ഈ എഴുത്തുപുരയില്‍..

15 June 2022

താണിശ്ശേരി ഇബ്രാഹീം സാഹിബിനെ ഓർക്കുമ്പോൾ ..


സൗമ്യനും സ്നേഹ ഹൃദയനുമായ വ്യക്തിത്വമായിരുന്നു ഇന്നലെ (2022 ജൂൺ 2 ) ഇരിങ്ങാലക്കുട താണിശ്ശേരിയിൽ അന്തരിച്ച കറുപ്പം വീട്ടിൽ ഇബ്രാഹീം സാഹിബ്. 
മത സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നിശ്ശബ്ദനായും നിഷ്കാമിയായും എളിമയോടെ വർത്തിച്ച അദ്ദേഹം, ഒരു കൊച്ചു ദേശത്തിന് ദു:ഖഭാരം ചാർത്തിയാണ് വിട വാങ്ങിയത്. 

താണിശ്ശേരി ജുമാമസ്ജിദിന്റെയും രിയാളുൽ ഉലൂം മദ്രസയുടെയും ഭരണ, പരിപാലന കാര്യങ്ങളിൽ നേതൃപരമായും കർമപരമായും പങ്കാളിത്തം വഹിച്ച ഇബ്രാഹീം സാഹിബ്, പാവനമായ ദിനീസ്ഥാപനങ്ങളുടെ നല്ലൊരു അയൽവാസിയും ആതിഥേയനുമായിരുന്നു. 

ഏറെക്കാലം പ്രവാസിയായിരുന്ന അദ്ദേഹം, അവധിക്കെത്തുമ്പോൾ അഞ്ചു നേരവും വന്നെത്തി ആരാധനാ കാര്യങ്ങളിലും ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളിലും തൽപരതയോടെ ഇടപെട്ടു.
നാട്ടിൽ സ്ഥിരമാക്കിയ സന്ദർഭത്തിൽ മഹല്ലു ജമാഅത്തിന്റെ മുഖ്യ കാര്യദർശി പദവിയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മഹല്ലു പാരമ്പര്യങ്ങൾക്ക് കാവലാളാവുകയും ചെയ്തു.

താണിശ്ശേരി എന്ന പ്രദേശത്ത എന്റെ ജീവിതകാലത്ത് അദ്ദേഹം അങ്ങേയറ്റം അടുപ്പത്തോടെ പെരുമാറിയ ഓർമകൾ, വിയോഗ വേദനയുടെ മുകമായ പ്രതലങ്ങളിൽ പരന്നൊഴുകുന്നു...

മക്കളുടെ അധ്യാപകൻ എന്ന നിലയിലും ഭൗതിക മേഖലയിലെ ഒരു പഠിതാവ് എന്ന പരിഗണനയിലും ഇബ്രാഹീംക്ക എനിയ്ക്കു നൽകിയ ആദരവും സ്നേഹവും സൽക്കാരവും അളവറ്റതായിരുന്നു.. 
നീണ്ട ഇടവേളകൾക്കൊടുവിൽ താണിശ്ശേരിയിൽ എത്തുമ്പോഴൊക്കെ അദ്ദേഹത്തെ സന്ദർശിച്ചു ഞാൻ ആത്മബന്ധങ്ങൾ പുതുക്കി. 

മഹല്ലു ചലനങ്ങളും പുതു ചരിതങ്ങളും സത്യസന്ധതയോടെ പങ്കുവെക്കുമ്പോൾ ഐക്യവും ഭദ്രതയും കാത്തു സൂക്ഷിക്കാൻ പ്രതിബദ്ധനായ ഒരു മാതൃകാ മഹല്ലു പരിപാലകന്റെ മനസ്സ് അദ്ദേഹത്തിൽ എനിക്കനുഭവപ്പെട്ടിരുന്നു.

ആശങ്കയുടെ അടയാളം സൃഷ്ടിച്ച് രോഗം കീഴ്പെടുത്തിയ ബോധ്യത്തിലും സ്വന്തം കുടുംബത്തിന്റെ കണ്ണീർ തുടച്ച സ്നേഹ സമ്പന്നനായ നാഥനായിരുന്നു ഇബ്രാഹീംക്ക..

മരുമകന്റെ ആകസ്മിക വിയോഗം തീർത്ത വൈഷമ്യങ്ങൾക്കു നടുവിലും
അദ്ദേഹം സ്വന്തം രോഗാവസ്ഥകൾ മറന്ന് ജീവിതായോധനത്തിൽ മുഴുകുകയും
വൈധവ്യത്തിന്റെ വേദന കടിച്ചമർത്തുന്ന
മകളുടെയും വാത്സല്യം നഷ്ടപ്പെട്ട അനാഥരായ കുഞ്ഞുങ്ങളുടെയും  
ആശ്വാസത്തുരുത്താവുകയും ചെയ്തു.

തണലും അഭയവുമേകിയ ആ സാന്നിധ്യം ഇനിയില്ല..

വ്യസനിക്കുന്ന മനസുകളിൽ സമാധാനം നേരുന്നതോടൊപ്പം ആയുസ്സിന്റെ അധ്യായങ്ങളിൽ ഇബ്രാഹീം സാഹിബ് ചെയ്തു വെച്ച സദ്കർമങ്ങൾ സ്വർഗലബ്ധിക്കു നിമിത്തമാക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം..
 

റഫീഖ് നടുവട്ടം
+ 91 9495808876




No comments: