ഈ എഴുത്തുപുരയില്‍..

Showing posts with label അനുശോചനം. Show all posts
Showing posts with label അനുശോചനം. Show all posts

29 August 2019

സൽമാൻ..... വിട..


വ്യസനകരമായ വാർത്തയാണ് പിന്നെയും..
രക്താർബുദത്തിന്റെ രോഗപീഢയിൽ കഴിഞ്ഞ കൂരിക്കുഴിയിലെ സയ്യിദ് സൽമാനുൽ ഫാരിസി ഓർമയായിരിക്കുന്നു...
അധികനാളായിട്ടൊന്നും ആ ചെറുപ്പത്തിലേയ്ക്ക് കയറിപ്പടരാതെ, ഇരുപത്തിരണ്ടിന്റെ ജീവിതത്തണ്ടിനെ വരിഞ്ഞുമുറുക്കിയ ഒരു മഹാമാരി, സയ്യിദ് സൽമാനുൽ ഫാരിസിയെ ഇന്ന് (26 തിങ്കൾ) കീഴ്‌പ്പെടുത്തിക്കൊണ്ടുപോയി...
* * *           * * *        * * *
കൂരിക്കുഴിയിലെ അധ്യാപന കാലത്ത് മർഹൂം.സൽമാന്റെ കുടുംബവുമായി എനിയ്ക്ക് അടുത്ത ബന്ധമുണ്ട്.
 
ആ സ്നേഹം പ്രകടിപ്പിക്കാനാണ് ഒരിക്കൽ എന്റെ ഫോണിലേക്ക് സൽമാൻ വിളിച്ചത്.
വിശേഷ കൈമാറ്റങ്ങൾക്കിടയിൽ എറണാംകുളത്തെ ഒരു ആശുപത്രിക്കിടക്കയിൽ നിന്നാണ് ഈ വിളിയെന്ന് അവൻ വെളിപ്പെടുത്തി.
കാര്യം തിരക്കിയപ്പോൾ വാർത്ത കേട്ട്, ഞെട്ടിത്തരിക്കാനേ എനിയ്ക്ക് സാധിച്ചുള്ളൂ....

മരുന്ന് കഴിക്കുന്നുണ്ടെന്നും ഒക്കെ ഭേതമായി വരുന്നുണ്ടെന്നും ദുആ ചെയ്യാൻ പറയാനാണ് വിളിച്ചതെന്നും സൽമാൻ പറഞ്ഞു.
പിന്നീട്, രോഗാവസ്ഥകൾ അന്വേഷിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴൊക്കെ ആത്മവിശ്വാസം സ്ഫുരിക്കുന്ന, സ്വയം സമാധാനപ്പെടുത്തുന്ന ഹൃദയഭാഷയിലായിരുന്നു സൽമാന്റെ സംസാരം..

ഒടുവിൽ...
എല്ലാം കണ്ണീരണിഞ്ഞ സ്മരണകളാക്കി മാറ്റുകയായിരുന്നു, ഇന്നിന്റെ സായംസന്ധ്യ....
സൽമാൻ ഇനി അനേകം സ്നേഹ ഹൃദയങ്ങളിൽ ജീവിക്കും..

തപ്ത മനസ്സുകളെ പ്രാർഥനകൾ കൊണ്ട് ആശ്വാസിപ്പിക്കട്ടെ..

മർഹൂം.സൽമാനുൽ ഫാരിസിയുടെ അനശ്വരജീവിതം ആനന്ദപൂർണതയിൽ അല്ലാഹു ആക്കിക്കൊടുക്കട്ടെ.. ആമീൻ

22 August 2019

അയിലക്കാട് കെ വി മുഹമ്മദ് ഹാജി : ബഹുമുഖ പ്രമുഖൻ ഇനി ജനഹൃദയങ്ങളിൽ

'കെ വി' എന്ന രണ്ടക്ഷരം കൊണ്ട് ഒരു ദേശത്തെ മുഴുവൻ വിശ്രുതിയിലെത്തിച്ച വ്യക്തിത്വമായിരുന്നു മുഹമ്മദ് ഹാജി..
അയിലക്കാട് എന്ന കാർഷിക ഗ്രാമത്തിന്റെ പേരും പെരുമയും ഈ ദ്വയാക്ഷരങ്ങൾക്കൊപ്പം ദേശങ്ങൾ കടന്നു.

കടവിൽ വളപ്പിൽ ഹസൻകുട്ടി ഹാജിയുടേയും ഇയ്യാ ഉമ്മയുടേയും പത്തു മക്കളിൽ പ്രഥമനായി ജനിച്ച മുഹമ്മദ് ഹാജി, പഴുക്കടക്ക ശേഖരിച്ച് വിൽക്കുന്ന തൊഴിലിൽ ഏർപ്പെട്ടുകൊണ്ടാണ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ പുറപ്പെട്ടിറങ്ങിയത്.
1958ൽ ചങ്ങരംകുളത്ത് സ്ഥലം വാടകകയ്ക്കെടുത്ത് അടക്കവ്യാപാരം തുടങ്ങിയ അദ്ദേഹം വൈകാതെ ആ ഭൂമിയും കെട്ടിടവും വിലയ്ക്കു വാങ്ങി കച്ചവടം മെച്ചപ്പടുത്തി.

അടക്കവിപണിയുടെ അനന്ത സാധ്യതകൾ തേടി ഇന്ത്യയിലുടനീളം സഞ്ചരിച്ച കെവി, പ്രാദേശിക ചന്തകളുടേയും മെട്രോ മാർക്കറ്റുകളുടെയും മർമമറിഞ്ഞു വ്യാപാര തന്ത്രങ്ങളിൽ ചുവടുകൾ വച്ചു കർമനിരതനായി..
വീടുകളിൽ നിന്നും ചെറുകിട കർഷകരിൽ നിന്നും ശേഖരിച്ച പഴുത്ത അടക്ക ഉണക്കിയെടുക്കാനും പൊളിച്ചെടുക്കാനും ചങ്ങരംകുളം, നടുവട്ടം, അയിലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥലമൊരുക്കുകയും സംസ്ക്കരണ പ്രക്രിയകൾ ആരംഭിക്കുകയും ചെയ്തു. 

നിർധന സ്ത്രീകൾ ഉൾപ്പടെ ഗ്രാമ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകൾക്ക് ഇതുവഴി ജീവിതമാർഗം ലഭ്യമായി. രാപകൽ ഭേതമന്യേയുള്ള അധ്വാനത്തിന് കെവി മുഹമ്മദ് ഹാജി തന്നെ നേതൃത്വം നൽകുകയും അടക്കാ കമ്പനിയെ അടിക്കടി  പുരോഗതിയിലേക്ക്കൈപിടിക്കുകയും ചെയ്തു.
ബോംബെ നാഗ്പൂർ, ഇൻഡോർ, ബാംഗ്ലൂർ, കൊൽക്കത്ത, മംഗലാപുരം, ഒറീസ, തുടങ്ങിയ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ തുറന്ന ഇദ്ദേഹം, കേരളത്തിൽ നിന്നും മുന്തിയ തരം അടക്കകൾ കയറ്റുമതി ചെയ്ത് അന്തർസംസ്ഥാന വിപണിയിൽ അതിവേഗം ഇടം പിടിച്ചു.

അടക്ക വ്യാപാരത്തിൽ കേരളത്തിന്റ കുലപതിയായി മാറിയ കെ വി മുഹമ്മദ് ഹാജി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മുൻപന്തിയിലുണ്ടായി.
മുസ്‌ലിം എജുക്കേഷനൽ സൊസൈറ്റി (എം ഇ എസ് ) യുടെ പ്രമുഖ കലാലയങ്ങൾ പടുത്തുയർത്തുന്നതിനു വേണ്ടി സാമ്പത്തികമായും സ്ഥലപരമായും സംഭാവനയർപ്പിച്ച ഇദ്ദേഹം, സാമുദായിക ശാക്തീകരണത്തിന് ഊർജ്ജം പകർന്നു.

കോഴിക്കോട് മർക്കസ് , പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ പ്രമുഖ സഹകാരികൂടിയായിരുന്നു കെവിഎം. 1980 ൽ വളാഞ്ചേരിയിൽ തുടങ്ങിയ എം ഇ എസ് കോളേജ് ഇദ്ദേഹത്തിന്റെ നാമഥേയത്തിലാണ്.
ഇതിനു പുറമെ, വിവിധ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കുന്നതിൽ കെ വി എം ഹാജിയുടെ പങ്ക് നിസ്തുലമായിരുന്നു. 
നിരവധി സാമൂഹ്യ വിഷയങ്ങളിലും സാമുദായിക പ്രശ്നങ്ങളിലും മാധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം കൊടുത്ത അദ്ദേഹം, കേരളത്തിലെ സുന്നീ വിഭാഗീയതയുടെ മഞ്ഞുരുക്കാൻ നടത്തിയ ആത്മാർഥ ശ്രമങ്ങൾ സ്മരണീയമായി. 

കാർഷിക വൃത്തിയുടെ കർമ മണ്ഡലങ്ങളിലിറങ്ങി നൂറുമേനിയുടെ ഹരിത വിജയം കൊയ്ത ചരിത്രത്തിന് കൂടി കെവി ഹാജിയുടെ വിയോഗത്തിലൂടെ മങ്ങലേൽക്കുകയാണ്.. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന അയിലക്കാട് കോൾ പടവുകളിൽ പുഞ്ചകൃഷിയെ നെഞ്ചേറ്റിയ കർഷകപ്രമുഖനായിരുന്നു കെവി.
190 ഏക്കർ വിസ്തൃതിയുളള തേരേറ്റു കായൽ കോൾപ്പടവിലെ ഭൂരിഭാഗവും ഉടമസ്ഥതയുള്ള ഇദ്ദേഹം മുപ്പത്തിയഞ്ച് വർഷത്തിലേറെയായി ഈ സംഘത്തിന്റെ പ്രസിഡന്റാണ്. 

കാളപൂട്ടുത്സവത്തിന്റെ കേളിയും ആവേശവും വയലേലകളിൽ നിന്ന് വാനോളമുയർത്തിയ സംഘാടകനായിരുന്നു കെ വി മുഹമ്മദ് ഹാജി.
മാതൃകാ പൂർണനും സ്നേഹമസൃണനുമായ മൃഗപരിപാലകനായിരുന്നു അദ്ദേഹം. വിലപിടിപ്പുള്ള കാലികളെ ആരോഗ്യപൂർണതയിൽ വളർത്തിയും അവയെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് ജേതാവായും കെ വി ആനന്ദം കണ്ടെത്തി.
 
പതിനായിരങ്ങളും ലക്ഷങ്ങളും വിലമതിക്കുന്ന കാളകളെയും പോത്തുകളേയും എല്ലാ 'സുഖ സൗകര്യ'ങ്ങളും നൽകി വളർത്തി സംരക്ഷിക്കാൻ പ്രത്യേകം തൊഴിലാളികളെ അദ്ദേഹം നിയമിച്ചിരുന്നു.
വിവിധ പ്രദേശങ്ങളിൽ വച്ചു സംഘടിപ്പിക്കപ്പെടുന്ന കാളപൂട്ട് മത്സരങ്ങളിൽ കെ വി മുഹമ്മദ് ഹാജിയുടെ കരുത്തരായ മൃഗജോഡികൾ വിജയക്കുതിപ്പു കാട്ടി കാണികളുടെ കരഘോഷങ്ങൾ ഏറ്റുവാങ്ങി!

ഉദാരമനസ്കതയുടെ ഹൃദയം തുറന്നു വച്ച മനുഷ്യസ്നേഹിയായിരുന്നു കെവി മുഹമ്മദ് ഹാജി. നാട്ടിലും മറുനാട്ടിലുമുള്ള ഒട്ടേറെ പാവപ്പെട്ടവരെ അദ്ദേഹം അകമഴിഞ്ഞു സഹായിച്ചു. മത ജാതി വ്യത്യാസമില്ലാതെയും വിഭാഗീയ ചിന്തകൾക്കതീതമായും സംഘടനാപരമായ സങ്കുചിതത്വങ്ങൾ ഒഴിവാക്കിയും അദ്ദേഹം പടച്ചവൻ നൽകിയ ഔദാര്യങ്ങൾ കാരുണ്യപൂർവം കോരിക്കൊടുത്തു..

മത, സാമൂഹ്യ, ജീവ കാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എണ്ണിയെടുക്കാനാവില്ല. ഉത്തമ വിശ്വാസിയായും ആദർശങ്ങളിൽ അടിയുറച്ചും മഹല്ലിന്റെ മുഴുവൻ കാര്യങ്ങളിലും തന്റെ കരസ്പർശവും ഉദാരതയും ഉറപ്പുവരുത്തി ''കുഞ്ഞൻക്ക" എന്ന സ്നേഹ നാമം ഓരോ മനസ്സിലും അലിഞ്ഞു ചേർന്നു..
മതപരമായ വിശേഷ ദിവസങ്ങളിൽ അരിയായും ബിരിയാണിയായും മാംസമായും മധുരമായും കെ വി യുടെ കൈനീട്ടങ്ങൾ മഹല്ലു ജനത ഹൃദയപൂർവം ഏറ്റുവാങ്ങി..

അയിലക്കാട് എന്ന നാടിനും അയൽനാടുകൾക്കും നെടുംതൂണായി നിന്ന കെവിയുടെ വിയോഗം ആബാലവൃദ്ധം ജനങ്ങളേയും ഇന്ന് തീർത്തും അനാഥരാക്കിയിരിക്കുന്നു.
ഹൃദയങ്ങളിൽ വസിച്ച ഒരു തണൽ മാഞ്ഞ സത്യം സ്നേഹജനങ്ങൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല..

- റഫീഖ് നടുവട്ടം

മർഹൂം. ചളിങ്ങാട് ഇസ്ഹാഖ് മൗലവി : ഒടുങ്ങാതെ ഓർമകൾ..

മഴക്കെടുതികളും മരണങ്ങളും മനസ്സിനെ വല്ലാതെ മഥിച്ചിരിക്കുമ്പോഴാണ് തൃശൂർ കൈപ്പമംഗലത്തു നിന്ന് ഒരു വിയോഗ വാർത്തയെത്തുന്നത്.
പ്രിയപ്പെട്ട ചളിങ്ങാട് ഇസ്ഹാഖ് മൗലവിയുടെ നിര്യാണം..

കാലമേറെ മുമ്പ് സഹപ്രവർത്തകരായിരുന്നു ഞങ്ങൾ. 1999-2004 കാലഘട്ടത്തിൽ അധ്യാപനത്തിലേർപ്പെട്ട് കൈപ്പമംഗലം മേഖലയിൽ പ്രവർത്തിക്കവേ, സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീന്റെ സംഘ ചലനവുമായി ഇസ്ഹാഖ് മൗലവിയോടൊപ്പം ഞാനുമുണ്ടായി.

ആത്മാർഥ ഹൃദയനും ആരോഗ്യദൃഢഗാത്രനുമായിരുന്നു അദ്ദേഹം. ആത്മീയമായ ജീവിതച്ചിട്ടകൾ ചെറുപ്രായത്തിലേ പുലർത്തിയ ഇസ്ഹാഖ് മൗലവി, ആത്മധൈര്യവും ചങ്കുറപ്പുമുള്ള വ്യക്തിത്വമായി എനിക്കനുഭവവേദ്യമായിട്ടുണ്ട്. സഹപ്രവർത്തകർക്കും യുവാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കുമെല്ലാം അദ്ദേഹം മാതൃകയുടെ അടയാള ചിഹ്നമായി മനസിൽ കുടിയാർത്തു.

സാമുദായികമായ ഭീഷണികളും പ്രാസ്ഥാനികമായ പ്രതിസന്ധികളും പ്രാദേശിക വിഷയങ്ങളിൽ നേരിട്ടനേരത്ത് നെഞ്ചുവിരിച്ചും നിലപാടിലുറച്ചും ഇസ്സത്തു കാത്ത ഇതിഹാസികനായി ഇസ്ഹാഖ് മുസ് ലിയാർ! 

കറതീർത്ത വിശ്വാസിയാണന്നും മതാധ്യാപകനാണന്നുമുള്ള അഭിമാനബോധം അന്തരാളത്തിലേയ്ക്കു തന്നെ സ്വയം തിരിച്ചു വച്ചാണ് അദ്ദേഹം വേഷമണിഞ്ഞതും ഭാഷ മൊഴിഞ്ഞതും..
സുന്നീ പ്രസ്ഥാനങ്ങളുടെയും സംരംഭങ്ങളുടേയും പദ്ധതികളുടെയും നടുനായകനായി ഒരു ദേശത്തിന് സർവ്വതോന്മുഖമായ സേവനം നൽകുമ്പോൾ രോഗങ്ങളും വൈദ്യ നിയന്ത്രണങ്ങളും അദ്ദേഹത്തെ അലട്ടിയതേയില്ല; സ്വയം ഒരു വിശ്രമത്തിന് വിചാരപ്പെട്ടതുമില്ല..
നശ്വരമായ ജീവിത മണ്ഡലത്തിലെ സുകൃത് ഭാണ്ഡങ്ങൾ നിറയ്ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം..

ഹൃസ്വകാലത്തെ പരിചിതങ്ങൾ ആ സാർഥക ജീവിതത്തിന്റെ എന്റെ സ്മരണകളെ സജലങ്ങളാക്കുന്നുണ്ട്...
സർവ്വാധിപൻ അദ്ദേഹത്തിന്റെ പാരത്രിക ലോകത്ത് പ്രകാശം ചൊരിയട്ടെ എന്ന് പ്രാർഥിക്കാം.. ആശ്രിതരിൽ ആശ്വാസവും സമാധാനവും..
- റഫീഖ് നടുവട്ടം
[11 ആഗസ്റ്റ് 2019]

31 May 2019

ഭാഗ്യത്തിന്റെ ഭാഗധേയം നിർവഹിച്ച് കുഞ്ഞി ബാവഹാജി വിടവാങ്ങുമ്പോൾ..

തീർഥാടക മനസുകളെ ഹൃദയത്തിലേറ്റി, ഹജ് സേവനത്തിൽ നിസ്തുല മാതൃക തീർത്തു കൊണ്ടാണ് അത്തക്ക വീട്ടിൽ കുഞ്ഞി ബാവ ഹാജി വിശ്വാസി ഹൃദയങ്ങളിൽ വിതുമ്പുന്ന ഓർമയാകുന്നത്.

ജീവിത സായന്തനം ഹാജിമാർക്കായി സമർപ്പിച്ച സേവനത്തിന്റെ ആ സൽസ്വരൂപം ഇന്നലെ (21ശനി ) പൊന്നാനിയിലെ   സ്വവസതിയിൽ വെച്ച് ചരിത്രത്തിലേയ്ക്ക് കുഴഞ്ഞു വീഴുമ്പോൾ ആ ആകസ്മിക വിയോഗം അനേകം മനസ്സുകൾക്ക് താങ്ങാനാവാത്ത വേദന ബാക്കിയാക്കുന്നു..

ഈ വർഷത്തെ ഹജ് യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായി നാടു മുഴുവൻ ഓടി നടന്ന ബാവഹാജിയുടെ വിടവാങ്ങൽ.

റെയിൽവേയിൽ ന്യായാധിപനായിരിക്കേ, ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം സംസ്ഥാന സർക്കാറിന്റെ ഹജ് വളണ്ടിയറായി ദീർഘകാലം പ്രവർത്തിച്ചു. 

ഈ രംഗത്ത് അർപ്പിച്ച സംഭാവനകൾ അക്ഷരങ്ങൾക്കതീതമായി വിശ്വാസികൾക്ക്; വിശിഷ്യാ തീർഥാടക സഹസ്രങ്ങൾക്ക് അനുഭവേദ്യമായിട്ടുണ്ട്! 

സാമ്പത്തിക ലക്ഷ്യങ്ങളില്ലാതെ 
സ്വകാര്യ യാത്രാ സംഘങ്ങൾക്കു കൂടി സേവനങ്ങൾ ചെയ്ത സ്മര്യ പുരുഷൻ, അനേകം പേരുടെ ഹജ് തീർഥാടനം അർഥപൂർണമാക്കുന്നതിൽ ഭാഗ്യപൂർണമായ ഭാഗധേയം നിർവഹിച്ചു കൊണ്ടാണ് സർവാധിപന്റെ സവിധത്തിലേയ്ക്ക് മടങ്ങുന്നത്.

പന്താവൂർ ഇർശാദ്, നടുവട്ടം നന്മ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ സംഘടിപ്പിച്ച ഹജ് ക്യാമ്പുകൾക്ക് നേതൃപരമായും നിർദേശപരമായും സഹായങ്ങൾ ചെയ്തു തന്ന ബാവഹാജി, അവ വിശ്വാസി സമൂഹത്തിന് സർവ സ്വീകാര്യമാക്കുന്നതിൽ സ്നേഹ സാമീപ്യമായി നിലകൊണ്ടു.

അദ്ദേഹത്തിന്റെ ഉദാത്ത മാതൃക മുൻനിർത്തി നടുവട്ടം 'നന്മ' 2017 മെയ് 10ന് ബാവഹാജിയെ ഉപഹാരം നൽകി ആദരിച്ചിരുന്നു.

കേരള ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയിൽ നിന്നാണ് നന്മയുടെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങിയത്.

ഈ ആദരവിനേക്കാൾ തീർത്തും അനശ്വരമാകട്ടെ, അല്ലാഹുവിന്റെ അതിഥികൾക്കായി ആദരവിന്റെയും സ്നേഹത്തിന്റെയും പരിപാലനങ്ങളുടെയും സേവനങ്ങളുടെ പൂർണ മുഖ- ഹൃദയങ്ങൾ തുറന്നിട്ട് ജീവിതം തീർത്ത കുഞ്ഞിബാവഹാജിയുടെ ബർസഖീ ജീവിതം എന്ന് പ്രാർഥിക്കുന്നു..

18 March 2019

ഓർമകളിലെ ലൈലാത്ത..

രാപകലുകളുടെ നിറഭേദങ്ങൾ മനസ്സിലും മേനിയിലും സൂക്ഷിച്ച മഹതിയായിരുന്നു നമുക്കിടയിലെ ലൈലാത്ത.

വിശ്വാസ വെളിച്ചത്തിന്റെ തൂവെള്ള ഹൃദയവുമായാണ് അവർ തലചായ്ക്കാൻ ഒരിടം തേടി നമ്മുടെ അയൽക്കൂട്ടത്തിലേയ്ക്കെത്തിയത്.

സ്വദേശമായ കുറ്റിപ്പാലയിൽ നിന്ന് അറ്റമില്ലാത്ത സ്നേഹത്തിന്റെ മനസ്സുമായി ലൈലാത്ത വന്നപ്പോൾ സത്യമതത്തിലേയ്ക്ക് അവരെ കൈ പിടിച്ച ലഥ്വീഫ്ക്കയുമുണ്ടായിരുന്നു ഒപ്പം.

എളിമയാർന്ന ജീവിതവും സമ്പന്നമായ സേവന സന്നദ്ധതയും നിശ്കളങ്കമായ ദയാവായ്പുമായി ഒരു കൂരയിൽ രാപാർത്ത ഈ ദമ്പതികൾ കുടുംബാംഗങ്ങളെ പോലെ നമുക്കിടയിൽ ഇടപെട്ടു ജീവിച്ചു..

ഇല്ലായ്മകളും വല്ലായ്മകളും ഉള്ളിലൊതുക്കി ഉള്ളതുപോലെ ഓണമുണ്ട് ജീവിതം നയിച്ച ലൈലാത്ത അയൽവാസികൾക്കും പരിചിതർക്കും മാറ്റിനിർത്താനാവാത്ത തണൽ സാന്നിധ്യമായാണ് മനസിൽ വസിച്ചത്..

പറൂപാടം പ്രദേശത്തുകാർക്ക് മാത്രമല്ല, നെല്ലിശ്ശേരി-കുണ്ടുരുമ്മൽ ദേശക്കാർക്കും കൺകണ്ട സേവനമുഖിയായി, വിശ്വസ്ഥതയുടെ പ്രതീകമായി, വീട്ടു സേവനങ്ങളുടെ ഇഷ്ടപാത്രമായി ലൈലാത്ത ജീവിതം സമർപ്പിച്ചു..

ദുരൂഹതയുടെ കാണാമറയത്തേയ്ക്ക് ലഥ്വീഫ്ക്ക ഒരു ദിനം തിരോഭവിച്ചപ്പോൾ ആ ഒറ്റമുറി വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു ലൈലാത്ത.

ജീവിതം ചോദ്യചിഹ്നമായ ആ സന്നിഗ്ധ ഘട്ടത്തിലാണ്  ഒരു നിമിത്തം പോലെ കുഞ്ഞിമോൻക്ക കടന്നു വന്നത്! അതിരില്ലാത്ത കരുതലിന്റെ ആ കരവലയത്തിൽ പരസ്പരം തണൽ വിരിച്ച് കുഞ്ഞുമോൻക്കയോടൊപ്പം ധന്യമായി , പിന്നീടങ്ങോട്ട് ലൈലാത്തയുടെ വലിയ ജീവിതം..

വടക്കുനിന്നും തെക്കോട്ടു നീങ്ങി പണിതുയർത്തിയ കൊച്ചു ഭവനത്തിൽ മുമ്പത്തേക്കാൾ ഇമ്പത്തോടെ അവർ സ്നേഹജീവിതം തീർത്തു..

ബാല്യത്തിൽ വിധിക്കപ്പെടാതെ പോയ ഹിദായത്തും ഇസ്‌ലാമിക ജ്ഞാനവും പുസ്തകങ്ങളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും സ്വായത്തമാക്കി മത ജീവിതം തേച്ചുമിനുക്കി, ലൈലാത്ത..

വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും അവർ കാണിച്ച കണിശതയും കൃത്യതയും പാരമ്പര്യവിശ്വാസികൾക്ക് പോലും മാതൃകയായി മാറി!

നിത്യവൃത്തിക്കുവേണ്ടി കൂലിപ്പണിയെടുത്തുവന്ന കാലത്തു തന്നെയാണ് കഅബാലയം കാണാനുള്ള മോഹവും മദീനയിലെത്താനുള്ള ദാഹവും ലൈലാത്തയുടെ മനസ്സിൽ ഉൽക്കടമായത്.

നാനാവിധത്തിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ട് പുണ്യഭൂമികളിലെ തിരുഗേഹങ്ങളിൽ അവർ ചെന്നെത്തിയത് സർവാധിപൻ നൽകിയ സൗഭാഗ്യമല്ലാതെ മറ്റെന്താണ്!

ആ അനുഗൃഹീത മേനിയെ അപ്പോഴൊക്കെ അക്രമിച്ചു തുടങ്ങിയിരുന്നു ഒരു മഹാ രോഗം.

പരിശുദ്ധ ഉംറക്കു ശേഷം ആ മഹാമാരിയെ പിഴുതെറിയാൻ നടത്തിയ ശ്രമങ്ങളൊക്കെ പക്ഷേ, പാഴ് വേലയായി പരിണമിക്കുകയായിരുന്നു. സാമ്പത്തിക ശേഷിയുടെ ശുഷ്ക്കമായ കൈത്തലങ്ങളിൽ നിന്ന് രോഗംരൗദ്രത പ്രാപിച്ചു കഴിഞ്ഞിരുന്നു അപ്പാഴേക്കും..

ചികിത്സകളുടെ ഓരോ ഘട്ടങ്ങൾ കഴിഞ്ഞെത്തുമ്പോഴേക്കും പരീക്ഷണങ്ങളുടെ തീക്ഷ്ണതകളിലേയ്ക്ക് അവർ എടുത്തെറിയപ്പെട്ടു.. 

തീരാവേദനകളുടെ ദുരിതപർവങ്ങളിൽ ലൈലാത്തയുടെ ജീവിതം അസഹ്യതയുടെ കൊടുമുടിയിൽ പിടഞ്ഞു.. 

അപ്പോഴും ആ ചുണ്ടുകൾ കേട്ടുപഠിച്ച ഇലാഹീ സ്മരണകളിൽ നിത്യവും വ്യാപൃതയായി.. 

മരുന്നുകളേക്കാൾ ആശ്വാസം ആ വചനാമൃതങ്ങൾക്കാണന്ന് അവർ ഉറച്ചു വിശ്വസിച്ചു..

അത്രയ്ക്കു ണ്ടായിരുന്നു; ജീവിതം കൊണ്ട് ഇ സ് ലാം പുണർന്ന ലൈലാത്തയുടെ വിശ്വാസ ദാർഢ്യം!

ഇനിയില്ല; ഹൃദയത്തിലും വദനത്തിലും പകൽ പോലെ തെളിഞ്ഞ ആ പ്രകാശം..

പുൽച്ചെടികൾ വളർന്ന ആറടി മണ്ണിൽ നിത്യ ശോഭയായി നിറയാൻ നമ്മുടെ മുഖങ്ങളിൽ നിന്ന് അത് എന്നെന്നേക്കുമായി മടങ്ങിപ്പോയിരിക്കുന്നു..

✍ സീ വി റഫീഖ്