ഷിഫാറിന് വേണ്ടി പ്രാർഥനയർപ്പിക്കുക
സ്നേഹപൂർവം കൈപമംഗലം റെയിഞ്ച് സുന്നീ
ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾക്കും പ്രവർത്തകർക്കും.
ഐശ്വര്യങ്ങൾ ആശംസിക്കുന്നു!
ഞാൻ, റഫീഖ് നടുവട്ടം; ഒന്നര ദശകം മുമ്പ്
ഒരംഗമായി ഈ അധ്യാപന കൂട്ടായ്മയിൽ നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരാൾ.
തീർത്തും അവിചാരിതമായി ഇങ്ങനെയൊരു കത്തിന്
നിദാനമായത് ഒരാത്മ സുഹൃത്തിന്റെ പെട്ടെന്നുള്ള വേർപാടാണ്.
ചെന്ദ്രാപ്പിന്നി - ചാമക്കാല സ്വദേശിയായ ഷിഫാർ
എന്ന ഒരാളുടെ മരണം നിങ്ങളിൽ ചിലരെങ്കിലും അറിഞ്ഞിരിക്കുമെന്നു വിശ്വസിക്കട്ടെ.
ഇക്കഴിഞ്ഞ നവംബർ 4 ന് വെള്ളിയാഴ്ചയാണ് അദ്ദേഹം ദുബായിൽ വെച്ച്
ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിലും ജീവകാരുണ്യ
രംഗത്തും വിശിഷ്യാ, അഹ്‌ലുസ്സുന്നയുടെ മുന്നേറ്റങ്ങളിലേയ്ക്കുള്ള പ്രവാസി
കൂട്ടായ്മകളിലും നിറഞ്ഞു നിന്ന് സർവർക്കും മാതൃക തീർത്ത വ്യക്തിത്വമായിരുന്നു
ഷിഫാർ.
പണ്ഡിതരെയും നേതാക്കളെയും അകമറിഞ്ഞു ആദരിച്ചും
ആദർശത്തിനും സുന്നി പ്രസ്ഥാനങ്ങൾക്കും വേണ്ടി ആവോളം ഊർജ്ജമൊഴുക്കിയും ആയുസ്സു
തീർത്ത അനുഗൃഹീതൻ!
യു എ ഇ യിൽ പതിവു സന്ദർശനത്തിനെത്തിയ ശൈഖുനാ
കാന്തപുരം ഉസ്താദിനെ നിർബന്ധപൂർവം തന്റെ താമസ സ്ഥലത്തേയ്ക്ക് കൊണ്ടുവന്ന് സൽക്കരിക്കുകയും
ദുആ ചെയ്യിപ്പിക്കുകയും ഒരു അപൂർവ ഖുർആൻ പ്രതി ഉസ്താദിന് ഹദ്‌യ നൽകുകയും ചെയ്ത്
രണ്ടാം ദിനമാണ് ഭാഗ്യവാനായ ഷിഫാർ സ്മരണയായത് .
അദ്ദേഹത്തിന്റെ വിയോഗ വാർത്തയറിഞ് ശൈഖുന
നടത്തിയ പ്രാർഥനാപൂർണമായ ശബ്ദസന്ദേശം നാട്ടിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും
സുന്നി മെസേജിംഗ് ഗ്രൂപ്പുകളിൽ വൈറലായി മാറിയിരുന്നു! ഇതേ തുടർന്ന്
ഒട്ടനവധി ആത്മീയ വേദികളിൽ/ സംഘടനാ സംഗമങ്ങളിൽ സ്നേഹ ജനങ്ങളുടെ പ്രാർഥനകൾ
ഏറ്റുവാങ്ങുകയാണ് സ്മര്യ പുരുഷൻ!
അനേകം മനസ്സുകളിൽ ആഘാതമേൽപ്പിച്ച് കടന്നുപോയ
മർഹൂം ഷിഫാറിന് നമ്മുടെ കൈപ്പമംഗലം റൈഞ്ചുമായും ഒരാത്മ ബന്ധമുണ്ടായിരുന്നു.
കൂരിക്കുഴി നോർത്തിൽ സ്ഥിതി ചെയ്യുന്ന മമ്പഉൽ ഉലൂം മദ്രസയിൽ ഏറെ വർഷം അദ്ദേഹം
അധ്യാപകനായിരുന്നിട്ടുണ്ട്. റെയിഞ്ചു യോഗങ്ങളിൽ കൃത്യമായി വന്നും വിദ്യാർഥികളുടെ
കലാമത്സരങ്ങൾക്ക് മികച്ച സംഘാടകത്വം നൽകിയും പ്രവർത്തനങ്ങളിൽ ഷിഫാർ ഭാഗഭാക്കായി. ഈ
നിലയിൽ ഒരു പ്രത്യേക ദുആ മജ്‌ലിസ് അദ്ദേഹത്തിനു വേണ്ടി എന്തുകൊണ്ടും ഉചിതമാണെന്നും
എത്രയും വേഗത്തിൽ അതിനു വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും ഒരു മുൻകാല മുഅല്ലിം എന്ന
പരിഗണനയിൽ ഞാൻ അഭ്യർത്ഥിക്കുന്നു.
പ്രവാസ ജീവിതത്തിലേയ്ക്ക് പറിച്ചുനടപ്പെട്ട പല
മുഅല്ലിം സുഹൃത്തുക്കളും പലവിധ കാരണങ്ങളാൽ വിസ്മരിക്കപ്പെട്ടു പോകുന്ന പുതിയ
കാലത്ത് നമ്മുടെ മദ്രസാ പ്രസ്ഥാനമുൾപ്പെടുന്ന ആദർശക്കരുത്തുകൾക്കു വേണ്ടി
ജീവിതാവസാനം വരെ നിലകൊണ്ട ബഹുമാന്യനായ ഷിഫാറിനെ നമുക്ക് മറക്കാനാവില്ല..
അദ്ദേഹത്തിന്റെ പരലോക ഗുണത്തിനും മനസ്സു
നീറിക്കഴിയുന്ന പ്രായമായ ഉമ്മ, ഭാര്യ, ഇളം പ്രായക്കാരായ രണ്ടു മക്കൾ,
കുടുംബാംഗങ്ങൾ, ബന്ധു മിത്രാദികൾ എന്നിവരുടെ സമാധാനത്തിനു വേണ്ടിയും എല്ലാ
പ്രിയപ്പെട്ട മുഅല്ലിം സുഹൃത്തുക്കളും ദുആ ചെയ്യണമെന്ന് ഒരിക്കൽ കൂടി
അപേക്ഷിക്കുന്നു.
സർവാധിപനായ റബ്ബ് നമ്മെ എല്ലാവരേയും ഇഹ പര
വിജയികളിൽ ഉൾപ്പെടുത്തുകയും പൂർണ ഈമാനോടെ നശ്വര ജീവിതം വിടുതൽ ചെയ്യാൻ
വിധികൂട്ടുകയും ചെയ്യുമാറാകട്ടേ ..ആമീൻ
വിനീതൻ
റഫീഖ് നടുവട്ടം

No comments:
Post a Comment