ഈ എഴുത്തുപുരയില്‍..

25 December 2021

പ്രതിരോധ മരുന്നിന്റെ പേരിൽ എന്തിനീ പ്രയാസപ്പെടുത്തൽ ?

സ്കൂൾ വിദ്യാർഥികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ, വിദ്യാലയങ്ങൾ തുറക്കുന്നതിനോടനുബന്ധിച്ച് ഹോമിയോ ഗുളികകൾ വിതരണം ചെയ്യുന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചിരിക്കുകയാണല്ലോ.
 
കോവിഡ് പ്രതിരോധം പ്രധാനമായും ലക്ഷ്യമിട്ടു കൊണ്ടുള്ള 'ഹോമിയോപ്പതിക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ' എല്ലാ കുട്ടികൾക്കും സൗജന്യമായി നൽകാനുള്ള സർക്കാർ മാർഗനിർദേശം സ്കൂളുകളിൽ എത്തിക്കഴിഞ്ഞു. ആയുഷ് ഹോമിയോ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത സഹകരണത്തോടെ 'കരുതലോടെ മുന്നോട്ട് ' എന്ന പേരിലുള്ള പ്രസ്തുത പദ്ധതി, അഭിനന്ദനാർഹമാണങ്കിലും ചില വശങ്ങൾ പരിശോധിച്ചാൽ അഭിലഷണീയമല്ല.

സർക്കാർ ഹോമിയോ ഡിസ്പെൻസറികളും തെരഞ്ഞെടുത്ത പ്രത്യേക കിയോസ്ക്കുകളും കേന്ദ്രീകരിച്ച് ഒക്ടോബർ 25, 26, 27 തീയ്യതികളിലും നവംബർ 1 മുതലും നടത്തുന്ന ഈ മരുന്നു വിതരണത്തിന് നിർദ്ദേശിക്കപ്പെട്ട മാർഗങ്ങൾ ശരാശരി രക്ഷിതാക്കളെ പ്രയാസപ്പെടുത്തുന്നതാണ്.

ഹോമിയോപ്പതിക്ക് വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ കുട്ടികളുടെ ആധാർ / സ്കൂൾ ഐഡി / രക്ഷിതാവിന്റെ ഫോൺ നമ്പർ ഇവയിലേതെങ്കിലും ഒന്നുപയോഗിച്ച് രക്ഷിതാവ് റജിസ്റ്റർ ചെയ്യണമെന്നാണ് അധികൃതരുടെ പ്രധാന നിർദേശം.

മൂന്ന് ഘട്ടങ്ങളിലായി 21 ദിവസത്തിന്റെ ഇടവേളകളിൽ നൽകുന്ന പ്രതിരോധ മരുന്നു വിതരണത്തിന് രക്ഷിതാവിന്റെ സമ്മതം ആവശ്യമാണന്നും ഓരോ ഇടവേളകളിലും പോർട്ടലിൽ ബുക്ക് ചെയ്തു തന്നെ മരുന്ന് വാങ്ങണമെന്നും നിർദേശമുണ്ട് !

ഹോമിയോപ്പതിക് സ്റ്റേറ്റ് മാസ് മീഡിയ സെൽ വഴി നൽകിയ ഈ നിർദേശം സാധാരണക്കാരായ രക്ഷിതാക്കളെ പ്രയാസത്തിലാക്കാൻ പര്യാപ്തമാണ്.

കോവിഡിനെ കുറിച്ചുള്ള ആധി അകന്നു പോകാത്ത ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടികൾക്ക് മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്താൻ ഈ റജിസ്ട്രേഷനു പിറകെ പായുമെന്ന് ഉറപ്പാണ്. 
മക്കളുടെ പഠനത്തിന്റെ ഭാഗമായി ഇന്റർനെറ്റ് സൗകര്യമുള്ളവരാണ് ബഹുഭൂരിഭാഗമെങ്കിലും നിർദേശിക്കപ്പെട്ട ഓൺലൈൻ റജിസ്ട്രേഷന് പ്രായോഗിക പരിജ്ഞാനമുള്ളവരല്ല പലരും.
 
മാത്രമല്ല, മരുന്നിന് വേണ്ടി കുട്ടിയെ കുറിച്ചുള്ള ഡാറ്റ എൻട്രി, ഏറെ ഘട്ടങ്ങൾ പിന്നിട്ടു വേണം പൂർത്തിയാക്കാൻ എന്ന് മാർഗനിർദേശങ്ങളോടൊപ്പം നൽകിയ വീഡിയോയിൽ നിന്നും വ്യക്തവുമാണ്.

ഇവിടെ, അക്ഷയ പോലെയുള്ള സേവന കേന്ദ്രങ്ങളെ ആശ്രയിക്കുകയേ നിസ്സഹായരായ രക്ഷിതാക്കൾക്ക് നിർവാഹമുള്ളൂ. പക്ഷേ, സർക്കാർ നിർദേശിത സംഖ്യയേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്നു എന്ന് പലപ്പോഴും ആക്ഷേപമുയരുന്ന അക്ഷയ 
സെന്ററുകളിൽ ഹോമിയോ മരുന്നിന് വേണ്ടി സമയവും സമ്പത്തും ഹോമിക്കേണ്ടിവരും എന്നു മാത്രം !

നവംബർ ഒന്നു മുതൽ സ്കൂളിലെത്തുന്ന കുട്ടികളുടെ കണക്കെടുത്തോ ലഭ്യമാക്കേണ്ട വിദ്യാർഥികളുടെ എണ്ണം കണക്കാക്കിയോ ഹോമിയോ മെഡിക്കൽ വിഭാഗത്തിൽ നിന്ന് മരുന്ന് മൊത്തമായി കൈപ്പറ്റി സ്കൂളിൽ വെച്ചു രക്ഷിതാക്കൾക്ക് എളുപ്പത്തിൽ കൈമാറാം എന്നിരിക്കേ, ഓൺലൈൻ റജിസ്ട്രേഷനു വേണ്ടി എന്തിനാണീ നിർബന്ധം ചെലുത്തൽ എന്നു മനസ്സിലാകുന്നില്ല. 

എല്ലാ വിദ്യാർഥികളെ സംബന്ധിച്ചുമുള്ള സമ്പൂർണ വിവരം സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിലും ഉണ്ട്. ഇതിൽ നിന്നും
മരുന്നു വിതരണം നടത്തുന്ന ബന്ധപ്പെട്ട വിഭാഗത്തിലേക്ക് ആവശ്യമായ ഡാറ്റ സാങ്കേതിക വൈദഗ്‌ധ്യങ്ങളുടെ വഴികളിലൂടെ കൈമാറാവുന്നതേ ഉള്ളൂ..
അതിനു വേണ്ടി പ്രതിരോധ മരുന്നിന്റെ പേരിൽ രക്ഷിതാക്കളെ പരീക്ഷിക്കുന്നത് നീതീകരിക്കാനാവില്ല.

ഓൺലൈൻ റജിസ്ട്രേഷനിൽ ലഭിച്ച സർക്കാർ കേന്ദ്രത്തിലേക്ക് മരുന്നു വാങ്ങാൻ കിലോമീറ്ററുകൾ താണ്ടിയും വാഹനം വാടകയ്ക്കു വിളിച്ചും പുറപ്പെടുന്ന രക്ഷിതാക്കളുടെ ദുരിതം അധികൃതർ മനസ്സിലാക്കാതെ പോകരുത്. പുസ്തകവും അരിയും കിറ്റും ഒക്കെ കിട്ടിക്കൊണ്ടിരിക്കുന്ന സ്വന്തം വിദ്യാലയത്തിൽ നിന്നു തന്നെ ഓൺലൈൻ സംവിധാനത്തിൽ കുരുക്കാതെ പ്രത്യേക മരുന്നും സമയാസമയങ്ങളിൽ ലഭ്യമാക്കിയാൽ കുട്ടികളുടെ പ്രതിരോധശേഷി മാത്രമല്ല
പൊതു വിദ്യാലയങ്ങളോടുള്ള 
ജനങ്ങളുടെ പ്രതിബദ്ധതയും ഉയരും!
......................................................................
റഫീഖ് നടുവട്ടം
ദുബൈ
(2021 ഒക്ടോബർ 27 ന് സിറാജ് ദിനപത്രത്തിൽ പ്രസിദ്ദീകരിച്ചത് )

No comments: