ഈ എഴുത്തുപുരയില്‍..

06 July 2022

കെ ജി വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചത്ത എലി; പരിഭ്രാന്തരായി അധ്യാപകർ

മലപ്പുറം : ഭക്ഷണ സമയത്ത് വെള്ളം ആവശ്യപ്പെട്ട എൽ കെ ജി വിദ്യാർഥിക്ക് ബോട്ടിൽ തുറന്നു കൊടുത്ത അധ്യാപിക കാഴ്ച കണ്ടു ഞെട്ടി; വെള്ളക്കുപ്പിയിൽ ചത്ത എലിക്കുഞ്ഞ് !

ഉച്ചഭക്ഷണത്തിനിടെ,  
വീട്ടിൽനിന്നു കൊണ്ടുവന്ന വെള്ളക്കുപ്പി 
തുറന്നു കൊടുക്കാൻ എൽ കെ ജി വിദ്യാർഥി സഹായം ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപിക ചത്ത എലിയെ കണ്ടത്. തിരൂരിനടുത്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.

പുറമെ സ്റ്റീൽ കോട്ടിംഗ് ഉള്ള ബോട്ടിലിന്റെ അടപ്പു തുറന്നപ്പോൾ എന്തോ വസ്തു  വെള്ളത്തിൽ പൊന്തിക്കിടക്കുന്നതായി ക്ലാസ് അധ്യാപികയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പുറത്തെടുത്തപ്പോഴാണ് എലിയാണന്ന് മനസ്സിലായത്. ബോട്ടിലിൽ നിന്ന് കുട്ടി രാവിലെ വെള്ളം കുടിച്ചതായി തോന്നുന്നു എന്ന് കൂട്ടുകാർ പറഞ്ഞതോടെ പരിഭ്രാന്തരായ സ്കൂൾ അധികൃതർ വിദ്യാർഥിയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. 

വിവരം അറിഞ്ഞ് ആശുപത്രിയിൽ  കുട്ടിയുടെ രക്ഷിതാക്കളും കുതിച്ചെത്തി. പരിശോധനയ്ക്കു ശേഷം അടിയന്തിര പ്രതിരോധ മരുന്നുകൾ നൽകിയ ഡോക്ടർ, നിരീക്ഷണവും ലാബ് പരിശോധനകളും നിർദേശിച്ചാണ് മാതാപിതാക്കൾക്കൊപ്പം വിദ്യാർഥിയെ വീട്ടിലേക്കയച്ചത്.

****       ****      ****       ****
കോവിഡാരംഭത്തിനു മുമ്പുള്ള അധ്യയന വർഷത്തിൽ തിരൂരിനടുത്ത് ഒരു സ്കൂളിൽ ഉണ്ടായ ഈ സംഭവം, പഴയ പോലെ വിദ്യാലയങ്ങൾ തുറന്ന ഈ സന്ദർഭത്തിൽ പങ്കുവയ്ക്കുന്നത് പ്രസക്തമെന്നു തോന്നി.

അതീവ ശ്രദ്ധയും പരിചരണവും സ്നേഹവും ഒക്കെ നൽകിയാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുരുന്നുകളെ സ്കൂളുകളിലേയ്ക്ക് അയക്കുന്നത്. 
അവർ തിരിച്ചെത്തും വരെ ആധിയൊഴിയുന്നില്ല മാതാപിതാക്കളുടെ മനസ്സുകളിൽ. 

എന്നാൽ, എത്ര കരുതൽ നൽകിയാലും സംഭവിച്ചു പോകാവുന്ന അപകടങ്ങളിലേയ്ക്ക് വിരൽ ചൂണ്ടാനാണ് രണ്ടു വർഷം മുമ്പ് ഉണ്ടായ സ്വന്തം അനുഭവം മുകളിൽ കുറിച്ചത്.

ഷൂവിനുള്ളിലും ചെരുപ്പിനുള്ളിലും പാമ്പുകളും ക്ഷുദ്ര ജീവികളും കയറിക്കിടക്കും എന്ന അനുഭവത്തിൽ, അവ കാലിൽ ധരിക്കും മുമ്പ് നാം തട്ടിക്കുടയാറുണ്ട്; പ്രത്യേകിച്ചും കുട്ടികളുടെ പാദരക്ഷകൾ.

പുസ്തകങ്ങൾ കൊണ്ടുപോകുന്ന ബാഗുകൾ പോലും ചില രക്ഷിതാക്കൾ പരിശോധിക്കാറുണ്ടങ്കിലും ആഹാര വസ്തുക്കൾ കൊടുത്തയക്കുന്ന പാത്രങ്ങൾ  സൂക്ഷ്മമായി ചിലർ നോക്കാറില്ല എന്നതാണ് വസ്തുത.

തലേന്നു കഴുകി തുറന്നുവെച്ച ഫ്ളാസ്ക്  പോലെയുള്ള വെള്ളപ്പാത്രത്തിൽ കയറിക്കൂടിയ എലിക്കുഞ്ഞിനെ ശ്രദ്ധയിൽപെടാതെ കുട്ടിക്കു കുടിക്കാനുള്ള വെള്ളം രാവിലെ
അതിൽ നിറച്ചു കൊടുക്കുകയായിരുന്നു തിരൂരിലെ തിരക്കുപിടിച്ച വീട്ടമ്മ !

ഭാഗ്യവശാൽ വഴിമാറിപ്പോയ ഒരു അത്യാഹിതത്തിനു വഴിവെച്ച ആ അശ്രദ്ധ എല്ലാ കുടുംബിനികൾക്കും ഇനി പാഠമാകണം. പ്രത്യേകിച്ചും, സ്കൂൾ ദിനങ്ങളിൽ അതിരാവിലെ മുതൽ തിരക്കിലമരുന്ന അമ്മമാർ മക്കളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയേ പറ്റൂ..

സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ സംബന്ധിച്ചെടുത്തോളം അവരെ നേരത്തെ ഒരുക്കേണ്ടതും വീട്ടുപടിക്കൽ എത്തുന്ന വാഹനങ്ങളിൽ കൃത്യസമയത്തിനു കയറ്റേണ്ടതും ഭഗീരഥ പ്രയത്നം തന്നെയാണ് ! 
പക്ഷേ, ഇതിനിടയിൽ വന്നു പോകുന്ന ബോധപൂർവകമല്ലാത്ത വീഴ്ചകൾക്ക് ഒരു പക്ഷേ വലിയ വില തന്നെ നാം നൽകേണ്ടിവരും.

ഒരു കുരുന്നു ബാലനെ അപകടത്തിൽ നിന്നു കാത്തു രക്ഷിച്ച തിരൂരിലെ ആ  അധ്യാപികയെ മാതൃകയാക്കി എല്ലാവരും  കുറച്ചു കൂടി കരുതൽ നൽകിയാൽ മക്കളുടെ പുഞ്ചിരികൾ നമുക്ക് മായാതെ സൂക്ഷിക്കാം !

റഫീഖ് നടുവട്ടം
9495808876

15 June 2022

പതിനഞ്ചിന്റെ മൊഞ്ച് !

താണിശ്ശേരി ഇബ്രാഹീം സാഹിബിനെ ഓർക്കുമ്പോൾ ..


സൗമ്യനും സ്നേഹ ഹൃദയനുമായ വ്യക്തിത്വമായിരുന്നു ഇന്നലെ (2022 ജൂൺ 2 ) ഇരിങ്ങാലക്കുട താണിശ്ശേരിയിൽ അന്തരിച്ച കറുപ്പം വീട്ടിൽ ഇബ്രാഹീം സാഹിബ്. 
മത സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നിശ്ശബ്ദനായും നിഷ്കാമിയായും എളിമയോടെ വർത്തിച്ച അദ്ദേഹം, ഒരു കൊച്ചു ദേശത്തിന് ദു:ഖഭാരം ചാർത്തിയാണ് വിട വാങ്ങിയത്. 

താണിശ്ശേരി ജുമാമസ്ജിദിന്റെയും രിയാളുൽ ഉലൂം മദ്രസയുടെയും ഭരണ, പരിപാലന കാര്യങ്ങളിൽ നേതൃപരമായും കർമപരമായും പങ്കാളിത്തം വഹിച്ച ഇബ്രാഹീം സാഹിബ്, പാവനമായ ദിനീസ്ഥാപനങ്ങളുടെ നല്ലൊരു അയൽവാസിയും ആതിഥേയനുമായിരുന്നു. 

ഏറെക്കാലം പ്രവാസിയായിരുന്ന അദ്ദേഹം, അവധിക്കെത്തുമ്പോൾ അഞ്ചു നേരവും വന്നെത്തി ആരാധനാ കാര്യങ്ങളിലും ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളിലും തൽപരതയോടെ ഇടപെട്ടു.
നാട്ടിൽ സ്ഥിരമാക്കിയ സന്ദർഭത്തിൽ മഹല്ലു ജമാഅത്തിന്റെ മുഖ്യ കാര്യദർശി പദവിയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മഹല്ലു പാരമ്പര്യങ്ങൾക്ക് കാവലാളാവുകയും ചെയ്തു.

താണിശ്ശേരി എന്ന പ്രദേശത്ത എന്റെ ജീവിതകാലത്ത് അദ്ദേഹം അങ്ങേയറ്റം അടുപ്പത്തോടെ പെരുമാറിയ ഓർമകൾ, വിയോഗ വേദനയുടെ മുകമായ പ്രതലങ്ങളിൽ പരന്നൊഴുകുന്നു...

മക്കളുടെ അധ്യാപകൻ എന്ന നിലയിലും ഭൗതിക മേഖലയിലെ ഒരു പഠിതാവ് എന്ന പരിഗണനയിലും ഇബ്രാഹീംക്ക എനിയ്ക്കു നൽകിയ ആദരവും സ്നേഹവും സൽക്കാരവും അളവറ്റതായിരുന്നു.. 
നീണ്ട ഇടവേളകൾക്കൊടുവിൽ താണിശ്ശേരിയിൽ എത്തുമ്പോഴൊക്കെ അദ്ദേഹത്തെ സന്ദർശിച്ചു ഞാൻ ആത്മബന്ധങ്ങൾ പുതുക്കി. 

മഹല്ലു ചലനങ്ങളും പുതു ചരിതങ്ങളും സത്യസന്ധതയോടെ പങ്കുവെക്കുമ്പോൾ ഐക്യവും ഭദ്രതയും കാത്തു സൂക്ഷിക്കാൻ പ്രതിബദ്ധനായ ഒരു മാതൃകാ മഹല്ലു പരിപാലകന്റെ മനസ്സ് അദ്ദേഹത്തിൽ എനിക്കനുഭവപ്പെട്ടിരുന്നു.

ആശങ്കയുടെ അടയാളം സൃഷ്ടിച്ച് രോഗം കീഴ്പെടുത്തിയ ബോധ്യത്തിലും സ്വന്തം കുടുംബത്തിന്റെ കണ്ണീർ തുടച്ച സ്നേഹ സമ്പന്നനായ നാഥനായിരുന്നു ഇബ്രാഹീംക്ക..

മരുമകന്റെ ആകസ്മിക വിയോഗം തീർത്ത വൈഷമ്യങ്ങൾക്കു നടുവിലും
അദ്ദേഹം സ്വന്തം രോഗാവസ്ഥകൾ മറന്ന് ജീവിതായോധനത്തിൽ മുഴുകുകയും
വൈധവ്യത്തിന്റെ വേദന കടിച്ചമർത്തുന്ന
മകളുടെയും വാത്സല്യം നഷ്ടപ്പെട്ട അനാഥരായ കുഞ്ഞുങ്ങളുടെയും  
ആശ്വാസത്തുരുത്താവുകയും ചെയ്തു.

തണലും അഭയവുമേകിയ ആ സാന്നിധ്യം ഇനിയില്ല..

വ്യസനിക്കുന്ന മനസുകളിൽ സമാധാനം നേരുന്നതോടൊപ്പം ആയുസ്സിന്റെ അധ്യായങ്ങളിൽ ഇബ്രാഹീം സാഹിബ് ചെയ്തു വെച്ച സദ്കർമങ്ങൾ സ്വർഗലബ്ധിക്കു നിമിത്തമാക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം..
 

റഫീഖ് നടുവട്ടം
+ 91 9495808876




25 April 2022

ആഫ്രിക്കൻ പ്രവാസത്തിലെ റമസാൻ കാലങ്ങൾ

അറേബ്യൻ മണ്ണിലിരുന്ന് വ്രതകാലം ഓർക്കുമ്പോൾ മനോമുകുരത്തിൽ മധുരിക്കുന്നത് ആഫ്രിക്കൻ പ്രവാസമാണ്. 

പതിനേഴു വർഷം മുമ്പുള്ള ആ റമസാൻ സ്മരണകൾക്ക് ഗൃഹാതുരതയുടെ നൊമ്പരങ്ങൾക്കും ആഹാരപ്പെരുമകളുടെ വീരസ്യങ്ങൾക്കുമപ്പുറം ആരാധനാ തൽപ്പരതയിൽ ഒരു ജനത എന്നിൽ ആശ്ചര്യപ്പെടുത്തിയ ചിത്രങ്ങളുണ്ട് !

തെക്കനാഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ 2004 ൽ ആയിരുന്നു ഞാൻ ജോലി നേടിയെത്തിയത്. 
രാജ്യതലസ്ഥാനമായ 'മപ്പുട്ടോ'വിൽ നിന്ന് 1200 കി.മീ അകലെയുള്ള സുപ്രധാന നഗരമായ 'ബൈറ'യിലായിരുന്നു ആദ്യ നിയമനം. 
തദ്ദേശിയരുടെ ജീവിത രൂപങ്ങൾ ആഫ്രിക്കൻ പ്രവാസത്തിന്റെ ആദ്യ സമയങ്ങളിൽ എനിക്ക് ഉൾക്കൊള്ളാനായില്ലെങ്കിലും, മാസങ്ങൾക്കു പിറകെ വന്നെത്തിയ റമസാൻ കാലം അതിവിദൂരമായ ആ അവികസിത രാജ്യത്തെ
വൈയക്തികമായ മനം മടുപ്പുകൾക്കു
വേഗതയിൽ തടയിട്ടു. 

കുത്തഴിഞ്ഞ ജീവിതവുമായി കഴിഞ്ഞു പോകുന്ന ഒരു ജനതയിലെ മുസ്‌ലിം പരിഛേദം, വ്രതമാസം ആഗതമായതോടെ വ്യത്യസ്ഥരായി. പേരു കൊണ്ടു പോലും തിരിച്ചറിയാത്ത അവിടുത്തെ ഇസ്‌ലാം വിശ്വാസികളെ വേഷം കൊണ്ട് പരിണിതപ്പെടുത്തുകയായിരുന്നു 
വിശുദ്ധ മാസം ! 

ഏതൊരു റമസാൻ വിരുന്നെത്തുമ്പോഴും ആഗോള തലത്തിൽ വിശ്വാസികൾക്കുള്ളിൽ ഉണ്ടാകുന്ന ആത്മീയമായ ഉണർവ് ഇവിടെ ഞാൻ കണ്ടത് അവരുടെ വേഷവിധാനങ്ങളിലായിരുന്നു.

ദരിദ്ര ജനതയായിട്ടു കൂടി പടിഞ്ഞാറിന്റെ വസ്ത്ര സംസ്കാരം അതേപടിയോ അതിലപ്പുറമോ മറ്റുള്ളവരോടൊപ്പം അനുകരിച്ച മുസ്‌ലിംകൾ, വ്രതമെത്തിയതോടെ അമ്പരിപ്പിക്കും വിധം അമ്പാടെ മാറി ! പർദ്ദകളിലേയ്ക്കും ഹിജാബുകളിലേയ്ക്കും മറ്റു മാന്യമായ വസ്ത്രധാരണകളിലേയ്ക്കും നടപ്പുരീതികൾ ചിട്ടപ്പെടുത്തിയാണ് മുസ്‌ലിം സ്ത്രീകൾ പാതയോരങ്ങളിൽ പ്രതൃക്ഷപ്പെട്ടത് !

ബാങ്കുകളിലും കച്ചവട സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്ഥിരമായി കണ്ടുമുട്ടിയിരുന്ന ജീവനക്കാരിൽ പലരും മുസ്‌ലിം വിഭാഗത്തിൽ പെട്ടവരാണെന്ന യാഥാർഥ്യം മനസ്സിലാക്കിത്തരാൻ വിശുദ്ധ മാസം വരേണ്ടി വന്നു !

ജോലിയുടെ ഭാഗമായി മാർക്കറ്റ് പഠനത്തിന് നിർദേശം ലഭിച്ച ചില റമസാൻ പകലുകളിൽ 'ബൈറ' പ്രവിശ്യയുടെ തിരക്കേറിയ നഗരവൃത്തതിൽ ചുറ്റിയ എനിയ്ക്ക്, നീഗ്രോകളെ കുറിച്ചുള്ള മതവിശ്വാസ ധാരണകൾ പൊളിച്ചെഴുതേണ്ട കാഴ്ചകൾ കാണാനിടയായി.
ആരാധനകളിലും അനുബന്ധമായ കർമങ്ങളിലും കേരളീയർക്കുള്ളത്ര ഇഷ്ടവും നിഷ്ഠയും മറ്റാർക്കുമില്ലെന്ന എന്റെ അബദ്ധ ധാരണകളെ ആ ആഫ്രിക്കൻ നഗരത്തിൽ വെച്ച് വലിച്ചെറിയേണ്ടി വന്നു !

ഇറക്കുമതി സാധനങ്ങൾ വലിയ തോതിൽ വിൽപനയ്ക്കു വച്ച ഒരു വസ്ത്രക്കടയിൽ ഒരിക്കൽ എന്റെ 'മിഷൻ' ഉള്ളിലൊളിപ്പിച്ച് കയറിയപ്പോൾ ഖുർആൻ പാരായണത്തിൽ മുഴുകിയ ചുണ്ടുവരണ്ട കറുത്തുതടിച്ച ഒരു മനുഷ്യനെ കണ്ടു. കച്ചവടത്തിരക്കിനിടയിലും ചെറിയൊരു മുസ്ഹഫ് നിവർത്തി വെച്ച് പാരായണത്തിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്കിടെ മുഖമുയർത്തി കടയ്ക്കുള്ളിലെ കാര്യങ്ങൾ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു ഉടമസ്ഥനെന്ന് തോന്നിപ്പിച്ച ആ നൈജീരിയൻ വംശജൻ.

ഒറ്റപ്പെട്ടതെന്നു കരുതിയെങ്കിലും, മനസ്സിന് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചകൾ തന്നെയാണ് അന്നത്തെ തുടർ സഞ്ചാരങ്ങളിൽ കണ്ണുകളിൽ പതിഞ്ഞത്. അവരുടെ അധീനതയിലുള്ള ഒട്ടുമിക്ക വ്യാപാര കേന്ദ്രങ്ങളിലും വിശുദ്ധ സൂക്തങ്ങളിൽ ആത്മീയ നിർവൃതിയടയുന്ന ആഫ്രിക്കൻ വംശജരെ ഞാൻ കാണാനിടയായി. 
മാത്രമല്ല, നിർമാണത്തിലിരിക്കുന്ന ചില കെട്ടിടങ്ങളുടെ പാർശ്വങ്ങളിൽ 
നിസ്ക്കാരത്തിനായി പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ പോലും കൊടും ചൂടു വകവയ്ക്കാതെ കൂട്ടമായി ഇരുന്ന് ഖുർആൻ പാരായണത്തിൽ മുഴുകിയ കറുത്ത വംശജർ , നമ്മുടെ നാടുകളിലെ പൗരാണികമായ പള്ളികളിലെ ഇഅതികാഫുകളേയാണ് ഓർമിപ്പിച്ചത്.

ബൈറയിലേയും തലസ്ഥാന നഗരമായ മപ്പുട്ടോവിലേയും വ്യത്യസ്ഥമായ മസ്ജിദുകളിലെ ആരാധനാ വൈവിധ്യങ്ങൾ മൂന്നര വർഷക്കാലത്തെ
മൊസാംബിക്കൻ പ്രവാസത്തിൽ നിന്ന്
അനുഭവിച്ചറിയാനായിട്ടുണ്ട്. 

വിവിധ ഇസ്‌ലാമിക രാജ്യങ്ങളിലെ ധനാഢ്യരുടേയും മൊസാംബിക് മുസ്‌ലിം വ്യവസായികളുടേയും സഹകരണത്തിൽ നിർമിക്കപ്പെട്ട പട്ടണത്തിലെ വലിയ പള്ളികളിലും ഗ്രാമീണ മേഖലയിലെ ചെറിയ പള്ളികളിലും ജുമുഅഃ /തറാവീഹ് നിസ്കാരങ്ങൾക്ക് പങ്കെടുത്ത പ്രവാസകാലങ്ങളിൽ നിന്ന് അനുഭവേദ്യമായിട്ടുള്ളത്, സുന്നീ വിശ്വാസധാരകളുടെ സാധൂകരണവും നിർവഹണവുമാണ്.

വിശ്വാസികളുടെ ജ്ഞാന ശാക്തീകരണത്തിനു വേണ്ടിയുള്ള ഉദ്ബോധനങ്ങൾക്ക് മാത്രം ദേശീയ/ പ്രാദേശിക ഭാഷകൾ തെരഞ്ഞടുക്കുകയും ആരാധനാ
സംബന്ധമായവയ്ക്ക് അറബി ഭാഷ തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഇവിടെയും കണ്ടു. 

തറാവീഹിന്റെ എണ്ണത്തിലും നിർവഹണത്തിലും ആഗോള മുസ്‌ലിം സമൂഹം അനുവർത്തിക്കുന്ന രീതിയും എന്റെ ആഫ്രിക്കൻ നോമ്പോർമകളിൽ ആത്മീയ ചൈതന്യം നിറയ്ക്കുന്നു.

ബൈറയിൽ താമസിച്ചിരുന്ന നാളുകളിൽ വാടകയ്ക്കെടുത്ത വില്ലയുടെ അയൽവാസിയായിരുന്ന 
മൊസാംബിക്കൻ പൗരത്വമുള്ള
ഇന്ത്യൻ വംശജരായ മുസ്‌ലിം കുടുംബം ഇടയ്ക്കിടെ അവരുടെ വീട്ടിലെ ഭക്ഷണം എത്തിച്ചു തരുമായിരുന്നു. റമസാനിൽ പ്രത്യേക വിഭവങ്ങൾ തന്ന് സൽക്കരിച്ചു കൊണ്ടുളള അവരുടെ സ്നേഹവും ആതിഥ്യവും , കേരളീയർ നന്നേ വിരളമായിരുന്ന ആ ആഫ്രിക്കൻ ദേശത്തെ എന്റെ സ്വകാര്യ വിരഹങ്ങളിൽ വിശിഷ്ടമായ രുചിഭേദങ്ങളായി ഇന്ന് സ്മരണകളിലുണരുന്നു!

വിവിധ തരം മാങ്ങകളും മധുര നാരങ്ങയും ഉൾപ്പടെ സ്വാദിഷ്ടമായ പഴവർഗങ്ങൾ ഗുണമേന്മയിലും വിലക്കുറവിലും ധാരാളം ലഭിക്കുന്ന മൊസാംബിക്കിൽ ഒന്നരപ്പതിറ്റാണ്ടു മുമ്പത്തെ ആ ആദ്യ പ്രവാസത്തിലെ വ്രതകാലം ഇന്നും ഹൃദയതീരങ്ങളിൽ മധുരം ചൊരിയുന്നു !!
..................................................
(2022 ഏപ്രിൽ 15 ന് സിറാജ് ദിനപത്രം ദുബൈ എഡിഷനിൽ പ്രസിദ്ധീകരിച്ചത് )
 

പ്രവാസ മണ്ണിലെ പ്രസ്ഥാന വാർത്തകൾ

ദുബൈ അൽ ഖലീജ് യൂണിറ്റ് lCF നു വേണ്ടി തയ്യാറാക്കിയ ഡിജിറ്റൽ പത്രം

അൽഖലീജ് യൂണിറ്റ് ടൈംസ് 
പ്രകാശനം ചെയ്തു
ദുബൈ : പ്രബോധന പ്രവർത്തനങ്ങളുടെ മുന്നേറ്റ ചരിത്രങ്ങൾ രേഖപ്പെടുത്തി ഐ സി എഫ് അൽഖലീജ് യൂണിറ്റ് തയ്യാറാക്കിയ വാർത്താ പത്രിക പ്രകാശനം ചെയ്തു.

ദേരയിലെ നായിഫ് ലണ്ടൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഇബ്രാഹീം നദ്‌വി കൂത്താളിക്ക് നൽകിയാണ് "അൽഖലീജ് യൂണിറ്റ് ടൈംസ് " എന്ന പേരിൽ പത്രം പുറത്തിറക്കിയത്.

സംഘടനയുടെ അടിസ്ഥാന ഘടകത്തിൽ അടയാളപ്പെടുന്ന ചലനങ്ങൾ
കൃത്യതയോടും സമഗ്രതയോടും കൂടി വാർത്താ രൂപത്തിൽ അവതരിപ്പിച്ചും രൂപകൽപ്പന ചെയ്തുമാണ് അൽ ഖലീജ് യൂണിറ്റിന്റെ മാസാന്ത ഡിജിറ്റൽ പത്രം .

പ്രകാശനച്ചടങ്ങിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി, ജമാൽ ഹാജി ചങ്ങരോത്ത്, ആസിഫ് മൗലവി, ഹസൻ സഖാഫി മുഴപ്പാല, അബൂബക്കർ ബാഖവി ഒതുക്കുങ്ങൽ, അശ്റഫ് പാലക്കോട്,
അബ്ദുൽ ജലീൽ മുസ്‌ലിയാർ, അബ്ദുസ്സലാം മിസ്ബാഹി, നൗഷാദ് നിസാമി, ജലീൽ നിസാമി,
മുസ്തഫ ഫൈസി, പേരോട് മുഹമ്മദ് അഹ്സനി , മുഹമ്മദലി സൈനി തുടങ്ങിയവർ സംബന്ധിച്ചു.




23 March 2022

മുൻസീറ്റിൽ നിന്ന് മുന്നേ പോയവർ...

മരണം കൂട്ടിക്കൊണ്ടുപോയാലും സ്മരണകളിൽ ജീവിക്കുന്നവർ ഏറെയുണ്ട്. കാലമേറെ കഴിഞ്ഞാലും, ജീവിതപ്പടവുകളിൽ അവർ പകർത്തി വച്ച നിമിഷങ്ങൾ നൊമ്പരങ്ങളുടെ ഇരമ്പുന്ന സാഗരമായി മനസ്സിൽ അലയടിക്കും.

ഇതോടൊപ്പം ചേർത്ത വീഡിയോയിൽ എന്റെ ഒരാത്മ മിത്രത്തിന്റെ ദൃശ്യമുണ്ട്. ദിവംഗതനായ, തൃശൂർ ചെന്ദ്രാപ്പിന്നി ചാമക്കാല സ്വദേശി മർഹൂം. ശിഫാറിന്റെ ജീവൽസ്പന്ദങ്ങൾ ! കൂട്ടുകാരോടൊപ്പമുള്ള യാത്രയിൽ നിന്ന് പകർത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള ഒരേട്.

വാഹനമോടിക്കുന്നത് അസീം എന്നു 
പേരായ സ്വന്തം ചാമക്കാലക്കാരൻ. നാട്ടുകാർ എന്നതിലുപരി ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരും. 
മത സാമൂഹ്യ രംഗത്തും സാധു സംരക്ഷണ മേഖലയിലും നിറഞ്ഞുനിന്നവർ.. ചാമക്കാലയെന്ന തീരദേശത്തിന്റെ കാരുണ്യപ്രവൃത്തികളെ സാന്ത്വനരൂപങ്ങളായി സ്വയം
അടയാളപ്പെടുത്തിയ ചാലക വ്യക്തിത്വങ്ങൾ !

അഞ്ചാണ്ടുകൾക്ക് മുമ്പ് ദുബൈയിൽ വച്ചു ഷിഫാർ യാത്രയായി.. പെട്ടെന്നൊരു ദിനം പ്രിയതമയുടെയും വാത്സല്യഭാജനങ്ങളുടെയും മുന്നിൽ കലിമ ചൊല്ലിപ്പിരിഞ്ഞു പ്രിയ സുഹൃത്ത്..

ആറു മാസം മുമ്പാണ് അസീം ഇഹലോകം വെടിഞ്ഞത്. അപകടത്തിൽ പെട്ട ഒരു സംഘത്ത രക്ഷപ്പെടുത്താനുള്ള ഓട്ടത്തിനിടയിൽ മറ്റൊരു വാഹനാപകടത്തിലായിരുന്നു ആ ദാരുണ വിയോഗം...

മർഹും. ശിഫാറിന്റെ പ്രിയപെട്ടവർ കഴിഞ്ഞ ദിവസം കണ്ടെടുത്ത ഫോൺ മെമ്മറിക്കാർഡിലെ മനോഹര ദൃശ്യങ്ങളാണ് ഈ കുറിപ്പിനു പ്രേരിപ്പിച്ചത്.
ദുബൈയിൽ വച്ച് കൂട്ടുകാർക്കൊപ്പം നടത്തിയ സഞ്ചാരക്കാഴ്ച, സ്നേഹ മാനസങ്ങളുടെ സ്മരണകളിൽ
വർഷങ്ങൾക്കിപ്പുറം ഈറൻ വർഷിപ്പിക്കുന്നു..

ജീവിത യാത്രകളുടെ ഭൗതിക പാതകളിൽ ഒരു വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന് മദ്‌ഹ് കാവ്യം മൊഴിഞ്ഞും മന്ദഹാസം പൊഴിച്ചും ആത്മീയ സായൂജ്യം നേടുന്ന ആത്മ സുഹൃത്തുക്കൾ!

കദനം നിറച്ചു കടന്നുപോയ അവരെ സ്വർഗസ്ഥരാക്കാൻ നമുക്കു സർവ്വാധിപനോടു പ്രാർഥിക്കാം..

റഫീഖ് നടുവട്ടം
9495808876



26 February 2022

മതിപ്പു തീർത്ത് മടങ്ങിയ മൊയ്ദുസ്താദ്..


ജീവിതനിഷ്ഠകൾ കൊണ്ട് ജനമനസ്സുകളിൽ ഇഷ്ടം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കൂരിക്കുഴിയിൽ കഴിഞ്ഞ ദിവസം അന്തരിച്ച മൊയ്ദുസ്താദ് !

വിനയം കൊണ്ടും ലാളിത്യം കൊണ്ടും പെരുമാറ്റ മര്യാദകൾ കൊണ്ടും ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന ഉള്ളകം കൊണ്ടും ആരിലും ആദരവിന്റെ കതിരു തീർത്ത അധ്യാപകൻ !!

കയ്പമംഗലം മേഖലയിലെ അധ്യാപന കാലത്താണ്, കൂരിക്കുഴി പതിനെട്ട് മുറിയിലെ സിറാജുൽ ഹുദാ മദ്രസയിൽ ഞാനദ്ദേഹത്തിന്റെ സഹപ്രവർത്തകനായത്. 

ഒരു 'മൊല്ലാ'ക്കയുടെ ആകാരസൗഷ്ഠവത്തിൽ ആഗതനാകുമായിരുന്നു മൊയ്ദുസ്താദ്..

പഴയകാലത്തെ ഒരു ഓത്തുപള്ളിയുടെ
രംഗഭാവങ്ങൾ തളം കെട്ടിയ ക്ലാസ് റൂമിൽ ആത്മീയജ്ഞാനത്തിന്റെ അലിഫക്ഷരങ്ങൾ അദ്ദേഹം കുരുന്നുകളുടെ കരൾപാളികളിൽ കോർത്തു വയ്ക്കുന്ന കൗതുകക്കാഴ്ചകൾ ഇന്നിന്റെ ഈറൻ ഓർമകളിൽ മനോഹരമാകുന്നു..

എട്ടും ഒമ്പതും വയസ്സുകാരായ കുട്ടികളെ അവരുടെ താളത്തിനു തുള്ളിയും നുള്ളിയും അറിവിലേയ്ക്കു വിരുന്നൂട്ടിയിരുന്നു മൊയ്ദുസ്താദ് !

അത്യപൂർവമായി മാത്രം മദ്രസയിൽ അവധിയെടുത്ത അദ്ദേഹം, കുറഞ്ഞ സമയത്തെ അധ്യാപന ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ഊർജ്ജസ്വലനായി പാവനമായ ദീനീസ്ഥാപനത്തിന് മുതൽക്കൂട്ടായി മാറി.

അധ്യാപക സംഗമങ്ങൾക്ക് (റൈഞ്ച് യോഗങ്ങൾ) മുടക്കങ്ങളില്ലാതെ എത്തിച്ചേർന്ന് മാതൃകയായ അദ്ദേഹം, പള്ളിയുമായി ബന്ധപ്പെട്ട ആരാധനാ കർമങ്ങൾക്ക് നേതൃപരമായ സഹായങ്ങൾ അഭ്യർഥിച്ചാൽ കൃത്യതയോടും ഉത്തരവാദിത്വത്തോടും അത് നിറവേറ്റി സഹപ്രവർത്തകർക്ക് ആശ്വാസവുമായി !

ഉസ്താദുമാർക്ക് പ്രാതൽ ആയി വിവിധ വീടുകളിൽ നിന്ന് എത്തിച്ചിരുന്ന വിഭവങ്ങളിൽ കഞ്ഞിയോടായിരുന്നു മൊയ്ദുസ്താദിന് പ്രിയം.
ചെറുപ്പകാലത്തെ തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിരുന്ന് പട്ടിണിയുടേയും ഇല്ലായ്മകളുടെയും കഥ പറഞ്ഞാണ് ആ കഞ്ഞി അദ്ദേഹം കുടിച്ചു തീർക്കുക.
പിന്നെ, സമയം കളയാതെ സലാം പറഞ്ഞു പിരിയും. ഇഷ്ടക്കാർ പലരും പറഞ്ഞേൽപ്പിച്ച ഖുർആൻ/മാല/ മൗലിദ് പാരായണ നേർച്ചകളുടെ നിർവഹണങ്ങളിലേക്കായിരുന്നു 
മൊയ്ദുസ്താദിന്റെ പടിയിറക്കം.

വാഹന സൗകര്യങ്ങൾ ലഭ്യമായിരുന്നിട്ടു കൂടി കാൽനടയായിരുന്നു അദ്ദേഹത്തിന് പഥ്യം. ആരെയും ആശിക്കാതെയും പ്രതീക്ഷിക്കാതെയും ആശ്രയിക്കാതെയും തന്റെ ലക്ഷ്യസ്ഥാനങ്ങളിൽ അതിവേഗം ചെന്നെത്തിയ അദ്ദേഹം സ്ഥിര നടത്തം കൊണ്ട് ആരോഗ്യവും സ്ഥിരപ്പെടുത്തി !

കുടുംബ ജീവിതത്തിൽ കിട്ടിയ രണ്ട് ആൺ മക്കളേയും വിദ്യാഭ്യാസം നൽകി ഉയർത്തിയ മൊയ്ദുസ്താദ്, അവരെ ബിരുദധാരികളായ പണ്ഡിതരാക്കുകയും സുന്നീ പ്രസ്ഥാനത്തിന്റെ പ്രാദേശിക നേതൃസ്ഥാനങ്ങളിലും ദീനീ പ്രബോധന വഴികളിലും എത്തിച്ച് അഭിമാനികളാക്കി മാറ്റുകയും ചെയ്തു.

ഇരുപത് വർഷം മുമ്പായിരുന്നു "സിറാജുൽ ഹുദ"യിൽ ഞങ്ങളുടെ സഹവർത്തിത്വം. പിന്നീട് ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും കോവിഡാരംഭത്തിനു തൊട്ടുമുമ്പ് ഒരിക്കൽ കൂരിക്കുഴിയിലെ വീട്ടിൽ ഞാൻ ചെന്നു കണ്ടിരുന്നു. ദീർഘകാലത്തിന്റെ മുഖമാറ്റങ്ങളെ തിരിച്ചറിഞ്ഞും മറവിയുടെ മാറാല നീക്കിയും സ്മൃതിപഥങ്ങളിൽ ഞങ്ങൾ സ്നേഹ സംഭാഷണം നടത്തി.

പ്രായം എഴുപത്തിയഞ്ചു പിന്നിട്ടിട്ടും ആരോഗ്യദൃഢഗാത്രനായിരുന്ന മൊയ്ദുസ്താദിനെ അടുത്ത നാളുകളിലാണ് അനാരോഗ്യം ബാധിച്ചത്.
സ്ട്രോക്കിനെ തുടർന്ന് കിടപ്പിലായ അദ്ദേഹം കൂടുതൽ വൈഷമ്യങ്ങളിലേയ്ക്കു നീങ്ങുകയും മിനിഞ്ഞാന്ന് (2022 ഫെബ്രുവരി 21) പുലർച്ചെ ദിവംഗതനാവുകയും ചെയ്തു.

മതവിജ്ഞാനത്തിന്റെ മധുവും സ്നേഹ സൗമ്യതയുടെ ഭാവവും പകർന്ന്, ഒരു ദേശത്തിന്റെ മാനസ തീരങ്ങളിൽ മതിപ്പുകളുടെ മനോഹാരിത തീർത്താണ് മൊയ്ദുസ്താദ് നാഥനിലേയ്ക്കു മടങ്ങിയത്..

അല്ലാഹു അദ്ദേഹത്തിന്റെ ആത്മീയ സ്ഥാനം ഉയർത്തട്ടെ ; അനശ്വര ജീവിതം ആനന്ദകരമാക്കട്ടെ.. ആമീൻ.
..…..........................................................
റഫീഖ് നടുവട്ടം (ദുബൈ)
(മുൻ അധ്യാപകൻ: സിറാജുൽ ഹുദ & ബദ്‌രിയ മദ്രസ, കൂരിക്കുഴി)



03 January 2022

പിറക്കാത്തവൾക്ക് (കവിത)



സ്ത്രീ ജന്മം സുകൃതമാണീ മണ്ണിന് !
അവളില്ലെങ്കിൽ ഒരു മണ്ണും ഹരിതാഭമാകുന്നില്ല..
ഒരു വിണ്ണും മനോഹരമാകുന്നില്ല..

അനുഗ്രഹങ്ങൾ അഖിലവും ഈ ഭൂമിയിൽ ചൊരിയുന്ന ദൈവത്തെ ധിക്കരിച്ച്, അവൻ നൽകുന്ന പെൺജന്മങ്ങളെ സ്വർഥതയ്ക്കായി കൊന്നുതള്ളുന്ന കരുണയില്ലാത്ത പ്രവണത ആധുനിക കാലത്ത് അധികരിച്ചു വരികയാണ്.
നിയമങ്ങളും ബോധവൽക്കരണങ്ങളും ധാരാളമുണ്ടെങ്കിലും പിറക്കും മുമ്പേ പെണ്ണിനെ കീറിയെറിയുന്ന അധമത്വത്തിന് അറുതിയാകുന്നില്ല..

ഭൂമിയിൽ നടക്കുന്ന ഭ്രൂണഹത്യയാണ് ഈ കവിതയുടെ പ്രമേയം.
ഒരാശുപത്രിയുടെ ജന്മ പരിസരത്തുനിന്ന് അശ്രു പൊഴിച്ചു കൊണ്ടുള്ള കവിയുടെ വരികൾ, നമുക്കിടയിൽ നടമാടുന്ന പെൺഭ്രൂണഹത്യകൾക്കെതിരേയുള്ള ആത്മരോഷത്തിന്റെ അക്ഷര പ്രതിരോധമാണ് !

*പിറക്കാത്തവൾക്ക്*
രചന : റഫീഖ് നടുവട്ടം
ആലാപനം : അജയ് കുമാർ

'സഹവാസ'ത്തിലേയ്ക്കു സജ്ജരാകാം...

സഹപ്രവർത്തകരേ..

അഹ്‌ലുസ്സുന്നയ്ക്കു വേണ്ടി ആദർശത്തിന്റെ ഉന്നം പിടിച്ചവരാണ് നമ്മൾ !
സിരയിലും ശിരസ്സിലും പ്രബോധന
ബോധ്യങ്ങളുടെ വെളിച്ചം വീശി 
സഹജീവികൾക്കു നേർവഴി കാട്ടുന്നവർ!!

''സഹവാസം' സംഗമം ദഅവത്തിന്റെ പരിശീലനക്കളരിയാണ്.
സ്വയം സജ്ജരാകാനും ചുറ്റുമുള്ള സഹോദരങ്ങളെ വിജയപാതയിലേയ്ക്ക് കൈപിടിക്കാനും ...!

താങ്കളും സഹപ്രവർത്തകരും ഈ ക്യാമ്പിൽ എത്തിയേ തീരൂ..

നിങ്ങളില്ലെങ്കിൽ ''സഹവാസം' വെറുമൊരു പ്രഹസനമാകും..
യുവത്വത്തെക്കുറിച്ചു നാളെ ചോദ്യം ചെയ്യപ്പെടുന്ന ഭീതിത ദിനത്തിലെ നഷ്ടമായിക്കൂടാ അത്..

വരിക !
ഇന്ന്  (3/ 12 / 2021 ) വൈകീട്ട് 6.30ന് മാണൂർ മനാറുൽഹുദയിൽ നടക്കുന്ന
എസ് വൈ എസ് വട്ടംകുളം സർക്കിൾ
സഹവാസം സംഗത്തിലേയ്ക്ക് !
(ജന.സെക്രട്ടറി)

മസ്ജിദുൽ ഫത്ഹിലെ വിഘടിത നീക്കം

പള്ളി വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റിയത് :


2002 ൽ ആണ് പാടത്ത് പള്ളിയുണ്ടായത്.
അന്ന് മുതൽ പല വിഭാഗത്തിൽ പെട്ട പണ്ഡിതന്മാരും ഇവിടെ ഇമാമായി വന്നിട്ടുണ്ട്. അവരാരും തങ്ങൾ അംഗമായ സംഘടനാ സന്ദേശങ്ങൾ പള്ളിക്കകത്തു പറഞ്ഞിട്ടില്ല. പള്ളിച്ചെലവിൽ പ്രചരിപ്പിച്ചിട്ടില്ല.
അവർ ജനങ്ങൾക്ക് ഇൽമ് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇസ്‌ലാമിക പാരമ്പര്യത്തിൽ പെട്ട പല പരിപാടികളും നടത്തിയിട്ടുണ്ട്. അതിന് പരിസരത്തെയും പല പ്രദേശങ്ങളിലെയും വിശ്വാസികളുടെ സഹകരണവും സാന്നിധ്യവും ഉണ്ടായിട്ടുണ്ട്. 

വളരെ നല്ല നിലയിൽ, മാതൃകയോടെ നടന്നുവന്നിരുന്ന പള്ളിക്കാര്യങ്ങൾ നാലഞ്ചു കൊല്ലമായിട്ടാണ് അവതാളത്തിലായത് . ബിദഈ ചിന്തയും രാഷ്ട്രീയ കാഴ്ചപ്പാടും ഉള്ള ചിലർ ആസൂത്രിതമായി കമ്മിറ്റിയിൽ കയറിക്കൂടിയപ്പോഴാണ് എല്ലാം താറുമാറായത്. 

ഫത്ഹ് പള്ളിയിൽ എത്ര വർഷമായി പൊതുയോഗം വിളിച്ചിട്ട് ?
എന്ന ഒരൊറ്റ ചോദ്യത്തിൽ നിന്ന് തന്നെ, നിസ്വാർഥമതികളും വിഭാഗീയ ചിന്തകളുമില്ലാത്ത ഒരു കൂട്ടം ആളുകൾ രണ്ട് പതിറ്റാണ്ട് മുമ്പ് പറൂപാടത്ത് കഷ്ടപ്പെട്ട് പണിതുയർത്തിയ പള്ളിയുടെ ഇപ്പോഴത്തെ ദുരവസ്ഥയിലേക്കെത്തിച്ച കാര്യങ്ങൾ ബോധ്യപ്പെടും.

പറൂപ്പാടം പ്രദേശത്തെ വീട്ടുകാരിൽ നിന്ന്
മാസം തോറുമോ മാസങ്ങൾ പിന്നിട്ട് തോന്നുമ്പോഴോ 
പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്കെത്രയാണ് ?
ചെലവഴിക്കുന്ന തുകയുടെ വസ്തുകൾ എന്തൊക്കെയാണ്?
ഇമാമിനെ നിയമിക്കുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങൾ കമ്മിറ്റിയംഗങ്ങൾ കൂട്ടായി എടുക്കാത്തത് എന്ത് കൊണ്ടാണ് ?
മുൻ ഇമാമിനെ പിരിച്ചുവിട്ടത് കമ്മിറ്റിയംഗങ്ങൾ അറിഞ്ഞു കൊണ്ടായിരുന്നാണോ ? ഒരുമിച്ചിരുന്ന് ചർച്ച ചെയ്താണോ?
അദ്ദേഹത്തിന് കൊടുക്കാനുണ്ടായിരുന്ന ശമ്പളക്കുടിശ്ശിഖ: കൊടുത്തു തീർത്തോ ?
മൗലിദും വിശുദ്ധ ദിനാചരണങ്ങളും മറ്റു ആത്മീയ സദസ്സുകളും പരിസരത്തെ വിശ്വാസിനികൾക്ക് കേൾപ്പിക്കാനാവാത്തവിധം മൈക്ക് നിരോധിച്ചത് എന്ത് കൊണ്ടാണ് ?
ഇത്യാദി ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ, പള്ളി പരിപാലനത്തിൽ ഉത്തരവാദിത്വമില്ലാതെ പാർട്ടി ഓഫീസ് മട്ടത്തിൽ കൊണ്ടു നടക്കുകയാണ് ചില കമ്മറ്റിയംഗങൾ എന്നു പറയാതെ വയ്യ.

തീർത്തും ദുരുദ്ദേശത്തോടെ, 
ആത്മീയ മജ്ലിസിന്റെ പേരിൽ 
സംഘടനാ വിലാസം ഉണ്ടാക്കാനും പ്രാസ്ഥാനിക വളർച്ചയുണ്ടാക്കാനും അതു വഴി വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാനുമാണോ ഇമാമിന്റെ ശ്രമം എന്ന് തോന്നിപ്പോകുന്നു. 
അദ്ദേഹത്തിന്റെ ചില ബിസിനസ് ലക്ഷ്യങ്ങൾ വ്യക്തമായും വ്യംഗ്യമായും അനുചിതമായ ഇടങ്ങളിൽ കാണപ്പെട്ടത് ഇതോടൊപ്പം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ഇദ്ദേഹത്തെ എല്ലാ നിലയിലും സപ്പോർട്ട് ചെയ്ത്, ദീർഘകാല ഹിഡൻ അജണ്ടകളുടെ ആസൂത്രിതമായ നടപ്പാക്കലും രാഷ്ട്രീയ നേട്ടവുമാണ്
കമ്മിറ്റിയംഗങ്ങളുടെ ഉദ്ദേശ്യം എന്നു വ്യക്തമാകുന്നു..

സ്നേഹ ബഹുമാന്യനായ 
ഫൈസി ഉസ്താദിനോടും പള്ളി പരിപാലകരായ ആളുകളോടും ഒന്നു പറയട്ടേ ;
നിങ്ങളുടെ സംഘടനാ സ്വാതന്ത്ര്യങ്ങൾ/അജണ്ടകൾ സ്വന്തം സ്ഥാപനങ്ങളിലും സ്വന്തം കുടുംബങ്ങളിലുമാണ് നല്ലത്.
പള്ളിയിൽ അല്ല; സ്വന്തം പാളയങ്ങളിൽ മതി, അതെല്ലാം ..

സർവരും സമാധാനം ആഗ്രഹിക്കുന്ന ഒരു പ്രദേശത്ത് നാട്ടുകാരുടെ സ്നേഹ ബന്ധങൾ തകർക്കാൻ ദയവായി ഇടയുണ്ടാക്കരുത്.
ഐക്യം ശിഥിലമാക്കാൻ ശ്രമിക്കരുത്.

ഒളിഞ്ഞും തെളിഞ്ഞും അതിനുള്ള ആസൂത്രണം ആര് ചെയ്താലും അത് അനുവദിക്കില്ലന്ന് വിനയത്തോടെ ഉണർത്തട്ടെ .

നെൽക്കതിർ വിളഞ്ഞിരുന്ന
ചേറു നിറഞ്ഞ പാടത്ത് ഒരു പള്ളിയുണ്ടാകാൻ മോഹിച്ച്, അതിനു വേണ്ടി അഹോരാത്രം അധ്വാനിച്ച്, ധനവും മനവും നൽകിയ പലരും മൺമറഞ്ഞങ്കിലും ചിലരൊക്കെ ഇപ്പോഴും ഇതൊക്കെ കാണുന്നുണ്ടന്ന കാര്യം മറന്നു പോകരുത്.

മിഹ്റാബിൽ നിൽക്കാൻ 
അന്യനാട്ടിൽ നിന്നു തന്നെ ഞങ്ങൾക്ക് ആളു വേണമെന്നില്ല. അറിവും പക്വതയും തലപ്പാവും തലയെടുപ്പുമുള്ള ആളുകൾ അയൽപ്പക്കങ്ങളിലുണ്ടെന്ന കാര്യം കൂടി അറിയിച്ചു കൊള്ളട്ടെ..