ഈ എഴുത്തുപുരയില്‍..

02 July 2017

മോശമല്ല വേഷം; ഇയാൾ തട്ടിപ്പിന്റെ ആശാൻ!

മൂന്ന് മാസം മുമ്പാണ് ചിത്രത്തിലെ വ്യക്തി മെട്രോ നഗരത്തിലെ പ്രമുഖ മത വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി എത്തിയത്. തരക്കേടില്ലാത്ത ശമ്പളത്തിൽ മറ്റെല്ലാ സൗകര്യങ്ങളും അനുഭവിച്ച് 'ടിയാൻ' സേവനം തുടങ്ങി.
ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു വിദേശ ജോലിയുടെ സാധ്യത പറഞ്ഞ് ഇയാൾ രാജി സന്നദ്ധത അറിയിച്ചു. മൂന്നാഴ്ചയുണ്ടായിരുന്നു ഒഴിയാൻ..
ഈ ദിനങ്ങൾക്കുള്ളിലാണ് കഥാനായകൻ സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലരുമായി സാധാരണയിൽ കവിഞ്ഞ സൗഹൃദം സ്ഥാപിച്ചത്. പള്ളി ഇമാം ആയി തന്നെ ഗൾഫിലേക്ക്‌ കൊണ്ടു പോകുന്ന കണ്ണൂർ സ്വദേശിയുടെ പക്കൽ വിസകൾ ഉണ്ടെന്നും, ചുരുങ്ങിയ കാശിന് അത് സംഘടിപ്പിച്ചു തരാൻ തനിക്ക് കഴിയുമെന്നും ഇയാൾ സഹപ്രവർത്തകരെ വിശ്വസിപ്പിച്ചു. പതിനായിരം രൂപ മാത്രമാണ് വിസയുടെ കാശെന്നും ഈ തുക ഗൾഫിലെത്തിയാൽ മുതലാളി തിരിച്ചു തരുമെന്നും പറഞ്ഞ് വശീകരിച്ചതോടെ പ്രവാസം മോഹിച്ച (ഒരു ബിരുദധാരി ഉൾപ്പടെ ) അഞ്ച് പേർ പണം നൽകുകയായിരുന്നു. ഇതിനിടെ, ജോലിയിൽ വീഴ്ച വരുത്തിയതിനും സ്ഥാപന നിയമങ്ങൾക്ക് നിരക്കാത്ത ചില പ്രവൃത്തികളിൽ ഏർപ്പെട്ടതിനും അധികൃതർ ഇയാളെ കൈയ്യോടെ പുറത്താക്കി. സാധനങ്ങൾ പെറുക്കിയെടുത്ത് സ്ഥലം വിട്ട ഉടനെയാണ് നാലു പേർ ഇയാളെ തേടിയെത്തിയത്. വിസ വാഗ്ധാനത്തിൽ വീണ് പണം നൽകിയ പാലക്കാട്, ഇടുക്കി സ്വദേശികളായിരുന്നു അവർ.
ദിവസങ്ങളായി ഫോണിൽ വിളിച്ചു കിട്ടാതെ അന്വേഷണത്തിനിറങ്ങിയ ഇവർ കൊച്ചി നഗരത്തിൽ വെച്ചാണ് തന്ത്രത്തിൽ വലവിരിച്ചു പിടിച്ച് തന്ത്രത്തിൽ വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ ഈ പണ്ഡിത വേഷധാരിയുടെ 'ഫണ്ടിംഗ്' നിഗൂഢതകൾ പുറത്തു വരികയായിരുന്നു. സമീപ സംസ്ഥാനത്തിലെ മതകലാലയത്തിൽ നിന്നുള്ള ബിരുദമുണ്ടെന്ന് അവകാശപ്പെടുന്ന ടിയാന് 'വിരുത്' മാത്രമേ ഉള്ളൂ എന്നാണ് ബോധ്യമായത്. എന്നാൽ, വിസ വാഗ്ധാനങ്ങൾക്കും പണം കൈമാറ്റങ്ങൾക്കും തെളിവുകൾ ഇല്ലാത്തതിനാൽ പോലീസിന് കേസെടുക്കാനായില്ല. പരസ്പരം രജ്ഞിപ്പിലെത്തി കിട്ടുന്നത് വാങ്ങിയെടുത്തോ എന്നായിരുന്നു പോലീസ് ഉപദേശം. അതോടെ, 'വേട്ടക്കാരനെ ' ഏറ്റെടുത്ത് പണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇരകൾ കോഴിക്കോട്ടേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയപ്പോൾ തരിച്ചിരിക്കാനേ വിസ മോഹികൾക്ക് വിധിയുണ്ടായുള്ളൂ! ഇതിലെ പ്രധാന കണ്ണി ഇവർ എത്തുമ്പോഴേയ്ക്കും മുങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും വിരുതന്റെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപയുടെ സ്മാർട്ട് ഫോൺ കൈക്കലാക്കി ഒരാൾ ആശ്വാസം കൊണ്ടു. ഏതോ ഒരു തീയ്യതിക്കുള്ളിൽ പണം തിരിച്ചു തരാമെന്ന് കരഞ്ഞുപറഞ്ഞതിനെ തുടർന്ന് ബാക്കിയുള്ളവർ അണ്ടി പോയ അണ്ണാനെ പോലെ സ്വദേശത്തേയ്ക്ക് മടങ്ങി.
തട്ടിപ്പിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ഒരു പക്ഷേ, പോലീസ് വരും മുമ്പ് തന്നെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയ ആശ്വാസം ആലോചിച്ചിരിക്കുമ്പോഴാണ് 'വിരുതൻ മുസ് ലിയാരു 'ടെ ഫോട്ടോ വെച്ചുള്ള ഒരു വിസിറ്റിംഗ് കാർഡ് അവിചാരിതമായി താമസിച്ചിരുന്ന റൂമിൽ നിന്നു കിട്ടിയത്. കാർഡിൽ പ്രിന്റുചെയ്ത വിലാസവും ജോലി തേടി വന്നപ്പോൾ ബയോഡാറ്റയായി എഴുതിതന്ന വിലാസവും തമ്മിൽ വൈരുധ്യമുണ്ടായിരുന്നു. അതിനേക്കാൾ നിഗൂഢമായി, വയനാട്ടിലെ ഒരു സ്ഥാപനത്തിന്റെ പേരിലായിരുന്നു കാർഡ്. റജിസ്ട്രേഷൻ നമ്പർ എന്ന് തോന്നിപ്പിക്കും വിധം ഇതിൽ ചേർത്ത നമ്പറും പേരും യാഥാർഥ്യമാണോ എന്നറിയാൻ ഇന്റർനെറ്റിൽ പരതി നോക്കി. ഫലം കിട്ടാത്തതിനെ തുടർന്ന്, ഫെയ്സ് ബുക്കിലെ കൂട്ടായ്മകളിൽ ഇട്ടു. വൈകാതെ തന്നെ വയനാട് ജില്ലയിലെ പ്രമുഖ എഫ്ബി കൂട്ടായ്മയിൽ നിന്ന് അനവധി പേർ മറുപടിയുമായി വന്നു. അങ്ങനെയൊരു സ്ഥാപനം അവിടെ ഇല്ലന്നായിരുന്നു ചുരുക്കം. വിസിറ്റിംഗ് കാർഡിൽ പറയുന്ന നാടും പോസ്റ്റ് ഓഫീസ് പരിധിയും അജഗജാന്തരം അന്തരമുണ്ടായിരുന്നുവെന്ന് ആ പ്രദേശത്തെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തി.!
തട്ടിപ്പിന്റെ പുറന്തോടുകൾ അഴിഞ്ഞു വീഴുകയായിരുന്നു..
സാങ്കൽപ്പിക സ്ഥാപനത്തിന്റെ മറവിൽ ആളും തരവും ജോലിയിടങ്ങളും നോക്കി പണം തട്ടുകയാണ് ഈ പണ്ഡിത വേഷധാരിയുടെ പരിപാടി എന്ന് ബോധ്യമായി. ഇതിനെ ഒന്ന് കൂടി സാധൂകരിക്കുന്ന വാർത്തയാണ് രണ്ടാഴ്ച മുമ്പ് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ നിന്നും കേട്ടത്.
അവിടെ സമാനമായ മറ്റൊരു തട്ടിപ്പിന് ശ്രമിച്ച് ഇയാൾ പൊലീസ് പിടിയിലാവുകയും ഒത്തുതീർപ്പിൽ ഒഴുകിപ്പോവുകയും ചെയ്ത സംഭവം.
** * ** * ** *
ഇനിയും, ഈ വേഷധാരി നമ്മുടെ മഹല്ലുകളിലും ദീനീ സ്ഥാപനങ്ങളിലും "തരം കിട്ടിയാൽ തസ്ക്കര"നാകാതിരിക്കാൻ വേണ്ടിയാണീ കുറിപ്പ്.
ജാഗ്രതയ്ക്ക് വേണ്ടി മാത്രം ഒരു മുന്നറിയിപ്പ്! കഥ വായിച്ച്
മുസ് ലിയാക്കന്മാരെ മോശക്കാരാക്കേണ്ടതില്ല. വേഷം കണ്ട് ആരും വിഷം ചീറ്റുകയും വേണ്ട എന്ന് എല്ലാവരേയും ഓർമടുത്തുന്നു. സർവ്വ മേഖലയിലും കള്ളനാണയങ്ങൾ വിലസുന്നുണ്ട്. അത്, മുസ്‌ലിയാർ ആയാലും സ്വാമിജി ആയാലും വികാരി ആയാലും.. വ്യത്യസ്ഥമായ മതകീയ പരിസരങ്ങളിൽ വാഴുന്ന തട്ടിപ്പിന്റെ ആശാന്മാരെ വിശ്വാസ വെളിച്ചത്തിന്റെ അകക്കണ്ണുകൊണ്ടും മാറുന്ന കാലത്തിന്റെ സാമൂഹ്യബോധം കൊണ്ടുമാണ് കണ്ടെത്തേണ്ടത്..
മതകീയ സമുച്ചയങ്ങളുടെ വാതായനങ്ങൾ നയ നിലപാടുകളും കാർക്കശ്യ മൂർച്ചകളുമില്ലാതെ മലർക്കെ തുറന്നിട്ടാൽ മാനഹാനിയും മഹാ നഷ്ടങ്ങളും മാത്രംവരവ് ബുക്കുകളിൽ ബാക്കിയാകും!

No comments: