ഈ എഴുത്തുപുരയില്‍..

11 November 2015

ഇരട്ട പി ഡി സി യും ഗുരു വാക്യവും

ഇരുപത് വർഷം മുമ്പത്തെ ഒരു ഇരട്ട പഠന കാലം ഓത്തുപള്ളി ഓർമകളിൽ ഒളിമങ്ങാതെയുണ്ട്.
94'ൽ പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തു നിന്ന നാളുകളിലാണ് അവധിക്കാലം പാഴാക്കിക്കളയേണ്ടെന്ന ചിന്തയിൽ ബാപ്പയെന്നെ ദർസിൽ അയച്ചത്.

അക്ഷരപ്പിച്ച വെച്ചു നടന്ന അയൽ ഗ്രാമത്തിലെ മദ്രസയ്ക്കും സ്കൂളിനും സമീപമുള്ള പുരാതനമായ നെല്ലിശ്ശേരി കുണ്ടുരുമ്മൽ ജുമുഅത്ത് പള്ളിയിൽ.

ഒന്നര കി.മി മാത്രമകലെയുള്ള പള്ളിയിലേക്ക് രാവിലെ പോയി അസർ നിസ്ക്കാരാനന്തരം തിരിച്ചു വരുന്ന ദർസ് ദിനങ്ങൾ. നാട്ടുകാരും മറുനാട്ടുകാരുമായി അനേകം പഠിതാക്കൾ.

നഹ് വിന്റെയും സ്വർഫിന്റെയും കർമശാസ്ത്രത്തിന്റെയും പ്രാഥമിക പടികളിൽ പഠനം തുടങ്ങിയെങ്കിലും കിതാബുകളിലൊന്നും ക്ലച്ചു പിടിക്കാതെയാണ് ദിനങ്ങൾ നീങ്ങിയത്.
നാട്ടുഭാഷയിൽ പറഞ്ഞാൽ, ഓത്തു തിരിയാതെ നട്ടം തിരിഞ്ഞ് കഷ്ടപ്പാടുകളിലേയ്ക്ക് ഞാൻ കൂപ്പുകുത്തി !

ഗുരുനാഥനായ പി.അബ്ദുറഹിമാൻ അൽ ഖാസിമി അവർകൾക്ക് എന്റെ പഠന പിന്നാക്കാവസ്ഥയിൽ അമർഷം തോന്നിയിരുന്നെങ്കിലും ശിക്ഷാ നടപടികളൊന്നും അദ്ദേഹം കൈക്കൊണ്ടിരുന്നില്ല.
നാല് പതിറ്റാണ്ടിലേറെക്കാലം ആ മഹല്ലിൽ തലമുറകൾക്ക് വിജ്ഞാന വെളിച്ചം പകർന്നു വരുന്ന മൊയ്തുണ്ണി മുസ് ലിയാരുടെ (പരലോക ജീവിതം പ്രകാശ പൂരിതമാകട്ടെ.. ആമീൻ)
ഇളയ പുത്രനായിരുന്നു ഞാൻ എന്നതായിരുന്നു അതിനു കാരണം.
ആ നാട്ടുകാരും ഉസ്താദും ബാപ്പയോട് കാണിക്കുന്ന ആദരവിന്റെ കാരുണ്യത്തിൽ ശിക്ഷകളിൽ നിന്നൊക്കെ ഞാൻ രക്ഷപ്പെട്ടു പോരുമായിരുന്നു!

രണ്ട് മാസത്തോളം നീണ്ട അവിടുത്തെ ദർസിന് എസ് എസ് എൽ സി ഫലം വന്നതോടെ വിരാമമായി. തരക്കേടില്ലാത്ത മാർക്കോടെ ഞാൻ പത്താംപടി കടന്നു.
എന്നാൽ, ഇനി പഠിക്കാൻ പോകേണ്ടെന്ന നിലപാടിലായിരുന്നു ബാപ്പ.

അക്കാലത്ത് പലവിധ രോഗപീഢകളാൽ വലഞ്ഞിരുന്ന എനിക്ക് കോളേജിൽ പോയി പഠിക്കാൻ ആരോഗ്യമുണ്ടാകില്ലെന്ന ആശങ്കയിലായിരുന്നു അങ്ങനെയൊരു വിചാരം. ദർസിൽ പഠിച്ച് മുസ് ല്യാരായാൽ 'മഈശത്ത്' കഴിഞ്ഞു പോകുമെന്ന് ബാപ്പ സമാധാനിച്ചിരിക്കണം!
"വല്ല പള്ളിയിലും നിന്ന് ഓതിക്കോ" എന്ന ബാപ്പയുടെ കനത്ത സ്വരം വൈകാതെ എന്റെ കാതിൽ പതിഞ്ഞു.
എന്നാൽ, എനിക്ക് കോളേജിൽ പഠിക്കണമെന്നും സമ്മതിച്ചില്ലങ്കിൽ ഒന്നിനും പോകില്ലെന്നും ഉമ്മയോട് ഞാൻ സങ്കടപ്പെട്ടു.

വിജയ വിവരമറിഞ്ഞ് വീട്ടിലെത്തിയ എന്റെ ട്യൂഷൻ ഗുരുവായ രാജൻ മാഷും കാര്യങ്ങൾ പറഞ്ഞപ്പോൾ, 'രണ്ടും കൂടി ആയിക്കോട്ടെ 'എന്ന് ബാപ്പ നിലപാട് മയപ്പെടുത്തി; തുടർ പഠനത്തിന് സാധ്യത തെളിഞ്ഞു.

അങ്ങനെ, പ്രസ്ഥാന നേതാവായ ജേഷ്ഠ സഹോദരൻ ( വാരിയത്ത് മുഹമ്മദലി ) അന്വേഷിച്ചു കണ്ടെത്തിയ ഒരു ' മാതൃകാ ദർസി'ൽ പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി.
വിവരം പറയാനും പൊരുത്തം വാങ്ങാനുമായി ഞാൻ നെല്ലിശ്ശേരിയിലെ ഉസ്താദിന്റെ അടുത്തെത്തി.
അദ്ദേഹം പറഞ്ഞു: "സംഗതി നല്ലത് തന്നെ. പക്ഷേ നിനക്കെങ്ങനെ രണ്ടും കൂടി താങ്ങും? കിതാബോത്തിൽ തന്നെ നീ കിതച്ചിട്ടല്ലേ റഫീഖേ ? ''

ഞാനൊന്ന് ഞ്ഞെളിഞ്ഞു.
ഒരു ഉത്തരവും ഉരിയാടിയില്ല.

ഉസ്താദ് ദുആ ചെയ്യണം എന്ന അപേക്ഷയോടെ ഗുരുവിൽ നിന്ന് പിരിഞ്ഞു.

* * *       * * *     * * *
പ്രതീക്ഷയോടും അതിലേറെ പേടിയോടും കൂടിയാണ് ബാപ്പയോടൊപ്പം പുതിയ ദർസിലെത്തിയത്. വെട്ടിച്ചിറ മജ്മഇന് സമീപമുള്ള ജുമുഅത്ത് പള്ളിയിൽ.
കോട്ടക്കൽ ഇബ്രാഹീം ബാഖവി മുദർരിസായ ആ പളളിയിലെത്തിയപ്പോൾ തന്നെ  എന്റെ പള്ളയൊന്ന് കാളി!

നെല്ലിശ്ശേരി ദർസിനേക്കാൾ മൂന്നിരട്ടി മൊയ്ല്യേരുട്ടികൾ!!

ഉസ്താദിനെ കണ്ട് ദർസിൽ ചേർത്തി ബാപ്പ തിരിച്ചു പോയി.
പിറ്റേന്നു മുതൽ തന്നെ 'ഫഅല / ഫഅലാാ ' പ്രവർത്തിച്ചു തുടങ്ങി.

രണ്ടു ദിനം കഴിഞ്ഞ് ഉസ്താദ് പറഞ്ഞയച്ചു തന്ന മുതിർന്ന രണ്ടു പേരോടൊപ്പം വെട്ടിച്ചിറ ടൗണിൽ തന്നെയുണ്ടായിരുന്ന 'അൽ ഹുദ ' കോളേജിലെത്തി ഫോർത്ത് ഗ്രൂപ്പെടുത്ത് ഞാൻ  പ്രീഡിഗ്രിക്ക് ചേർന്നു.
മുപ്പത്തിയഞ്ചോളം വിദ്യാർഥികൾ ഉണ്ടായിരുന്ന സമ്മിശ്ര ക്ലാസിൽ മറ്റു മൂന്ന് പേർ കൂടിയുണ്ടായിരുന്നു ദർസിൽ നിന്ന്.

എല്ലാവരും അസ്സലായി തലേക്കെട്ട് കെട്ടിപ്പോകുന്ന കോളേജ് കുമാരന്മാർ!
അയൽ / വിദൂര ജില്ലകളിൽ നിന്നും വന്ന് ദർസിൽ പഠിച്ചിരുന്ന ഒരുപാട് കുട്ടികൾ വെട്ടിച്ചിറയിലേയും പരിസരങ്ങളിലേയും സ്കൂളികളിൽ ചേർന്ന് ഭൗതിക വിദ്യാഭ്യാസം നേടുന്നവരായിരുന്നു.
പരിചയപ്പെട്ട് വന്നപ്പോഴാണ് ഞങ്ങളുടെ ദർസ് മലപ്പുറം ജില്ലയിലെ തന്നെ മികച്ച ' മാതൃകാ ദർസ്' ആണെന്ന് മനസ്സിലായത്.

രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോളേജും പള്ളിയിലെത്തിയാൽ മുഴുസമയവും കിതാബും; ഇതായിരുന്നു മാതൃകാ ദർസിന്റെ നടപ്പു ( പഠിപ്പു ) പദ്ധതി.

കോളേജ് പാഠങ്ങളും ദർസ് കിതാബുകളും നോക്കിപ്പോകാൻ ആദ്യ ആഴ്ചകളിലൊന്നും എനിക്ക് പ്രയാസം തോന്നിയില്ല.
പക്ഷേ, പതിയെ പതിയെ കിതാബുകളുടെ എണ്ണം കൂടി വന്നപ്പോൾ പകൽ തൊട്ട് പാതിരാ വരെ ഇരുന്നാലും തീരാത്ത പഠനഭാരമായി.

രണ്ടു മേഖലയിലും ശ്രദ്ധിക്കാനാവാത്ത വൈഷമ്യം വല്ലാതെയലട്ടി.
സബ്ഖിനിരിക്കുന്ന സമയം ഗുരുവര്യർ ഓരോരോ ചോദ്യമാരായുമ്പോൾ ഉത്തരംമുട്ടി എനിക്കെന്നും..

ഉസ്താദിന്റെ ശിക്ഷണം പലപ്പോഴും പരിഹാസ സ്വരൂപം പ്രാപിച്ചപ്പോൾ ശരീക്കന്മാർ അത് ശരിക്കും ആഘോഷിച്ചു.
രാവിലെ കോളേജിൽ ചെന്നാൽ അവിടെയും കാത്തിരുന്നു, ചിരിയുടെ പൂരം!

ഡെബിറ്റിന്റെയും ക്രെഡിറ്റിന്റെയും  വകഭേതങ്ങൾ ചോദിച്ച് അക്കൗണ്ടിംഗ് സാർ ഈ മൊയ് ല്യേരുട്ടിയെ നിർത്തിപ്പൊരിച്ചു..
തേർഡ് ഗ്രൂപ്പിലേതുൾപ്പടെയുള്ള പെൺപിള്ളേർ തൊള്ളതുറന്നാർത്തു ചിരിച്ചു ! !
നാളുകൾ കഴിയുന്തോറും പഠനാവസ്ഥ ദുരിതത്തിന്റെ പാരമ്യത്തിലെത്തി.
എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്ന് തലയൂരണമെന്ന ചിന്ത പൊന്തി.
ആദ്യ ഗുരുവിന്റെ ദീർഘവീക്ഷണമുള്ള വാക്കുകൾ അറംപറ്റും പോലെ അനുഭവപ്പെട്ടു..

ഉസ്താദിന്റെ ഗുരുത്വക്കേട് ഭയന്ന് അവിടെ നിന്ന് ഒളിച്ചോടാൻ ധൈര്യം വന്നില്ല; കോളേജ് ക്ലാസുകൾ 'കൊള'മായിപ്പോകുമോ എന്ന ഭീതിയും..

ധർമസങ്കടം വീട്ടിലറിഞ്ഞു.
റമളാൻ വരെ പിടിച്ചു നിന്ന് ദർസടക്കുമ്പോൾ ഉസ്താദിന്റെ സമ്മതത്തോടും തൃപ്തിയോടും കൂടി പിരിഞ്ഞു പോരാനായിരുന്നു നിർദേശം.

വെട്ടിച്ചിറയെ വിട്ടേച്ചു പേരാൻ വേഴാമ്പലിനെ പോലെ ഞാൻ കാത്തിരുന്നു.
അപ്പാഴൊക്കെ  'എന്തിന് പഠിക്കുന്നു ' എന്ന് ചോദിക്കുന്നവരോടൊക്കെ, ആളും തരവും നോക്കി,  "പി ഡി സിക്ക് " എന്ന് ഞാൻ വെച്ചു കാച്ചി! (പള്ളി ദർസ് കോഴ്സ് എന്നും പ്രീഡിഗ്രി കോഴ്സ് എന്നും PDCയെ ഞാൻ നിർവചിക്കുകയായിരുന്നു!)

ഈ ഇരട്ട പഠനത്തിന്റെ ഇരുട്ടടി പിന്നീടാണെന്നെ തേടിയെത്തിയത്.
ആദ്യ വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഗംഭീരമായി തന്നെ ഞാൻ തോറ്റു "തൊപ്പിയിട്ടു"
ഒരൊറ്റ വിഷയത്തിൽ പോലും ഒരിറ്റു വിജയം കനിയപ്പെടാതെ കണ്ണീരു വാർത്തപ്പോൾ നെല്ലിശ്ശേരി ഗുരുവിന്റെ പതിരില്ലാവാക്യം അപാരമായി അനുഭവപ്പെട്ടുകയായിരുന്നു.. 
(പിന്നീട്, രണ്ടാം വർഷ പരീക്ഷയോടൊപ്പം പോയതെല്ലാം എഴുതിയെടുത്ത് വർഷം പാഴാക്കാതെ നല്ല മാർക്കോടെ ഞാൻ  'യഥാർഥ പ്രീഡിഗ്രി' പൂർത്തിയാക്കി)

* * *      * * *   * * *

ഹൃസ്വകാലത്തെ 'ദർസ് വാസം' ഗണ്യമായ ജീവിത ഗുണങ്ങളാണ് എന്നിൽ രൂപപ്പെടുത്തിയത്.
മുതഅല്ലിം സമൂഹത്തോട്  ഇന്നും സമുദ്രാഴം പോലെയനുഭവപ്പെടുന്ന ഒരു സ്നേഹം അതിൽ പ്രധാനമാണ്.
(നീ പണ്ഡിതനോ പഠിതാവോ ആകുന്നില്ലെങ്കിൽ അവരെ പ്രിയം വെക്കുന്നവനെങ്കിലും ആയിത്തീരുക എന്നാണല്ലോ തിരുവാക്യം!)

വായനയുടെയും എഴുത്തിന്റെയും വഴിയിലേക്കാനയിച്ച സാഹിത്യ സമാജങ്ങൾ.., 
അതിജീവന പ്രതിസന്ധികളിൽ കച്ചിത്തുരുമ്പാക്കിയ അധ്യാപക വേഷങ്ങൾ.., 
കൂടുതൽ ഭൗതിക വിദ്യയാർജ്ജിച്ച് കടന്നു ചെന്ന വിവിധ രാജ്യങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നും നേടിയ മനുഷ്യാദരവുകൾ...

എല്ലാം,  കൗമാരകാലത്തെ ഒരു 'തടവു ജീവിതം' നേടിത്തന്ന സൗഭാഗ്യ സ്മരണകൾ!
അധ്യാത്മിക ഗോപുരങ്ങളുടെ അകത്തളങ്ങളിൽ നിന്ന് ഓത്തു ബൈത്തുകളുയരുമ്പോൾ എന്നിൽ പെയ്തിറങ്ങിയ അനുഗ്രഹങ്ങളുടെ മാരിവില്ലുകൾ !!

No comments: