ഈ എഴുത്തുപുരയില്‍..

Showing posts with label പുറം വർക്കുകൾ [പന്താവൂർ ഇർശാദ്]. Show all posts
Showing posts with label പുറം വർക്കുകൾ [പന്താവൂർ ഇർശാദ്]. Show all posts

04 August 2018

സഹ്റത്തുൽ ഖുർആൻ പഠിതാവ് ഹാസിം ഹൈദറിന്റെ ഉമ്മ യാത്രയായി..

മകൻ മനോഹരമായോതുന്ന ഖുർആൻ വചനങ്ങൾ ഇനി ആ ഉമ്മ ആറടി മണ്ണിൽ നിന്ന് അനുസ്യൂതമായി കേൾക്കും; ഇമ്പമാർന്ന ആ ഈണത്തിൽ മധു മീട്ടി അനശ്വരമായി ആശ്വാസം കൊള്ളും..

പഠനത്തിന്റെ പൂർത്തീകരണവും വശ്യസുന്ദരമായ പാരായണവും കൺകുളിർക്കെ കാണാനാവാതെ മക്കളെ വിട്ട് ഷമീറ മടക്കയാത്രയായി..

പന്താവൂർ ഇർശാദ് സഹ്റത്തുൽ ഖുർആൻ യൂണിറ്റിന്റെ 'യു സെഡ് ക്യൂ ' വിദ്യാർഥിയായ ഹാസിം ഹൈദറിന്റെയും ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ തന്നെ രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹിഷാമിന്റെയും നെല്ലിശ്ശേരി എ യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഹന ഷെറിന്റെയും പ്രിയപ്പെട്ട ഉമ്മയാണ് ആക്സിഡന്റിനെ തുടർന്ന് ഇന്ന്, ശനിയാഴ്ച മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം തൃശൂർ -കോഴിക്കോട് സംസ്ഥാന പാതയിൽ ചങ്ങരംകുളത്തിനു സമീപം വെച്ചാണ് ഷമീറ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ സ്കൂൾ ബസിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓമന മക്കളെ കണ്ണീരിലാഴ്ത്തി അവർ ഓർമയായി..

നാലു ദിനം മുമ്പ് ഇർശാദ് കാമ്പസിൽ സംഘടിപ്പിച്ച  സഹ്റത്തുൽ ഖുർആൻ രക്ഷാകർതൃ ക്യാമ്പിൽ പങ്കെടുത്തിരുന്നു മർഹൂമ: ഷമീറ.

മക്കളുടെ പഠന കാര്യത്തിൽ അതീവ ശ്രദ്ധ പതിപ്പിച്ച അവർ ഒരു മുടക്കവും വരുത്താതെ ഇത്തരം പരിപാടികൾക്ക് താൽപ്പര്യപൂർവം എത്തിയിരുന്നു.

അച്ചടക്കവും ദീനീബോധവും ഒത്തിണങ്ങിയ ആ യുവ മാതാവ് ഉഖ്റവിയ്യായ സന്താനങ്ങളെ സ്വപ്നം കണ്ടാണ് 'സഹ്റ'യെ പഠനകേന്ദ്രമായി തെരഞ്ഞെടുത്തത്. ഇസ് ലാമിക ചുറ്റുപാടിൽ ജീവിതം ചിട്ടപ്പെടുത്തിയ ഭർത്താവും കുടുംബവും അവളുടെ ആഗ്രഹങ്ങൾക്ക് അരികു ചേർന്നു നിന്നു..

എന്നാൽ, വിധിയുടെ ദൈവികതയിൽ കണ്ണീരൊഴുക്കാനേ ഇന്ന് സ്നേഹദാഹം തീരാത്ത പൊന്നുമക്കൾക്കും തണൽ മാഞ്ഞ ഉപ്പയ്ക്കും ചങ്ക് പറിച്ചു കൊടുത്ത സഹോദരങ്ങൾക്കും കുടുംബ ബന്ധു ജനങ്ങൾക്കും ആകൂ..

ആ തീരാവേദനകളുടെ തീപ്പൊരികൾ അണയ്ക്കാൻ പ്രാർഥനകൾ മാത്രം ഇനി പ്രതിവിധി!

അവരുടെ ആശ്വാസത്തിനായി, സമാധാനത്തിനായി, മഹതിയുടെ പരലോക സുഖത്തിനായി എല്ലാവരും മനസ്സു വെക്കണേ..

ഈ കുറിപ്പ് വായിക്കുന്ന ഓരോ വിശ്വാസിയും ഇവർക്കായി പ്രത്യേകം ദുആ ചെയ്യണമെന്നഭ്യർഥിക്കുകയാണ്.

നമ്മുടെ എല്ലാ അനുബന്ധ സ്ഥാപന മീഡിയാ ഗ്രൂപ്പുകളിലേയ്ക്കും പ്രവർത്തകരില്യ്ക്കും സ്ത്രീ പുരുഷ അധ്യാപക കൂട്ടായ്മകളിലേയ്ക്കും മജ് ലിസുകളിലേയ്ക്കും ഇത് എത്തിച്ചു കൊടുത്ത് ദുആ ചെയ്യിക്കണമെന്നുണർത്തുന്നു.

ഫാതിഹകൾ, യാസീനുകൾ, ഖത്മുകൾ, ദിക്റുകൾ, സ്വലാത്തുകൾ, തേട്ടങ്ങൾ... എല്ലാം മർഹൂമ: ഷമീറയുടെ ബർസഖീ ജീവിതത്തെ സുഖസമ്പൂർണ്ണമാക്കട്ടെ; ആമീൻ.

പന്താവൂർ അൽ ഇർശാദിനു വേണ്ടി,

കെ സിദ്ദീഖ് മൗലവി അയിലക്കാട് (പ്രസിഡന്റ്)
വാരിയത്ത് മുഹമ്മദലി (ജന. സെക്രട്ടറി)

09 June 2018

അധിമധുരമാകട്ടെ അധ്യയന വർഷം!

സാർഥകമായ സംവത്സരങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിൽ എഴുതിച്ചേർത്തുകൊണ്ടാണ് പന്താവൂർ ഇർശാദ് തലമുറകൾക്ക് ദിശാബോധം നൽകുന്നത്.

സാമുഹ്യ ബോധങ്ങളിൽ അനുദിനം വരുന്ന മാറ്റങ്ങൾ, ബോധന പ്രക്രിയകളിൽ ഉൾക്കൊണ്ടു കൊണ്ട് സ്ഥാപനം, മായം കലരാത്ത മഴത്തുള്ളികൾ പോലെ ജ്ഞാന തീർഥങ്ങളുടെ തണുപ്പുകണങ്ങൾ കൊണ്ട് കുരുന്നു മനസ്സുകളിൽ കുളിരുപകരുകയാണ്!
വിദ്യാഭ്യാസം; അത് സംഭവിച്ചു പോകേണ്ട സമൂഹങ്ങളിൽ മുഴുവൻ - കുട്ടികളിൽ, കുടുംബങ്ങളിൽ, ഗുരുവര്യന്മാരിൽ ആശങ്കാകുലമായ അവസ്ഥകൾ രൂപപ്പെട്ടു വരുന്ന കാലഘട്ടമാണിത്.

പരിഷ്കൃത സമൂഹമാകുംതോറും പരസ്പരം മനസുകളിൽ തിരസ്കൃതമാകുന്ന ദുരവസ്ഥയെ നേരിടുകയാണ് നമ്മൾ. വിദ്യാലയത്തിൽ ചേർക്കപ്പെട്ട കുഞ്ഞു മുതൽ വീട്ടു വരാന്തയിൽ കാത്തിരിക്കുന്ന രക്ഷിതാവ് വരെ ഭീതികൾ വീതം വയ്ക്കുന്നു സമകാലികത്തിൽ..

പ്രകൃതിയെ കുറിച്ചുള്ള അവബോധമാണ് വിദ്യാഭ്യാസത്തിന്റെ ആത്മസത്ത.

ഇത് പഠിക്കാനും പകർത്താനും കൈമാറ്റം ചെയ്യുവാനും സ്വാതന്ത്ര്യം നൽകുവാനും ജ്ഞാനമണ്ഡലത്തിലെത്തിപ്പെട്ടവർ അജ്ഞാതമായ ഭീതിതാവസ്ഥയെ അഭിമുഖീകരിക്കുന്നു. സംരക്ഷണ കവചങ്ങൾ തീർക്കുമ്പോഴും അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുമ്പോഴും നമ്മുടെ മക്കൾ മനസ്സും ചിന്തയും തകർന്ന് മുരടിപ്പ് കാതൽ വെച്ച മനുഷ്യരായിത്തീരുന്നു.

ഇവിടെ, ഇർശാദിന്റെ വിദ്യാഭ്യാസ രീതി ശാസ്ത്രം ആശങ്കകളുടെ കാർമേഘങ്ങളെ മനസ്സിന്റെ മാനത്തു നിന്നും മായ്ച്ചു കളയുന്നു.

പാരമ്പര്യത്തിന്റെ പരിശുദ്ധിയും ആധുനികതയുടെ പ്രൗഢിയും ഉൾച്ചേർത്തുള്ള ജ്ഞാന സംവേദനം സാധ്യമാക്കുകയാണ് കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി ഇർശാദ്!

വളർച്ചാ ഘട്ടങ്ങളിൽ ആർജ്ജിച്ചെടുക്കേണ്ട അക്കാദമിക് നിലവാരവും അതിനനുസൃതമായ ജീവിതച്ചിട്ടയും വിദ്യാർഥി സമൂഹത്തിൽ രൂപപ്പെടുത്തിയെടുത്ത് ഈ വിദ്യാലയം മാതൃകയുടെ ഗോപുരങ്ങളായി തലയുയർത്തി നിൽക്കുന്നു.

നെറ്റ് വർക്കുകളിൽ നിന്ന് 'തെറ്റ് വർക്കു'കളിലേയ്ക്ക് പരിണമിപ്പിക്കപ്പെടുന്ന കൗമാരങ്ങളുടെ ചുറ്റുപാടും കാഴ്ചപ്പാടുകളും സങ്കീർണതകളുടെ ജീവിത സങ്കേതങ്ങളിൽ രക്ഷിതാക്കളെ ബന്ധനസ്ഥരാക്കുന്ന കാലത്ത്, ഇർശാദ് വിദ്യാഭ്യാസ സ്ഥപനങ്ങൾ നിർണയിച്ച സാമുഹ്യ സംരക്ഷണം സമാന സ്ഥാപനങ്ങളേക്കാൾ നൂറിരട്ടിയാണെന്ന് സാഭിമാനം പറയാം!

മാതാവിന്റെ പരിലാളനയും പിതാവിന്റെ രക്ഷാധികാരവും സുഹൃത്തിന്റെ സഹായമനസ്ക്കതയും മേളിച്ച ഞങ്ങളുടെ അധ്യാപക വൃന്ദം അഭിമാന സ്വത്തായി ഞങ്ങൾക്കൊപ്പമുണ്ട്..

ഈ പതിപ്പ്, വർഷം തോറും നിങ്ങളുടെ കൈകളിലെത്താറുള്ള അധ്യയന സമാരംഭ സന്തോഷങ്ങളുടെ ഒരുക്കങ്ങളിൽ ഒന്നു മാത്രം. 

പതിവു പതിപ്പുകൾ പോലെ ഈ കൈപുസ്തകത്തിലും നിങ്ങളുടെ പ്രിയ സന്താനങ്ങളുടെ പള്ളിക്കൂടത്തിലേയ്ക്കുള്ള കൊച്ചു പടിവാതിലുകളുണ്ട്.

പുതിയ കൂട്ടുകാരെ മധുര ഗീതികൾ പാടി നമുക്ക് വരവേൽക്കാം!

എല്ലാ സ്നേഹ മനസ്സുകൾക്കും പുതിയ അധ്യയന നാളുകളിലേയ്ക്ക് സ്വാഗതം!!