ഈ എഴുത്തുപുരയില്‍..

14 April 2020

വിളിപ്പാടകലെ വിശുദ്ധ റമസാൻ : വിഷമവൃത്തത്തിൽ വിശ്വാസി മനസ്സുകൾ..

ആഗതമാകുന്ന വ്രതമാസത്തിന്റെ മനസ്സൊരുക്കങ്ങൾക്കിടയിൽ നിശ്ശബ്ദമായ തേങ്ങലുകളുയരുന്നത് കേൾക്കുന്നില്ലേ..
ദേഹേച്ഛകളെ പൂട്ടിവയ്ക്കാനുള്ള മുന്നൊരുക്കളിൽ മുന്നേറുമ്പോഴും ആരോഗ്യ ദൃഢഗാത്രമായ ശരീരം തളർന്നു പോകുന്നത് അറിയുന്നില്ലേ...

'കോവിഡ്' ഭീഷണി ചെറുക്കാൻ ആരാധനാലയങ്ങളിലെ നിയന്ത്രണം കർശനമായി തുടരുമെന്നുള്ള സർക്കാർ തീരുമാനം എങ്ങനെയാണീ സമുദായത്തെ മനോവിഷമത്തിലാഴ്ത്താതിരിക്കുക? 
വൈറസ് വ്യാപനത്തിനു തടയിടാനായി
ആരാധനാലയ വിലക്ക് നീട്ടേണ്ടിവരുന്ന സാഹചര്യം;
റംസാൻ കാലത്ത് വിശേഷിച്ചും , ഏതൊരു വിശ്വാസിയെയും നൊമ്പരപ്പെടുത്തുന്നതാണ്. 

മൂന്നു ഘട്ടങ്ങളിലായി ലോക്ഡൗൺ അവസാനിപ്പിക്കാൻ കേന്ദ്ര / സംസ്ഥാന സർക്കാറുകൾക്ക് ആദ്യം ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് അത് നീട്ടിയപ്പോഴും മുസ്‌ലിം പള്ളികൾ ഉൾപ്പെടെയുള്ള പ്രാർഥനാ കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയാവാത്തത് രോഗത്തിന്റെ സമൂഹവ്യാപനം ഭയന്നതുകൊണ്ടാണ്.

റംസാൻ വ്രതം ഈ മാസം 25 ഓടെ ആരംഭിക്കാനിരിക്കെ വിശ്വാസിസമൂഹത്തിൻറെ കണക്കുകൂട്ടലുകൾ കണ്ണീരണിയുന്നത് ഇതാദ്യമാണല്ലോ.. മെയ് അവസാനം വരെ എല്ലാ ആരാധനാലയങ്ങളിലും കൂട്ടംകൂടൽ നിയന്ത്രിക്കുമെന്ന് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും അധികൃതർ വ്യക്തമാക്കിയ നിലക്ക് ഇതിന്റെ സൂചനകൾ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുമെന്നു തന്നെയാണന്ന് തീർച്ചപ്പെടുത്താം. 

കോവിഡ് നിയന്ത്രണത്തിനായി സർക്കാർ കൊണ്ടുവന്ന എല്ലാ നടപടികളോടും മുസ്‌ലിം സമുദായം സഹകരിച്ചു വരികയാണ്.
വിവിധ പ്രസ്ഥാന നേതാക്കളുടെയും മതപണ്ഡിതരുടെയും രാഷ്ട്രീയ, മത, സംഘടനാ നേതൃത്വങ്ങളുടെയും നിർദേശങ്ങൾ പാലിച്ച് മഹാരോഗത്തെ ചെറുത്തു തോൽപ്പിക്കാനുള്ള കൂട്ടായശ്രമങ്ങളിൽ സമുദായം മുൻപന്തിയിലുണ്ട്. ഇതിനു പുറമെ, കൂടുതൽ ക്വാറൻറ്റൈയിൻ ആവശ്യങ്ങൾ സംജാതമാകുന്ന പക്ഷം തങ്ങളുടെ വിദ്യാഭ്യാസ സമുച്ചയങ്ങൾ വിട്ടുതരാനും അവർ സന്നദ്ധത അറിയിച്ചത് ഈ സമുദായത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ മകുടോദാഹരണവുമാണ്.
 
എങ്കിലും, വരാനിരിക്കുന്ന "പുണ്യങ്ങളുടെ പൂക്കാലം" ഹൃദയഭേദക കാഴ്ചകളുടേതു കൂടിയാണെന്ന ചിന്ത വിശ്വാസിമനസ്സുകളെ മഥിക്കുകയാണ് വല്ലാതെ.. ആരാധനകൾ അധികരിക്കുന്ന വിശുദ്ധ മാസത്തിൽ അതിന്റെ കേന്ദ്രസ്ഥാനം കൊട്ടിയടക്കപ്പെട്ടുതന്നെ കിടക്കുന്നത്, ഏതു ദൈവവിശ്വാസിയേയാണ് വേദനിപ്പിക്കാതിരിക്കുക?

കൊറോണക്കാലത്തെ പള്ളിവിലക്ക് ബഹുമുഖ മേഖലകളിലാണ് പ്രതിസന്ധി സൃഷ്ടിക്കാനിരിക്കുന്നത്.
തറാവീഹ് ഉൾപ്പെടെയുള്ള സംഘടിത നമസ്കാരങ്ങൾ, ഭജനയിരിക്കൽ, ഖുർആൻ പാരായണം, നോമ്പ് തുറപ്പിക്കൽ തുടങ്ങിയ പുണ്യ കർമങ്ങൾക്ക് നഗര /ഗ്രാമ ഭേദമന്യേ ചെറുതും വലുതുമായ പള്ളികളാണ് വിശ്വാസികളുടെ പതിവു സ്ഥാനം.
 
വ്രതകാലത്തെ ഈ സുകൃതങ്ങൾക്ക് ഇടമൊരുങ്ങേണ്ട പള്ളികൾ 'കോവിഡ് ' പ്രതിരോധത്തിന്റെ ഭാഗമായി വിലക്കപ്പെടുന്നത് ചരിത്രത്തിലാദ്യം! 
കഴിഞ്ഞ നൂറ്റാണ്ടുകളിൽ അനേകം മഹാമാരികളെ നേരിട്ട പൂർവികർക്ക് പോലും ഇത്തരം ദു:സ്ഥിതി ഉണ്ടായിട്ടില്ലന്ന് പ്രായമുള്ളവർ പറയുമ്പോൾ ഈ കെട്ട കാലത്തിന്റെ തീക്ഷ്ണത ആർക്കും ബോധ്യമാകും.

പുതിയ സ്ഥിതിവിശേഷങ്ങൾ കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളെയാണ് ബാധിക്കാനിരിക്കുന്നത്. തങ്ങളുടെ ആയുസ്സിൽ ലഭിക്കുന്ന പുണ്യദിനരാത്രങ്ങളുടെ വാർഷികപ്പൊലിമകൾ ഇത്തവണ നഷ്ടമാകുമല്ലോ എന്നോർത്തു കൊണ്ടുള്ള ഹൃദയവ്യഥകൾ അവരിൽ രൂപപ്പെട്ടു കഴിഞ്ഞു... 
പള്ളികളിൽ ഒരുമിച്ചുകൂടി പ്രാർഥന നിർവഹിക്കാനും, ഇഅ്തികാഫ് ഇരിക്കാനും, ഖുർആൻ പാരായണം ചെയ്യാനും, പ്രഭാഷണ/പഠന ക്ലാസുകൾ സംഘടിപ്പിക്കാനും സാധിക്കാത്ത പ്രതിസന്ധികൾ അപരിഹാര്യമായ ആത്മവേദനകളാകുന്നു ഈ സമുദായഗാത്രത്തിൽ..

വരും നാളുകളിൽ ഈ വേദനകൾ മൗനമായ സഹനങ്ങളായും സ്വയംകൃത ചെയ്തികളുടെ വിചിന്തനങ്ങളായും മാറി കുറച്ചു നാളുകളിലേയ്ക്ക് മാത്രം എല്ലാവർക്കും വെളിച്ചവുമായേക്കാം ! റംസാൻ പ്രമാണിച്ചുള്ള സൗഹൃദ സംഗമങ്ങളും പൊതു ഇഫ്ത്വാറുകളും ചരിത്രത്തിലാദ്യമായി 
നടക്കാതെ പോകുന്നതാണ് കൊറോണക്കാലത്തെ നിർഭാഗ്യം.
 
നൂറുകണക്കിന് ഇസ്‌ലാമിക പണ്ഡിതരുടെ പ്രഭാഷണ ലക്ഷ്യങ്ങളോടെയുള്ള സഞ്ചാരങ്ങൾക്ക് വഴിയടയുന്നതും 'കോവിഡി'ന്റെ മറ്റൊരു കേടു തന്നെ.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും പ്രബോധന ലക്ഷ്യങ്ങൾ വച്ച് വർഷംതോറും യാത്രചെയ്യുന്ന മതപണ്ഡിതർക്കും പ്രഭാഷകർക്കും അവസരങ്ങൾ നഷ്ടമാകുമ്പോൾ, സർഗാത്മകതയിലൂടെ മനസ്സുകളെ സ്വർഗത്തിലേയ്ക്ക് ക്ഷണിക്കുന്ന വാഗ്ധോരണികളുടെ പ്രവാഹവും നിലച്ചു പോകുന്നു..

മതമേഖലയിൽ പ്രവർത്തിക്കുന്ന അസംഘടിതരായ പതിനായിരക്കണക്കിന് ജീവനക്കാരുടെ വരുമാന സ്വപ്നങ്ങൾ കൂടിയാണ് ഈ 'കോവിഡ്' വിലക്കിൽ തകർന്നടിയുന്നത്.
സംസ്ഥാനത്താകമാനമുള്ള ആയിരക്കണക്കിന് ചെറുതും വലുതുമായ പള്ളികളിൽ അനവധി പേരാണ് ജോലി ചെയ്തു വരുന്നത്. 
റംസാൻ കാലയളവിൽ ഓരോ നാടുകളിൽ നിന്നും ഇവർക്ക് ലഭിക്കുന്നത് അധികവരുമാനവും ആനുകൂല്യങ്ങളുമാണ്. 
ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങളിൽ നിരാശ പടർന്ന് ദു:ഖ സാന്ദ്രമാകുന്നു ആ ജീവിതങ്ങൾ...

ആരാധനാലയങ്ങളിലെ പ്രാർഥനാ നിരോധനം 'ഹാഫിളു'കളുടെയും അവസരങ്ങൾ ഇല്ലാതാക്കുന്നുണ്ട്. ഖുർആൻ മന:പ്പാഠമാക്കിയ നൂറുകണക്കിന് യുവപണ്ഡിതരെയാണ് റംസാൻ കാലത്ത് വിവിധ പള്ളികളിൽ പ്രത്യേകമായി നിയമിക്കപ്പെടാറുള്ളത്. 
വിവിധ കൂട്ടായ്മകളും മസ്ജിദ് കമ്മിറ്റികളും സ്ഥാപനങ്ങളും നടത്തിവരാറുള്ള സമൂഹ നോമ്പുതുറകൾക്കും സാധ്യത മങ്ങിയതോടെ കക്ഷിരാഷ്ട്രീയ ഭേതങ്ങൾക്കതീതമായ സൗഹൃദ വേദികൾക്കുമാണ് തിരശ്ശീല വീഴുന്നത്. 

ഏതായാലും, രാജ്യത്തിന്റെ പൊതുതാൽപര്യം പരിഗണിച്ച് പള്ളികൾ അടച്ചിടണമെന്ന സർക്കാരിന്റെയും മുസ്‌ലിം മതപണ്ഡിതരുടെയും നിർദേശം നടപ്പാകുമ്പോൾ തന്നെ, സമുദായ ഹൃദയത്തിൽ സാഗരം പോലെ സങ്കടങ്ങൾ തിരയടിക്കുന്നത് വിശ്വാസിഹൃദയങ്ങൾക്ക് പരസ്പരം കേൾക്കാനാകും..
സർവ ജനവിഭാഗത്തിന്റെയും ജീവിതസുഖത്തിനും സുരക്ഷിതത്വത്തിനും വേണ്ടി 'കോവിഡ്' പ്രതിരോധത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ തന്നെ, നമുക്ക് ജഗന്നിയന്താവിനോട് പ്രാർഥിക്കാം; ഭീതിയകന്ന പൂർവനാളുകൾ തിരിച്ചെത്താനും 
ആരാധനാലയ നിയന്ത്രണങ്ങൾ നീങ്ങിക്കിട്ടാനും വിശുദ്ധ റംസാനിന്റെ തീർഥകണങ്ങളിൽ മലിനമനങ്ങൾ വിമലീകരിച്ചെടുക്കാനും..!
..........................................
റഫീഖ് നടുവട്ടം 
9495808876

No comments: