ഈ എഴുത്തുപുരയില്‍..

Showing posts with label എന്റെ വാർത്ത. Show all posts
Showing posts with label എന്റെ വാർത്ത. Show all posts

25 April 2020

തെങ്ങ് പൊട്ടി വീണ് യുവതി മരിച്ചു

             സിറാജ്

              മാതൃഭൂമി (ഒന്നാം പേജ്)
               മലയാള മനോരമ
എടപ്പാൾ : വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് യുവതി മരണപ്പെട്ടു.

നടുവട്ടം ചെറുപാടത്ത് വളപ്പിൽ അബ്ദുറഹ്മാൻറെയും ഖദീജയുടെയും മകൾ അസ്മ (32) ആണ് ദാരുണമായി മരണപ്പെട്ടത്.

ഇന്ന് (25 ശനി) വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. 

ബന്ധുവീട്ടിൽ പോകാനായി വീട്ടുകാരോടൊപ്പം
കാറിൽ കയറിയ ഇവർ അത്യാവശ്യ കാര്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വീടിൻറെ പിൻഭാഗത്തു നിന്നിരുന്ന തെങ്ങ് പൊടുന്നനെ പൊട്ടിവീണ് ശരീരത്തിൽ പതിച്ചത്.

നിലവിളികേട്ട് ഓടിക്കൂടിയ അയൽവാസികൾ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. 

വീട്ടുമുറ്റത്തു നിന്നും അൽപം അകലെയായിരുന്നു കാർ എന്നതിനാൽ കുട്ടികൾ ഉൾപ്പടെയുള്ള മറ്റു കുടുംബാംഗങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

തിരൂർ പടിഞ്ഞാറേക്കരയിലുള്ള ഭർതൃവീട്ടിൽ നിന്ന് ആഴ്ചകൾക്ക് മുമ്പാണ് അസ്മ സ്വന്തം വീട്ടിൽ എത്തിയത്. ലോക്ഡൗൺ കാരണം തിരിച്ചു പോകാനാവാതെ ഇരിക്കുകയായിരുന്നു.  

മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഭർത്താവ് മുജീബ്റഹ്മാൻ വിദേശത്താണ്. 
മക്കൾ : നസ് ല, നിഹാൽ, നാദിൽ.(മൂവരും വിദ്യാർഥികൾ ) 

സഹോദരങ്ങൾ: സുബൈർ (ദുബൈ) , ഇസ്ഹാഖ് (ഓട്ടോഡ്രൈവർ ) ഉനൈസ് , റംല , സ്വാലിഹ, നസീമ. 
.............................................
✍🏻  റഫീഖ് നടുവട്ടം
           9495808876

29 March 2020

കോവിഡ്: രോഗഭീതിക്കിടയിലും കളിക്കളം നിറഞ്ഞ് യുവാക്കൾ

എടപ്പാൾ: കോവിഡ് രോഗത്തിന്റെ വ്യാപന ഭീതിക്കിടയിലും അധികൃതരുടെ നിർദേശം അവഗണിച്ച് യുവാക്കളുടെ കളിക്കമ്പം.
വട്ടംകുളം കുളങ്കരപാടശേഖരത്തിലെ ജനശ്രദ്ധയെത്താത്ത ഭാഗങ്ങളിലാണ് കളികളിൽ ഏർപ്പെടാനായി യുവാക്കളെത്തുന്നത്. ദിവസവും ഇരുപതോളം പേർ കളികളിൽ പങ്കെടുക്കുന്നുണ്ട്.

ഒഴിഞ്ഞ പറമ്പുകളിലും പാടശേഖരങ്ങളിലും വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുകയാണ് കുട്ടികളും യുവാക്കളും.
 
ഫുട്ബോൾ, ക്രിക്കറ്റ് കളികൾക്കായാണ് വൈകുന്നേരങ്ങളിൽ ഇവർ ഒത്തുചേരുന്നത്.

കൊറോണ വൈറസ് പകർച്ചയുടെ പശ്ചാത്തലത്തിൽ എല്ലാവിധ കൂട്ടം ചേരലുകളും ഒഴിവാക്കണമെന്ന് നിർദേശിച്ച് പൊലീസും ആരോഗ്യ പ്രവർത്തകരും ബോധവൽകരണം നടത്തുമ്പോഴാണ് അതിനു വില കൽപ്പിക്കാതെയുള്ള കളിഭ്രാന്ത്.

കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്സാപ് ഗ്രൂപ്പുകൾ നിലവിൽ വന്നിട്ടുണ്ട്.
സ്ഥലം എസ് ഐ ഉൾപ്പടെ വിവിധ വകുപ്പുമേധാവികൾ അഡ്മിൻമാരായ ഈ ഗ്രൂപ്പുകളിലെ പ്രധാന നിർദേശം കളിവിനോദങ്ങൾക്കായി എവിടെയും ഒത്തുചേരരുത് എന്നാണ്. ഇക്കാര്യത്തിൽ കുട്ടികളെ നിയന്ത്രിക്കാൻ രക്ഷിതാക്കളോട് പ്രത്യേക അഭ്യർഥനയുമുണ്ട്. 
എന്നാൽ, ഓരോ വാർഡിലേയും ഒട്ടുമിക്ക ആളുകളും ഗ്രൂപ്പിൽ അംഗങ്ങളായിട്ടും പ്രതിരോധപ്രവർത്തകരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് വെയിൽ നീങ്ങിയാൽ വയലേലകളിലെത്തുകയാണ് കളി പ്രേമികൾ.
ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.
 







03 June 2018

കൊച്ചു പ്രഭാഷകരുടെ പരിശീലനക്കളരിയായി പള്ളികൾ

പൊന്നാനി: റമസാൻ ദിനങ്ങൾ പാതി പിന്നിട്ടതോടെ പ്രഭാഷകരുടെ 'പരിശീലനക്കളരി'യിൽ തിരക്കേറി.

നാടൊട്ടും, വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ മസ്ജിദുകൾ മത വിദ്യാർഥികളുടെ പ്രസംഗങ്ങൾക്ക് വേദിയാവുകയാണ്.

വരുമാനത്തോടൊപ്പം മികച്ച പരിശീലനം ലക്ഷ്യമിട്ട് കൊച്ചു പ്രഭാഷകർ ആദർശ വാഗ്ധോരണികളുടെ അരങ്ങേറ്റം നടത്തുകയാണ് പളളികളിൽ!

കേരളത്തിലെ വിവിധ മതകലാലയങ്ങളിലും ദർസുകളിലും പഠിക്കുന്ന വിദ്യാർഥികളാണ് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പള്ളികളിൽ പ്രഭാഷണം നടത്താൻ അവസരം തേടിയെത്തുന്നത്.

റമസാൻ കാലത്തെ പതിവുള്ള കാഴ്ചയായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും പുതുമയുള്ള വിഷയങ്ങളെ അധികരിച്ചാണ് അധികപേരും സംസാരിക്കുന്നത് എന്നതിനാൽ പള്ളികളിൽ പ്രാർഥനക്കെത്തുന്ന വിശ്വാസികൾ നല്ല കേൾവിക്കാരായി മാറുന്നുണ്ട്.

സംസ്ഥാനത്തെ വിവിധ ദർസ് / കോളേജുകളിൽ നിന്ന് ജില്ലകളിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശത്തെ പ്രധാന സ്ഥലത്തെത്തി പള്ളികൾ അന്വേഷിച്ചു കണ്ടെത്തുകയാണ് വിദ്യാർഥികൾ ചെയ്യുന്നത്. പള്ളികളിൽ നേരിട്ടെത്തി ഇവർ പ്രഭാഷണ ദിവസവും സമയവും തരപ്പെടുത്തുന്നു. 

മധ്യാഹ്ന, വൈകുന്നേര സമയങ്ങളിലെ നിസ്കാര ശേഷവും തറാവീഹ് കഴിഞ്ഞുള്ള സമയത്തുമാണ് സാധാരണ നിലയിൽ അവസരം ലഭിക്കുന്നത്. എങ്കിലും, ചില വലിയപള്ളികളിൽ പ്രഭാത സമയത്തും പ്രഭാഷണം അനുവദിക്കാറുണ്ട്.

പതിനഞ്ചു മിനുട്ടിലധികം കവിയാത്ത ധാർമികോദ്ബോധനമാണ് കൊച്ചു പ്രഭാഷകർ കാഴ്ചവയ്ക്കുന്നത്. ഇസ് ലാമിക ചരിത്രവും ദൈവീക സ്വത്വവും നീട്ടിപ്പരത്തിപ്പറഞ്ഞുള്ള പഴയ ആഖ്യാനശൈലിക്കൊപ്പം ആനുകാലിക സംഭവങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള ആധുനിക ശൈലിയും പ്രഭാഷകർ പയറ്റുന്നത് ശ്രോതാക്കളെ ആകർഷിക്കുന്നു.

ഒരു നേരത്തെ പ്രസംഗത്തിന് പ്രോത്സാഹനമായി പിരിഞ്ഞു കിട്ടുന്ന സംഖ്യ പള്ളികളുടെ തരമനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. ചെറിയ നമസക്കാര പള്ളികളിൽ ചുരുങ്ങിയത് മൂന്നൂറ്റമ്പത് രൂപക്ക് മുകളിലാണ് ഒരു നേരത്തെ സംഭാവനയുടെ തോത്. വിശ്വാസികൾ അധികമെത്തുന്ന വലിയ പള്ളികളിൽ ഇത് എണ്ണൂറ് രൂപക്ക് മുകളിലാണ്!

ഇതിനു പുറമെ, പ്രഭാഷകനായി എത്തുന്ന മതവിദ്യാർഥിയെ നോമ്പ് തുറപ്പിക്കാനും വീട്ടിലേക്ക് ക്ഷണിക്കാനും വിശ്വാസി ഹൃദയങ്ങൾ കാട്ടുന്ന വിശ്വാല മനസ്കത സ്നേഹ സമ്പൂർണം; മാതൃകാപരം!

ധാനധർമങ്ങൾക്ക് ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന വ്രത മാസത്തിൽ പ്രഭാഷണ കലയെ നെഞ്ചോടു ചേർത്ത് പ്രോത്സാഹിപ്പിക്കുകയാണ് മലബാറിലെ മുസ് ലിംകൾ.
അതു കൊണ്ടു തന്നെ ജില്ലയിലും സമീപ ജില്ലകളിലും കൊച്ചു പ്രഭാഷകർക്ക് ഇത് 'പണങ്ങളുടെ പൂക്കാലം' !

അതെ; സാരോപദേശങ്ങളുടെ വചനാമൃതങ്ങൾ മൊഴിഞ്ഞും സഭാകമ്പം തീർത്തും പ്രോജജ്വലരായ പ്രഭാഷകരായി മാറാൻ ഒരവസരം തേടി വരികയാണ് ശുഭ്ര വസ്ത്ര ധാരികളായ കൗമാരക്കാർ..