ഈ എഴുത്തുപുരയില്‍..

06 July 2017

വേഗ നിയന്ത്രണത്തിന് വേണം, ഗതിവേഗ പ്രവർത്തനങ്ങൾ

നമ്മുടെ കുടുംബ ഗ്രൂപ്പിൽ ഒരാഴ്ച മുമ്പ് റശീദും കഴിഞ്ഞ ദിവസം ശിഹാബും സൂചിപ്പിച്ച കാര്യങ്ങൾ ഗൗരവമേറിയതാണെന്നതിൽ തർക്കമില്ല.
റശീദിന്റെ പോസ്റ്റിന് തൊട്ടുപിറകെയായിരുന്നല്ലോ അറം പറ്റും പോലെ ഉമർക്കക്കുണ്ടായ അപകടം.  

നമ്മുടെ നടുവട്ടം തണ്ണീർക്കോട് റോഡിൽ വേഗനിയന്ത്രണം കൊണ്ടുവരേണ്ടതിന്റെ അനിവാര്യത ആ അപകടത്തോടെ, അതിനേക്കാൾ ഉപരി, അദ്ദേഹത്തിനുണ്ടായ സാരവും ഗുരുതരവുമായ സ്ഥിതിവിശേഷത്തോടെ നമുക്ക് ബോധ്യപ്പെട്ടു.

പടച്ചവൻ എല്ലാവരേയും കാത്തുരക്ഷിക്കട്ടെ.. ആമീൻ.
പറഞ്ഞു വരുന്നത്, നമ്മൾ പ്രദേശത്തുള്ളവർ മാത്രം വിചാരിച്ചാൽ നടപ്പാക്കാവുന്നതല്ല പൊതുനിരത്തുകളിലെ വാഹനങ്ങളുടെ വേഗനിയന്ത്രണങ്ങൾ.

ഒരപകടം സംഭവിച്ച സമയത്തെ നമ്മുടെ രോഷവും ശോകവും നിസ്സഹായതയും രൂപപ്പെടുത്തുന്ന പെട്ടെന്നുള്ള ചില തീരുമാനങ്ങൾ ഒരിക്കലുംദീർഘകാല പരിഹാരമാകുന്നില്ല. അപ്പോൾ മനസ്സിൽ വരുന്ന അശാസ്ത്രീയമായ ഹമ്പും മറ്റു തടസ്സപ്പെടുത്തലുകളും അപകടങ്ങൾക്ക് കൂടുൽ
ഇടവരുത്തുകയേ ഉള്ളൂ.

അതിനാൽ, ദുരന്തമുക്തമായ പാതയായി നമ്മുടെ വഴിയെ മാറ്റിയെടുക്കണമെങ്കിൽ ഉത്തരവാദിത്വമുള്ള 'റോഡ് വകുപ്പിനെ 'എത്രയും പെട്ടെന്ന് നമ്മൾ സമീപിക്കണം. അവരെ കാര്യങ്ങളുടെ കിടപ്പുകൾ ബോധ്യപ്പെടുത്തണം. 
നിയമംഅനുശാസിക്കുന്ന പരിഹാരങ്ങൾ ചെയ്തു തരാൻ ആവശ്യപ്പെടണം. ഇതിനു വേണ്ടി രംഗത്തിറങ്ങാനും കാര്യങ്ങൾ സാധിച്ചെടുക്കാനും കെൽപ്പുള്ളവരെ ഉൾപ്പെടുത്തി പെട്ടെന്ന് തന്നെ ഒരു ' ആക്ഷൻ കമ്മിറ്റി'ക്ക് രൂപം നൽകുകയാണ് ആദ്യം വേണ്ടത്. (സുലുക്കാക്ക അഭിപ്രായപ്പെട്ടതു പോലെ ) ഇതിന് നേതൃത്വം കൊടുക്കാൻ സാമൂഹ്യ ബോധമുള്ള നമ്മുടെ പഞ്ചായത്തംഗം കഴുങ്കിൽ മജീദിനെ ഒപ്പം കൂട്ടണം. 

അവർ, അപകടം തുടർക്കഥയാകുന്ന ഈ പൊതുപാതയിലെ ദു:സ്ഥിതികൾ വിശദീകരിച്ച് അധികാരികൾക്ക് നിവേദനം നൽകട്ടെ..
നടപടികൾ വേഗത്തിലാക്കാൻ സമയവും സമ്മർദ്ദവും ചെലവഴിക്കട്ടെ.. ഫോളോ അപ് ഇല്ലാതെ ഒരു നിവേദനവും സർക്കാറിന്റെ ഫയലിൽ നിന്ന് ഉറക്കമുണരില്ല എന്ന് നമ്മളോർക്കണം!

ആദ്യ ചുവടുവയ്പ്പിൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിക്കാണുന്നില്ലങ്കിൽ അതോടെ അവസാനിക്കുന്നതാകരുത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ. ആവശ്യങ്ങൾ നിവൃത്തിച്ചു കിട്ടും വരെ മേലധികാരികളെ നമുക്ക് സമീപിക്കാം..

ടിപ്പു സുൽത്താൻ റോഡിൽ ഇനിയാരും തല തകർന്ന് മരിക്കരുത്.. ഗുരുതര പരിക്കേറ്റ് ജീവഛവമാകരുത്.. ആയുസ്സിന്റെ അവസാന കണിക വരെ നരകിക്കാൻ ഇടവരരുത്..
(മൂന്ന് വർഷം മുമ്പാണ്, തറവാടു വീടിന്റെ മുമ്പിൽ ഒരു അയിലക്കാട്ടുകാരൻ ബൈക്കുകൾ കൂട്ടിയിടിച്ച് നെറ്റി നെടുകെ പിളർന്ന് എന്റെ മടിയിൽ കിടന്ന് പിടഞ്ഞു മരിച്ചത്..)

ചേർത്തു വായിക്കാൻ ഇതു കൂടിയുണ്ട്:

നമ്മുടെ കുടുംബത്തിലെ കൗമാരക്കാരെ "ബൈക്ക് ബാധ"യിൽ നിന്ന് മന്ത്രിച്ചൂതിക്കെട്ടാൻ നമ്മൾ തന്നെ സത്വര നടപടികൾ എടുക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ശിഹാബ് വ്യക്തമായി പറഞ്ഞത് അതാണ്. നിലവിളികൾ ഉയരുംമുമ്പ് വെളിവോടെ കാര്യങ്ങൾ ചെയ്തേ പറ്റൂ.

ലൈസൻസില്ലാതെ വാഹനം ഓടിച്ച് അപകടം വരുത്തിയാലുള്ള ഭവിഷ്യത്തുകൾ ഇന്നലെ വരെ നമ്മൾ പത്രത്തിൽ വായിച്ചു വിവരമുണ്ടാക്കിയിട്ടുണ്ട്. വാട്സാപ്പിൽ എല്ലാവർക്കും 'നട തള്ളി'യിട്ടുമുണ്ട്. അക്കാര്യം ഇവിടെ ചർവിത ചർവണം നടത്തുന്നില്ല..

ഏതായാലും ഉപ്പമാർ ഉറപ്പു വരുത്തണം; സ്വന്തം മക്കൾക്ക് ചാവി കൊടുക്കില്ലന്ന്..
ഉമ്മമാർ തീർച്ചപ്പെടുത്തണം; അത്യാവശ്യ സാധനങ്ങളായാലും ബൈക്കിൽ അങ്ങാടിയിലേയ്ക്ക് വിടില്ലെന്ന്..
ഇക്കമാർ വാക്കു മുറിക്കണം; 'ഇല്ല മോനേ.. കുഞ്ഞനിയാ... വണ്ടി തരൂല'ന്ന്..
അമ്മാവവൻമാർ ആലോചിക്കണം; അനന്തരവന്റെ കരുതലും സുരക്ഷിതത്വവും..

വീട്ടിൽ നിന്ന് ശുകപുരത്തേയ്ക്കും നെല്ലിശ്ശേരിയിലേയ്ക്കും നടുവട്ടത്തേയ്ക്കും പിലാക്കൽ പ്രദേശത്തേയ്ക്കും അനുവദിക്കുന്ന അത്യാവശ്യ പറഞ്ഞയക്കലുകൾ  എടപ്പാളിലേയ്ക്കപ്പുറം പാളുന്നതും ചങ്ങരംകുളത്തേയ്ക്കപ്പുറം നീളുന്നതും വട്ടംകുളത്തിനപ്പുറം വിട്ടു പോകുന്നതും നമ്മളറിയുന്നില്ല..

ഫലമോ, നമുക്ക് വിധി കൂട്ടിക്കൊണ്ട് വരിക, ദാരുണ ദുരന്തങ്ങളും അസഹ്യ വേദനകളും മാത്രം!

തുള്ളിച്ചാടി നടക്കേണ്ട നമ്മുടെ മക്കളെ ആൾക്കൂട്ടം താങ്ങിക്കൊണ്ടുവരേണ്ട ചിത്രങ്ങൾക്ക് നമ്മുടെ കാഴ്ചകൾ സാക്ഷിയാകാതിരിക്കട്ടെ..

മത പഠന ക്ലാസിനും സംഘടനാ കാര്യങ്ങൾക്കും ആളെക്കിട്ടാത്ത (ശ്രമിക്കാത്ത ) ഇക്കാലത്ത്, അയൽപക്കങ്ങളിലെ അന്യസമുദായക്കാരേയും കൂട്ടി വാഹനാപകടങ്ങളെ പറ്റിയും സോഷ്യൽ മീഡിയാ ദുരന്തങ്ങളെ പറ്റിയും ഒരു പൊതുബോധം വരുത്താനെങ്കിലും നമുക്ക് സാധിച്ചാൽ എത്ര നന്നാകുമെന്ന് വെറുതെ ചിന്തിച്ചു പോകുന്നു!

No comments: