ഈ എഴുത്തുപുരയില്‍..

03 January 2022

വിവിധ മാറ്ററുകൾ

ഒത്തുചേരാൻ ഓർത്തിരുന്ന ദിനം നാളെയാണ്..
🌹🌹🌹🌹🌹🌹🌹🌹🌹
പ്രിയ നാട്ടുകാരാ..
താങ്കൾക്ക് സുഖമാകട്ടെ എന്ന് പ്രാർഥിക്കുന്നു..

പ്രവാസ മണ്ണിൽ പരസ്പരം സ്നേഹം ചൊരിയാനും വിശേഷങ്ങൾ പങ്കിടാനും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത കൂരിക്കുഴിക്കാരുടെ കൂടിച്ചേരലിന് കാത്തിരുന്ന ദിനം ആഗതമായല്ലോ!

നാളെ (2022 നവംബർ 20, ഞായർ )
ഒരേ നാട്ടുകാരെന്ന നിലയിൽ ഒരേ മനസ്സോടെ നാം ഒരുമിച്ചിരിക്കുമ്പോൾ ആ സംഗമം നമ്മുടെ ബന്ധങ്ങളെ കൂടുതൽ ഊഷ്മളവും ആഹ്ളാദകരവുമാക്കുക തന്നെ ചെയ്യും !

അതിനാൽ, എല്ലാ തിരക്കുകളും മാറ്റിവെച്ച് താങ്കൾ (കുടുംബം ഇവിടെയുണ്ടെങ്കിൽ അവരേയും കൂട്ടി) നമ്മുടെ പരിപാടിക്ക് എത്തിച്ചേരണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കട്ടെ..

പ്രതീക്ഷയോടെ
റഷീദ് മേലറ്റത്ത്
ദുബൈ
......................................................................
അൻഖൂസ് ' മൗലിദ്
സൂഫീ സരണിയിൽ ജീവിതം നയിച്ച ആധ്യാത്മിക പണ്ഡിതൻ മർഹൂം പൊന്നാനി ബാവ മുസ്‌ലിയാർ രചിച്ച പ്രവാചക പ്രകീർത്തനമാണ് 'അൻഖൂസ് ' മൗലിദ്.
സാഹിത്യ സമ്പുഷ്ടതയാലും ആത്മീയാനുരാഗത്തിന്റെ ആഖ്യാന ശൈലി കൊണ്ടും ആശിഖീങ്ങളെ ആകർഷിച്ച അപദാനമാണിത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകർക്ക് അറിവു പകരുകയും നിരവധി പണ്ഡിതരുടെ ഗുരുവായി മാറുകയും സുപ്രധാനങ്ങളായ ഗ്രന്ഥ രചനകളിലൂടെ പ്രവാചക ജീവിതം വാഴ്ത്തിപ്പാടുകയും ചെയ്ത മഹാനായിരുന്നു പൊന്നാനി ബാവ മുസ്‌ലിയർ ! (ന:മ)

അലൗകികമായ ദൃഷ്ടിപഥത്തിലൂടെ
ഖിള്ർ നബി(അ) നെ ദർശിക്കാൻ പലവട്ടം സൗഭാഗ്യം സിദ്ധിക്കുകയും ആ മാർഗദർശനങ്ങളിലൂടെ അനേകം മനസ്സുകളെ ആത്മീയ വെളിച്ചത്തിലേയ്ക്കു കൈ പിടിക്കുകയും ചെയ്ത മർഹൂം ബാവ മുസ്‌ലിയാർ അനവധി കറാമത്തുകളുടെ ഉടമയാണ്. 

തൃശൂർ ചാവക്കാടിനു സമീപം മന്ദലാംകുന്നിലെ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്റെ ആത്മീയസ്ഥാനം ഉയർത്തി അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ.. ആമീൻ.

Matter given to Abdul Azeez Family, Manoor
--------------------------------------------------------------------


...........................................................................
ഇണയായും തുണയായും 
തണലായും തണുപ്പായും
ജീവിതക്കൂട്ടൊരുക്കിയവൾക്ക്
ഇന്ന് പിറന്നാൾ ദിനം !

ഹൃദയം പകർന്നവളേ..  
ആയൂരാരോഗ്യ സൗഖ്യത്തിലേയ്ക്ക് പ്രിയതമന്റെ പ്രാർഥനാശംസകൾ !!
...........................…...............................................
പ്രിയപ്പെട്ടവരേ .,
السلام عليكم ورحمة الله
എന്റെ സ്നേഹനിധിയായ ഉമ്മ ഓർമയായിട്ട് ഒരു വർഷമാകുന്നു..

2021സെപ്തംബർ .... നാണ് [ മുഹർറം 29 ] എന്നെയും കുടുംബത്തേയും തീരാവ്യസനത്തിലാഴ്ത്തി ഇലാഹീ സവിധത്തിലേയ്ക്കു പ്രിയപ്പെട്ട ഉമ്മ യാത്രയായത്.

അവരുടെ ബർസഖീ ജീവിതത്തിന്റെ സന്തോഷത്തിനും ഗുണത്തിനുമായി ഈ ഞായറാഴ്ച (ആഗസ്റ്റ് 28 ) ഉച്ചയ്ക്ക് ... മണിക്ക് ഒരു മൗലിദ് - ദുആ സദസ്സ് സംഘടിപ്പിക്കുന്നു ; ഇൻശാ അല്ലാഹ്.

അൽ മുറാർ 'ഹയാത്ത് റീജൻസി'ക്കു സമീപമുളള എന്റെ താമസ സ്ഥലത്താണ് പരിപാടി. അതിൽ സംബന്ധിച്ച് പ്രാർഥനയിൽ പങ്കാളിയാകാൻ താങ്കളെ ആദരപൂർവം ക്ഷണിക്കുന്നു.

പ്രതീക്ഷയോടെ,
സുഹൈൽ കോട്ടക്കൽ (ദുബൈ)
+971 52 734 9005

......................................…...................................
അടുത്തുണ്ട്
ആയൂർവേദത്തിന്റെ 
സൗഖ്യ സ്പർശം !
എടപ്പാൾ നെല്ലിശ്ശേരിയിൽ, ഹരിതാഭമാർന്ന ഗ്രാമ്യവിശുദ്ധിയുടെ മടിത്തട്ടിൽ തനിമയും മേന്മയും ഉൾച്ചേർന്ന ചികിത്സകളുടെ
പുതുകേന്ദ്രം തുറക്കപ്പെടുകയാണ് !

ആധുനിക മനുഷ്യനെ അലട്ടുന്ന 
രോഗപീഢകൾക്കെല്ലാം ആയൂർവേദ ചികിത്സയുടെ അനുഗൃഹീത സ്പർശം സമർപ്പിച്ചു കൊണ്ട് 
നെല്ലിശ്ശേരി ആയൂർ ലൈഫ് ക്ലിനിക് ഉദ്ഘാടനം ചെയ്യപ്പെടുന്നു.

പഞ്ചകർമ, ഹിജാമ, ഉഴിച്ചിൽ തുടങ്ങി എല്ലാ ആയുർവേദ ചികിത്സകളും വിദഗ്ധരായ വൈദ്യന്മാരുടെ കരസ്പർശത്തിൽ ലഭ്യമാക്കി നിങ്ങളുടെ ശാരീരിക വൈഷമ്യങ്ങളെ ഞങ്ങൾ സൗഖ്യപൂർണമാക്കുന്നു !

....…........................................................…..........
ആഘോഷങ്ങൾ ഏതുമാകട്ടെ ;
പ്രിയപ്പെട്ടവർക്കയക്കാം
ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങൾ !

മുഹൂർത്തങ്ങളെ ഹൃദയത്തോടു ചേർക്കാത്തവർ ആരാണുള്ളത് ?
ജീവിതത്തിന്റെ സന്തോഷ വേളകളിൽ അവർക്കു നൽകുന്ന എന്തും പാരസ്പര്യത്തിന്റെ മധുരം ഇരട്ടിപ്പിക്കും !

ഇന്ത്യയിലെവിടെയുമുള്ള നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആഘോഷാവസരങ്ങളിൽ സമ്മാനങ്ങൾ അയക്കാൻ ഞങ്ങളെ ബന്ധപ്പെടൂ...
Given to Rasheed koorikkuzhi
On 5/7/2022
.........................................................................
അറഫാ രാവിൽ ആത്മീയതയിലലിയാം ..
ആത്മാവിന്റെ ഉൾവിളി കേട്ടും
ആത്മീയതയിൽ പുളകം കൊണ്ടും
വിശ്വാസിലോകം വിശുദ്ധ ഹറമുകളിൽ ഒത്തുചേരുകയാണ് !

കൺനിറയെ കഅബാലയം കണ്ട്,
ഖൽബകം മുഴുവർ തിരുറൗളയിൽ സമർപ്പിച്ച്, വിശ്വാസി ലക്ഷങ്ങൾ നിർവൃതിയടയുന്ന വിശുദ്ധ ഹജ്ജിന് ഇനി ദിനങ്ങൾ മാത്രം !

മിനയിലും മുസ്ദലിഫയിലും,
ഹറമുകളിലും ജംറകളിലും,
മേനിയും മനസ്സും സുകൃതങ്ങളിൽ ലയിപ്പിച്ച ലക്ഷോപലക്ഷം സൗഭാഗ്യവാന്മാർ ആത്മീയലക്ഷ്യം കൈവരിക്കുന്ന നിറക്കാഴ്ചകൾ വിശ്വമാകെയുള്ള വിശ്വാസി ഹൃദയങ്ങളിലാകെ തീർഥം തളിക്കുകയാണ് !
 
പ്രസവിക്കപ്പെട്ട കുഞ്ഞിനു സമാനം വിശ്വാസി മനസ്സുകളെ പാപമുക്തമാക്കുന്ന 'അറഫ' ഹജ്ജിന്റെ അഭിവാജ്യമാണ്. 
ഈ ദിനത്തിൽ പുണ്യമണ്ണിൽ പ്രാർഥനകളെ പുണരുന്ന തീർഥാടകർക്കൊപ്പം ആഗോള മുസൽമാന്റെ തുടിക്കാത്ത
അന്തരംഗങ്ങളുണ്ടാകുമോ ..?

ഇല്ല !
ഹാജിമാരുടെ ഹൃദയങ്ങൾ പോലെ 
അഷ്ടദിക്കുകളിലുള്ള വിശ്വാസി മനസ്സുകളും ആ സൗഭാഗ്യത്തിനായ് സർവാധിപനോട് തേടുന്നു..

ദുൽഹിജ്ജ ദിനങ്ങളുടെ ശ്രേഷ്ഠതകളും  വെള്ളിയാഴ്ചയുടെ മഹത്വപൂർണതകളും ഒത്തുവന്ന ഈ വർഷത്തെ അറഫാ രാവിൽ പ്രവർത്തകർക്കും സഹോദരങ്ങൾക്കുമായി ഒരു നിശാ ക്യാമ്പ് സംഘടിപ്പിക്കുകയാണ് അൽ ഖലീജ് യൂണിറ്റ് ഐ സി എഫ്. 
അറിവും ആത്മീയതയും അത്താഴവും ഉൾപ്പെടുത്തിയുള്ള ഒരു സമ്പൂർണ പ്രാർഥനാ രാവ് ! മഹത്തായ മഹ്ളറത്തുൽ ബദ്‌രിയ മജ്ലിസിന്റെ വാർഷികവും വാരാന്ത്യ ബുർദ: സദസ്സും ഇതോടൊപ്പം നടക്കും.

2022 ജൂലൈ 7 ന് വ്യാഴാഴ്ച ദേര സഅദിയ്യ: സെന്ററിൽ രാത്രി 9.30 മുതൽ രാവിലെ 4 മണി വരെ സംവിധാനിക്കുന്ന പ്രസ്തുത നിശാ ക്യാമ്പിലേക്ക് താങ്കളേയും ആദർശ സുഹൃത്തുക്കളേയും സ്നേഹപൂർവം ക്ഷണിക്കുകയാണ്. പഠനാർഹമായ ക്ലാസുകളിലും ആത്മാർഥമായ ഇബാദത്തുകളിലും ചെലവഴിച്ച് സമയങ്ങളെ നമുക്ക് സാർഥകമാക്കാം !

വരിക !
പ്രാർഥനകൾക്ക് ഉത്തരം ഉറപ്പായ അറഫാ രാവിൽ പ്രവാസ ഭൂമികയിലിരുന്ന് നമുക്കും പുണ്യങ്ങൾ കരസ്ഥമാക്കാം..

ആത്മസംസ്കരണത്തിന്റ അറിവാഴിയിൽ ആഴ്ന്നിന്നിറങ്ങി ആത്മീയ വിജയത്തിന്റെ മുത്തുകൾ വാരിയെടുക്കാം..

ആയുസ്സിന്റെ ഇന്നലെകളിൽ സംഭവിച്ചു പോയ ദോഷങ്ങളെ കഴുകിക്കളയാം..

ദീനീ ദഅവ:യെന്ന വ്യക്തിഗത ബാധ്യതയുടെ ബോധമുൾക്കൊണ്ട് വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശങ്ങൾ പരിസരങ്ങളിൽ പരത്താം...!

വരൂ .. സോദരാ ..
നശ്വര ജീവിതത്തിന്റെ തീരാതിരക്കുകൾ മാറ്റിവെച്ച് അനശ്വര വിജയത്തിന്റെ സ്വർഗത്തോപ്പിലേയ്ക്കു സ്വാഗതം !

   
......... ..............................................................

…...........................................................................
From,

Salma
( Teacher, ........)


To,

The Management
....... School,
Kaipamangalam


Sub: Resignation letter

ബഹുമാന്യരെ,

ഈ സ്കൂളിൽ ....... ( month & year ) മുതൽ ...... വിഭാഗം അധ്യാപികയായി ഞാൻ ജോലി ചെയ്തു വരുന്നു. സ്ഥാപനത്തിന്റെയും മാനേജ്മെന്റിന്റെയും നയങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി സ്കൂളിന്റെ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചത് എന്ന് ഉത്തമ ബോധ്യമുണ്ട്. 

എന്നാൽ, സ്ഥാപന അധികൃതരിൽ ചിലർ വെച്ചുപുലർത്തുന്ന അനീതികളിലും അധാർമികതകളിലും മനം മടുത്ത്, ഞാൻ ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വവും ആത്മാഭിമാനവും കാത്തുസൂക്ഷിക്കൻ ഈ സ്കൂളിലെ ജോലിയിൽ നിന്നു രാജിവെക്കാൻ തീരുമാനിച്ചത് നിങ്ങളെ അറിയിച്ചു കൊള്ളുന്നു.

മതബോധവും മാനുഷികതയും പഠിപ്പിക്കപ്പെടേണ്ട ഒരു വിദ്യാലയത്തിൽ ഇവ രണ്ടും വേണ്ടെന്നു വച്ച്, ഈ മൂല്യങ്ങൾ പകരാൻ എത്തുന്ന അധ്യാപകർക്കു നേരെ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഭാഷ കൊണ്ട് അധികാര പീഢനം നടത്തുന്നതിൽ മനം നൊന്താണ് ഈ രാജി എന്നു പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്.

മനുഷ്യ സഹജമായ സാഹചര്യങ്ങളിൽ അവധിയെടുക്കാനും അവയുടെ കാര്യകാരണങ്ങൾ ബോധ്യപ്പെടുത്താതാനും അവകാശമുണ്ടായിരിക്കേ, സ്കൂൾ ചട്ടങ്ങളും തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തി ജീവനക്കാരെ അരുതായ്മകളുടെ അധികാര വരുതിയിൽ നിർത്തുന്ന ഈ മാനേജ്മെന്റിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുകളുണ്ട്.

അസുഖ ബാധിതയായ വിവരങ്ങൾ യഥാസമയം അറിയിച്ചിട്ടും ജോലിക്കു ഹാജരാനാവാത്ത സ്ഥിതിവിശേഷങ്ങൾ വിശദമാക്കിയിട്ടും മനുഷ്യത്വപരമായ സമീപനങ്ങൾ സ്വീകരിക്കാതെയും നിയമങ്ങൾ പാലിക്കാതെയും അബ്ദുൽ ഹമീദ് എന്ന മാനേജർ എന്റെ അഭിമാനത്തെ അപമാനിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കാതെ വയ്യ.

പാവപ്പെട്ടവരും അല്ലാത്തവരുമായ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങി മുന്നോട്ടു നീക്കുന്ന ഈ സ്ഥാപനത്തിന്റെ ലക്ഷ്യം അയോഗ്യരും അപക്വമതികളുമായ ഒരു കൂട്ടം ധനമോഹികളുടെ ഉദരപൂരണം മാത്രമാണെന്ന വസ്തുത വൈകിയാണ് തിരിച്ചറിഞ്ഞത്.

ആയതിനാൽ, സ്വപരിശ്രമത്തിലൂടെ നേടിയ അക്കാദമിക് യോഗ്യതകളും പരിശീലനങ്ങളും അധ്യാപന സാധനകളും ഈ സ്ഥാപനത്തിൽ വൃഥാ സമർപ്പിച്ചു കൊണ്ട് എന്റെ കരിയറിനെ വ്യഥാ കരിച്ചുകളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ചുരുങ്ങിയ നാളുകൾ കൊണ്ട് ഈ സ്ഥാപനത്തിൽ നിന്നു നേടിയ നേട്ടങ്ങൾ, അറിവു നുകരാൻ എന്റെ മുന്നിലെത്തിയ നിശ്കളങ്കരായ കുരുന്നുകൾക്കും സ്നേഹഹൃദയരായ അവരുടെ രക്ഷിതാക്കൾക്കും മാത്രം സമർപ്പിക്കുന്നു.

അതോടൊപ്പം, ഒരു അധ്യാപിക എന്ന നിലയിലും ഒരു ദീനീ വിശ്വാസി എന്ന നിലയിലും എന്നെ പുത്രീ തുല്യവും സഹോദരീ സമാനവും സ്നേഹിച്ച മാനേജ്മെമെന്റ് അംഗങ്ങൾക്ക് ഹൃദയംഗമായ നന്ദിയും പ്രാർഥനയും നേരുന്നു. 

വിശ്വസ്തതയോടെ,
സൽമ ടീച്ചർ
.....................................................................

വരണം
യൂണിറ്റു സമ്മേളനത്തിലേയ്ക്ക്..
.......................................................
നമ്മുടെ മതവും മതേതര രാജ്യവും തീക്ഷ്ണമായ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുകയാണ്. 
വിശ്വാസങ്ങളെ തച്ചുടയ്ക്കാനും വിശ്വാസികളെ തല്ലിച്ചതയ്ക്കാനും വിദ്വേഷ മാനുഷർ വർധിത വീര്യത്തോടെ തെരുവിലിറങ്ങിയിരിക്കുന്നു.
 
ഒരുഭാഗത്ത്, ഇസ്‌ലാമിനകത്തെ അവാന്തര വിഭാഗങ്ങൾ പാരമ്പര്യ ആദർശ സംഹിതകളെ അവഹേളിക്കുമ്പോൾ, മറുഭാഗത്ത് ഫാസിസത്തിന്റെ ഫണം വിടർത്തിയ മറ്റു ചിലർ മതത്തേയും നേതാക്കളേയും വിഷലിപ്തമായി മോശപ്പെടുത്തുകയാണ്.

യുക്തിവാദത്തിലേയ്ക്കും തീവ്രചിന്തകളിലേയ്ക്കും മതനിരാസത്തിലേയ്ക്കും വലിച്ചിഴച്ച് വിശ്വാസികളെ വഴിതെറ്റിക്കുന്നതിൽ വ്യാപൃതരാണ് പരിഷ്കൃതരെന്നു നടിക്കുന്ന ചില വിവരദോഷികൾ !

മുസ്‌ലിം ആയതിന്റെ പേരിൽ അവഗണനകൾക്കും പീഢനങ്ങൾക്കും വിധേയരായി, ജീവനും സ്വത്തിനും ജീവിതോപാധികൾക്കും ഭീഷണിയായി വംശീയ ഉന്മൂലനത്തിന്റെ ഉന്മാദ ക്രൗര്യം തീർക്കുന്ന ഭരണകൂടത്തിന്റെ മുന്നിൽ ഈ സമുദായം ഭീതിയിൽ ആശങ്കിച്ചു നിൽക്കുന്നു.

ആദർശവും ജീവിതവും ഭീഷണി നേരിടുന്ന ഈ സന്നിഗ്ധ ഘട്ടത്തിൽ ചില പ്രതിരോധങ്ങൾ തീർക്കേണ്ടത് നമുക്ക് അത്യന്താപേക്ഷിതമാണ്. 
അറിവു കൊണ്ടും ആർജ്ജവം കൊണ്ടും ഈ പ്രതിസന്ധിയെ നമുക്ക് നേരിടാനാകണം.

അഹ്‌ലുസ്സുന്നയുടെ ജീവനാഡികളായ നാം, നമ്മുടെ ആദർശപാതയുടെ വഴിയും വെളിച്ചവും ശരിയായ രൂപത്തിൽ മനസ്സിലാക്കിയെങ്കിലേ, വിശ്വാസം പിഴപ്പിക്കാനിറങ്ങിയ ബിദഇകളുടെയും യുക്തിവാദികളുടെയും നിരർഥക വാദങ്ങളെ പൊളിച്ചടക്കാനാവൂ !

ഇസ്‌ലാമിനു നേരെ വീശിയടിക്കുന്ന വിഷക്കാറ്റുകളുടെയും വിവാദങ്ങങ്ങളുടേയും പൊരുളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞെങ്കിലേ അവയെ സമർഥമായി പ്രതിരോധിക്കാനും നമ്മുടെ മതത്തിന്റെ മഹിത ഹൃദയം മാനവർക്കു മുന്നിൽ മനോഹരമായി അവതരിപ്പിക്കാനും നമുക്കു കഴിയൂ..

അതിനു വേണ്ടി, അറിവു നേടി അവബോധിതരാവാൻ അസുലഭമായ ഒരവസരമാരുക്കുകയാണ് ഐ സി എഫ്

ആനുകാലിക വിവാദങ്ങളുടേയും പുതിയ സാഹചര്യങളുടേയും പശ്ചാത്തലത്തിൽ 
ഐ സി എഫ്
അൽഖലീജ് ഘടകം യൂണിറ്റ് സമ്മേളനം സംഘടിപ്പിക്കുകയാണ് !

'മുറാബത്വ' എന്ന നാമധേയത്തിൽ
ജൂൺ 19 ന് ഞായറാഴ്ച വൈകീട്ട് 4:45ന് ദേര സഅദിയ്യ: സെന്ററിൽ ആണ് പ്രസ്തുത യൂണിറ്റ് സമ്മേളനം.

പ്രഗത്ഭരായ നേതാക്കൾ സംബന്ധിക്കുന്ന, പണ്ഡിതർ ക്ലാസെടുക്കുന്ന യൂണിറ്റ് സമ്മേളനത്തിൽ സംബന്ധിക്കാൻ താങ്കളെ സ്നേഹപൂർവം ക്ഷണിക്കുന്നു.

സൗഹൃദ വലയത്തിലുള്ള മറ്റു മുസ്‌ലിം സഹോദരങ്ങളേയും കൂട്ടി താങ്കൾ സമ്മേളനത്തിനെത്തുമല്ലോ?

പ്രതീക്ഷാപൂർവം,

സംഘാടക സമിതി
'മുറാബത്വ'
ഐ സി എഫ് അൽഖലീജ് യൂണിറ്റു സമ്മേളനം
2022 ജൂൺ 19 ഞായർ
സഅദിയ്യ: സെന്റർ, ദേര, ദുബൈ
......................................................................

ഹാഫിള് ശബീറലി പോത്തനൂർ :
പ്രകൃതിയുടെ വർണക്കാഴ്ചകൾ അന്യമായ നയനങ്ങളിൽ ദിവ്യവചനങ്ങളുടെ ദൃശ്യചാരുതകൾ കണ്ട അനുഗൃഹീതനാണ് താങ്കൾ !

ഭൗതികയുടെ അന്ധകാരത്തിൽ നിന്ന് ഖുർആനിക സൂക്തങ്ങളുടെ വെളിച്ചം തെളിച്ച്, വിജയസോപാനങ്ങളിൽ വിസ്മയം തീർത്ത പ്രതിഭാശാലി !

അവഗണിക്കപ്പെട്ടവർക്ക് അഭിമാനമായും പാർശ്വവൽകൃതർക്ക് പ്രചോദനമായും താങ്കളുടെ നേട്ടങ്ങൾ തിലകം ചാർത്തെട്ടെ ..
സ്നേഹാദരങ്ങൾ !

ഇർശാദ് കുടുംബം
പന്താവൂർ

.....................................…..…............
പി ചിത്രൻ നമ്പൂതിരിപ്പാട് :

അറിവിന്റെ തണൽമരം നടാൻ അഞ്ചേക്കർ ഭൂമി നൽകി തലമുറകളുടെ ഇടനെഞ്ചിൽ വെഞ്ചാമരം വീശിയ ദേശത്തിന്റെ വ്യക്തി വൈശിഷ്ട്യം!

നവോത്ഥാന വിപ്ലവങ്ങളിൽ നായകത്വം വഹിച്ച്, സാംസ്കാരിക നവജാഗരണങ്ങളിൽ ചരിത്രം കുറിച്ച്,
ജ്ഞാന സപര്യയുടെ അപാരതകളിൽ രാഷ്ട്രത്തിന്റെ അംഗീകാരം അടയാളപ്പെടുത്തിയ അഭിമാന കേസരി !

ആയൂരാരോഗ്യ സൗഖ്യം നേരുന്നതോടൊപ്പം ഞങ്ങളുടെ സ്നേഹാദരം ..

ഇർശാദ് കുടുംബം
പന്താവൂർ
......................................................................
ഇ പി എം കുട്ടി മൗലവിക്ക് ആദരം
............................................................
സ്വച്ഛന്ദമായൊഴുകുന്ന പുഴ പോലെ, വിജ്ഞാനത്തിന്റെ വാങ്മൊഴികളൊഴുക്കി നമ്മെ അറിവിലിലേയ്ക്കു വിരുന്നൂട്ടുന്ന വിശിഷ്ട വ്യക്തിത്വമാണ് ഇ പി എം കുട്ടി മൗലവി !
പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ ദിവസവും അനേകം പേർക്ക് ദീനീ വിജ്ഞാനത്തിന്റെ തേൻകണം പകരുന്ന കുട്ടി ഉസ്താദ് നമ്മുടെ പ്രസ്ഥാനത്തിന് അഭിമാനമാണ്.

സഅദിയ്യ: സെന്ററിലെ ഇഫ്ത്വാർ സായാഹ്നങ്ങളിൽ അധ്യാപനം കൊണ്ടും പ്രാർഥന കൊണ്ടും വിശ്വാസികളുടെ ഹൃദയം കവർന്ന ഇദ്ദേഹം ഈ പെരുന്നാൾ ദിനത്തിൽ സ്വദേശത്തേയ്ക്കു മടങ്ങുകയാണ്.

എല്ലാ നിലയിലും പ്രസ്ഥാനം
കടപ്പെട്ടിരിക്കുന്ന കുട്ടി ഉസ്താദിന് ഊഷ്മളമായ ഒരു യാത്രയയപ്പും ആദരീണയവും നൽകാൻ ഐ സി എഫ്
അൽ ഖലീജ് യൂണിറ്റ് തീരുമാനിച്ച വിവരം സന്തോഷപൂർവം അറീയിക്കട്ടെ..

യൂണിറ്റ് ആസ്ഥാനമായ ദേര സഅദിയ്യ: സെന്ററിൽ നാളെ (മെയ് 1 ഞായർ)
വൈകിട്ട് 6.15 ന് ഒരുക്കുന്ന ആദരിക്കൽ ചടങ്ങിൽ സംബന്ധിക്കാനും ബഹുമാന്യനായ കുട്ടി ഉസ്താദിനെ സന്തോഷിപ്പിക്കാനും എല്ലാവരേയും സ്നേഹപൂർവം ക്ഷണിക്കുകയുണ്.

പരിപാടിയിൽ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. (ഇൻശാ അല്ലാഹ്)

എല്ലാവരേയും ഒരിക്കൽ കൂടി സ്വാഗതം ചെയ്തു കൊണ്ട് ,

നൗഷാദ് നിസാമി പാലപ്പിള്ളി (പ്രസിഡന്റ്)
അബ്ദുറഹ്മാൻ ചാവക്കാട് (ജന.സെക്രട്ടറി)
ഐ സി എഫ് അൽ ഖലീജ് യൂണിറ്റ്



................................................…......................…ഈദ് ആശംസകൾ

സന്തോഷത്തിന്റെ പുഞ്ചിരിച്ചീന്ത്..
പരിശുദ്ധിയുടെ പരിമളക്കാറ്റ്..
സുകൃതങ്ങളുടെ ഹൃദയനിലാവ്..


സ്നേഹ പാരസ്പര്യത്തിൻ 
മലർ വിരിയും സുദിനത്തിൽ
താങ്കൾക്കും കുടുംബത്തിനും
മധുവൂറും ഈദാശംസകൾ !

- റഫീഖ് നടുവട്ടം
.............................................................................
ആരാധനകൾ കൊണ്ടു ചൈതന്യമാക്കിയ ആത്മാവിൽ ആഘോഷം കൊണ്ടു ആനന്ദം നിറയ്ക്കാൻ പെരുന്നാൾ വന്നു !

സന്തോഷം തുടികൊട്ടുന്ന മനസ്സുകൾക്ക്
പ്രാർഥനാപൂർണമായ ഈദുൽ ഫിത്വർ ആശംസകൾ !

വാരിയത്ത് മുഹമ്മദലി 
(ജന.സെക്രട്ടറി, ഇർശാദ് പന്താവൂർ)
............................................................................
പുണ്യങ്ങളുടെ വർണ നൂലിഴകൾ കൊണ്ടു നെയ്ത ഹൃദയച്ചെപ്പിൽആനന്ദത്തിന്റെ ആന്ദോളനം തീർത്ത് ഈദുൽ ഫിത്വർ !പരിമളം പടരുന്ന ഈ പെരുന്നാൾ സുദിനത്തിൽ താങ്കൾക്കും കുടുംബത്തിനും മധുരം നിറഞ്ഞ ആശംസകൾ .
ഖാലിദ് പെരുവയൽ

........................…...................................................
ഞങ്ങളുടെ ഉമ്മ

വാത്സല്യത്തിന്റെ വലിയ മനസ്സായിരുന്ന ഞങ്ങളുടെ ഉമ്മ വിട പറഞ്ഞിട്ട് ഒരാണ്ടു കൂടി പിന്നിടുകയാണ്..
ഏഴു കൊല്ലം മുമ്പ് ഒരു ഇരുപത്തിയേഴാം രാവിലായിരുന്നു വ്യസനത്തിന്റെ ആഴിയിലാഴ്ത്തി ആ വിയോഗം..
 
വിശുദ്ധ റമളാനിന്റെ ഈ പുണ്യ ദിനത്തിൽ, ഞങ്ങളുടെ ഉമ്മ നഫീസ എന്നവർക്കും അടുത്തിടെ യാത്രയായ പ്രിയപ്പെട്ട ബാപ്പ കുഞ്ഞിപ്പ എന്നവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് വിനയപൂർവം ഉണർത്തുകയാണ്..

നമ്മിൽ നിന്ന് മരണപ്പെട്ടവർക്കെല്ലാം അല്ലാഹു മഗ്ഫിറത് നൽകി അനുഗ്രഹിക്കട്ടെ; ആമീൻ. 

എൻ പി ശംസുദ്ദീൻ & ഫാമിലി
നടുവട്ടം, എടപ്പാൾ
....................................................…................…... 
السلام عليكم ورحمة الله..
ആദരപൂർവം ജാമിഅ: സഅദിയ്യ: ദുബൈ ദേര കമ്മിറ്റി മുമ്പാകെ, ഐ സി എഫ് അൽഖലീജ് യൂണിറ്റ് കമ്മിറ്റി സമർപ്പിക്കുന്നത്.

നമ്മുടെ സ്ഥാപന / സംഘടനാ പ്രവർത്തനങ്ങൾ സന്തോഷകരമായി മുന്നോട്ടു പോവുകയാണല്ലോ ; അൽഹംദുലില്ലാഹ് !

വിശുദ്ധ റമളാനിൽ വിശേഷിച്ചും സഅദിയ്യ: ഓഫീസ് കേന്ദ്രീകരിച്ചു നടന്നു വരുന്ന ദഅവാ / ഇഫ്ത്വാർ പ്രവർത്തനങ്ങൾ അനവധി പുതുമുഖ മലയാളി മുസ്‌ലിംകളിലേക്ക് നമ്മുടെ സംഘടനയുടേയും ദീനീസ്ഥാപനങ്ങളുടെയും സന്ദേശം എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. 

ഈയിടെ രൂപീകൃതമായ ഐ സി എഫ് അൽഖലീജ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും നിങ്ങളുടെ ഈ ഓഫീസ് ആസ്ഥാനമാക്കിയാണ് നടന്നു വരുന്നത്. ദീനീപ്രചരണത്തിൽ നിങ്ങൾ നൽകി വരുന്ന സഹായത്തിന് ഞങ്ങൾക്ക് ഈ സ്ഥാപന അധികൃതരോട്വ വലിയ കടപ്പാടുകളാണുള്ളത്.

തുടർന്നും ഞങ്ങളുടെ സംഘടനാ സംബന്ധമായ ഒത്തുചേരലുകൾക്കും പൊതുപരിപാടികൾക്കും ഈ കേന്ദ്രം ഗുണപരമായി ഉപയോഗപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. 
ഇത്, മഹത്തായ ജാമിഅ: സഅദിയ്യ:യുടെ എല്ലാ രംഗത്തുമുള്ള വളർച്ചയിൽ വലിയ പങ്കുവഹിക്കുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ !

ഐ സി എഫും സഅദിയ്യ:യും തേളോടുതോൾ ചേർന്നുള്ള പ്രവർത്തന ചുവടുകൾ, ആദരണീയരായ നമ്മുടെ ആത്മീയ നേതാക്കൾ സ്വപ്നം കാണുന്ന ദീനീമുന്നേറ്റങ്ങൾക്കും പ്രാസ്ഥാനികമായ കരുത്തിനും കാരണമാക്കുക തന്നെ ചെയ്യും; ഇൻശാ അല്ലാഹ്

ആയതിനാൽ, അൽഖലീജ് യൂണിറ്റ് ഐ സി എഫിന്റെ പ്രവർത്തന കേന്ദ്രമായി തുടർന്നും ഈ മഹത്തായ സ്ഥാപന ഓഫീസ് ഞങ്ങൾക്ക് അനുവദിച്ചു തരണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു. 

അല്ലാഹു (സു.ത ) നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളിൽ വിജയവും പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ ; ആമീൻ.

ഐ സി എഫ് അൽഖലീജ് കമ്മിറ്റിക്കു വേണ്ടി :
നൗഷാദ് നിസാമി പാലപ്പിള്ളി
( പ്രസിഡന്റ് )

അബ്ദുറഹ്മാൻ ചാവക്കാട്
( ജന.സെക്രട്ടറി )

.......................................................................
ആഗ്രഹിക്കുന്നു , ഗൃഹപ്രവേശത്തിലേയ്ക്ക് !
പ്രിയ സുഹൃത്തേ ...
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു സൗഭാഗ്യം സാധ്യമായ സന്തോഷത്തിലാണ് ഞാനും കുടുംബവും.
ദീർഘനാളത്തെ സ്വപ്നം മനോഹരമായ ഭവനമായി പൂവണിഞ്ഞിരിക്കുന്നു ; അൽഹംദുലില്ലാഹ് !
ഞങ്ങളുടെ ആഹ്ളാദങ്ങളിൽ പങ്കാളിയാവാൻ *2022 മെയ് 12 വ്യാഴാഴ്ച* ഉദ്ദേശിക്കുന്ന ഗൃഹപ്രവേശന സൽക്കാരത്തിലേയ്ക്ക് താങ്കളുടെ കുടുംബസമേതമുള്ള സാന്നിധ്യം ഹൃദയപൂർവം ക്ഷണിക്കട്ടെ..

സ്നേഹാദരങ്ങളോടെ,

*അബ്ദുസ്സലാം മിസ്ബാഹി*
മണിയാറൻകുടി, ഇടുക്കി
++++++++
..…..............................................................
ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലെ ഉദ്യോഗ ഉത്തരവാദിത്വങ്ങൾക്ക് പുറം കാഴ്ചകൾക്കപ്പുറം വലിയ ഭാരമാണുള്ളത്. 
വിദ്യാർഥികളുടെ അക്കാദമിക് കാര്യങ്ങൾ മുതൽ സ്ഥാപന നടത്തിപ്പിന്റെ വിവിധ മേഖലകൾ വരെ സക്രിയമായി ചലിക്കുന്നതിന്റെ പിന്നിൽ സമർപ്പിത മനസ്കരായ സവിശേഷ വ്യക്തിത്വങ്ങളുടെ അത്യധ്വാനങ്ങളുണ്ട്.

മാനേജ്മെന്റിന്റെയും അക്കാദമിക് തലവൻമാരുടേയും ദീർഘദൃഷ്ടിയും നയതീരുമാനങ്ങളും ഇച്ഛാശക്തിയും രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ മുന്നേറ്റം, രക്ഷാകർതൃ സമൂഹത്തിന്റെ സഹകരണത്തിൽ പൂർണത പ്രാപിക്കുന്നു.

എന്നാൽ, പ്രതിസന്ധികളിൽ പതറാതെ നിൽക്കാനും ലക്ഷ്യത്തിലേയ്ക്ക് മുന്നോട്ട് നയിക്കാനും ചുമതലപ്പെട്ടവർ ദൈനംദിനം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സമ്മർദ്ദങ്ങളും വിവരണാതീതമാണ്. പക്ഷേ, പദവിയും ലക്ഷ്യബോധവും ഉൾക്കൊണ്ട് അവർ പലപ്പോഴും 'സഹന'ത്തിന്റെ സഹ്യപർവതമാകുന്നു എന്ന് മാത്രം !

സംഘർഷങ്ങൾ ലഘൂകരിക്കലും മാനസികമായൊരു സന്തോഷം പകരലും സ്ഥാപനത്തിന്റെ സുപ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കാര്യക്ഷമത വർധിപ്പിക്കാൻ അത്യന്താപേക്ഷിതമാണ്.
ഇത് തിരിച്ചറിഞ്ഞാണ് ഞങ്ങളുടെ സ്കൂളിന്റെ മാനേജർ പദവിയലങ്കരിക്കുന്ന ബഹുമാന്യനായ എൻ മൊയ്ദുണ്ണി സാഹിബ് ഞങ്ങൾക്കായി ഒരു ഉല്ലാസ യാത്ര ഒരുക്കിയത് !

കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കപ്പെട്ട ആലപ്പുഴയിലേക്കായിരുന്നു അത്.
കായലുകളും കനാലുകളും കൊണ്ട് കാഴ്ച സമ്പന്നമായ ആലപ്പുഴയുടെ മടിത്തട്ടിൽ കൈവന്ന ആ അപൂർവ ഭാഗ്യം ഇവിടെ സ്മരിക്കാതെ വയ്യ.
ഇരുന്നൂറു പേർ സഞ്ചരിക്കുന്ന ഒരു ആഢംബര നൗകയിൽ ഞങ്ങൾ അഞ്ചു പേർ മാത്രമായിരുന്നു സഞ്ചാരികൾ !

മാനേജർ എൻ മൊയ്ദുണ്ണി സാഹിബിന്റെ നേതൃത്വത്തിൽ മോഡേൺ 
ഹയർസെക്കൻഡറി സ്കൂൾ ജന.സെക്രട്ടറി പി ഹസൻ സാഹിബ്, പ്രിൻസിപ്പൽ എ വി സുഭാഷ്, അക്കൗണ്ടന്റ് കെ അരുൺ എന്നിവർക്കൊപ്പം ഞാനും ..

രാവിലെ മുതൽ വൈകിട്ട് വരെ ആലപ്പുഴയുടെ കായൽ സൗന്ദര്യവും നഗര മനോഹാരിതയും മതിവരുവോളം ആസ്വദിച്ചു ഞങ്ങൾ !
വ്യക്തിപരവും സ്ഥാപനപരവുമായ ഒട്ടേറെ ചിന്താഭാരങ്ങൾ കൊണ്ട് വീർപ്പുമുട്ടിയിരുന്ന ഞങ്ങളുടെ ശരീരത്തിനും മനസ്സിനും ആ ഉല്ലാസം പുതിയൊരു ഊർജ്ജവും ഉന്മേഷവും നിറച്ചു. ശാന്തമായൊഴുകിയ പുഴയും പ്രകൃതിയുടെ മിഴിവാർന്ന കാഴ്ചകളും ആത്മഹർഷത്തിന്റെയും ആനന്ദത്തിന്റെയും ആന്ദോളനമായി...!

വലിയ തുക മുടക്കിയുള്ള ഇത്തരമൊരു ഉത്തേജനം ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സംരംഭകർക്ക് കൂടുതലൊന്നും
സാധ്യമല്ലങ്കിലും, പ്രത്യേക താൽപര്യമെടുത്തും ഇതര സ്ഥാപനങ്ങൾക്ക് മാതൃകയായും ഞങ്ങളുടെ മാനേജർ സർ വർത്തിച്ചത് തീർത്തും അഭിമാനകരവും ചാരിതാർഥ്യ പൂർണവുമാണ്! 
ഞങ്ങളുടെ ഹൃദയംഗമായ നന്ദിയും കടപ്പാടും സ്കൂളിനോടുള്ള സമർപ്പണവാജ്ഞയും ഇവിടെ അറീയിച്ചു കൊള്ളട്ടെ..

സി വി അബ്ദുൽ അസീസ് മാസ്റ്റർ
[വൈസ് പ്രിൻസിപ്പൽ : മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ , പോട്ടൂർ ]

______________________________________________

ബറാഅത്ത് രാവിൽ
ഭാഗ്യവാന്മാരാകാം. !

പ്രിയ സഹോദരാ ..

വിശ്വാസി മനസ്സുകളുടെ പൂമുഖത്ത് എത്തി നിൽക്കുകയാണ് വിശുദ്ധ റമസാൻ ! എണ്ണമറ്റ പുണ്യങ്ങൾ പൂത്തുലയുന്ന വ്രതമാസം ആഗതമാകുമ്പോൾ യഥോചിതം വരവേൽക്കാൻ കൊതിക്കാത്ത ഹൃദയങ്ങളുണ്ടാകുമോ ?

അനുഗ്രഹങ്ങൾ കൊണ്ട് കമനീയമാക്കിയ കവാടം തുറന്നു വെച്ച് ഭാഗ്യമനുഷ്യരെ മാടി വിളിക്കുകയാണ് ബറാഅത്ത് രാവ് !
അന്നവും ആയുസ്സും, അനുഗ്രഹങ്ങൾ അഖിലവും, കാലാന്തരങ്ങളിലേയ്ക്കായ് അല്ലാഹു പുനർനിർണയിക്കുന്ന ശ്രേഷ്ഠ രാവ് !

സുകൃതങ്ങളിൽ മുഴുകിയും പ്രാർഥനകളിലലിഞ്ഞും ആത്മീയ ധന്യമാക്കേണ്ട ഈ ബറാഅത്ത് രാവിൽ നാം ഒത്തുചേരുകയാണ്. 

ജീവിതപ്പച്ചപ്പു തേടിയെത്തിയ പ്രവാസ മണ്ണിൽ പ്രശ്ന സങ്കീർണതകളുടെ ഭാരം 
ഇറക്കി വെച്ച് , ആത്മീയ വിജയത്തിനായി നാം വീണ്ടും സംഗമിക്കുന്നു.

നാളെ (2022 മാർച്ച് 17 ന് വ്യാഴം) മഗ്‌രിബ് നിസ്കാരാനന്തരം lCF അൽഖലീജ് യുണിറ്റിന്റെയും അൽ മുറാർ ജാമിഅ: സഅദിയ്യ:യൂടയും സംയുക്താഭിഖ്യത്തിൽ മഹത്തായ ബറാഅത്ത് രാവ് പ്രാർഥനാ മജ്ലിസ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

സയ്യിദന്മാരും പണ്ഡിതരും നേതാക്കളും സംബന്ധിക്കുന്ന അനുഗൃഹീതമായ കൂട്ടുപ്രാർഥനാ സംഗമം.

യാസീനുകൾ ഓതി..
സ്വലാത്തുകൾ നേർന്ന്..
ദിക്റുകൾ ചൊല്ലി...

നമ്മുടെയും കുടുംബത്തിന്റെയും ആയൂരാരോഗ്യ സൗഖ്യത്തിനും
ജീവിതാശ്വൈര്യ സമ്പൂർണതയ്ക്കും വേണ്ടി .., 
ബർസഖീ ജീവിതത്തിന്റെ കാണാമറയത്ത് റബ്ബിന്റെ കാരുണ്യത്തിൽ കഴിയുന്ന പ്രിയപ്പെട്ടവർക്കു വേണ്ടി ..,
നമുക്ക് പുണ്യരാവിന്റെ പോരിശകൾ ഉൾക്കൊണ്ട് പ്രാർഥനകൾ നിർവഹിക്കാം...!

വരിക.
നിങ്ങളുടെ സുഹൃത്തുക്കളേയും സ്നേഹിതരേയും ഒപ്പം കൂട്ടി..

സ്ഥലം: അൽ മുറാർ ജാമിഅ: സഅദിയ്യ: സെന്റർ.
ദിവസം : നാളെ ( 17 വ്യാഴം)
സമയം : വൈകീട്ട് 6.30

പ്രതീക്ഷാപൂർവം,
ICF ദഅവാ ഡയറക്ടറേറ്റ്
അൽഖലീജ് യൂണിറ്റ്
___________________________________________

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾക്ക്
യാത്രയയപ്പും ഓൺലൈൻ സംഗമവും

പ്രിയ സുഹൃത്തേ ,
١سلام عليكم ورحمةلله...

മർക്കസ് എന്ന ജ്ഞാന സൗധത്തിന്റെ സന്ദേശ പ്രചാരണങ്ങളിൽ മുഖ്യപങ്കാളിത്തം വഹിച്ച സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കാവനൂർ പ്രവാസ ജീവിതത്തിനു വിരാമമിടുകയാണ്.

അബഹ _ മഹായിൽ പ്രവിശ്യയിൽ പ്രാസ്ഥാനിക പ്രബോധന ചലനങ്ങൾക്ക് നേതൃത്വം നൽകിയ ഇദ്ദേഹം, സ്തുത്യർഹമായ ദീനീ സേവനം കാഴ്ചവെച്ചു കൊണ്ടാണ് നാടണയുന്നത്..

ഒരു ദശാബ്ദ കാലത്തോളം അഹ്‌ലുസ്സുന്ന:യുടെ മുന്നേറ്റ വഴിയിൽ നമ്മോടൊപ്പം തോൾ ചേർന്ന സയ്യിദ് അവർകളുടെ പ്രവാസ വിട, നേതൃനിരയിൽ വലിയ വിടവാണ് സൃഷ്ടിക്കുന്നത്. 

സഊദി ജീവിതകാലത്തെ സേവനങ്ങൾ സ്മരിച്ചു കൊണ്ടും ഐശ്വര്യപൂർണമായ സ്വദേശവാസം ആശംസിച്ചു കൊണ്ടും അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നാം ഒരുക്കുകയാണ്.

*ഈ വെള്ളിയാഴ്ച (മാർച്ച് 23) സഊദി സമയം രാവിലെ 6 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ (സൂം)* ഉദ്ദേശിക്കുന്ന പ്രസ്തുത യാത്രയയപ്പ് പരിപാടിയിൽ പ്രമുഖരായ പ്രസ്ഥാന നേതാക്കളും വിശിഷ്ടാതിഥികളും സംബന്ധിക്കും. (ഇൻശാ അല്ലാഹ്) 

താങ്കളേയും സഹപ്രവർത്തകരേയും ഹൃദ്യമായി സ്വാഗതം ചെയ്യട്ടെ ..
[സൂം മീറ്റ് ലിങ്ക് ഉടനെ അറിയിക്കുന്നതാണ്]

സ്നേഹപൂർവം ,
 _കോ ഓർഡിനേറ്റർ_ 
*മഹായിൽ മർക്കസ് കൂട്ടായ്മ*
സഊദി അറേബ്യ
~~~~~~~~~~~~~~~~~~~~~~~~~
ഇരുപത്തിമൂന്നു സംവത്സരങ്ങളുടെ, 
ഇന്ന് വിവാഹ വാർഷികം !
കരുതലും സ്നേഹവും പാരസ്പര്യങ്ങളുടെ ഇതൾ ചേർന്ന ജീവിതത്തോപ്പിൽ സുഗന്ധം പരത്തുന്നു, നാലു സന്താന കുസമങ്ങൾ !!
ജീവിത നൗക ഉലയാതെയൊഴുകാൻ നിങ്ങളുടെ പ്രാർഥനകളുണ്ടാവണം...

*അബ്ദുസ്സലാം മിസ്ബാഹി, ഇടുക്കി*
(ദുബൈ)
.................................................................
To 
Suhail Kottakkal
S/o. Ibrahim Baqavi
====================================

ഐ സി എഫിലേയ്ക്കു സ്വാഗതം !
പ്രവാസി യുവതയുടെ പ്രതീക്ഷകളിലേയ്ക്ക് കവാടം തുറക്കുന്ന സന്നദ്ധ സംഘടനയാണ് ഐ സി എഫ്.

മലയാളി മുസ്‌ലിംകളുടെ പാരമ്പര്യ വിശ്വാസധാരയെ ആദർശമാക്കി, മാനവികതലങ്ങളിൽ ശ്രദ്ധയൂന്നി, ബഹുമുഖ ജീവിത മേഖലകളിൽ അഭയമാകുന്ന പ്രസ്ഥാനം !

"ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ" എന്ന പൂർണ നാമത്തിൽ ഗൾഫ് രാജ്യങ്ങളിൽ സക്രിയമായും സ്തുത്യർഹമായും വർത്തിക്കുന്ന ഐ സി എഫ്, തൊഴിലുകളിൽ മുഴുകുന്ന ജീവിതങ്ങളിലും കാരുണ്യം തേടിയലയുന്ന വഴികളിലും ഓരോ മലയാളിക്കും ആശ്വാസത്തിന്റെ തുരുത്താണ്!

ഭൗതിക പുരോഗതികളുടെയും ആത്മീയ വിജയങ്ങളുടേയും സുതാര്യ പാതകളിലേയ്ക്ക് താങ്കളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു..

വരിക;
ഐ സി എഫിലേയ്ക്കു കടന്നുവരിക !
പ്രവാസ മണ്ണിലെ ധർമ സംഘത്തിൽ അഭിമാനപൂർവം അംഗമാവുക !!
##############################

'വാക്കുയിർ' മാസികയ്ക്ക് ആശംസകൾ

വാക്കുകളെ തോക്കുകളേക്കാൾ ഭയക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.
സർഗാത്മകമായ അക്ഷരാവിഷ്ക്കാ
രങ്ങൾ സമൂഹത്തിൽ ഏൽപ്പിക്കുന്ന ചലനങ്ങൾക്ക് തിരമാലകളേക്കാൾ ശക്തിയുണ്ട്.
എഴുത്തും വായനയും ആശയക്കൈമാറ്റങ്ങളും ഇലക്ട്രോണിക് പ്രതലങ്ങളിലേയ്ക്കു മാറിയ ഇക്കാലത്ത് കൈയ്യെഴുത്തുകൾക്കെന്തു പ്രസക്തി എന്ന ചിന്ത നിരർഥകമാണ്. ചരിത്രവും പൗരാണികതകളും അവകാശാധികാരങ്ങളുമെല്ലാം തലമുറകളിലേയ്ക്ക് കൈമാറിയ പൂർവ കാലം ഓർത്തു നോക്കിയാൽ ഇത് ബോധ്യപ്പെടും.
കൈയ്യെഴുത്തുകളിൽ നിന്നാണ് അച്ചുകൂടങ്ങളിലേയ്ക്കും അതു വഴി അത്യാധുനികവും വൈവിധ്യപൂർണവുമായ അച്ചടികളിലേയ്ക്കും മനുഷ്യന്റെ ആവിഷ്ക്കാരങ്ങൾ പ്രവഹിച്ചത് ! 

നമ്മുടെ സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർഥികൾ പുറത്തിറക്കുന്ന കൈയ്യെഴുത്തു മാസികക്ക് സർവവിധ ഭാവുകങ്ങളും നേരുന്നു.

സാങ്കേതിക വിദ്യകളുടെയും സാമൂഹിക മാധ്യമങ്ങളുടേയും സ്വൈരവിഹാര കാലത്ത്,
മറവിയിലേയ്ക്കു മറയുന്ന ഒരു "സാംസ്കാരിക നവോത്ഥന"ത്തെ  പുതുമയുടെ മണ്ണിൽ ഉയർത്തിക്കാട്ടാൻ  'വാക്കുയിർ' എന്ന ഈ സർഗ സൃഷ്ടിക്കു കഴിയട്ടെ എന്നാശംസിക്കുന്നു.

സീ വി അബ്ദുൽ അസീസ് മാസ്റ്റർ
..........…...…..….....…..…...…..……...............….......
......................................................................

എസ് വൈ എസ് വട്ടംകുളം സർക്കിൾ :
*സാംസ്കാരികം വിഭാഗം പദ്ധതി പ്രവർത്തനങ്ങളുടെ സംക്ഷിപ്തം* ( അർധ വർഷക്കാല റിപ്പോർട്ട് _ 2021 ജനുവരി - ജൂൺ)


1 ) രാഷ്ട്രീയ വിചാരം:
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തകരിൽ 
കൃത്യമായ രാഷ്ട്രീയാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്.
 
2021 മാർച്ച് 20ന് വൈകിട്ട് 4 മണിക്ക് 
മാണൂർ മനാറുൽ ഹുദയിൽ നടന്ന പരിപാടി എസ് വൈ എസ് എടപ്പാൾ സോൺ ആണ് സംഘടിപ്പിച്ചത്. 

"രാഷ്ട്രീയ വിചാര "ത്തിൽ വട്ടംകുളം സർക്കിളിൽ നിന്ന് മൂന്നു പേരാണ് പങ്കെടുത്തത്. 

2) എംപവർ :
ജില്ലാ സംസ്കാരികം ഡയറക്ടറേറ്റിനു കീഴിൽ നടന്ന സംഗമമായിരുന്നു ഇത്. 
ഈ സംഗമത്തിലെ നിർദേശത്തെ തുടർന്ന് സർക്കാർ തലത്തിൽ ഒരു സമിതി രൂപീകരിച്ചു. 

സൈനുദ്ദീൻ ഇർഫാനി മാണൂർ, ജഅഫർ നുസ് രി ചേകനൂർ , അബ്ദുൽ മജീദ് ഫാളിലി നെല്ലിശ്ശേരി, സഫീർ മൂതൂർ, അഷ്റഫ് നീലിയാട് എന്നിവരായിരുന്നു അംഗങ്ങൾ. 

"സൂമി"ൽ നടന്ന ജില്ലാ സംഗമത്തിൽ വട്ടംകുളം സർക്കിളിനെ പ്രതിനിധീകരിച്ച് സൈനുദ്ദീൻ ഇർഫാനി, മജീദ് ഫാളിലി, ജഅഫർ നുസ് രി എന്നിവർ പങ്കെടുത്തു. 

3) ഫലസ്ഥീൻ കൾച്ചറൽ ടോക്ക് :

ഇസ്രയേലിൻറെ പുതിയ ഗാസാ ആക്രമണ / കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ പ്രഭാഷണമായിരുന്നു ഇത്.
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ പി ഏറയ്ക്കൽ ആയിരുന്നു പ്രഭാഷകൻ.

അതിവൈകാരികതകൾക്കപ്പുറം ഫലസ്തീൻ വിഷയത്തിന്റെ സർവ തലങ്ങളും പഠന വിധേയമാക്കിയും അതുവഴി ആഗോള തലത്തിൽ എങ്ങനെ /
ഏതെല്ലാം വഴിയിൽ ആ രാജ്യത്തെ സംരക്ഷിക്കാനാകും എന്ന് സമുദായത്തെ ബോധവൽക്കരിക്കലായിരുന്നു പരിപാടിയുടെ ലക്ഷ്യം. 

മീഡിയ മിഷൻ ചാനലിൽ നടന്ന "കൾച്ചറൽ ടോക്ക് "ഏറെക്കുറെ എല്ലാ പ്രവർത്തകരിലും എത്തിക്കാനായി. മെയ് 14ന് ആയിരുന്നു പരിപാടി. 

4) ദർശകം : 

യൂണിറ്റ് സാംസ്കാരികം സെക്രട്ടറിമാർക്കു വേണ്ടി മെയ് 21 ന് നടത്തിയ ശില്പശാലയായിരുന്നു ' ദർശകം'. 

രാവിലെ 8 :15 മുതൽ 9: 15 വരെ 'സൂമി'ൽ നടന്ന പ്രസ്തുത പരിപാടിയിൽ നടുവട്ടം, മാണൂർ, ചേകനൂർ, നെല്ലിശേരി യൂണിറ്റുകളിൽ നിന്നുള്ള സാംസ്കാരികം സെക്രട്ടറിമാർ പങ്കാളികളായി. 

5 ) സുന്നി വോയ്സ് കാമ്പയിൻ : 

ജൂൺ ഒന്നു മുതൽ 30 വരെയുള്ള 
ദീർഘ കാലയളവിൽ സംഘടനയുടെ മുഖപത്രത്തിനു വേണ്ടിയുള്ള കാമ്പയിൻ വിവിധ സബ് കാ മ്പയിനുകളിലൂടെയാണ് കടന്നുപോയത്. അവരുടെ വിശദാംശങ്ങൾ താഴെ:
 
A ) അക്ഷരായനം:

സുന്നി വോയ്സ് പ്രചരണത്തിൽ എടപ്പാൾ സോൺ സംഘടിപ്പിച്ച ആദ്യത്തെ സൂം ശിൽപശാലയായിരുന്നു "അക്ഷരായനം".

ജൂൺ ആറിന് നടത്തിയ ഈ പരിപാടിയിൽ സർക്കിൾ ഭാരവാഹികളായ 7 പേരും വിവിധ യൂണിറ്റുകളിൽ നിന്ന് ഭാരവാഹികളായ 14 പേരും സംബന്ധിച്ചു.
ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെയായിരുന്നു പരിപാടി. 

B) സമീക്ഷ :

ജില്ലാ സംസ്കാരികം ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രചരണ പരിപാടിയായിരുന്നു ഇത്. 
ജൂൺ 12ന് സൂം പ്ലാറ്റ്ഫോമിൽ രാത്രി 8:30 നായിരുന്നു സമീക്ഷ. 

വട്ടംകുളം സർക്കിളിലെ അഞ്ചംഗ സുന്നിവോയ്സ് സമിതിയിലെ മൂന്നുപേർ പരിപാടിയിൽ പങ്കെടുത്തു.
 
C) മുന്നേറ്റം : 

സർക്കിൾ ഭാരവാഹികൾക്കും അഞ്ചംഗ സമിതിക്കുമായി സൂമിൽ സംഘടിപ്പിക്കപ്പെട്ട 'മുന്നേറ്റം' , ജൂൺ 14ന് 
രാത്രി 7:30 നാണ് നടന്നത്. 

സർക്കിൾ ഭാരവാഹികളിൽ അഞ്ചുപേരും സമിതി അംഗങ്ങളിൽ രണ്ടുപേരും പങ്കെടുത്തു. 

D) സുന്നിവോയ്സ് ഡേ :

ടാർജറ്റ് പൂർത്തീകരണ ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സുന്നിവോയ്സ് ഡേ, ജൂൺ 15 നാണ് നടന്നത്. സർക്കിളിൽ പല യൂണിറ്റുകളിലും ഈ ദിനത്തിൽ ഉദ്ഘാടനങ്ങൾ നടന്നെങ്കിലും ദിനാചരണ ലക്ഷ്യം പൂർണതയിൽ എത്തിയില്ല. 

E) കാമ്പയിൻ പൂർത്തീകരണം : 

ഒരു മാസക്കാലം നീണ്ടുനിന്ന കാമ്പയിൻ വിജയിപ്പിക്കുന്നതിന് വട്ടംകുളം സർക്കിളിൽ മികച്ച ഇടപെടലുകളാണ് ഉണ്ടായത്. കാബിനറ്റ്, എക്സിക്യൂട്ടീവുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമായ ചർച്ചകളും കൂടിയാലോചനകളും പ്രശ്ന പരിഹാരങ്ങളും നടന്നു. സിസി/യുസിമാരും നേതാക്കളും സക്രിയമായി വർത്തിച്ചു.

മേൽ ഘടകങ്ങൾ സംഘടിപ്പിച്ച ഓൺെലൈൻ /ഓഫ്‌ലൈൻ മീറ്റിംഗുകളിൽ നമ്മുടെ സർക്കിൾ നേതാക്കൾ കാര്യഗൗരവം ഉൾക്കൊണ്ട് പങ്കാളികളായി. 

സോൺ നേതൃത്വത്തിൽ നിർദേശിക്കപ്പെട്ടതുപോലെ ജൂൺ 12 ന് സർക്കിളിൽ അഞ്ചംഗ "സുന്നീ വോയ്സ് സമിതി"രൂപീകരിച്ചു. 
ആറ് യൂണിറ്റുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയാണ്, സർക്കിൾ 
സാംസ്കാരികം സെക്രട്ടറി റഫീഖ് നടുവട്ടത്തിന്റെ മുഖ്യചുമതലയിൽ സമിതി നിലവിൽ വന്നത്. സമിതി അംഗങ്ങൾക്ക് വ്യത്യസ്ത യൂണിറ്റുകളുടെ മേൽനോട്ടങ്ങളും ഉത്തരവാദിത്തങ്ങളും വീതിച്ചു നൽകുകയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.

യൂണിറ്റുകളിൽ പരസ്പരം ഇടപെട്ടു പ്രവർത്തിച്ച സമിതി അംഗങ്ങൾക്ക് വലിയ മുന്നേറ്റം തന്നെ കാഴ്ചവെക്കാനായി !

ആകെയുള്ള ആറിൽ അഞ്ച് യൂണിറ്റും 
നിശ്ചിത വരിക്കാർ എന്ന ടാർജറ്റ് പൂർത്തീകരിക്കുകയും സമയബന്ധിതമായ അപ്‌ലോഡിങ്, പണമടക്കൽ എന്നിവ പൂർത്തിയാക്കുകയും ചെയ്തു. 

ആറു സർക്കിളുകൾ ഉൾക്കൊള്ളുന്ന എടപ്പാൾ സോണിൽ വട്ടംകുളം സർക്കിൾ ആണ് സുന്നിവോയ്സ് പദ്ധതി പ്രവർത്തനങ്ങൾ 99 ശതമാനവും പൂർത്തീകരിച്ച് ആദ്യമായി ഒന്നാമതെത്തിയത് !

നിലവിൽ നമ്മുടെ സർക്കിളിൽ സുന്നി വോയ്സ് വാർഷിക വരിക്കാരുടെ എണ്ണം 132 ആണ്. 40 വാർഷിക വരിക്കാരുമായി ഒന്നാം സ്ഥാനത്തെത്തിന്റെയും 34 വാർഷിക വരിക്കാരുമായി തൊട്ടു പിറകിൽ എത്തിയ മാണൂരിന്റെയും പ്രകടനം സർക്കിളിന് അഭിമാനകരമായി !!

മറ്റു യൂണിറ്റുകളുടെ വരിബലം താഴെ ചേർക്കുന്നു :

ചേകനൂർ : 19 
മൂതൂർ : 16 
നീലിയാട് : 16 
നെല്ലിശ്ശേരി : 7 

ആകെ 132 

എന്നാൽ, നടുവട്ടത്ത് 40 വാർഷിക വരിക്കാർക്കു പുറമെ 25 അർധവാർഷിക വരിക്കാരേയും ലഭിച്ചെങ്കിലും ഇവരെ സംസ്ഥാന കമ്മിറ്റി പരിഗണിക്കാതിരുന്ന തിന്നാൽ ഇത്രയും പുതിയ ആളുകളിലേക്ക് പ്രസ്ഥാനത്തിൻറെ മുഖപത്രവും സന്ദേശവും എത്തിക്കുന്നതിനുള്ള സാധ്യത അടഞ്ഞു. 
പ്രവർത്തകരുടെ ശ്രമങ്ങളും പാഴ് വേലയായി. മാത്രമല്ല, പതിനഞ്ച് വരിക്കാരെ ചേർക്കുന്ന യൂണിറ്റിന് പ്രഖ്യാപിച്ച സൗജന്യ കോപ്പി ഒന്നിൽ മാത്രം ഒതുക്കിയത് , ഏറെ പ്രയാസങ്ങൾ സഹിച്ച് അനവധി വരിക്കാരെ കണ്ടെത്തിയ പല യൂണിറ്റുകളോടും കാട്ടിയ അനീതിയുമായി .. 

ഇതോടൊപ്പം, എസ് വൈ എസ് ERP എന്ന സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നങ്ങളും പണമടക്കാൻ നിർദ്ദേശിച്ച മാർഗങ്ങളും പ്രയാസം സൃഷ്ടിച്ചു.

ഈ വിഷയങ്ങൾ സാംസ്കാരികം വിഭാഗത്തിൻറെ സോൺ ജില്ലാ നേതാക്കൾ വഴി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിരാശ പകരുന്ന നിലപാടുകളാണുണ്ടായത്.

ഹൃസ്വമായ കാലയളവിൽ സർക്കിൾ ഘടകം ഉത്തരവാദിത്തമേൽപ്പിച്ച കാര്യങ്ങളിൽ മറ്റു പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പം ചേർന്ന് സാംസ്കാരിക വിഭാഗം പദ്ധതി പ്രവർത്തനങ്ങൾ സമ്പൂർണമായിട്ടില്ലങ്കിലും സന്തോഷപ്രദമായി നടപ്പാക്കാൻ കഴിഞ്ഞതിൽ റബ്ബിന് സ്തുതി; സഹപ്രവർത്തകർക്കു നന്ദി !

എല്ലാവർക്കും അല്ലാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ; ആമീൻ.

റഫീഖ് നടുവട്ടം
(സെക്രട്ടറി, എസ് വൈ എസ് വട്ടംകുളം സർക്കിൾ_ സാംസ്കാരികം)
____________________________________________

ഹിസ്റ്റോറിക്കൽ ഡയലോഗ്

1921 ലെ മലബാർ കലാപത്തിന്റെ ചുവടു പിടിച്ച് ഇസ്‌ലാം വിരുദ്ധർ പടച്ചുവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു , വിവിധ മേഖലകളിലെ നാല് പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രസക്തമായ ഈ ചരിത്ര സംഭാഷണം.

"1921: സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ " എന്ന ശീർഷകത്തിൽ 
2021 നവംബർ 5 ന് എടപ്പാളിൽ ഒരുക്കിയ ഈ സെമിനാർ , മലപ്പുറം വെസ്റ്റ് കമ്മിറ്റിയാണ് ഒരുക്കിയത്.

നമ്മുടെ സർക്കിൾ പരിധിയിൽ നിന്ന് എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകരായി പത്തിൽ പരം പ്രവർത്തകർ പങ്കെടുത്തതായാണ്‌ നിഗമനം.

കരിയർ്് പാരന്റിംഗ്

തൊഴിലുകളേയും
തൊഴിൽ അവസരങ്ങളേയും കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനായാണ് ഈ പദ്ധതി ലക്ഷ്യമിട്ടത്. 

ഓരോ യൂണിറ്റുകളിലും നടക്കേണ്ടിയിരുന്ന ഇത്, മാണൂരിൽ മാത്രമാണ് നടന്നത്.
. . . . . . ന് .... ഴ്ച ഇവിടെ നടന്ന പ്രസ്തുത പരിപാടിയിൽ ...... പേർ പങ്കെടുത്തു.
എന്നാൽ, സർക്കിളിലെ ബാക്കി അഞ്ചു യൂണിറ്റുകളും ഇതിനോടു മുഖം തിരിച്ചത് തീർത്തും നിരുത്തരവാദപരമായി.

ഒരു മതസംഘടന എന്ന കാഴ്ചപ്പാടിനപ്പുറം എസ് വൈ എസിന് സമുദായത്തിൽ വ്യാപ്തിയും വിലാസവും ഉണ്ടാക്കാനുതകുന്ന പദ്ധതിയായിരുന്നു അത്. മാറിക്കൊണ്ടിരിക്കുന്ന 
തൊഴിൽ അവസരങ്ങളെ കുറിച്ചും ഉദ്വോഗങ്ങളെ സംബന്ധിച്ചും പണച്ചെലവും മറ്റു അധ്വാനങ്ങളുമില്ലാതെ സ്വന്തം നാട്ടുകാരെ ബോധവൽക്കരിക്കാനും അതുവഴി സംഘടനാ ശാക്തീകരണത്തിനു കൈവന്ന സുവർണാവസരങ്ങളുമാണ് യൂണിറ്റു നേതൃത്വങ്ങളുടെ അലംഭാവം മൂലം നഷ്ടമാക്കിയത്.


കരിയർ സ്പാർക്

എടപ്പാൾ IGCയിൽ ......... ന് ......ഴ്ച നടന്ന ഈ പരിപാടി വിദ്യാർഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനുമായിരുന്നു. 

എന്നാൽ, വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നവർ തന്നെ ഈ പദ്ധതിയോട് സഹകരിച്ചത് ശൂന്യമായ പ്രാതിനിധ്യം കൊണ്ടാണ്. ഒരൊറ്റ പ്രവർത്തകൻ പോലും ഈ പരിപാടിക്ക് എത്താതിരുന്നത് ഖേദകരമായി എന്ന് ചുരുക്കാം.

സർക്കിൾ നേതൃത്വത്തിന്റെ ഇടപെടലുകൾ ഇല്ലാതിരുന്നിട്ടല്ല; ചില യൂണിറ്റ് നേതാക്കളുടെ അലസതയും അലംഭാവവും തന്നെയാണ് പദ്ധതി പ്രവർത്തനങ്ങളുടെ പരാജയത്തിനു കാരണം. 
പൊതുകാര്യ പ്രസക്തമായ പദ്ധതികൾ പോലും പ്രാവർത്തികമാക്കാൻ കഴിയുന്നില്ലങ്കിൽ അടിസ്ഥാന ഘടകങ്ങളുടെ അടിത്തറ തകർന്ന് നമ്മുടെ പ്രസ്ഥാനം നാമാവശേഷമാകും. നിഷ്ക്രിയ നേതൃത്വങ്ങളെ നേരിൽ കണ്ട്, കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണേണ്ടത് നമ്മുടെ സർക്കിൾ നേതാക്കളുടെ ദ്രുതദൗത്യമായി എടുക്കണമെന്നുണർത്തി സാംസ്കാരികം ഡയറക്ടറേറ്റിനു കീഴിലെ അവസാന അർധ വാർഷിക റിപ്പോർട്ട് ഇവിടെ സമർപ്പിക്കുന്നു.
____________________________________________

*ബഹു. ആലങ്കോട് ലീലാകൃഷ്ണൻ.,*
മാനവികതയും മതേതരബോധവും മേളിച്ച മനസ്സിൽ നിന്ന് സ്നേഹത്തിന്റെ സർഗധാരയൊഴുക്കുന്ന കവിശ്രേഷ്ഠനാണ് താങ്കൾ !

സാമുദായിക സഹവർത്തിത്വങ്ങളുടെ സന്ദേശവാഹകനായി...
സാമൂഹിക നവോത്ഥാനത്തിന്റെ വിപ്ലവ ജ്വാലയായി...
പൗരബോധങ്ങളുടെ പ്രചാരകനായി...
ചരിത്ര സത്യങ്ങളുടെ സൂക്ഷിപ്പുകാരനായി...
ജാതീയ ചിന്തകളുടെ അന്തകനായി...
പ്രകൃതി സംരക്ഷണത്തിന്റെ ധീരസ്വരമായി... 
പൗരാണിക സംസ്കൃതികൾ പൂത്തുലയുന്ന അമൃതഭാഷണമായി...
സർഗ സപര്യയുടെ സവിശേഷ ജീവിതം താങ്കൾ സാർഥകമാക്കിയിരിക്കുന്നു !
അക്ഷര മുറ്റത്തെ വടവൃക്ഷമായി ഇനിയും
നാടിനു തണലേകുക !!

സ്നേഹാദരങ്ങൾ
*ഇർശാദ് കുടുംബം*
പന്താവൂർ
............................................................................

ഖുർആൻ വചനങ്ങളെ ഹൃദയാന്തരങ്ങളിലേയ്ക്കു പകർത്തിയ  അനുഗൃഹീത ബാല്യത്തിനു അഭിനന്ദനങ്ങൾ..!

സൂക്തങ്ങൾ സ്വായത്തമാക്കി,
പാരായണം മനോഹരമാക്കി, ശ്രേഷ്ഠ ഗ്രന്ഥത്തിന്റെ പുണ്യം ഇളം കരളിൽ തുടിയ്ക്കുന്ന (Name of student....................) നാടിനും വീടിനും കുടുംബത്തിനും അഭിമാനമാണ് !!

ജീവിതത്തിലുടനീളം അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ ; ആമീൻ 

*സഹ്റതുൽ ഖുർആൻ അക്കാദമി*
പന്താവൂർ ഇർശാദ്
###############################

............................... (name of girl)

ഭൗതിക വിജ്ഞാനങ്ങൾക്കൊപ്പം സന്മാർഗ ജീവിതത്തിലേയ്ക്കുള്ള അറിവു നുകർന്ന് അഭിമാന ബിരുദം കരസ്ഥമാക്കിയവൾ !

'ഹാദിയ'യാൽ ഹൃദയമേറ്റിയ വെളിച്ചം തെളിച്ച്, സ്നേഹ പാരസ്പര്യങ്ങളുടേയും പക്വതയുടേയും ആത്മീയ
നിഷ്ഠയുടെയും മാതൃകാപൂർണമായ കുടുംബജീവിതത്തിന്റേയും സൗഗന്ധികങ്ങളാകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു..

ഹാദിയ അക്കാദമി
ഇർശാദ്, പന്താവൂർ

##################################
ആധ്യാത്മിക പൊരുളുകളുടെ ഖുർആനിക വചനങ്ങൾ സമ്പൂർണതയോടെ ഹൃദിസ്ഥമാക്കി അനുഗൃഹീതിയാർജ്ജിച്ച 
ഹാഫിളത് ഫിൽസ ...

ജീവിതം മുഴുക്കെയും വിജയങ്ങളുടെ വിസ്മയങ്ങൾ തീർക്കാൻ .., 
മഹിത മാതൃകകളുടെ മഹിളാരത്നമായി തലമുറകൾക്ക് വഴികാട്ടാൻ ... 
ഈ ശ്രേഷ്ഠ സൗഭാഗ്യം നിമിത്തമാക്കട്ടെ !

ആശംസകൾ.
ഇർശാദ് കുടുംബം
പന്താവൂർ
##################################

സോഷ്യൽ മീഡിയയും അച്ചടി മാധ്യമങ്ങളും

സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ 80 % വും ആധികാരികമല്ല.

വസ്തുനിഷ്ഠമായ വാർത്തകൾക്ക് അച്ചടി മാധ്യമങ്ങളേയാണ് ആശ്രയിക്കേണ്ടത്.

സോഷ്യൽ മീഡിയയിൽ എഡിറ്റർ ഇല്ല .
ആർക്കും എന്തും എഴുതിവിടാം .

സോഷ്യൽ മീഡിയ അപകീർത്തിയുടെ ആരാമമാണ്.

സോഷ്യൽ മീഡിയ വിവാദങ്ങളുടെ വേദിയാണ്.

സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യക്തിഹത്യകളും ഊഹാപോഹങ്ങളുമാണ്. 

നിയമങ്ങൾ ഉണ്ടെങ്കിലും ഇത് നിർബാധം തുടരുന്നു.

വാർത്തകൾക്ക് ഇവിടെ മൂല്യമല്ല ; മൂല്യച്ചുതിയാണ് ഉള്ളത്.

മാർക്കറ്റിംഗ് തന്ത്രങ്ങളാണ് ഈ വിവാദ വാർത്തകളുടെ അടിസ്ഥാനം.

പരസ്യങ്ങൾ ഇവിടെ പ്രധാന പങ്കു വഹിക്കുന്നു. 

പണം പിടുങ്ങലാണ് ലക്ഷ്യം.

അതേസമയം, നിക്ഷിപ്ത താൽപര്യമുളള ചില പ്രിന്റ് മീഡിയകൾ (അച്ചടി മാധ്യമങ്ങൾ) മൂടിവെക്കുന്ന / മറച്ചുവെക്കുന്ന പലതും സോഷ്യൽ മീഡിയ ഉള്ളതു കൊണ്ട് ലോകമറിയുന്നു.

Given to Farsana (Qatar)
##################################

കുടുംബ സംഗമം : സ്വാഗതപ്രസംഗം
To,
NP Shamsudheen

അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ് ..

പ്രിയപ്പെട്ട കുടുംബക്കാരേ..
സ്നേഹമുള്ള സഹോദരന്മാരെ ..
അല്ലാഹു സുബ്ഹാനഹു വതാആലാ നമ്മുടെ ഈ ഒത്തുചേരൽ അവൻ ഇഷ്ടപ്പെട്ട ഒരു സംഗമമാക്കി സ്വീകരിക്കട്ടെ ..

നാമെല്ലാം ഇവിടെ കൂടിച്ചേർന്നത് മഹത്തായ ചില ലക്ഷ്യങ്ങൾക്കു വേണ്ടിയാണന്ന് നമുക്കറിയാം.

മഹത്തായ നമ്മുടെ മതം ഇസ്‌ലാം പരിപാവനമായി കണ്ട കുടുംബ ബന്ധങ്ങൾ - അതിന്റെ പരിപോഷണത്തിനും നിലനിൽപിനുമായി രൂപപെടുത്തിയ ഈ കുടുംബ കൂട്ടായ്മ...
മാഷാ അല്ലാഹ് ! അതിന്റെ ഒരു സംഗമത്തിലാണ് നാമേവരും സ്നേഹപൂർവം സമ്മേളിച്ചിരിക്കുന്നത്.

കുടുംബബന്ധം ചേർക്കുന്നതിന്റെ പ്രാധാന്യം ഇസ്‌ലാം വളരെ വ്യക്തമായി നമുക്കു പഠിപ്പിച്ചു തന്നിട്ടുണ്ട്. 
ആരെങ്കിലും കുടുംബബന്ധം മുറിച്ചു കളഞ്ഞാൽ അവൻ നരകത്തിൽ കടക്കുമെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ടങ്കിൽ അതിന്റെ ഗൗരവം എത്രത്തോളം ഉണ്ടാകുമെന്ന് നാം ചിന്തിക്കണം. 

അതു മാത്രമല്ല, ആയുസ്സ് വർധിക്കാനും ഭക്ഷണത്തിൽ വിശാലതയുണ്ടാകാനും സ്നേഹബന്ധങ്ങൾ നിലനിന്ന് ഈ ഉമ്മത്തിലും പൊതു സമൂഹത്തിലും ഗുണപരമായ പുരോഗതിയുണ്ടാകാനും ഇത് കാരണമാക്കുമെന്ന് റസൂലുല്ല പഠിപ്പിക്കുന്നു.

ചുരുക്കത്തിൽ അതിമഹത്തായ ഗുണങ്ങൾ ; അത് ദുൻയാവിലായാലും ആഖിറത്തിലായാലും വന്നുചേരുന്ന വലിയൊരു പുണ്യകർമമാണ് കുടുംബബന്ധങ്ങളുടെ സ്നേഹപൂർണമായ പരിപാലനങ്ങൾ !

കരുവാന്റെ വളപ്പിൽ ഏനു വല്ലിപ്പ എന്ന പേരിലുള്ള ഈ ഫാമിലി കൂട്ടായ്മ ഇവിടെ വലിയൊരു സുകൃതമാണ് ചെയ്തു വെക്കുന്നത്.

പല നാടുകളിലായി , പല പ്രദേശങ്ങളിലായി , പല മേഖലകളിലായി ചിതറിക്കിടക്കുന്ന വലിയൊരു കുടുംബ പാരമ്പര്യത്തെ / അതിന്റെ കണ്ണികളെ / അതിന്റെ വേരുകളെ ഒരുമിപ്പിച്ച് നമ്മുടെ രക്തബന്ധങ്ങളേയും അവയുമായി ബന്ധപ്പെട്ട സ്നേഹബന്ധങ്ങളേയും ഒരു ചരടിൽ കോർത്തിണക്കി നമ്മുടെ മുത്ത്നബി അധ്യാപനം ചെയ്ത മഹദ്കർമം നാമിവിടെ പ്രാവർത്തികമാക്കുന്നു എന്നതാണത്. അൽഹംദുലില്ലാഹ് ! എല്ലാം റബ്ബ് ഖബൂലാക്കട്ടെ .ആമീൻ.

ഞാൻ നീട്ടിപ്പരത്തിപ്പറയുന്നില്ല..

ഇവിടെ ഒത്തുചേർന്ന ഏറെക്കുറെ എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ മതമായ ഇസ്‌ലാം കാണിച്ചു തന്ന സ്നേഹ ബന്ധങ്ങളുടെ വിസ്മയപ്പെടുത്തുന്ന കാഴ്ചപ്പാടുകൾ !

ഞാനെന്റെ കർത്തവ്യത്തിലേക്ക് കടക്കട്ടെ ..
കരുവാന്റെ വളപ്പിൽ ഏനു വലിപ്പ എന്ന കുടുംബ കൂട്ടായ്മയുടെ ഈ സ്നേഹ സംഗമത്തിന് സ്വാഗതം പറയുക എന്നതാണ് എന്നിൽ അർപ്പിതമായിട്ടുള്ളത്. 

ആദ്യമായി, ഈ മഹത്തായ പരിപാടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന കെ വി റശീദിനെ ഈ സംഗമത്തിലേക്ക് ഞാൻ ഹൃദയംഗമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുന്ന മുഹമ്മദുണ്ണി മൂക്കുതലക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുന്ന ബക്കർ വന്നേരി, കുഞ്ഞിമുഹമ്മദ് തെക്കുമുറി എന്നിവർക്കും ഈ കുടുംബ കൂട്ടയ്മയുടെ പേരിൽ ഞാൻ സന്തോഷനിർഭരമായ സ്വാഗതം നേരുകയാണ്...

അതോടൊപ്പം ഈ പരിപാടിയിൽ ആദ്യന്തം വരെ സംബന്ധിക്കാൻ എത്തിച്ചേർന്ന എല്ലാ സ്നേഹ മനസ്സുകൾക്കും എത്തിച്ചേരാനിരിക്കുന്ന ഒത്തിരിയൊത്തിരി നന്മഹൃദയങ്ങൾക്കും ഞാൻ ഊഷ്മളമായ സ്വാഗതം അർപ്പിക്കുകയാണ്...

ഇവിടെ വൈവിധ്യമാർന്ന ഒരുപാട് പ്രോഗ്രാമുകൾ അരങ്ങേറാൻ ഇരിക്കുന്നുണ്ട്..
എല്ലാ പരിപാടികളിലേക്കും എല്ലാവരേയും ഒരിക്കൽ കൂടി ഹൃദയംഗമായി സ്വാഗതം ചെയ്തു കൊണ്ട്‌ ഞാനെന്റെ കർത്തവ്യം പൂർണമാക്കട്ടെ ..

ഇങ്ങനെയൊരു അവസരം ഒരുക്കി തന്ന ഇതിന്റെ സംഘാടകരോട് പ്രത്യേകം നന്ദി അറിയിച്ചും ഈ കൂട്ടായ്മയുടെ 
തുടർന്നുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചും ഞാൻ സംസാരം അവസാനിപ്പിക്കുന്നു..

അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹ് .

No comments: