ഈ എഴുത്തുപുരയില്‍..

25 December 2021

ഓൺലൈൻ പഠനകാലത്തെ നടപ്പുശീലങ്ങൾ ഇനി വേണ്ട

ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് ആഹ്ളാദത്തിന്റെ വേളയാണ്. കോവിഡു കാലത്തിന്റെ ബഹുമുഖമായ പ്രയാസങ്ങളിലും വെല്ലുവിളികളിലും സമ്മർദ്ധങ്ങളിലും വരിഞ്ഞു മുറുക്കപ്പെട്ടവരായിരുന്നല്ലോ ഇവർ !
വീടുകളിൽ തളച്ചിടപ്പെടുകയും ഓൺലൈൻ ക്ലാസുകളുടെ ആശാസ്യകരമല്ലാത്ത അടിച്ചേൽപ്പിക്കലുകളിൽ മനസ്സിന് പരിക്കേൽക്കുകയും ചെയ്തവരായിരുന്നു വിദ്യാർഥികൾ. 
പഠന കാര്യത്തിൽ സഹായിക്കാനാവാതെയും ഇന്റർനെറ്റ് /ഇലക്ട്രോണിക്ക് സൗകര്യങ്ങളുടെ അഭാവത്തിലും പരിമിതികളിലും സങ്കടപ്പെട്ടും ഇക്കാര്യത്തിൽ മക്കളെ നിയന്ത്രിക്കാനാവാതെയും പ്രയാസപ്പെട്ടവരായിരുന്നു രക്ഷിതാക്കൾ.

ഈ രണ്ട് വിഭാഗത്തിനും മധ്യേ, ആരോഗ്യകരമായ അധ്യയനത്തിന്റെ ശരിയായ സംവേദനം സാധ്യമാക്കാനാവാതെ വെർച്വൽ ലോകത്ത് മാത്രം ജ്ഞാനം പകർന്നും അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അധികച്ചുമതലകളിൽ വശം കെട്ടും ബുദ്ധിമുട്ടിയ അധ്യാപകരും...

എല്ലാവർക്കും ആശ്വാസമാണ് വീണ്ടും സ്കൂളുകൾ തുറക്കാനുള്ള സർക്കാർ മുന്നൊരുക്കങ്ങൾ.

എന്നാൽ, പഴയ അധ്യയന സ്ഥിതിവിശേഷത്തിലേക്ക് തിരിച്ചെത്താൻ സമയമേറെ എടുക്കുമെങ്കിലും വീണ്ടും സ്കൂളിലെത്തി പഠനം തുടങ്ങുമ്പോൾ ചില 'കെട്ടുപാടു'കളിൽ നിന്ന് നമ്മുടെ കുട്ടികളെ മോചിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്. 

അതിൽ പ്രധാനം ഈ മഹാമാരിക്കാലത്ത്  പരീക്ഷിച്ചു വിജയിച്ച ഓൺലൈൻ സംവിധാനങ്ങളുടെ അമിതമായ പ്രയോഗവൽക്കരണമാണ്.

ക്ലാസുകൾ നൽകാനായി അധ്യാപകർ രൂപീകരിച്ച വാട്സാപ് ഉൾപ്പടെയുള്ള ഓൺലൈൻ മാർഗങ്ങളുടെ വർധിതമായ ഉപയോഗം വിദ്യാർഥികളിൽ സൃഷ്ടിച്ച മാനസികാഘാതങ്ങളും ശാരീരിക വൈഷമ്യങ്ങളും ചെറുതൊന്നുമല്ല.

പ്രതിബന്ധങ്ങളുടെ കാലത്തും പുതിയൊരു വിദ്യാഭ്യാസ മുന്നേറ്റത്തിനു ഓൺലൈൻ സംവിധാനങ്ങൾ വഴിയൊരുക്കിയെങ്കിലും  ശൈശവാരോഗ്യത്തെ അത് അതിലേക്കാളേറെ ബാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. 

കമ്പ്യൂട്ടർ മുതൽ മൊബൈൽ വരെയുള്ള ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ നിരന്തരോപയോഗം കുട്ടികളെ അനവധി രോഗങ്ങൾക്ക്  അടിമയാക്കിയിട്ടുണ്ടന്ന റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. അത്രത്തോളമുണ്ടായിരുന്നു ചെറിയ ക്ലാസുകളിൽ പോലും പഠന ഗ്രൂപ്പുകളുടെ ആധിക്യം ! 

ഓരോ വിഷയത്തിനും ഗ്രൂപ്പും ഉപഗ്രൂപ്പുകളും സൃഷ്ടിച്ച് രാപകൽ ഭേദമന്യേ ക്ലാസും നോട്സും  പഠന ഫയലുകളും തള്ളിവിടുകയായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

ഇതിനു പുറമെ, 
പൊതുവിജ്ഞാന സമ്പാദനത്തിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ തയ്യാറാക്കുന്ന മത്സരങ്ങളും കലാപ്രവർത്തനങ്ങളും അതേപടി 
ഫോർവേഡ് ചെയ്ത് ബാല ചുമലുകളിൽ ഭാരം കയറ്റുകയും ചെയ്തു.

സാധാരണ സ്കൂൾ കാലത്ത് പകൽ പത്തു തൊട്ട് നാലുമണി വരെയായിരുന്നു ഒരു കുട്ടി വിദ്യ നേടിയിരുന്നതെങ്കിൽ ഓൺലൈൻ കാലത്ത് അത്, ദിനം മുഴുവൻ എന്ന നിലയിലായി ! 
ഇതിൽ സ്വകാര്യ സ്കൂളുകളെന്നോ സർക്കാർ സ്കൂളുകളെന്നോ വ്യത്യാസമുണ്ടായില്ല. പരസ്പരം മത്സരിച്ചു എന്ന് മാത്രം !

അതോടെ, രാവും പകലും പഠനത്തിൽ ശ്രദ്ധിക്കേണ്ടി വന്നും തീർത്താൽ തീരാത്ത പ്രവർത്തനങ്ങളിൽ മുഴുകേണ്ടി വന്നും വിഷാദത്തിലും മാനസിക സമ്മർദ്ദത്തിലും  കുട്ടികൾ അകപ്പെട്ടു. 

ഇനിയേതായാലും, നേരിട്ടുള്ള അധ്യയനത്തിലേക്കു മാറുന്നതോടെ ഈ അവസ്ഥക്ക് മാറ്റം വരുത്തിയേ പറ്റൂ. ഓൺലൈൻ കാലത്ത് നടപ്പാക്കിയ 'അത്യാധുനിക 'അധ്യയന രീതികൾ തുടർന്നും അവലംബിക്കാൻ ഇടയാവരുത്. 

അനിവാര്യമായ കാരണങ്ങളാൽ ഗത്യന്തരമില്ലാതെ സ്വീകരിക്കേണ്ടി വന്ന നവ പഠനമാധ്യമം, മഹാമാരിയുടെ വ്യാപനക്കുറവു അടയാളപ്പെടുത്തുന്ന സാഹചര്യത്തിൽ തുടർന്നും അമിതമായി നിർബന്ധിക്കപ്പെടരുത്.

നേരത്തെ ഉണ്ടായിരുന്നത് പോലെ
ക്ലാസ് തലത്തിൽ ഒരു പ്രധാന ഗ്രൂപ്പ് മാത്രം നിലനിർത്തി മറ്റുള്ളവയെല്ലാം ഒഴിവാക്കി പഠനത്തിന്റെ ഭാരം കുറയ്ക്കണം.
ഏതു സമയത്തും എത്രയും പാഠഭാഗങ്ങൾ/ പ്രവർത്തനങ്ങൾ അയക്കുന്ന നടപ്പുശീലം ഒഴിവാക്കി സമയം നിർണിതപ്പെടുത്തണം. ഇതിനുള്ള വിദഗ്ധമായ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ബാലാവകാശ കമ്മീഷൻ പോലുള്ള ജാഗ്രതാ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാവട്ടെ.
.…....................................
റഫീഖ് നടുവട്ടം
ദുബൈ

(2021 സെപ്തംബർ 29 ന് 'സിറാജ് ' ദിനപത്രത്തിൽ പ്രസിദ്ദീകരിച്ച കുറിപ്പ്)

No comments: