം സഖാഫി - 500/-
10) ടി വി എസ് കെ - 500/
11 ) അരീക്കോട് സഹോദരി - 100/
ആകെ : 26,100
സാധിക്കേണ്ട ബാക്കി ബാധ്യത: 13,900/

ഉറൂസ്: ദുറൂസുകൾക്ക് മുമ്പ്..

ഉറൂസ് കഴിഞ്ഞ് മൂന്നാഴ്ചയോളമാകുന്നു.

ആലോചനകൾക്കും പ്രവർത്തനങ്ങൾക്കുമായി നമ്മൾ ഫോൺഗ്രൂപ്പുണ്ടാക്കി.
എല്ലാവരും ആത്മാർഥതയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഉറൂസ് വമ്പൻ സംഭവമായി മാറി.

വരും വർഷങ്ങളിലും ഇത് തുടരണമെന്ന ആഗ്രഹം ആദ്യ നടത്തിപ്പിൽ തന്നെ ഉണ്ടായതാണ് ഉറുസ് വിജയത്തിന്റെ കാമ്പ്.

പ്രധാനികളെ വിളിച്ചു കൂട്ടി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ സംക്ഷിപ്തം എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്. സാമ്പത്തിക കാര്യത്തിൽ ചെറിയൊരു ബാധ്യത വന്നത് എല്ലാവരേയും ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.

ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചതും അങ്ങനെ വരുന്ന പക്ഷം അതിനെ ഒരുമിച്ച് നേരിടാൻ തീരുമാനിച്ചതുമാണ്.

ഇക്കാര്യത്തിലേയ്ക്ക് ചില വലുതും ചെറുതുമായ സംഭാവനകൾ വന്നിട്ടുണ്ടെങ്കിലും സംഭവം കടത്തിൽ തന്നെ കുടുങ്ങിക്കിടക്കുമ്പോൾ സംഘാടകർ സങ്കടത്തിലാണ്.. 

എന്ന് തീരുമോ, എപ്പോൾ പിരിഞ്ഞ് കിട്ടുമോ എന്നൊന്നും ഒരു നിശ്ചയവുമില്ല ഒന്നിനും...

ഉറൂസ് കഴിഞ്ഞ് പിരിച്ചുവിടും എന്ന നിലയിൽ താൽക്കാലികമായി ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പ്  പല കാരണങ്ങൾ കൊണ്ട് ഇപ്പോഴും ഹയാത്തിലുണ്ട്! ചിലർ ഗ്രൂപ്പിൽ നിന്നും കൂടൊഴിഞ്ഞ് പോയി. മറ്റു ചിലർ "സഹിച്ചു " നിൽക്കുന്നു.. വേറെ ചിലർ അടുത്ത ദിവസം തീരുമാനമാകും എന്നാശ്വസിക്കുന്നു..
മറ്റേത് വാട്സാപ്പ് ഗ്രൂപ്പുകളും പോലെ ഇതിനും ചില ദുരുപയോഗ സാധ്യതകൾ കാണുന്നവരും ഇല്ലാതില്ല. എല്ലാവർക്കുമുണ്ട് സാധുതാപരമായ ന്യായങ്ങൾ!

പിരിച്ചുവിടടോ എന്ന് ആക്രോശിക്കുന്നവരും എന്തിനാ പിരിയുന്നത് എന്ന് കരയുന്നവരും ഇത് നിലനിർത്തിക്കുടേ എന്ന് ഉപദേശിക്കുന്നവരും ഉപ്പാപ്പാനെ ഓർത്ത് മാത്രം പുറത്തേക്ക് 'പ്രാകാത്ത 'വരും,  ഞങ്ങൾ; ഈ ഗ്രൂപ്പുണ്ടാക്കാൻ മുൻപന്തിയിൽ നിന്നവരെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ മക്കാറാക്കുകയാണ്!

ഈ ഗ്രൂപ്പിൽ പെട്ട  ആളുകളുടെ പേരും രക്ത ബന്ധവും എല്ലാവർക്കും  ഏറെക്കുറെ തിരിഞ്ഞ സ്ഥിതിക്ക്, അവരുടെ നമ്പർ സ്വന്തം മൊബൈലിൽ സംരക്ഷിച്ചു വച്ച നിലക്ക് "അഹമ്മദുപ്പാപ്പ ഉറൂസ് " എന്ന പേരിൽ നമ്മൾ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി മാത്രമുണ്ടാക്കിയ ഗ്രൂപ്പ്
അനിശ്ചിതകാലത്തേക്ക് ഇങ്ങനെ നിലനിർത്തണോ എന്നാണ് എന്റെ ഒരിത്..

ഇതിലെ അംഗങ്ങളെ ഉൾപ്പെടുത്തി സ്വന്തം റിസ്ക്കിൽ ആർക്കും മറ്റൊരു ഗ്രൂപ്പ് ആരംഭിക്കാവുന്നതാണല്ലോ..?

അടുത്ത ഉറൂസിന് നമുക്ക് പഴയ പേരിൽ ഇപ്പൊഴത്തെ ഗ്രൂപ്പിനെ തന്നെ പുന:രുജജീവിപ്പിക്കാമല്ലോ.?

ഉറൂസ് കമ്മിറ്റി അംഗീകരിച്ച സമയ പരിധിയും ഭൂരിപക്ഷം പേരും അനുഭവിക്കുന്ന സഹന പരിധിയും കവിഞ്ഞ് ഈ വാട്സാപ് ഗ്രൂപ്പ് സകറാത്തിന്റെ ഹാലിലാണ്.. ട്ടോ..

അതുകൊണ്ട്, ആർക്കും മുഷിപ്പുണ്ടാവാതിരിക്കാൻ, അടുത്ത വർഷം പുതിയ ഊർജeത്താടും നവോന്മേഷത്തോടും കൂടി വീണ്ടും ഇങ്ങനെ ഒത്തുചേരാൻ ആഗ്രഹിച്ച് ഈ ഉറൂസ്ഗ്രൂപ്പ് എന്ന "കോള് കാഹളത്തിൽ " ഞാനൊന്ന് ഊതിക്കോട്ടേ സഹോദരങ്ങളേ..?
- സി വി റഫീഖ്

06 July 2017

വേഗ നിയന്ത്രണത്തിന് വേണം, ഗതിവേഗ പ്രവർത്തനങ്ങൾ

നമ്മുടെ കുടുംബ ഗ്രൂപ്പിൽ ഒരാഴ്ച മുമ്പ് റശീദും കഴിഞ്ഞ ദിവസം ശിഹാബും സൂചിപ്പിച്ച കാര്യങ്ങൾ ഗൗരവമേറിയതാണെന്നതിൽ തർക്കമില്ല.
റശീദിന്റെ പോസ്റ്റിന് തൊട്ടുപിറകെയായിരുന്നല്ലോ അറം പറ്റും പോലെ ഉമർക്കക്കുണ്ടായ അപകടം.  

നമ്മുടെ നടുവട്ടം തണ്ണീർക്കോട് റോഡിൽ വേഗനിയന്ത്രണം കൊണ്ടുവരേണ്ടതിന്റെ അനിവാര്യത ആ അപകടത്തോടെ, അതിനേക്കാൾ ഉപരി, അദ്ദേഹത്തിനുണ്ടായ സാരവും ഗുരുതരവുമായ സ്ഥിതിവിശേഷത്തോടെ നമുക്ക് ബോധ്യപ്പെട്ടു.

പടച്ചവൻ എല്ലാവരേയും കാത്തുരക്ഷിക്കട്ടെ.. ആമീൻ.
പറഞ്ഞു വരുന്നത്, നമ്മൾ പ്രദേശത്തുള്ളവർ മാത്രം വിചാരിച്ചാൽ നടപ്പാക്കാവുന്നതല്ല പൊതുനിരത്തുകളിലെ വാഹനങ്ങളുടെ വേഗനിയന്ത്രണങ്ങൾ.

ഒരപകടം സംഭവിച്ച സമയത്തെ നമ്മുടെ രോഷവും ശോകവും നിസ്സഹായതയും രൂപപ്പെടുത്തുന്ന പെട്ടെന്നുള്ള ചില തീരുമാനങ്ങൾ ഒരിക്കലുംദീർഘകാല പരിഹാരമാകുന്നില്ല. അപ്പോൾ മനസ്സിൽ വരുന്ന അശാസ്ത്രീയമായ ഹമ്പും മറ്റു തടസ്സപ്പെടുത്തലുകളും അപകടങ്ങൾക്ക് കൂടുൽ
ഇടവരുത്തുകയേ ഉള്ളൂ.

അതിനാൽ, ദുരന്തമുക്തമായ പാതയായി നമ്മുടെ വഴിയെ മാറ്റിയെടുക്കണമെങ്കിൽ ഉത്തരവാദിത്വമുള്ള 'റോഡ് വകുപ്പിനെ 'എത്രയും പെട്ടെന്ന് നമ്മൾ സമീപിക്കണം. അവരെ കാര്യങ്ങളുടെ കിടപ്പുകൾ ബോധ്യപ്പെടുത്തണം. 
നിയമംഅനുശാസിക്കുന്ന പരിഹാരങ്ങൾ ചെയ്തു തരാൻ ആവശ്യപ്പെടണം. ഇതിനു വേണ്ടി രംഗത്തിറങ്ങാനും കാര്യങ്ങൾ സാധിച്ചെടുക്കാനും കെൽപ്പുള്ളവരെ ഉൾപ്പെടുത്തി പെട്ടെന്ന് തന്നെ ഒരു ' ആക്ഷൻ കമ്മിറ്റി'ക്ക് രൂപം നൽകുകയാണ് ആദ്യം വേണ്ടത്. (സുലുക്കാക്ക അഭിപ്രായപ്പെട്ടതു പോലെ ) ഇതിന് നേതൃത്വം കൊടുക്കാൻ സാമൂഹ്യ ബോധമുള്ള നമ്മുടെ പഞ്ചായത്തംഗം കഴുങ്കിൽ മജീദിനെ ഒപ്പം കൂട്ടണം. 

അവർ, അപകടം തുടർക്കഥയാകുന്ന ഈ പൊതുപാതയിലെ ദു:സ്ഥിതികൾ വിശദീകരിച്ച് അധികാരികൾക്ക് നിവേദനം നൽകട്ടെ..
നടപടികൾ വേഗത്തിലാക്കാൻ സമയവും സമ്മർദ്ദവും ചെലവഴിക്കട്ടെ.. ഫോളോ അപ് ഇല്ലാതെ ഒരു നിവേദനവും സർക്കാറിന്റെ ഫയലിൽ നിന്ന് ഉറക്കമുണരില്ല എന്ന് നമ്മളോർക്കണം!

ആദ്യ ചുവടുവയ്പ്പിൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിക്കാണുന്നില്ലങ്കിൽ അതോടെ അവസാനിക്കുന്നതാകരുത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ. ആവശ്യങ്ങൾ നിവൃത്തിച്ചു കിട്ടും വരെ മേലധികാരികളെ നമുക്ക് സമീപിക്കാം..

ടിപ്പു സുൽത്താൻ റോഡിൽ ഇനിയാരും തല തകർന്ന് മരിക്കരുത്.. ഗുരുതര പരിക്കേറ്റ് ജീവഛവമാകരുത്.. ആയുസ്സിന്റെ അവസാന കണിക വരെ നരകിക്കാൻ ഇടവരരുത്..
(മൂന്ന് വർഷം മുമ്പാണ്, തറവാടു വീടിന്റെ മുമ്പിൽ ഒരു അയിലക്കാട്ടുകാരൻ ബൈക്കുകൾ കൂട്ടിയിടിച്ച് നെറ്റി നെടുകെ പിളർന്ന് എന്റെ മടിയിൽ കിടന്ന് പിടഞ്ഞു മരിച്ചത്..)

ചേർത്തു വായിക്കാൻ ഇതു കൂടിയുണ്ട്:

നമ്മുടെ കുടുംബത്തിലെ കൗമാരക്കാരെ "ബൈക്ക് ബാധ"യിൽ നിന്ന് മന്ത്രിച്ചൂതിക്കെട്ടാൻ നമ്മൾ തന്നെ സത്വര നടപടികൾ എടുക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ശിഹാബ് വ്യക്തമായി പറഞ്ഞത് അതാണ്. നിലവിളികൾ ഉയരുംമുമ്പ് വെളിവോടെ കാര്യങ്ങൾ ചെയ്തേ പറ്റൂ.

ലൈസൻസില്ലാതെ വാഹനം ഓടിച്ച് അപകടം വരുത്തിയാലുള്ള ഭവിഷ്യത്തുകൾ ഇന്നലെ വരെ നമ്മൾ പത്രത്തിൽ വായിച്ചു വിവരമുണ്ടാക്കിയിട്ടുണ്ട്. വാട്സാപ്പിൽ എല്ലാവർക്കും 'നട തള്ളി'യിട്ടുമുണ്ട്. അക്കാര്യം ഇവിടെ ചർവിത ചർവണം നടത്തുന്നില്ല..

ഏതായാലും ഉപ്പമാർ ഉറപ്പു വരുത്തണം; സ്വന്തം മക്കൾക്ക് ചാവി കൊടുക്കില്ലന്ന്..
ഉമ്മമാർ തീർച്ചപ്പെടുത്തണം; അത്യാവശ്യ സാധനങ്ങളായാലും ബൈക്കിൽ അങ്ങാടിയിലേയ്ക്ക് വിടില്ലെന്ന്..
ഇക്കമാർ വാക്കു മുറിക്കണം; 'ഇല്ല മോനേ.. കുഞ്ഞനിയാ... വണ്ടി തരൂല'ന്ന്..
അമ്മാവവൻമാർ ആലോചിക്കണം; അനന്തരവന്റെ കരുതലും സുരക്ഷിതത്വവും..

വീട്ടിൽ നിന്ന് ശുകപുരത്തേയ്ക്കും നെല്ലിശ്ശേരിയിലേയ്ക്കും നടുവട്ടത്തേയ്ക്കും പിലാക്കൽ പ്രദേശത്തേയ്ക്കും അനുവദിക്കുന്ന അത്യാവശ്യ പറഞ്ഞയക്കലുകൾ  എടപ്പാളിലേയ്ക്കപ്പുറം പാളുന്നതും ചങ്ങരംകുളത്തേയ്ക്കപ്പുറം നീളുന്നതും വട്ടംകുളത്തിനപ്പുറം വിട്ടു പോകുന്നതും നമ്മളറിയുന്നില്ല..

ഫലമോ, നമുക്ക് വിധി കൂട്ടിക്കൊണ്ട് വരിക, ദാരുണ ദുരന്തങ്ങളും അസഹ്യ വേദനകളും മാത്രം!

തുള്ളിച്ചാടി നടക്കേണ്ട നമ്മുടെ മക്കളെ ആൾക്കൂട്ടം താങ്ങിക്കൊണ്ടുവരേണ്ട ചിത്രങ്ങൾക്ക് നമ്മുടെ കാഴ്ചകൾ സാക്ഷിയാകാതിരിക്കട്ടെ..

മത പഠന ക്ലാസിനും സംഘടനാ കാര്യങ്ങൾക്കും ആളെക്കിട്ടാത്ത (ശ്രമിക്കാത്ത ) ഇക്കാലത്ത്, അയൽപക്കങ്ങളിലെ അന്യസമുദായക്കാരേയും കൂട്ടി വാഹനാപകടങ്ങളെ പറ്റിയും സോഷ്യൽ മീഡിയാ ദുരന്തങ്ങളെ പറ്റിയും ഒരു പൊതുബോധം വരുത്താനെങ്കിലും നമുക്ക് സാധിച്ചാൽ എത്ര നന്നാകുമെന്ന് വെറുതെ ചിന്തിച്ചു പോകുന്നു!