ഈ എഴുത്തുപുരയില്‍..

24 March 2021

പ്രിയപ്പെട്ട ഉപ്പ ഇനി ഓർമകൾ മാത്രം...


എത്ര പെട്ടെന്നാണ് ആ വാത്സല്യമുഖം പോയ് മറഞ്ഞത്..!
സ്നേഹം മാത്രം തന്ന് നമ്മെ ജീവിതത്തിൽ കൈ പിടിച്ച പ്രിയപ്പെട്ട ഉപ്പയുടെ വിയോഗത്തിൽ വിഷമിച്ചിട്ടൊന്നും കാര്യമില്ല. എല്ലാം റബ്ബിൻ്റെ വിധി!

ആ ഉപ്പയുടെ ആത്മാവിനോട് നന്ദി കാണിക്കണമെങ്കിൽ, ആ വലിയ ഹൃദയത്തോട് കടപ്പാട് കാണിക്കണമെങ്കിൽ ആറടി മണ്ണിലെ ആനന്ദത്തിനു വേണ്ടി ഉപകാരപ്പെടുന്നതെന്തെങ്കിലും നാം ചെയ്തേ പറ്റൂ..

നടുവട്ടത്തെ 'നന്മ'ക്കും സുന്നീ പ്രസ്ഥാനത്തിനു വേണ്ടി നിലകൊണ്ടതിൻ്റെ പേരിൽ അവർ ഉപ്പയ്ക്കു വേണ്ടി ധാരാളം ഖുർആൻ പാരായണങ്ങളും തഹ് ലീലുകളും ചെയ്തു കൂട്ടുകയാണ്; അൽഹംദുലില്ലാഹ്..

അതുപോലെ നമുക്കും നിർവഹിക്കണം. ധാരാളം പേർ അംഗങ്ങളായിട്ടുള്ള നമ്മുടെ കുടുംബത്തിലും ഉപ്പയ്ക്കു വേണ്ടി ഖുർആൻ ഖത്മുകൾ നിർവഹിക്കാൻ എല്ലാവരും മുന്നോട്ട് വരണം. മരണപ്പെട്ടു പോയവർക്ക് ഇടമുറിയാതെ ഗുണം കിട്ടുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവിച്ചിരിക്കുന്ന മക്കളും കുടുംബങ്ങളും സ്നേഹ ജനങ്ങളും ചെയ്യുന്ന ഖുർആനും മറ്റു സ്വദഖ:കളും എന്ന് റസൂൽ പഠിപ്പിച്ചത് നമുക്ക് അറിയാവുന്നതാണല്ലോ...
അതിനാൽ, നമ്മളും ഉപ്പയുടെ ഇഷ്ട്ക്കാരും നിർവഹിക്കുന്ന ഇത്തരം സൽകർമ്മങ്ങൾ കൊണ്ടേ സ്നേഹനിധിയായ ഉപ്പ ഖബറിൽ കിടന്ന് സന്തോഷിക്കൂ....

നമ്മൾക്കു വേണ്ടി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച്, വേദനകളും പ്രയാസങ്ങളും മറന്ന്, കഷ്ടപ്പാടുകൾ നേരിട്ട് ജീവിതത്തിൽ നമ്മെ സന്തോഷിപ്പിച്ച ഉപ്പയെ അദ്ദേഹത്തിൻ്റെ ബർസഖീ ജീവിതത്തിൽ നമ്മളും സന്തോഷിപ്പിക്കേണ്ടതില്ലേ...? കടൽ പോലെ മുങ്ങിത്താഴുന്ന ആ ഖബറിൽ നമ്മളും കൈ പിടിക്കേണ്ടതില്ലേ...?
തീർച്ചയായും! നമ്മളത് ചെയ്തേ തീരൂ...
അതിനായി ഇപ്പോൾ തന്നെ നമുക്ക് തുടക്കമിടാം.
ഈ കുടുംബ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും അവരവർക്ക് കഴിയും വിധത്തിൽ ഖുർആൻ ജുസ്ഉകൾ ഏറ്റെടുത്ത് നിർവഹിക്കണം എന്ന് അപേക്ഷിക്കുകയാണ്.

റബ്ബ് നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ. 
ഉപ്പയുടെ ആഖിറം അല്ലാഹു വെളിച്ചമാക്കട്ടെ.. ആമീൻ.

സ്നേഹത്തോടെ നിങ്ങളുടെ
ശാഫി

സുവൈബ സുമംഗലിയാവുന്നു..

മകൾ, ഫാത്വിമ സുവൈബ ഹാദിയ കുടുംബ ജീവിതത്തിനു തുടക്കമിടുകയാണ്..!

മാണൂർ, മരയങ്ങാട്ടു വീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ മകൻ  അബ്ദുറഹ്മാൻ ശാമിൽ ഇർഫാനിയുമൊന്നിച്ച്
2021 മെയ് 20ന് [1442 ശവ്വാൽ 8 ] വ്യാഴം, ഇൻശാ അല്ലാഹ്...

പടിഞ്ഞാറങ്ങാടി 'സാസ്' ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന സൽക്കാര സന്തോഷത്തിലേയ്ക്ക് അന്നേ ദിനം താങ്കളെ സകുടുംബം സ്നേഹപൂർവം ക്ഷണിക്കുന്നു.

ഒത്തുകൂടാൻ ഒത്തിരി തടസ്സങ്ങൾ നേരിടുന്ന കോവിഡ് സാഹചര്യത്തിൽ ആരോഗ്യബോധത്തോടെ ആഗതരായി ഞങ്ങളുടെ ആഹ്ലാദങ്ങളിൽ പങ്കാളിയാകുമല്ലോ..!

ഹൃദയപൂർവം,
ഇസ്മാഈൽ ബാഖവി, ഒതളൂർ
ഫോൺ: 98 46 620 340
[S/o. തെക്കേക്കര മൂസഹാജി ]

നായ്ക്കളുടെ വിളയാട്ടത്തിൽ 25 കോഴികൾക്ക് ദാരുണാന്ത്യം


എടപ്പാൾ: നടുവട്ടത്ത് തെരുവുനായ്ക്കൾ നടത്തിയ കൂട്ട ആക്രമണത്തിൽ നാലു വീട്ടുകാർക്ക് നഷ്ടമായത് ഇരുപത്തിയഞ്ചു കോഴികൾ. 

പത്താം വാർഡിലെ തയ്യുള്ളയിൽ കുഞ്ഞാപ്പ , കളത്തുംപടിക്കൽ അബ്ബാസ്, ചെമ്പേല വളപ്പിൽ അഷ്‌റഫിന്റെ ഭാര്യ സീനത്ത്, മുണ്ടേങ്കാട്ടിൽ അലിയുടെ ഭാര്യ ആയിശ എന്നിവർക്കാണ് പണച്ചെലവോടെ ഓമനിച്ചു വളർത്തുന്ന കോഴികളെ നഷ്ടമായത്. ഇന്ന് പുലർച്ചെ നാലു മണിക്കും ആറിനും ഇടയിലാണ് നായ്ക്കൂട്ടം കൂടുകൾ തകർത്ത് കോഴികളെ കൊന്നൊടുക്കിയത്. 

മരം കൊണ്ടുണ്ടാക്കിയ കൂടിന്റെ ഇരുമ്പ് വലയിട്ട ഭാഗം സമർഥമായി തകർത്തും മരപ്പാളികൾ കടിച്ചു പൊളിച്ചുമാണ് നായ്ക്കൾ കൂട്ടക്കുരുതി നടത്തിയത്. ഇറച്ചിക്കു പാകമായ പൂവൻ കോഴികളും ദിനേന മുട്ടയിടുന്നവയുമാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം പതിനയ്യായിരംരൂപയുടെ നഷ്‍ടം കണക്കാക്കുന്നു.


പുലർച്ചെ  ബഹളം  കേട്ടുണർന്ന വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും ഭൂരിഭാഗവും പിടഞ്ഞു തീർന്നിരുന്നു. ഇവരുടെ വീടിനു പുറമെ കളത്തും പടിക്കൽ ഹസൻ, കുരുവളപ്പിൽ ബാവ,  വാരിയത്ത് മുഹമ്മദലി, ചെമ്പേല വളപ്പിൽ മുഹമ്മദ് കുട്ടി എന്നിവരുടെ വീട്ടിലും കോഴികളെ ലക്ഷ്യമിട്ട് നായ്ക്കൂട്ടം എത്തി കൂട് തകർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.വരുമാനത്തിനായി കോഴിവളർത്തലിൽ ഏർപ്പെട്ട ഒട്ടേറെ കുടുംബങ്ങൾ പ്രദേശത്തുണ്ട്. കാട്ടുപൂച്ചയുടെയും വളർത്തു പൂച്ചകളുടെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും തെരുവുനായ്ക്കൾ ഒറ്റയടിക്ക് ഇരുപത്തിയഞ്ചെണ്ണത്തെ  വകവരുത്തിയത് പ്രദേശത്തെ വീടുകളിൽ  ഭീതി പരത്തിയിരിക്കുകയാണ്.09 March 2021

വീട്ടിൽ വിദ്യാഭ്യാസ 'കാര്യാലയം' ഒരുക്കി മോഡേൺ സ്കൂൾ മാതൃക !

സമൂഹത്തിന്റെ ബൗദ്ധിക വികാസത്തിനു സഹായിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ ജീവനക്കാർക്ക് ഒരുക്കിക്കൊടുക്കുന്ന തൊഴിൽ സൗകര്യങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് ഏറെ പ്രാധാന്യമുണ്ട്.

ഏതു പ്രതിസന്ധി ഘട്ടത്തിലും ഗുണപ്രദമായ വിദ്യാഭ്യാസം നാടിനു നൽകാനും, അതിന്റെ സുഗമമായ ഗമനത്തിൽ പിന്നണി പ്രവർത്തകരായ അധ്യാപകർ അടക്കമുള്ള വൈദഗ്ധ്യ വ്യക്തിത്വങ്ങളെ നിലനിർത്തുന്നതിനും, അവർക്ക് സ്ഥിരതയും ആരോഗ്യ പരിരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും സ്വാസ്ഥ്യ മനസ്സും പ്രദാനം ചെയ്യുന്നതിനും മുന്നോട്ട് വരിക എന്നത് മാതൃകാപരമാണ്.

ദീർഘകാലമായി *പോട്ടൂർ മോഡേൺ സ്‌കൂളിൽ* അക്കാദമിക രംഗത്തും അഡ്മിനിസ്ട്രേഷൻ രംഗത്തും നേതൃ നിരയിൽ പ്രവർത്തിക്കുന്നവരിൽ ഒരാളായ ഞാൻ ഏതാനും ദിവസങ്ങളായി വീട്ടിൽ കഴിയുകയാണ്.
കോവിഡ് അനുബന്ധമായ ചില സമ്പർക്കങ്ങളായിരുന്നു ഹേതുകം. പരിശോധനകൾ നടത്തി 'ബാധ'യില്ലെന്നു ബോധ്യം വരുത്തിയെങ്കിലും ''കുറച്ചു കൂടി വീട്ടിലിരിക്കൂ'' എന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിധി.

SSLC/+2 പൊതു പരീക്ഷാ സംബന്ധവും അനുബന്ധവുമായ ഒട്ടേറെ തിരക്കുകളുള്ള ഈ മാർച്ച് മാസത്തിൽ സ്‌കൂളിലെത്തി അതിൽ മുഴുകാൻ കഴിയാത്തതിലുള്ള വിഷമം കുറച്ചൊന്നുമല്ല എന്നെ  അലട്ടിക്കൊണ്ടിരുന്നത്.
ദൈനംദിന അക്കാദമിക് ഇടപെടലുകളിൽ ടെലിഫോണിക് മാർഗനിർദേശങ്ങൾക്കു പരിമിതികളുണ്ടല്ലോ...

മാനസിക സമ്മർദ്ധങ്ങളുമായി സമരസപ്പെടുമ്പോഴാണ് *സ്‌കൂൾ മാനേജ്‌മെന്റ്* പരിഹാരവുമായി എത്തുന്നത്. വീട്ടിലിരുന്നു കൊണ്ടു തന്നെ സ്ഥാപന പ്രവർത്തനങ്ങളിൽ വ്യാപൃതനാവാനുള്ള സംവിധാനങ്ങൾ ഒരുക്കിത്തരാമെന്നായിരുന്നു അവരുടെ വാക്ക്!
മഹാമാരിയുടെ ഭീതിയിലും ഉത്തരവാദിത്ത നിർവഹണങ്ങൾ തടസ്സപ്പെട്ടുകിടക്കുന്ന ടെൻഷനിലും ആണ്ടുപോയ എന്റെ മനസ്സിന് വലിയ ആശ്വാസമായിരുന്നു സ്‌കൂൾ ഭരണ നേതൃത്വത്തിൻറെ ആ ആശയം!

ഞാൻ ഹൃദയമേറ്റിയ ആ സ്ഥാപനത്തോട് വീണ്ടും ക്രിയാത്മകമായിച്ചേരാൻ തിടുക്കപ്പെട്ടിരുന്ന എന്റെ മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടി..
അതോടൊപ്പം, അതിവേഗ ഇന്റർനെറ്റും കംപൂട്ടറും സംവിധാനങ്ങളും മണിക്കൂറുകൾ കൊണ്ട് വീട്ടിലെത്തുകയും ചെയ്തു.!

ഇപ്പോൾ ഞാൻ തീർത്തും ആഹ്ളാദഭരിതനാണ്.
ഒരു നാടിന്റെ ധൈഷണിക മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ബഹള മയങ്ങളില്ലാത്ത എന്റെ വീടിന്റെ അകത്തളങ്ങളിലിരുന്നു ഇപ്പോൾ എനിയ്ക്കു കഴിയുന്നുണ്ട്..

സമൂഹ സുരക്ഷയും വ്യക്തിസ്വാതന്ത്ര്യവും ആരോഗ്യബോധവും പൊതുനന്മയും ഉൾക്കൊണ്ടുകൊണ്ട് ഒരു ജീവനക്കാരന്റെ അതിജീവനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉത്തമപൂർണമായ ഉത്പാദനക്ഷമതയും  എങ്ങനെ സാധ്യമാക്കാമെന്നു ഇവിടെ ഒരു മാനേജ്‌മെന്റ് കാണിച്ചു തരുന്നു !

ഭൗതിക സൗകര്യങ്ങളിലും തൊഴിൽ നിയമങ്ങളിലും മാത്രമല്ല; നേതൃമനസ്സുകളിലെ നവീനാശയങ്ങളിലും  ചിന്താഗതികളിലെ വിശാലതയിലുമാണ് ഏതൊരു സ്ഥാപനത്തിന്റെയും വിജയ വളർച്ചകൾ!
പോട്ടൂർ മോഡേൺ സ്‌കൂൾ മാനേജ്‌മെന്റിന്  അകൈതവമായ നന്ദിയും കടപ്പാടും അറിയിക്കാൻ ഞാനിവിടെ വാക്കുകളുടെ  പര്യായങ്ങൾ പരതുന്നില്ല ..

തുടർന്നും നമുക്കു നയിക്കാം;  
'മോഡേൺ' എന്ന ഈ വിദ്യാഭ്യാസ കേന്ദ്രത്തെ ലക്ഷ്യപ്രാപ്തിയുടെ സമ്പൂർണ വിജയത്തിൽ !

 സി വി അബ്ദുൽ അസീസ് മാസ്റ്റർ, നടുവട്ടം

20 January 2021

നജീബിൻ്റെ സത്യസന്ധതയ്ക്ക് തങ്കത്തിളക്കം


എടപ്പാൾ: വീണു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് ലഭ്യമാക്കി യുവാവിൻ്റെ മാതൃക. നെല്ലിശ്ശേരി സ്വദേശി പി കെ നജീബിൻ്റെ സത്യസന്ധതയും നടപടിയുമാണ് നവദമ്പതികളായ കോലൊളമ്പ് പുലിക്കാട്ടിലെ മുസ്ഥഫയ്ക്കും ശമീഹയ്ക്കും ആശ്വാസമായത്.

ഒരാഴ്ച മുമ്പ് വിവാഹിതരായ ഇവർ ബൈക്കിൽ യാത്ര ചെയ്യവേയാണ് രണ്ടു പവൻ തൂക്കമുള്ള കൈച്ചെയ്ൻ നഷ്ടപ്പെട്ടത്. തുടർന്ന് ഇവർ പല വഴി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പൂക്കറത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂളിലെ കാൻ്റീൻ നടത്തിപ്പുകാരനായ നജീബ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് കോലൊളമ്പ് റോഡിൽ വീണു കിടക്കുന്ന സ്വർണാഭരണം കണ്ടത്.


ഉടനെ അതെടുത്ത് ഇദ്ദേഹം ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തി എസ് ഐ വിജിത് കെ വിജയനെ ആഭരണം ഏൽപ്പിക്കുകയും സമൂഹ മാധ്യമങ്ങളിൽ അറിയിപ്പ് നൽകുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട മുസ്തഫ സ്റ്റേഷനിൽ എത്തി തെളിവ് ഹാജരാക്കുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ഓഫീസർമാരുടെ സാന്നിധ്യത്തിൽ നജീബിൽ നിന്ന് സന്തോഷപൂർവം ആഭരണം കൈപ്പറ്റി.

നാട്ടിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ നജീബിൻ്റെ മാതൃകയെ പൊലിസ് പ്രശംസിച്ചു.

12 January 2021

റനയുടെ പ്രസംഗം (ക്‌ളാസ് 4 , ശുകപുരം എൽ പി സ്‌കൂൾ)

 എൻറെ പ്രിയപ്പെട്ട കൂട്ടുകാരെബഹുമാന്യരായ അധ്യാപകരെ...

 

കൊറോണക്കാലത്തിൻറെ പരീക്ഷണഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്ലോകത്തുള്ള മുഴുവൻ ജനങ്ങളെയും പലവിധത്തിൽ ബാധിച്ച കോവിഡ്  എന്ന മഹാമാരി വിദ്യാഭ്യാസ രംഗത്തെയും അടിമുടി മാറ്റിമറിച്ചത് നമുക്ക് അറിയാവുന്നതാണല്ലോ..

 

വിദ്യാലയത്തിൽപോയി വിജ്ഞാനം നേടിയിരുന്ന കുട്ടികൾ വീട്ടകങ്ങളിൽ ഇരുന്ന് അറിവ്നേടുന്ന അവസ്ഥയുണ്ടായി.

ക്ലാസ് മുറികൾക്കുള്ളിലെ ബ്ലാക്ക്ബോർഡുകളിൽ നിന്നും അക്ഷരം പഠിച്ചവർ കൈകുമ്പിളിലെ  മൊബൈൽസ്ക്രീനുകളിൽ നിന്ന് അറിവിൻറെ സമൃദ്ധികളിൽ ഇന്ന് ആറാടുകയാണ്…!!

ഏത് വിജ്ഞാനവും ഞൊടിയിടയിൽ വീട്ടിലെത്തുന്ന ആധുനിക സൗകര്യങ്ങൾ ഉണ്ടായതോടെ വിദ്യാർഥികൾക്ക് മുന്നിൽ കൊറോണ വൈറസ് തോറ്റു തുന്നം പാടി തിരിച്ചോടിക്കൊണ്ടിരിക്കുകയാണ്!

 

എന്നാൽവിദ്യാലയത്തിൽ പോയി കിട്ടുന്ന  പഠിപ്പിന്റെ  സുഖം വീട്ടിനകത്ത്വീട്ടംഗങ്ങളുടെ ബഹളങ്ങൾക്കിടയിൽ കിട്ടുന്നില്ല എന്നതാണ് സത്യംകൂട്ടുകാരോടൊപ്പം കൂടിയും അവരോടൊപ്പം ക്ലാസ് മുറികളിൽ നിന്ന് അറിവുപകർന്നും  കിട്ടിയിരുന്ന സംതൃപ്തി  കോവിഡ് കാലം കൊണ്ടുവന്ന വീട്ടുതടങ്കൽ  പഠനത്തിൽ ഞങ്ങൾക്ക് കിട്ടുന്നില്ല എന്നത് ഒരു പരമാർഥമായി അവശേഷിക്കുന്നുപക്ഷേഅതിൽ പരിഭവിച്ചിട്ടെന്തു കാര്യം?   ഒരു കാര്യവുമില്ല

 

ലക്ഷോപലക്ഷം മനുഷ്യരെ മരണത്തിലേക്ക് പിടിച്ചുവലിക്കുന്ന കോവിഡ്  എനന മഹാമാരിയെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണല്ലോ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്അതിൽ പ്രധാനപ്പെട്ടതാണ് കൂട്ടംകൂടുന്ന സാഹചര്യങ്ങൾ  ഒഴിവാക്കുക എന്നത്അതിനെ അർത്ഥവത്താക്കാനാണ് സ്കൂളുകൾ അടച്ചിട്ടിരിക്കുന്നത്.

 

ഏതായാലുംനമ്മുടെ പ്രിയപ്പെട്ട അധ്യാപകർ എത്രമാത്രം കഷ്ടപ്പെട്ടാണ് നമുക്ക്, നമ്മുടെ വീട്ടിലേക്ക് അറിവ് എത്തിച്ചു തരുന്നത്അവരുടെ പരിശ്രമങ്ങൾ നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്

ഓൺലൈൻപഠനം ആണെന്ന് കരുതി നമ്മൾ ഒരിക്കലും ഉഴപ്പി നടക്കരുത്ശരിയായ സമയവും സന്ദർഭവും ക്രമീകരിച്ചുകൊണ്ട് നമ്മൾ പഠനത്തിൽ മുന്നേറിയേ  പറ്റു...  ഇനി സ്കൂൾ തുറക്കുമ്പോൾ പഴയ ക്ലാസിന്റെ മധുരവും പുതിയ ക്ലാസിന്റെ  മധുരവും ചേർന്ന വിദ്യാഭ്യാസത്തിൻറെ ഇരട്ടിമധുരം നമ്മൾ തീർച്ചയായും അനുഭവിക്കും

 

അതുകൊണ്ട്എത്രയുംവേഗം സ്കൂളുകൾ തുറന്നു കിട്ടാൻ  നമുക്ക് പ്രാർത്ഥിക്കാം.. അറിവ് നേടി നമുക്ക് അതുല്യരാവാം..! 

ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എൻറെ പ്രസംഗം നിർത്തുന്നു.

 

എല്ലാവർക്കും നന്ദി.  

പുറം വർക്ക്

 
കച്ചവടം മാത്രമല്ല;

ജീവിതച്ചുവടുകൾ കൂടിയാണ് ഉപ്പ പഠിപ്പിച്ചത്.
ലാളനയും ലാളിത്യവും ഉൾച്ചേർന്ന കുടുംബ ജീവിതം...!

ആ സ്നേഹത്തണൽ മാഞ്ഞുപോയിട്ട് ഇന്നേക്ക് അഞ്ചുവർഷം..

ഉപ്പയുടെ ബർസഖീ ജീവിതം സന്തോഷകരമാവാൻ എല്ലാവരും ദുആ ചെയ്യണം..
_ടി വി സമീർ, നടുവട്ടം (അൽഐൻ)


......................................................................................................................................................


കയ്പമംഗലം മർക്കസ് (കത്ത്/  പുറം വർക്ക് )

 പ്രിയ സഹോദരന്.. 

താങ്കൾക്ക് സുഖമാകട്ടെ എന്ന് പ്രാർഥിക്കുന്നു.
 
കൈപ്പമംഗലം ദേശത്തിൻറെ കെടാവിളക്കായി തലമുറകളിലേയ്ക്ക് നീളുന്ന ആധ്യാത്മിക പ്രകാശമാണ് ശൈഖ്: അബ്ദുൽ കരീം ഹാജി (ഖ.സി)
 
മഹാനവർകളുടെ നാമധേയത്തിലുള്ള ഒരു വൈജ്ഞാനിക കേന്ദ്രത്തിന് നമ്മുടെ നാട്ടിൽ നാന്ദി കുറിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ..

ജീവിതകാലത്തും വിയോഗ ശേഷവും ശൈഖവർകളുടെ ആത്മീയ സന്നിധിയായി, ആയിരങ്ങൾക്ക് ആശ്വാസത്തുരുത്തായി മാറിയ മസ്ജിദുൽ ഇജാബ (കൈപ്പമംഗലം മർകസ് ) ഇനി, വരും കാലത്തെ അറിവിൻറെ നിറകേന്ദ്രമാകാൻ പദ്ധതികളാവിഷ്കരിക്കുകയാണ്! 

ഇന്ത്യയിലെ സമുന്നത വിദ്യാഭ്യാസ കേന്ദ്രമെന്ന് ലോകം വാഴ്ത്തുന്ന കോഴിക്കോട് ജാമിഅഃ മർകസ്, പ്രാദേശിക പഠന കേന്ദ്രങ്ങളുടെ പട്ടികയിൽ കൈപ്പമംഗലം മർകസിനെ കൂടി ഉൾപ്പെടുത്തിയത്, നവീനവും ബഹുമുഖവുമായ വിദ്യാഭ്യാസ പദ്ധതികളാണ് നമ്മുടെ പ്രദേശത്ത് സഫലമാക്കുക!! 

പുതിയ കാലത്തിന്റെയും ലോകത്തിന്റെയും ആവശ്യകതകളറിഞ്ഞ് അറിവിൻറെ വൈവിധ്യങ്ങൾ പകർന്നുകൊടുക്കുന്ന കോഴിക്കോട് മർകസ്, അതിൻറെ നവ സ്ഥാപന സംരംഭമായ പുനൂർ 'മർകസ് ഗാർഡ'നുമായി കൈകോർത്ത് ഇജാബയുടെ അഭിമാനഭൂമികയിൽ ഇതിഹാസപൂർണമായ ജ്ഞാനസൗധമാണുയർത്താൻ പോകുന്നത്!

ചരിത്രപരമായ ഈ കാൽവയ്പിൽ ശൈഖുന: അബ്ദുൽകരീം ഹാജിയുടെ ആധ്യാത്മികക്കരുതൽ അതിന്റെ ലക്ഷ്യപൂർത്തീകരണത്തിൽ നമുക്ക് കരുത്തേകുമെന്ന് തീർച്ചപ്പെടുത്താം.. 

പുതിയ കാലങ്ങൾ പിറക്കുമ്പോഴും പ്രസക്തിയുടെ ചക്രവാളങ്ങൾ തുറന്നു കൊണ്ടേയിരിക്കുന്ന മതവിദ്യാഭ്യാസവും, അതിജീവനത്തിന്റെ മാർഗങ്ങൾ മാറിക്കൊണ്ടിരിക്കുന്ന പുതുസമൂഹത്തിൽ ആധുനിക വിദ്യാഭ്യാസത്തിൻറെ അനിവാര്യതയും സമം ചേർത്ത്, കോഴിക്കോട് ജാമിഅഃ മർകസിന്റെ മാർഗദർശനത്തിലും ദീർഘവീക്ഷണത്തിലും തണലിലും കയ്പമംഗലത്തിന്റെ മണ്ണിൽ സ്ഥാപന സമുച്ചയങ്ങൾ സാഭിമാനം തലയുയർത്തും; ഇൻശാ അല്ലാഹ്!

പ്രസ്തുത സംരംഭങ്ങളുടെ സമാരംഭ /പദ്ധതി രൂപീകരണ ചർച്ചകൾക്കായി സുപ്രധാനമായ ഒരു സംഗമം തീരുമാനിച്ചിരിക്കുകയാണ്.

കോവിഡ് വ്യാപന സാഹചര്യത്തിൽ ഓൺലൈനിലായി നടത്തപ്പെടുന്ന ഈ ഒത്തുചേരൽ *ഒക്ടോബർ .... ന്  ..... ഴ്ച...... മണിക്ക് ZOOM വഴി നടക്കും. (വിശദാംശങ്ങൾ വൈകാതെ) 

ശൈഖുന: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അഹ്ദൽ തങ്ങൾ മുത്തനൂർ തുടങ്ങിയവർ സംബന്ധിക്കുന്ന പ്രസ്തുത ചർച്ചയിലേയ്ക്ക് താങ്കളെ പ്രത്യേകം തിരഞ്ഞെടുത്ത വിവരം സന്തോഷപൂർവം അറിയിക്കട്ടെ..

നമ്മുടെ പ്രദേശത്തിൻറെ ആത്മീയവും ഭൗതികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് വിത്തുപാകുന്ന മർകസ് ഓഫ് കാമ്പസിന്റെ പ്രാരംഭ വും പുരോഗമനപരവുമായ പദ്ധതി ചർച്ചകളിൽ താങ്കളുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതാണ്. 

ആയതിനാൽ, ഒക്ടോബർ ...... ന് നടക്കുന്ന *സൂം കോൺഫറൻസിൽ* എല്ലാ തിരക്കുകളും മാറ്റിവച്ച് സംബന്ധിക്കണമെന്ന് വിനയപൂർവം ഉണർത്തുന്നു.

കൈപ്പമംഗലം ദേശത്തിൻറെ കാതലായ പുരോഗതികൾക്കായി നമുക്കൊന്നായ് കൈകോർക്കാം ; പ്രാർഥിക്കാം...   

വിശ്വസ്തതയോടെ,
...................................
Name
Mob:


പുറം വർക്ക് (കത്ത്) 

സ്നേഹ ബഹുമാനങ്ങളോടെ അയിലക്കാട്............. മദ്രസ കമ്മിറ്റി മുമ്പാകെ സ്വദർ മുഅല്ലിം ............ വഹബി സമർപ്പിക്കുന്നത്.. 


അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്.. 

റബ്ബിന്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ ........ വർഷക്കാലമായി ഈ നാട്ടിലെ ദീനീഖിദ്മ:യിൽ ഞാൻ എളിയ പങ്കുവഹിച്ചു വരികയാണല്ലോ..
അറിവുപകരുന്നതിനും അത് നുകരുന്നതിനും തദനുസൃതം ജീവിക്കുന്നതിനും റബ്ബ് കൂടുതൽ താഫീഖിനെ പ്രധാനം ചെയ്യട്ടെ; ആമീൻ. 

ജീവിതത്തിൽ ഒത്തുവരുന്ന ഒരു സൗഭാഗ്യത്തെപ്പറ്റി സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ കുറിപ്പ്. 

അൽഹംദുലില്ലാഹ്; വിശുദ്ധമായ ഉംറ: നിർവഹിക്കാൻ ഒരു സാഹചര്യം എനിക്ക് അടുത്ത് വരികയാണ്. 
ഈ വരുന്ന ( Date..............) ഞാൻ വിശുദ്ധ ഹറമിലേക്ക് യാത്രയാവുകയാണ്; ഇൻശാ അല്ലാഹ്.
 
ഏറെക്കാലമായി കൊതിച്ച ആ അസുലഭ മുഹൂർത്തം എൻറെ ജീവിതത്തിൽ ഉണ്ടാകുന്നത് നിങ്ങളുടെ കൂടി പ്രാർത്ഥനാ ഫലമാണെന്ന് ഈ വിനീതൻ വിശ്വസിക്കുന്നു! റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.

മേൽസൂചിപ്പിച്ച സന്തോഷം അറിയിക്കുന്നതിനും നമ്മുടെ മദ്രസയിലെ ജോലിസംബന്ധമായ കാര്യം കൂടി ബഹുമാനപ്പെട്ട കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ഈ കത്ത്. ഉംറ: യാത്രാസംബന്ധമായി (രണ്ട് / രണ്ടര / മൂന്ന്) ആഴ്ചക്കാലം അവധിയെടുക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. 

സ്വദർ എന്ന നിലയിൽ എന്നിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ ഈ ഉംറ: കാലയളവിൽ എന്റെ സഹപ്രവർത്തകൻ ബഹുമാനപ്പെട്ട ................. ഉസ്താദിനെ ഞാൻ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നു. 
അദ്ദേഹം അക്കാര്യങ്ങൾ വളരെ ഭംഗിയോടെ നിർവ്വഹിക്കുമെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. ആയതിനാൽ ( Date.......) മുതൽ ഉംറ: കഴിഞ്ഞു വരുന്നതുവരെ
എനിക്ക് ബഹുമാനപ്പെട്ട കമ്മിറ്റി ലീവ് അനുവദിച്ചു തരണമെന്നും വിശുദ്ധമായ തീർത്ഥാടനം സമ്പൂർണ റാഹത്തിലാകാൻ ദുആ വേണമെന്നും അപേക്ഷിക്കുകയാണ്.

പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യസ്ഥലികളിൽ എല്ലാം നിങ്ങൾക്കും നമ്മുടെ മക്കൾക്കും നമ്മുടെ ദീനീ സ്ഥാപനങ്ങൾക്കും വേണ്ടി ഞാൻ ദുആ ചെയ്യുന്നതാണ്; ഇൻശാ അല്ലാഹ്.

എല്ലാവിധ ഖൈറിനും വേണ്ടി ദുആ ചെയ്യണമെന്ന് വീണ്ടും അഭ്യർത്ഥിച്ചു കൊണ്ട്, 

നിങ്ങളുടെ വിശ്വസ്തൻ
.................വഹബി 
(സ്വദർ: ................... മദ്രസ, 
അയിലക്കാട് )

സാന്ത്വനം : കുടുംബ കൃഷി വാട്സാപ് ഗ്രൂപ്പിനെ കുറിച്ച്

 സാന്ത്വനം മെഡിക്കൽ സെന്റർ നടുവട്ടം.

കുടുംബ കൃഷി
വാട്സാപ് ഗ്രൂപ്പിനെ കുറിച്ച്
....................................................

കാർഷിക മേഖലയെ പ്രോൽസാഹിപ്പിക്കാനും കർഷകർക്കാവശ്യമായ നിർദേശങ്ങൾ നൽകാനും, പുതിയ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും, ഇവരുടെ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുത്താനും ലക്ഷ്യം വെച്ചുള്ള മൊബൈൽ ഫോൺ കൂട്ടായ്മയാണ് ഇത്. 

സാധാരണക്കാരും സമുന്നതരുമായ,
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, വ്യത്യസ്ത നാട്ടുകാരായ ആളുകൾ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. എല്ലാവരേയും കോർത്തിണക്കി കാർഷിക മേഖലയെ ഉണർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാവുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

അതിനാൽ, ചില നിർദേശങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ..

കൃഷിയുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയവും ഇവിടെ ചർച്ചക്കെടുക്കരുതെന്നാണ് ആദ്യ അഭ്യർഥന.

നാമെല്ലാവരും വിവിധങ്ങളായ മറ്റു ഗ്രൂപ്പുകളിൽ അംഗങ്ങളാണല്ലോ.. പുറമെ, ഇങ്ങനെയൊരു പുതിയ ഗ്രൂപ്പ് കൂടി ഫോണിൽ വന്നത് പലർക്കും പ്രയാസമുണ്ടാക്കുന്നുണ്ടാവാം..

എന്നാൽ, താങ്കൾ ഒരു സുപ്രധാന വ്യക്തിയെന്ന നിലയ്ക്കും ഈ ഗ്രൂപ്പ് പ്രധാനപ്പെട്ടൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്ന ചിന്തയിലുമാണ് നിങ്ങളെ ഇതോടൊപ്പം ചേർത്തു പിടിച്ചിരിക്കുന്നത്!

'മൃഗസംരക്ഷണം' കൃഷിയുമായി ബന്ധപ്പെട്ടത് കൊണ്ട് അത്തരം വിഷയങ്ങളും ഇവിടെ ചർച്ച ചെയ്യാവുന്നതാണ്.

കൃഷിയുമായി ബന്ധമില്ലാത്ത ഒരുവിധ പോസ്റ്റുകളും (വീഡിയോ, ലിങ്കുകൾ, ആശംസകൾ, നിര്യാണം, അപകടം, കോവിഡ്.... തുടങ്ങിയവ) ഒരു കാരണവശാലും ഈ ഗ്രൂപ്പിലേക്ക് ഫോർവേർഡ് ചെയ്യരുത്.

കൃഷിയുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ എന്നിവ പോസ്റ്റ് ചെയ്യുമ്പോൾ നിർബന്ധമായും അതിന്റെ അടിക്കുറിപ്പ് ചേർക്കാൻ വിട്ടുപോകരുത്. താൽപ്പര്യമുള്ളവർക്ക് മാത്രം അവ ഡൗൺലോഡ് ചെയ്യാൻ ഇത് സഹായകമാവും.

നിങ്ങളുടെ കൃഷിയുടെയും വിളവെടുപ്പിന്റെയും ചിത്രങ്ങളും വീഡിയോകളും  രണ്ടിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.

കൃഷിയുമായി ബന്ധപ്പെട്ട അറിവുകളും സംശയങ്ങളും ഗ്രൂപ്പിൽ പങ്ക് വെക്കുകയും അഡ്മിൻമാരും വിദഗ്ധരും നൽകുന്ന മെസേജുകൾ ശ്രദ്ധിക്കുകയും ചെയ്യണം.

നിങ്ങളുടെ പോസ്റ്റുകൾ ( സംശയം/അറിവ് എന്നിവ ) പരമാവധി മലയാളത്തിൽ തന്നെ ടൈപ്പ് ചെയ്യാനും, സാധിക്കാത്തവർ വളരെ ചുരുങ്ങിയ രൂപത്തിൽ പ്രധാനപ്പെട്ടത് മാത്രം വോയ്സിൽ ഇടാനും ശ്രദ്ധിക്കണം. (മംഗ്ലീഷ് പൂർണമായും ഒഴിവാക്കുക)

നിർബന്ധിത ഘട്ടത്തിൽ മെഡിക്കൽ സെൻററുമായി ബന്ധപ്പെട്ട കർഷകർക്ക് ഉപകരിക്കുന്ന സന്ദേശങ്ങൾ വരുമ്പോൾ സഹകരിക്കേണ്ടതാണ്.

ഈ ഗ്രൂപ്പ് വഴിയുള്ള ബന്ധത്തിലൂടെ അംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന കാർഷികോൽപ്പന്നങ്ങളുടെ "കൊടുക്കൽ - വാങ്ങലുകൾക്ക് " വ്യക്തിപരമായ ഉത്തരവാദിത്വമേ ഉണ്ടായിരിക്കൂ...

മുകളിൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കാൻ സാധിക്കാത്തവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതാണ്. 
എന്നാൽ, അബദ്ധത്തിൽ പിഴവുകൾ സംഭവിച്ചാൽ അഡ്മിൻമാരുമായി PM (പേഴ്സണൽ മെസേജ് ) ചെയ്ത് പരിഹാരം കാണാവുന്നതാണ്.

കാർഷിക രംഗത്തുള്ള പ്രമുഖർ ഈ ഗ്രൂപ്പിലുണ്ട്. തിരക്കുകൾക്കിടയിലും അവരുടെ വിലപ്പെട്ട സമയം നമുക്ക് വേണ്ടി നൽകുന്നത് നമ്മുടെ വീടിന്റെയും നാടിന്റെയും സുജീവിതവും കാർഷിക പുരോഗതിയും  ലക്ഷ്യം വെച്ചാണ്. 
അതിനാൽ, നടുവട്ടം സാന്ത്വനം മെഡിക്കൽ സെന്റർ, നാടിന്റെ കാർഷികാഭിവൃദ്ധിക്കു വേണ്ടി രൂപം നൽകിയ ഈ കൂട്ടായ്മയെ നല്ല രൂപത്തിൽ മുന്നോട്ട് നയിക്കാനും പരസ്പരം പ്രയോജനകരമാക്കാനും ഇതിലെ ബഹുമാന്യരായ അംഗങ്ങൾ ബോധപൂർവം പരിശ്രമിക്കണമെന്ന് അഭ്യർഥിക്കുന്നു.

എല്ലാവർക്കും നന്മകൾ നേർന്ന്,

സയ്യിദ് SIK തങ്ങൾ, മൂതൂർ

പ്രൊ. അനീസ് ഹൈദരി

ഡോ. സജീർ

പ്രിയൻ നടുവട്ടം

ഹസൻ നെല്ലിശ്ശേരി